Top

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മുംബൈയിൽ കോൺഗ്രസ്സിന് മൂന്നോ നാലോ സീറ്റുകൾ കിട്ടിയേക്കുമെന്ന് സ‍ഞ്ജയ് നിരുപം

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മുംബൈയിൽ കോൺഗ്രസ്സിന് മൂന്നോ നാലോ സീറ്റുകൾ കിട്ടിയേക്കുമെന്ന് സ‍ഞ്ജയ് നിരുപം

കോൺഗ്രസ്സുമായി പിണങ്ങി പരസ്യപ്രതികരണങ്ങളുമായി രംഗത്തുള്ള മുതിർന്ന നേതാവ് സഞ്ജയ് നിരുപം കൂടുതൽ കടുത്ത പ്രതികരണങ്ങളിലേക്ക് നീങ്ങുന്നു. ഒക്ടോബർ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുംബൈയിൽ കോൺഗ്രസ്സിന് മൂന്നോ നാലോ സീറ്റുകളിൽ മാത്രമേ ജയിക്കാനാകൂ എന്ന് നിരുപം പറഞ്ഞു. സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള തന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതിരുന്നത് പരാജയത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയോട് അടുത്തു പ്രവർത്തിക്കുന്നവരെ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ്സിൽ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. സഞ്ജയ് രാഹുലിന്റെ അടുത്തയാളായാണ് അറിയപ്പെടുന്നത്.

താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ നിര്‍ത്താഞ്ഞതാണ് മഹാരാഷ്ട്രയിൽ സഞ്ജയ് നിരുപത്തെ പ്രകോപിപ്പിച്ചത്. ഒറ്റയാളെ മാത്രമേ മുംബൈയിൽ താൻ നിർദ്ദേശിച്ചുള്ളൂവെന്നും അതുപോലും നിരാകരിക്കപ്പെട്ടുവെന്നും അദ്ദേഹം പരാതി പറയുന്നു. വ്രണിതനായ നിരുപം പ്രതിഷേധമറിയിച്ച് വ്യാഴാഴ്ച തുടർച്ചയായി ട്വീറ്റുകളിട്ടു. താൻ പ്രചാരണത്തിനിറങ്ങില്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതാണെന്നും അത് തന്റെ അവസാന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിയോട് ഗുഡ്ബൈ പറയാൻ സമയമായിട്ടില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ നേതൃത്വം തന്നോട് പെരുമാറുന്ന രീതി വെച്ചു നോക്കിയാല്‍ പാർട്ടി വിടുന്ന നാൾ അധികം ദൂരെയല്ലെന്നു താക്കീതും അദ്ദേഹം നൽകുന്നുണ്ട്. വലിയ പരിക്കാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ്സിന്റെ പ്രചാരണത്തിന് ഇദ്ദേഹത്തിന്റെ പരസ്യമായ പ്രഖ്യാപനത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ തന്നെ മാനിക്കാതിരുന്ന പാർട്ടിക്ക് നല്ല പരിക്കേൽപ്പിക്കാൻ തന്നെയാണ് സഞ്ജയ് നിരുപം ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

2014ൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയത് 42 സീറ്റുകൾ മാത്രമായിരുന്നു. ബിജെപിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റും ഇവിടെ നേടാൻ കഴിഞ്ഞിരുന്നു. ഇത്തവണ എന്തെങ്കിലും ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയും ഇല്ലാതാക്കുന്ന നീക്കങ്ങളാണ് നേതാക്കളില്‍ നിന്നും വരുന്നത്.


Next Story

Related Stories