TopTop
Begin typing your search above and press return to search.

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും റിയല്‍ എസ്റ്റേറ്റില്‍ പണമിറക്കാനും കടലാസ് കമ്പനികള്‍; ലക്ഷ്യമിട്ടത് ശതകോടികളുടെ ബിസിനസ്; തിരിച്ചടിച്ച് നോട്ട് നിരോധനവും

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും റിയല്‍ എസ്റ്റേറ്റില്‍ പണമിറക്കാനും കടലാസ് കമ്പനികള്‍; ലക്ഷ്യമിട്ടത് ശതകോടികളുടെ ബിസിനസ്; തിരിച്ചടിച്ച് നോട്ട് നിരോധനവും

ഉയര്‍ന്ന ലാഭ വിഹിതം മുടങ്ങാതെ ലഭിക്കുമെന്ന വാഗ്ദാനമായിരുന്നു നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറി നല്‍കിയിരുന്നത്. എണ്ണൂറോളം പേരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നുവെന്നാണ് വിവരം. ഇതിലൂടെ 150 കോടിയോളം രൂപ സമാഹരിച്ചു. ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ നിക്ഷേപമായി വാങ്ങിച്ചെടുത്തിരുന്നു. പണം നിക്ഷേപിക്കുമ്പോള്‍ ഗ്യാരന്റിയായി ചിലര്‍ക്ക് എംഡി ഒപ്പിട്ട ചെക്ക് നല്‍കി, മറ്റു ചിലര്‍ക്ക് മുദ്രപത്രത്തിലും എഴുതി നല്‍കി. ഒരു ലക്ഷം രൂപയ്ക്ക് മാസം ആയിരം രൂപ (1,200 എന്നും പറയുന്നു) ലാഭ വിഹിതമായി (കമ്പനി ഡിവിഡന്റ്) നല്‍കിയിരുന്നത്. മാസം വേണ്ടവര്‍ക്ക് അങ്ങനെയും, മൂന്നു മാസം കൂടുമ്പോഴോ ആറു മാസം കൂടുമ്പോഴോ അല്ലെങ്കില്‍ വര്‍ഷത്തിലോ ലാഭവിഹിതം നല്‍കുന്നതായിരുന്നു പതിവ്. നിക്ഷേപിച്ച പണത്തിന്റെ ലാഭവിഹിതത്തിനു പുറമെ കമ്പനിയുടെ ഒരു വര്‍ഷത്തെ ലാഭത്തിന്റെ ഒരു പങ്കും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ പണം പിന്‍വലിക്കാനുള്ള അവകാശവും നല്‍കിയിരുന്നു. ഈ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് പണമായും സ്വര്‍ണമായും ആളുകള്‍ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തിയത്. മുസ്ലീം സമുദായത്തിലുള്ളവര്‍ പലിശ വാങ്ങുകയോ പലിശയ്ക്ക് പണം നല്‍കുകയോ ചെയ്യുന്നത് മതവിരുദ്ധമായതിനാല്‍, ലാഭവിഹിതം എന്ന വാഗ്ദാനത്തില്‍ ആളുകള്‍ ആകര്‍ഷിക്കാന്‍ ഫാഷന്‍ ഗോള്‍ഡിനു പിന്നിലുള്ളവര്‍ക്ക് കഴിഞ്ഞു. എം ഡി പൂക്കോയ തങ്ങള്‍ അറിയപ്പെടുന്ന ആത്മീയ നേതാവായിരുന്നു. കമറുദ്ദീന്‍ മുസ്ലീം ലീഗിന്റെ നേതാവും. ഇതോടെ ആളുകള്‍ക്ക് നിക്ഷേപം നടത്തുന്നതിന് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. മാത്രമല്ല, ബാങ്കില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ പലിശ (12 ശതമാനത്തോളം) ലഭിക്കുമെന്നതും നിക്ഷേകര്‍ക്ക് ആകര്‍ഷണീയമായ ഓഫര്‍ ആയിരുന്നു (പൊതുമേഖല ബാങ്കുകളില്‍ ഒരു ലക്ഷം രൂപ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഇട്ടാല്‍ കിട്ടുന്ന പലിശ പരമാവധി 4.9 ശതമാനം മാത്രമാണ്. അവിടെയാണ് 12 ശതമാനത്തോളം പലിശ എന്ന വമ്പന്‍ ഓഫര്‍ ഇടപാടുകാര്‍ക്ക് നല്‍കിയത്).

എന്നാല്‍, ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറി ബിസിനസിന്റെ ഭാഗമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത് നിയമവിരുദ്ധമാണ്. ജ്വല്ലറികള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സാമ്പത്തിക നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടില്ല. ഈ തടസം മറികടക്കാന്‍ വേണ്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) ആക്ട് പ്രകാരം 2006 ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചു. എം.സി കമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും ഡയറക്ടര്‍മാരായിക്കൊണ്ടായിരുന്നു കമ്പനി രൂപീകരിച്ചത് (പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാന്‍ പരമാവധി രണ്ട് ഡയറക്ടര്‍മാര്‍ മതി). തുടര്‍ന്ന് 2007 ല്‍ നുജൂം ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, 2008 ല്‍ ഖ്വമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, 2012 ല്‍ ഫാഷന്‍ ഓര്‍ണമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ കമ്പനികളും പൂക്കോയയും കമറുദ്ദീനും ചേര്‍ന്നാണ് രൂപകരിച്ചത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ ഒഴിച്ച് ബാക്കി മൂന്നിടത്തും പൂക്കോയയെയും കമറുദ്ദീനെയും കൂടാതെ രണ്ട് ഡയറക്ടര്‍ മാത്രമുള്ളത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ മാത്രം ഇവര്‍ രണ്ടുപേരെയും കൂട്ടി മൊത്തം ഏഴ് ഡയറക്ടര്‍മാരുണ്ട്. കമ്പനി രൂപീകരിച്ച് നിയമപ്രകാരം നിക്ഷേപം സ്വീകരിക്കുമ്പോള്‍, നിക്ഷേപകരെ ഷെയര്‍ ഹോള്‍ഡര്‍മാരാക്കണം. എന്നാല്‍ ഇപ്പോള്‍ പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ ആരും ഷെയര്‍ ഹോള്‍ഡര്‍മാരല്ല. ഈ നിയമവശം മറച്ചുവച്ചാണ് നൂറു കണക്കിനാളുകളില്‍ നിന്നായി ശതകോടികള്‍ വാങ്ങിയെടുത്തത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വര്‍ഷാവര്‍ഷം വിറ്റുവരവ്, ആസ്തി, നിക്ഷേപകരുടെ വിവരങ്ങള്‍ എന്നിവ ആര്‍ഒസിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. 2017 മുതല്‍ ഇത്തരം കാര്യങ്ങളൊന്നും ഈ നാല് കമ്പനികളും ചെയ്തിട്ടില്ല.

മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ (എംസിഎ) സര്‍വീസ് ഡേറ്റ പരിശോധിച്ചാല്‍ 2017 മാര്‍ച്ച് 31-നുശേഷം നിയമപ്രകാരം സമര്‍പ്പിക്കേണ്ട യാതൊരു രേഖകളും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും നാല് കമ്പനികളും സമര്‍പ്പിച്ചിട്ടില്ല. ആ വര്‍ഷം മുതല്‍ കമ്പനികള്‍ തകര്‍ച്ചയിലായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് 2019 വരെ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിക്ഷേപം നടത്തുന്നവര്‍ ആ കമ്പനിയുടെ നിലവിലെ സ്റ്റാറ്റസ് മനസിലാക്കിയിരിക്കേണ്ടത് തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ അത്യാന്തേപിക്ഷിതമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണെങ്കിലും ഇവിടെയും നിക്ഷേപകര്‍ ഇതൊന്നും അന്വേഷിച്ചിട്ടില്ല. മുസ്ലീം ലീഗ് നേതാവിന്റെയും മുസ്ലീം സമുദായ നേതാവിന്റെ വാക്കുകളില്‍ മാത്രമാണ് അവര്‍ വിശ്വസിച്ചത്.

Also Read: ടി.കെ പൂക്കോയ തങ്ങള്‍; മുട്ട മന്ത്രിച്ചൂതുന്ന മന്ത്രവാദി, ആത്മീയ നേതാവ്, രാഷ്ട്രീയക്കാരന്‍; ഇപ്പോള്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി

കമ്പനി നിയമപ്രകാരം ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ നിന്നു മാത്രമെ നിക്ഷേപം വാങ്ങാവൂ എന്നിരിക്കെ അതല്ലാത്തവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരിക്കുന്നുവെന്നാണ് കമറുദ്ദീനും പൂക്കോയയ്ക്കും എതിരേയുള്ള കുറ്റം. ഇത്തരത്തില്‍ നിക്ഷേപം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നവരാരും തന്നെ കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരല്ല. ലക്ഷങ്ങള്‍ കൊടുത്തവര്‍ക്ക് പോലും ഷെയര്‍ നല്‍കിയിട്ടില്ല. പകരം വാങ്ങിയ പണത്തിന് ഉറപ്പെന്നോണം ഒരു മുദ്രപത്രം ഒപ്പിട്ട് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ചിലര്‍ക്കാകട്ടെ ചെക്കും. ഈ ചെക്കില്‍ കള്ള ഒപ്പാണ് ഇട്ടിരിക്കുന്നതെന്ന പരാതിയും എം ഡി ടി കെ പൂക്കോയ്‌ക്കെതിരേയുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലുള്ളവര്‍ അല്ലാതെ, എത്ര പേര്‍ ഷെയര്‍ ഹോള്‍ഡര്‍മാരുണ്ടെന്നോ അവര്‍ എത്ര രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഷെയര്‍ ഹോള്‍ഡര്‍മാരുടെ ആരുടെയും പരാതി പൊലീസിന് കിട്ടിയിട്ടുമില്ല. ആകര്‍ഷണീയമായ ലാഭ വിഹിതത്തില്‍ പ്രലോഭിതരായി പണം നഷ്ടപ്പെട്ട സാധാരണക്കാര്‍ മാത്രമാണ് പരാതിക്കാരായി രംഗത്ത് വന്നിരിക്കുന്നത്.

നൂറ്റമ്പത് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്ന് പറയുമ്പോഴും ആ പണം എവിടെ പോയി എന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ഉയര്‍ന്നിരുന്നത്. ജ്വല്ലറി ബിസിനസില്‍ നേരിട്ട തകര്‍ച്ചയാണ് കമ്പനിയെ നഷ്ടത്തിലാക്കിയതെന്നായിരുന്നു എം സി കമറുദ്ദീന്‍ എംഎല്‍എ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച്, ജ്വല്ലറി ബിസിനസില്‍ നിക്ഷേപിക്കൂ എന്ന വാഗ്ദാനത്തില്‍ വാങ്ങിയെടുത്ത പണം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കമറുദ്ദീനും പൂക്കോയയും ഇറക്കുകയും നോട്ട് നിരോധനത്തോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണ്ടായ തിരിച്ചടിയില്‍ കോടികള്‍ നഷ്ടം വരികയും ചെയ്തതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് മനസിലാകുന്നത്. കമറുദ്ദീനും പൂക്കോയയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ചെയ്തിരുന്നുവെന്നതിന് തെളിവാണ് 2016 ല്‍ ഇവര്‍ രണ്ടുപേരും ഡയറക്ടര്‍മാരായി രൂപീകരിച്ച ഫാഷന്‍ റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. എന്നാല്‍, ഇതൊരു കടലാസ് കമ്പനി മാത്രമാണെന്നാണ് രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. കമ്പനി രൂപീകരിച്ചതല്ലാതെ, മറ്റ് പ്രവര്‍ത്തികളൊന്നും തന്നെ നടത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു രേഖകളും ഈ കമ്പനി സമര്‍പ്പിച്ചിട്ടില്ല. ഒരുലക്ഷം മാത്രമാണ് മൂലധനമായി കാണിച്ചിരിക്കുന്നതെന്നതിനാലും കമ്പനിയുടെ ഉദ്ദേശലക്ഷ്യവും സംശയമാണ്. ഇതു കൂടാതെ 2017 ല്‍ പൂക്കോയ തങ്ങളും മറ്റ് നാലും പേരും ചേര്‍ന്ന് എല്‍ എഫ് ജി റിയല്‍ എസ്റ്റേറ്റ് എന്ന പേരില്‍ ഒരു ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണഷിപ്പും ആരംഭിച്ചിട്ടുണ്ട്. ഇതും ഒരു കടലാസ് കമ്പനി മാത്രമാണ്. യാതൊരു പ്രവര്‍ത്തനങ്ങളും ഈ കമ്പനി മുഖാന്തരം നടന്നിട്ടില്ല (Defunct LLP).

പൂക്കോയയും കമറുദ്ദീനും എന്തിനുവേണ്ടിയാണ് രണ്ട് റിയല്‍ എസ്‌റ്റേറ്റ് കടലാസ് കമ്പനികള്‍ രൂപീകരിച്ചതെന്ന ചോദ്യത്തിന്റെയും ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച കോടികള്‍ എവിടെ പോയെന്ന ചോദ്യത്തിന്റെയും ഉത്തരങ്ങള്‍ ഒന്നായിരിക്കും. കേരളത്തിലും ബെംഗളൂരുവിലും കമറുദ്ദീനും പൂക്കോയയും വന്‍തോതില്‍ ഭൂമി വാങ്ങിയിരുന്നുവെന്നതിന് ക്രൈം ബ്രാഞ്ചിന് തെളിവ് കിട്ടിയിട്ടുണ്ട്. ബെംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയില്‍ ഇവര്‍ പത്തു കോടി രൂപയ്ക്ക് ഒരേക്കര്‍ ഭൂമി വാങ്ങുകയും പീന്നീട് ഇതില്‍ നിന്നും 60 സെന്റ് സ്ഥലം എട്ടു കോടിക്ക് വിറ്റതിന്റെയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഫാഷന്‍ റിയല്‍റ്റേഴ്‌സ്, എല്‍ എഫ് റിയല്‍ എസ്റ്റേറ്റ് എന്നിവ മറയാക്കിയായിരുന്നു ഇവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിക്കൊണ്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഈ മേഖലയില്‍ പണമിറക്കാന്‍ വേണ്ടിയുള്ള വഴിയായിരുന്നു ജ്വല്ലറി നിക്ഷേപം. റിയല്‍ എസ്റ്റേറ്റ് കമ്പനിയക്ക് കിട്ടാവുന്നതിന്റെ പതിന്മടങ്ങ് ഇരട്ടി നിക്ഷേപമാണ് ജ്വല്ലറിയുടെ പേരില്‍ കമറുദ്ദീനും പൂക്കോയയും വാങ്ങിയെടുത്തത്. സ്വര്‍ണക്കച്ചവടം ഒരിക്കലും നഷ്ടത്തിലാകില്ലെന്നും സ്വര്‍ണത്തിന്റെ വില കൂടി വരുന്നതനുസരിച്ച് ബിസിനസ് അഭിവൃദ്ധിപ്പെടുകയും അതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ലാഭവിഹിതം കിട്ടുമെന്നുമുള്ള നിക്ഷേപകരുടെ പ്രതീക്ഷകളും രണ്ടുപേരും മുതലെടുത്തു. എന്നാല്‍ 2016 ലെ നോട്ട് നിരോധനം റിയല്‍ എസ്റ്റേറ്റ് മേഖലയെ പാടെ തകര്‍ത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. 2016 മുതലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലും മറ്റ് കമ്പനികളും തകര്‍ച്ചയിലേക്ക് വീണതെന്ന കണക്കുകളും ഇതിന് തെളിവാണ്. ഭൂമിക്കച്ചവടത്തില്‍ മുടക്കിയ പണം തിരികെ കിട്ടാതെ വന്നതും, ഭൂമി വില്‍പ്പന നടക്കാതെ വന്നതുമെല്ലാം കോടികളുടെ നഷ്ടം കമറുദ്ദീനും പൂക്കോയയ്ക്കും ഉണ്ടാക്കിയതായി പറയുന്നു. കമ്പനി സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപകര്‍ക്ക് പണം കൊടുക്കാന്‍ വഴിയില്ലാതായി. എന്നാല്‍, ഇക്കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് വീണ്ടും നിക്ഷേപങ്ങള്‍ സ്വീകരിക്കാനും അവര്‍ തയ്യാറായി. കമ്പനി തകര്‍ച്ചയിലാണെന്നു മനസിലാക്കിയ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഫാഷന്‍ ഗോള്‍ഡിന്റെ ജ്വല്ലറികളില്‍ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി തങ്ങളുടെ നഷ്ടം നികത്താന്‍ നോക്കി. പയ്യന്നൂര്‍ ശാഖയില്‍ നിന്നും അഞ്ചരക്കിലോയോളം സ്വര്‍ണവും അമ്പത് ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളുമാണ് ഡയറക്ടര്‍മാര്‍ കൊണ്ടു പോയത്. പിന്നാലെ ജ്വല്ലറികളെല്ലാം പൂട്ടുകയും ചെയ്തു. പക്ഷേ, ഇക്കാര്യങ്ങളെല്ലാം വ്യക്തമായി വരാന്‍ സാധാരണക്കാരായ നിക്ഷേപകര്‍ പിന്നെയും സമയമെടുത്തു. അവര്‍ എല്ലാം അറിഞ്ഞു രംഗത്തു വരികയും പ്രതികരിക്കാന്‍ തുടങ്ങിയതിന്റെയും ഫലമാണ് എം സി കമറുദ്ദീന്റെ അറസ്റ്റ്. പൂക്കോയ തങ്ങള്‍ ഒളിവിലും.

Also Read: എം.സി കമറുദ്ദീന്‍ എംഎല്‍എ ആ 150 കോടി രൂപ എന്തു ചെയ്തു? പണം പോയ വഴികള്‍ അമ്പരപ്പിക്കുന്നത്Next Story

Related Stories