Top

സുപ്രീംകോടതി വിധി നടപ്പാക്കി; പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രാർത്ഥന

സുപ്രീംകോടതി വിധി നടപ്പാക്കി; പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രാർത്ഥന

സുപ്രീംകോടതി വിധി പ്രകാരം പിറവം സെന്‍റ് മേരീസ് പള്ളിയിൽ പ്രവേശിച്ച് ഓർത്തഡോക്സ്‌ വിഭാഗം പ്രാര്‍ത്ഥന നടത്തി. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. പോലീസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്. പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് ഓർത്തഡോക്സ്‌ വൈദികൻ ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന നടക്കുന്നത്.

അതിനിടെ, യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ത്ഥന നടത്തി. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ലെങ്കിലും പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് ഹൈക്കോടതി പൊലീസിന് നൽകിയിട്ടുള്ള നിർദേശം. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികള്‍ക്കും പ്രാര്‍ഥനയില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിടെ തുടക്കത്തിൽ ചെറിയ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും പോലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.
സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയില്‍ ആരാധന നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് ദിവസം മുമ്പാണ് യാക്കോബായ വിശ്വാസികളില്‍ നിന്ന് പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്തത്. യാക്കോബായ വിശ്വാസികൾ വലിയ തോതിൽ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും പോലീസ് ഗേറ്റ് തർത്ത് അകത്ത് കയറി പള്ളിക്ക് അകത്തുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയായിരുന്നു നിയന്ത്രണം എറ്റെടുത്തത്.


Next Story

Related Stories