Top

അസം പൗരത്വ പട്ടിക തലവനെ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്, കാരണം വ്യക്തമാക്കിയില്ല

അസം പൗരത്വ പട്ടിക തലവനെ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്, കാരണം വ്യക്തമാക്കിയില്ല

അസമിലെ ദേശീയ പൗരത്വ പട്ടിക പരിപാടിയുടെ (എന്‍ആര്‍സി) തലവനെ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. അസം എന്‍ആര്‍സി കോര്‍ഡിനേറ്ററായ പ്രതീക് ഹജേലയെ മധ്യപ്രദേശിലേയ്ക്ക് സ്ഥലം മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് ആണ് ഇക്കാര്യം ഉത്തരവിട്ടത്. സ്ഥലം മാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടോ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ചോദിച്ചപ്പോള്‍ കാരണമില്ലാതെ യാതൊരു ഉത്തരവുമുണ്ടാകില്ല എന്നാണ് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്. അതേസമയം വ്യക്തമായ കാരണമൊന്നും പറയാതെയാണ് സ്ഥലം മാറ്റത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

1995 ഐഎഎസ് ബാച്ചുകാരനാണ് 48 കാരനായ പ്രതീക് ഹലേജ. അസം - മേഘാലയ കേഡര്‍ ഓഫീസര്‍. 50,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് എന്‍ആര്‍സി നടപടികള്‍ക്കായി പ്രതീക് ഹജേല നയിച്ചത്. വലിയ വിവാദങ്ങളാണ് എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ മുഹമ്മദ് സനവുള്ള അടക്കമുള്ളവര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. നിരവധി പേര്‍ ഫോറിനേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ എന്ന തടങ്കല്‍ കേന്ദ്രങ്ങളിലാക്കപ്പെട്ടു.

അതേസമയം പിന്നീട് പൗരത്വ പട്ടികയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും വര്‍ഗീയ ധ്രുവീകരണ പ്രചാരണം നടത്തുകയും ബിജെപി നേതാക്കാള്‍ തന്നെ പട്ടികയ്‌ക്കെതിരെ രംഗത്തെത്തി. ഇന്ത്യയിലെ യഥാര്‍ത്ഥ പൗരന്മാരായ ഹിന്ദുക്കളും പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായി എന്ന് പറഞ്ഞാണ് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ എന്‍ആര്‍സിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും ജൈനരും പുറത്താകില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു. മുസ്ലീങ്ങളെ പരാമര്‍ശിക്കാതെ ഒഴിവാക്കിക്കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. അതേസമയം കഴിഞ്ഞ മാസം ഒരു മുസ്ലീം സംഘടനം പ്രതീക് ഹജേലയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. വര്‍ഗീയ വിവേചനം കാണിച്ചു എന്ന് ആരോപിച്ചായിരുന്നു ഇത്.


Next Story

Related Stories