TopTop
Begin typing your search above and press return to search.

ആര്‍എസ്‌എസ് സമ്മര്‍ദ്ദം; വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ സുരേന്ദ്രനുമെന്ന് സൂചന

ആര്‍എസ്‌എസ് സമ്മര്‍ദ്ദം; വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ സുരേന്ദ്രനുമെന്ന് സൂചന

ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന ബ്ജെപി നേതാവ് കുമ്മനം രാജശേഖരനും കോന്നിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സ്ഥാനാര്‍ഥികളായേക്കും. മത്സരിക്കാനില്ലെന്നു പറഞ്ഞ് മാറിനില്‍ക്കുകയായിരുന്ന ഇരുവരെയും സ്ഥാനാര്‍ഥികളാക്കാന്‍ ആര്‍എസ്‌എസ് സമ്മതിക്കുകയും തുടര്‍ന്നുള്ള സമ്മര്‍ദ്ദവുമാണ് ഇവരെ അനുനയിപ്പിച്ചത്. കുമ്മനത്തെ മത്സരിപ്പിക്കാന്‍ ആര്‍എസ്‌എസ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിനുണ്ടായ പരാജയമാണ് തുടക്കത്തിലുണ്ടായ താത്പര്യക്കുറവിന് ആര്‍എസ്‌എസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ ഇടതുമുന്നണി വട്ടിയൂര്‍ക്കാവിലേക്ക് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കിയതും യുഡിഎഫ് മുന്‍ എംഎല്‍എ കെ. മോഹന്‍കുമാറിനെ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ബിജെപിയും ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന തീരുമാനത്തില്‍ എത്തിയത്.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുമ്മനം രണ്ടാം സ്ഥാനത്തെത്തിയതിനാല്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി കുമ്മനത്തിന് വോട്ടുവ്യത്യാസം തീരെ കുറവുമായിരുന്നു. ഇതും കുമ്മനത്തിന് അനുകൂലമായി നിലപാട് എടുക്കാന്‍ ആര്‍എസ്‌എസിനെ പ്രേരിപ്പിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ മികച്ച പ്രകടനമാണ് കോന്നിയില്‍ കെ സുരേന്ദ്രന് പ്രഥമ പരിഗണന നല്‍കാന്‍ കാരണം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി പ്രതീക്ഷിക്കുന്നതിനാല്‍ സുരേന്ദ്രന്‍ മത്സരിക്കാന്‍ സന്നദ്ധനായിരുന്നില്ല. തുടര്‍ന്ന് അടുത്തതായി പാര്‍ട്ടി പരിഗണിച്ചിരുന്നത് ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയാണ്.

അരൂരില്‍ ബിഡിജെഎസ് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കും. അരൂരിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച്‌ യുവനേതാവിനെ ബിജെപി കണ്ടെത്തിയിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍ ഇവരടക്കം നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കേന്ദ്രനേതൃത്തിന്റെതാണ്.

Next Story

Related Stories