TopTop
Begin typing your search above and press return to search.

'മാഡം പറഞ്ഞാല്‍ അതിനപ്പുറമൊന്നുമെനിക്കില്ല'; അനുനയ ചര്‍ച്ചയ്ക്കായി കെ.വി തോമസ് തിരുവനന്തപുരത്തേക്ക്

മാഡം പറഞ്ഞാല്‍ അതിനപ്പുറമൊന്നുമെനിക്കില്ല; അനുനയ ചര്‍ച്ചയ്ക്കായി കെ.വി തോമസ് തിരുവനന്തപുരത്തേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്ന മുതിര്‍ന്ന നേതാവ് കെ.വി തോമസ് അനുനയ ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തേക്ക്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കു പുറമേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിളിച്ചതോടെയാണ് കെ.വി തോമസ് ഹൈക്കമാന്‍ഡ് പ്രതിനിധിയായ അശോക് ഗെലോട്ട് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്ന് നിശ്ചയിച്ചിരുന്നു വാര്‍ത്താസമ്മേളനവും റദ്ദാക്കി. മകള്‍ക്കൊപ്പമാണ് തിരുവനന്തപുരം യാതം. അതേസമയം, സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതിനാലാണ് താന്‍ വഴങ്ങിയതെന്ന് വ്യക്തമാക്കി കെ.വി തോമസ് മറ്റു കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

'വെള്ളിയാഴ്ച വൈകിട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിളിച്ചു. രാത്രി എട്ടു മണിയോടെ സോണിയാ ഗാന്ധി വിളിച്ച് തിരുവനന്തപുരത്തെത്തി ഐഐസിസി പ്രതിനിധികളെ കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മാഡം പറഞ്ഞാല്‍ അതിനപ്പുറമൊന്നുമെനിക്കില്ല. അത്രമാത്രം കടപ്പാടും ബന്ധവും സോണിയാ ഗാന്ധിയുമായുണ്ട്. ആരാണ് ഐഐസിസിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് എന്നറിയില്ല. കോവിഡിനു മുന്‍പും മാഡത്തെ പോയി കണ്ടിരുന്നു' -കെ.വി തോമസ് പറഞ്ഞു.

സ്ഥാനമാനങ്ങള്‍ ഒന്നും ചോദിച്ചിട്ടില്ല. അസംബ്ലി സീറ്റും ചോദിച്ചിട്ടില്ല. മാധ്യമങ്ങളില്‍, വിശേഷിച്ചും സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ശരിയല്ലാത്ത പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതിന് തീരുമാനിച്ചത്. കോവിഡ് ബാധിച്ചിരുന്നു. അതിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ചാണ് ആദ്യം 28ന് മാധ്യമങ്ങളെ കാണാം എന്നു തിരുമാനിച്ചത്. പിന്നെ അത് മുന്നോട്ടാക്കുകയായിരുന്നു. ധാരാളം വൈകാരിക പ്രശ്നങ്ങളും വേദനയും ഉണ്ട്. ചിലര്‍ ആക്ഷേപിച്ചത് വേദനയുണ്ടാക്കി. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മറ്റും ചില പ്രശ്നങ്ങളുണ്ട്. ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറയാം. ഒരു പത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് പ്രശ്നം വര്‍ദ്ധിപ്പിച്ചത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലം മുതല്‍ കടുത്ത ഭിന്നതയിലായ കെ.വി.തോമസ് ശനിയാഴ്ച നിര്‍ണായകമായ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ആഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് അവസാന നിമിഷം പത്രസമ്മേളനം മാറ്റിവെച്ചത്. കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ കുറെ ദിവസങ്ങളായി ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നീക്കങ്ങള്‍ നടത്തിവരുകയായിരുന്നു. എന്നാല്‍ അതിന് വഴിപ്പെടുന്നില്ലെന്ന സൂചനയാണ് വെള്ളിയാഴ്ച വൈകിട്ടും പുറത്ത് വന്നത്. അതിനു പിന്നാലെ സോണിയാ ഗാന്ധി വിളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കെ.വി.തോമസിനെ പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ച് അനുയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് സൂചന.

ഹൈക്കമാന്‍ഡ് പ്രതിനിധിയായി അശോക് ഗെലോട്ട് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം യുഡിഎഫ് ഘടകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച ചേരുന്ന ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമതിയുടെ ആദ്യയോഗത്തിലും അദ്ദേഹം സംബന്ധിക്കും. മുതര്‍ന്ന നേതാക്കളുമായും അശോക് ഗെലോട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അശോക് ഗെലോട്ട് അടക്കമുള്ളവര്‍ കെ.വി. തോമസുമായി അനുനയചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.


Next Story

Related Stories