Top

പാറ്റ്നയിലെ വെള്ളക്കെട്ട്: ഉത്തരവാദിത്വം നിതീഷിലേൽപ്പിക്കാൻ ബിജെപി; തിരിച്ചടിച്ച് ജെഡിയു

പാറ്റ്നയിലെ വെള്ളക്കെട്ട്: ഉത്തരവാദിത്വം നിതീഷിലേൽപ്പിക്കാൻ ബിജെപി; തിരിച്ചടിച്ച് ജെഡിയു

ബിഹാർ തലസ്ഥാനമായ പാറ്റ്നയിൽ ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ട് ജനങ്ങൾ സർക്കാരിനെതിരായ വികാരം വളർത്തിയിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങള്‍ പലയിടത്തും ശരിയായ നിലയിലല്ല. ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ദൗർലഭ്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ജനരോഷം സർക്കാരിനെതിരെ തിരിയുന്നതു കണ്ട് രക്ഷപ്പെടാനുള്ള പഴുത് നോക്കുകയാണ് ബിജെപിയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധിക്ക് പരിഹാരമില്ലാത്തതിന്റെയും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കാത്തതിന്റെയും ഉത്തരവാദിത്വം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തലയിലിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയിലേക്ക് ഉത്തരവാദിത്വം ചാർത്തപ്പെടുന്നത് തടയാൻ പിന്നാമ്പുറക്കളികൾ ബിജെപി നടത്തുന്നതായാണ് വിവരം.

"ക്യാപ്റ്റനാണ് കൈയടികൾ ലഭിക്കാറ്. കെടുകാര്യസ്ഥതയുടെ പഴികളും കേൾക്കാൻ അയാൾ ബാധ്യസ്ഥനാണ്" എന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന ഈ ലാക്കോടു കൂടിയുള്ളതാണ്. ഗിരിരാജ് സിങ് തന്നെയാണ് നിതീഷിനെതിരായ വിമർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സോഷ്യൽ മീഡിയയിലൂടെയാണിത് നടക്കുന്നത്.

ബിജെപി നേതാവായ സുരേഷ് ശർമയാണ് അർബൻ ഡവലപ്മെന്റ് മന്ത്രി. നഗരത്തിലെ ഡ്രെയ്നേജ് സംവിധാനങ്ങളുടെ പ്രവർത്തനം ശരിയാണെന്ന് ഉറപ്പുവരുത്താൻ ഇദ്ദേഹത്തിന് ബാധ്യതയുണ്ട്. പഴികൾ സ്വാഭാവികമായും ഇദ്ദേഹത്തിൽ എത്തിച്ചേരേണ്ടതാണ്. ഇത് ഒഴിവാക്കാനാണ് ബിജെപി ഇപ്പോൾ ആഗ്രഹിക്കുന്നത്. അതെസമയം, വെള്ളം ഒഴിഞ്ഞ് പോകാത്തതിനു കാരണം താൻ പ്രവർത്തിക്കാത്തതല്ലെന്നും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. സർക്കാരിലെ ബിജെപി മന്ത്രിമാർ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിലും പുറത്തുള്ള നേതാക്കൾ ഉത്തരവാദിത്വം നിതീഷ് കുമാറിന്റെ തലയിലും വെക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നതെന്ന് എൻഡിടിവി തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് പറയുന്നു.

അതെസമയം, ബിജെപിയുടെ തന്ത്രം തിരിച്ചറിഞ്ഞ ജനതാദൾ യുനൈറ്റഡ് രംഗത്തിറങ്ങിയിട്ടുണ്ട്. എല്ലാവരും ഈ പ്രശ്നത്തിൽ ഉത്തരവാദികളാണെന്നും ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയെ ബിജെപി നേതൃത്വം ഗൗരവത്തോടെ കാണണമെന്നും പാർട്ടി വക്താവ് കെസി ത്യാഗി പറഞ്ഞു.

ഇതോടൊപ്പം ചെറിയൊരു ദുസ്സൂചന കലർത്തി ത്യാഗി ഇത്രയും കൂടി പറഞ്ഞു: "രാഷ്ട്രീയ കലാപമല്ല നടന്നതെന്നും ഒരു പ്രകൃതി ദുരന്തമാണ് നടന്നതെന്നും എൻഡിഎ ഇപ്പോഴും ഉലയാതെ നിലനിൽക്കുന്നുണ്ടെന്നും ഗിരിരാജ് സിങ് ഓർക്കണം."


Next Story

Related Stories