ശബരിമല വിധി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അതേസമയം ഇത്തരം ഭീഷണികളെ കാര്യമാക്കുന്നല്ലെന്നും വിധിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍, റോഹിന്ദന്‍ നരിമാന് എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നും അത് നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നുമായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സ്ത്രീകള്‍ക്ക് വേണ്ടി ക്ഷേത്രം തുറന്നുകൊടുത്തതോടെ ലിംഗസമത്വത്തിന് ഈ വിധി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
താന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്നും കുടുംബാംഗങ്ങളുമായി വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ നോക്കരുതെന്ന് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നും നിരവധി ഭീഷണികളും അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ഉയരുന്നുണ്ടെന്നും ചന്ദ്രചൂഡ് പറയുന്നു. വിധി പ്രഖ്യാപിച്ച ജഡ്ജിമാരുടെ സുരക്ഷയോര്‍ത്ത് തങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കാറില്ലെന്നാണ് അവര്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം മുംബൈയില്‍ കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കി. വിധികളുടെ പേരില്‍ ജഡ്ജിമാര്‍ക്കെതിരെ ഭീഷണി ഉയരുന്നത് ആദ്യത്തെ സംഭവമല്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന തന്റെ പിതാവ് പ്രത്യേകിച്ചും അടിയന്തരാവസ്ഥ കാലത്ത് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചന്ദ്രചൂഡ് പറയുന്നു.
കോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഹൈന്ദവ സംഘടനകളും ബിജെപിയും സമരരംഗത്തിറങ്ങുകയും ശബരിമല സംഘര്ഷാവസ്ഥയിലാകുകയും ചെയ്തു. പിന്നീട് പോലീസ് സംരക്ഷണയില്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്തു. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ ഒട്ടനവധി ഹര്‍ത്താലുകളും അക്രമങ്ങളുമാണ് കേരളത്തില്‍ നടന്നത്.