TopTop

ഭീകരാക്രമണത്തിന് പദ്ധതിയിട്ടു? ഇന്ത്യന്‍ യുവതി അടക്കം 16 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

ഭീകരാക്രമണത്തിന് പദ്ധതിയിട്ടു? ഇന്ത്യന്‍ യുവതി അടക്കം 16 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

ഭീകരവാദികള്‍ എന്ന് സംശയിച്ച് ഇന്ത്യന്‍ വംശജയായ ഒരു സിഖ് യുവതി അടക്കം 16 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പതിനാറുപേരില്‍ 12 ഇന്തോനേഷ്യക്കാരും മൂന്ന് മലേഷ്യക്കാരും ഒരു ഇന്ത്യന്‍ പൗരയുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

മലേഷ്യന്‍ പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ അയൂബ് ഖാന്‍ മൈദീനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി ബെര്‍ണാമ റിപ്പോര്‍ട്ട് ചെയ്യുന്നത്, ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന 38 കാരിയായ ഇന്ത്യന്‍ യുവതി വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) അംഗമാണ് എന്നാണ്.

ഓഗസ്റ്റ് 10നും സെപ്റ്റംബര്‍ 25നും ഇടയില്‍ ക്വാലാലംപൂര്‍, സബ, പഹാംഗ്, ജോഹോര്‍, പെനാംഗ്, സെലങ്കൂര്‍ നഗരങ്ങളില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലര്‍ മലേഷ്യയില്‍ പുതിയ ഐ എസ് സെല്ലുകള്‍ സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയ വഴി ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തായി കണ്ടെത്തിയിട്ടുണ്ട്.

ഇന്തോനേഷ്യക്കാരും മലേഷ്യക്കാരും ഉള്‍പ്പടെ പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും അവര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കഴിയുന്നത്ര അംഗങ്ങളെ റിക്രൂട്ട് ചെയ്ത ശേഷം മലേഷ്യയിലും ഇന്തോനേഷ്യയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അയൂബ് ഖാന്‍ വെളിപ്പെടുത്തുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ എസ്എഫ്‌ജെ-യെ കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യ നിരോധിച്ചതാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ജെയുടെ അജണ്ട 2020-ല്‍ ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്നാണ്. പഞ്ചാബിനെ സ്വതന്ത്രവും പരമാധികാരവുമായ രാജ്യമായി മാറ്റുകയെന്നതാണ് ഈ വിഘടനവാദി സംഘടനയുടെ പ്രാഥമിക ലക്ഷ്യം.


Next Story

Related Stories