Top

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർത്ഥി പട്ടിക ഷായും മോദിയും ഇന്ന് നിശ്ചയിക്കും

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർത്ഥി പട്ടിക ഷായും മോദിയും ഇന്ന് നിശ്ചയിക്കും

മഹാരാഷ്ട്ര, ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പുകളിലെ ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ ഇന്ന് തീരുമാനമുണ്ടാകും. പാർട്ടി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ വെച്ചാണ് തീരുമാനമുണ്ടാകുക. ബിജെപി വർക്കിങ് പ്രസിഡണ്ട് ജെപി നദ്ദ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

മഹാരാഷ്ട്രയിൽ ശിവസേനയുമായുണ്ടാക്കിയ സീറ്റ് പങ്കിടൽ ധാരണയിൽ കൂടുതൽ വ്യക്തത ഇന്നത്തോടെ വരും. ആകെ 288 സീറ്റുകളുള്ളതിൽ 144 എണ്ണത്തിലാണ് ബിജെപി മത്സരിക്കുക. 126 സീറ്റിൽ ശിവസേനയും മത്സരിക്കും. 18 സീറ്റുകളിൽ ചെറിയ കക്ഷികളാണ് മത്സരിക്കുക.

ജയിച്ചാൽ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കായിരിക്കും. ഉപമുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക് ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഒരു ചർച്ചയിലാണ് ശിവസേന സംസ്ഥാന നേതാക്കൾ ഈ ഫോർമുല അംഗീകരിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി ബിജെപിയുമായുള്ള സഖ്യം ശിവസേന അവസാനിപ്പിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ശിവസേന സഖ്യത്തിലേക്ക് മടങ്ങിവന്നു.

ദീർഘനാളത്തെ വിലപേശലുകൾക്കൊടുവിലാണ് സീറ്റ് പങ്കിടൽ ഫോർമുല ഉരുത്തിരിച്ചെടുക്കാൻ ഇരുപാർട്ടികൾക്കും കഴിഞ്ഞത്. സഖ്യം ഉറപ്പായിക്കഴിഞ്ഞെന്നും സീറ്റുകളുടെ എണ്ണത്തിൽ മാത്രമേ പ്രശ്നമുള്ളൂവെന്നും ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകുന്ന പരിപാടി ഇത്തവണ ഉണ്ടാകില്ലെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഹരിയാനയിൽ നിന്ന് ഇത്തരം അഭ്യർത്ഥനകൾ ഏറെ വന്നിരുന്നു. ഹരിയാനയിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇന്ദ്രജിത്ത് സിങ് തന്റെ മകൾക്ക് സീറ്റ് ചോദിക്കുകയുണ്ടായി.

മുൻ ഹോക്കി ക്യാപ്റ്റൻ ടീം സന്ദീപ് സിങ്, ഒളിമ്പിക് റെസ്ലിങ് താരം യോഗേശ്വർ ദത്ത് എന്നിവരെയും ഹരിയാനയില്‍ ബിജെപി മത്സരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആകെ 90 സീറ്റുകളാണ് ഹരിയാന അസംബ്ലിയിലുള്ളത്.


Next Story

Related Stories