TopTop

പാലായില്‍ വീണ്ടും 'മാണി' തന്നെ; കാപ്പന്റെ വിജയം 2943 വോട്ടിന്

പാലായില്‍ വീണ്ടും

മണ്ഡലം രൂപീകരിച്ച കാലം മുതല്‍ കേരള കോണ്‍ഗ്രസിനൊപ്പം നിന്ന പാലായിലെ ജനങ്ങള്‍ ഇക്കുറി മാറ്റിച്ചിന്തിച്ചു. 54 കൊല്ലമായി കെ എം മാണി തുടര്‍ച്ചയായി ജയിച്ച മണ്ഡലമാണ് ഇപ്പോള്‍ എല്‍ഡിഎഫ് നേടിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെ എം മാണിയോട് പരാജയപ്പെട്ട മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വിജയിച്ചത്. കെ എം മാണി മരിച്ച ഒഴിവില്‍ പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ചത് കേരള കോണ്‍ഗ്രസിന്റെ ജോസ് ടോമായിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ലീഡ് ചെയ്ത മാണി സി കാപ്പന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ അവസാനഘട്ടത്തില്‍ മാത്രമാണ് ജോസ് ടോമിന് സാധിച്ചത്. കഴിഞ്ഞ മൂന്ന് തവണകളിലും കെ എം മാണിയോട് പരാജയപ്പെട്ടെങ്കിലും ഓരോ തവണയും ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളിലും, പാലാ നഗരസഭ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയത്. മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ സാധിച്ചത്.

2006ല്‍ മാണി സി കാപ്പന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കെ എം മാണിയുടെ ഭൂരിപക്ഷം 7759 വോട്ടായി കുറഞ്ഞിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ഉഴവൂര്‍ വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ കെ എം മാണിയുടെ ഭൂരിപക്ഷം 22,301 വോട്ടായിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ വീണ്ടും കെ എം മാണിക്കെതിരെ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 5259 ആയി കുറഞ്ഞു. 2016ല്‍ ഇത് വീണ്ടും കുറഞ്ഞ് 4703 ആയി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഏറെയൊന്നും നേട്ടം കൈവരിക്കാന്‍ പാലായില്‍ സാധിച്ചിരുന്നില്ല. കോട്ടയം ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമായ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ് ചാഴിക്കാടന്‍ 66,971 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി എന്‍ വാസവന്‍ 33,499 വോട്ടുകളാണ് നേടിയത്. 33,472 വോട്ടിന്റെ ഭൂരിപക്ഷം.

2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് തന്നെയായിരുന്നു മേല്‍ക്കൈ. രാമപുരം, ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മുത്തോലി, മേലുകാവ്, മൂന്നിലവ്, തലപ്പലം തുടങ്ങിയ പഞ്ചായത്തുകളും പാലാ നഗരസഭയും യുഡിഎഫ് നേടിയിരുന്നു. അതേസമയം ഇതിന്റെ തുടര്‍ച്ച നേടാന്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സാധിച്ചില്ല. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലും കേരള കോണ്‍ഗ്രസിനുള്ളില്‍ തന്നെ രൂപപ്പെട്ട തമ്മിലടിയാണ് അതിന് കാരണമായത്. കഴിഞ്ഞ കുറെക്കാലമായി പിജെ ജോസഫ് ഉടക്കി നില്‍ക്കുന്നതാണ് നേതൃത്വത്തിന് പ്രധാന വെല്ലുവിളിയായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജോസഫ് ഉടക്കിലായിരുന്നു.

അതിന്റെ തുടര്‍ച്ചയായി പാലാ ഉപതെരഞ്ഞെടുപ്പിലും ജോസഫ് ഉടക്കി നില്‍ക്കുകയായിരുന്നു. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് കരുതിയെങ്കിലും ജോസഫ് അതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയതോടെ ആ നീക്കം പരാജയപ്പെട്ടു. അതോടെ മാണിയുടെ വിശ്വസ്തനായ ജോസ് ടോമിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ജോസഫ് നല്‍കിയിരിക്കുന്ന പരാതി മൂലം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായിരുന്ന രണ്ടില ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു. മാണി സാര്‍ ആണ് തങ്ങളുടെ ചിഹ്നമെന്നും പാലായിലെ ജനങ്ങള്‍ മാണി സാറിന് വോട്ട് ചെയ്യുമെന്നാണ് ജോസ് ടോം അപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ മാണി സി കാപ്പന്‍ യുഡിഎഫില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തതോടെ ആ അപ്രമാദിത്വത്തിന് കൂടി അവസാനമായിരിക്കുകയാണ്.


Next Story

Related Stories