മുന്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇദ്ദേഹം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഈ നീക്കം നടത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന പ്രക്രിയയില്‍ തനിക്ക് വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് ഇദ്ദേഹം പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്കു മുമ്ബില്‍ പ്രകടനം നടത്താനും ഇദ്ദേഹം മുതിരുകയുണ്ടായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂലമാണ്, രാഷ്ട്രീയ എതിരാളികള്‍ മൂലമല്ല നിലനില്‍പ്പ് ഭീഷണി നേരിടുന്നതെന്ന് അശോക് തന്‍വാര്‍ സോണിയ ഗാന്ധിക്കയച്ച തന്റെ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഇദ്ദേഹം രാജി വെച്ചിരുന്നു. താന്‍ നല്കിയ 13 നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്‍ഡ് നിരാകരിച്ചെന്നാണ് അശോക് തന്‍വാര്‍ പറയുന്ന പരാതി. തന്റെ കത്തിനോട് നേതാക്കളാരും പ്രതികരിച്ചില്ല. ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. ബിജെപിക്ക് എളുപ്പത്തില്‍ ജയിച്ചു കയറാവുന്ന വിധത്തില്‍ ടിക്കറ്റ് വിതരണം നടന്നെന്നും ഇദ്ദേഹത്തിന് ആരോപണമുണ്ട്.
5 കോടി രൂപ വീതം വാങ്ങിയാണ് കോണ്‍ഗ്രസ് ഹരിയാനയിലെ ഓരോ അസംബ്ലി സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂദയെയാണ് ഇദ്ദേഹം ലാക്കാക്കിയതെന്ന് വ്യക്തമാണ്. ഹൂദയാകട്ടെ തന്‍വാറിനെതിരെ ശക്തമായ ആക്രമണവുമായി എത്തി. പാര്‍ട്ടിയുടെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണം തന്വാറാണെന്നുവരെ അദ്ദേഹം ആരോപിച്ചു.