Top

നാസിക്കില്‍ നിന്നും ഉള്ളിയെത്തും; സപ്ലൈക്കോ വഴി 35 രൂപയ്ക്ക് വില്‍ക്കും

നാസിക്കില്‍ നിന്നും ഉള്ളിയെത്തും; സപ്ലൈക്കോ വഴി 35 രൂപയ്ക്ക് വില്‍ക്കും

സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. നാസിക്കില്‍ നിന്നും നാഫെഡ് വഴി 50 ടണ്‍ ഉള്ളി എത്തിച്ച് സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപയ്ക്ക് വില്‍ക്കാനാണ് പുതിയ നീക്കം. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തിച്ചേര്‍ന്നു.

ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ വില നിയന്ത്രിക്കാനുള്ള നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി ഉള്ളി സംഭരിക്കാനും അത് കുറഞ്ഞ വിലയ്ക്ക് കേരളത്തില്‍ വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില എണ്‍പത് വരെ എത്തിനില്‍ക്കുകയാണ്. വില നിയന്ത്രിക്കാന്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് ഉള്ളി സംഭരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. കൂടുതല്‍ ഉള്ളി സംസ്ഥാനത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

മൊത്തവിലയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും കൂടിയ വിലയാണ് സെപ്തംബര്‍ ആദ്യവാരം രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ ഉള്ളിയുടെ സ്റ്റോക്ക് എത്തുന്നതിലും വലിയ കുറവുണ്ട്. ഉള്ളി വിലയില്‍ കുത്തനെയുണ്ടായ വര്‍ധനവിനും ഇതുതന്നെയാണ് കാരണം. മഹാരാഷ്ട്രയിലെ പ്രളയവും ഉള്ളിയുടെ ലഭ്യതയെ ബാധിച്ചു. രാജ്യത്ത് ഏറ്റവുമധികം ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിനിടെ കഴിഞ്ഞയാഴ്ച വീണ്ടും മഴ പെയ്തതോടെ ഉള്ള സ്‌റ്റോക്ക് എത്തിക്കുന്നതും തടസമായി.

ഉത്തരേന്ത്യയില്‍ ഇപ്പോഴും മഴ തുടരുകയാണ്. സ്റ്റോക്ക് ഉള്ളയിടങ്ങളില്‍ നിന്നും മറ്റിടങ്ങളിലേക്ക് ഉള്ളി എത്തിക്കുന്നതിന് ഇത് തടസമാകുന്നു. അതേസമയം രാജ്യത്ത് 56,000 ടണ്‍ ഉള്ളിയുണ്ടെന്നും ഇതില്‍ 16,000 ടണ്‍ പലയിടങ്ങളിലായി എത്തിച്ചെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. നാഫെഡ് പോലുള്ള ഏജന്‍സികള്‍ വഴി ഉള്ളി വിതരണം കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കിയാല്‍ ഉള്ളി വില കുറയുമെന്നായിരുന്നു കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞത്.


Next Story

Related Stories