Top

പെരിയ ഇരട്ടക്കൊലപാതകം പ്രചാരണ വിഷയമാകുന്നു; പത്രികകളുടെ സൂക്ഷ്മ പരിശോധന മൂന്നാം തീയതി

പെരിയ ഇരട്ടക്കൊലപാതകം പ്രചാരണ വിഷയമാകുന്നു; പത്രികകളുടെ സൂക്ഷ്മ പരിശോധന മൂന്നാം തീയതി

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ ഇന്നലെയായിരുന്നു പ്രമുഖസ്ഥാനാര്‍ത്ഥികളെല്ലാം വരണാധികാരിക്ക് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 3ന് ആയിരിക്കും നടക്കുക. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്.

തെരഞ്ഞെടുപ്പ് ചൂടുപിടിച്ചത്തോടെ മൂന്നുമുന്നണികളും ശക്തമായ പ്രചരണത്തിലാണ്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നാലുമണ്ഡലങ്ങള്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. സീറ്റുകള്‍ കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമത്തിലാവും യുഡിഎഫ്. പാലായിലെ പരാജയം കണക്കിലെടുക്കണ്ടെന്ന് കാട്ടിയുള്ള പ്രചാരണമായിരിക്കും യുഡിഎഫ് നടത്തുക. പാലാ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന്റെ ബലത്തിലാണ് എല്‍ഡിഎഫ്. സര്‍ക്കാര്‍ വിരുദ്ധ വോട്ടും ശബരിമലയുമാണ് ബിജെപിയുടെ ഉന്നം.

ഇന്നലെ പെരിയ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി സര്‍ക്കാരിനും സിപിഎമ്മിനും തിരിച്ചടിയായി. പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിട്ടതോടെ സിപിഎമ്മിനെതിരെയുള്ള പ്രചാരണായുധമാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്രമരാഷ്ട്രീയം ചൂണ്ടിക്കാട്ടിയുള്ള യുഡിഎഫിന്റെ പ്രചാരണവും പരാജയത്തിന് കാരണമായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. അതിനാല്‍ തന്നെ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് അക്രമരാഷ്ട്രീയം മുഖ്യ പ്രചാരണവിഷയമാകും.

അഞ്ചുമണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രധാന മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും കരുതുന്നത്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. എറണാകുളവും അരൂരും ഒഴിച്ച് ബാക്കിയുള്ള മൂന്നുമണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ ബിജെപി പരിഹരിക്കുകയും അവരുടെ പിന്തുണ നേടുകയും ചെയ്താല്‍ അരൂരിലും ത്രികോണ മത്സരത്തിന് സാധ്യത തെളിയുന്നുണ്ട്. ഒക്ടോബര്‍ 21ന് ആണ് വോട്ടെടുപ്പ്. 24ന് ഫലം അറിയാം.

മുന്നണിസ്ഥാനാര്‍ഥികള്‍

മഞ്ചേശ്വരം യു ഡി എഫ് - എം സി ഖമറുദ്ദീന്‍, എല്‍ ഡി എഫ് - എം ശങ്കര്‍ റെ, എന്‍ ഡി എ - രവീശതന്ത്രി കുണ്ടാര്‍

എറണാകുളം യു ഡി എഫ് - ടി ജെ വിനോദ്, എല്‍ ഡി എഫ് - മനു റോയ്, എന്‍ ഡി എ - സി ജി രാജഗോപാല്‍

അരൂര്‍ യു ഡി എഫ് - ഷാനിമോള്‍ ഉസ്മാന്‍, എല്‍ ഡി എഫ് - മനു സി പുളിക്കല്‍, എന്‍ ഡി എ - കെ പി പ്രകാശ് ബാബു

കോന്നി യു ഡി എഫ് - പി മോഹന്‍ രാജ്, എല്‍ ഡി എഫ് - കെ യു ജനീഷ് കുമാര്‍, എന്‍ ഡി എ - കെ സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവ് യു ഡി എഫ് - കെ മോഹന്‍കുമാര്‍, എല്‍ ഡി എഫ് - വി കെ പ്രശാന്ത്, എന്‍ ഡി എ - എസ് സുരേഷ്


Next Story

Related Stories