TopTop
Begin typing your search above and press return to search.

'ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം...' അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍|വിഡിയോ

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം... അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍|വിഡിയോ

കവിതാ പ്രേമികള്‍ മാത്രം അറിഞ്ഞിരുന്ന അനില്‍ പനച്ചൂരാനെ ശ്രദ്ധയനാക്കിയത്‌ ഗാനരചന കൊണ്ട് മാത്രമല്ലായിരുന്നു, വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയുമായിരുന്നു. പരുക്കന്‍ ശബ്ദം കൊണ്ട് കവിതചൊല്ലിയ അദ്ദേഹത്തിന്റെ കവിതകള്‍ നാടെങ്ങും ചെറുപ്പക്കാര്‍ ഏറ്റെടുക്കുക്കുകയായിരുന്നു.

ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ കവിത വലയില്‍ വീണ കിളികള്‍ തന്നെയായിരുന്നു. പ്രത്യേക ഈണത്തില്‍ താളമിട്ടു പാടാന്‍ പറ്റിയ കവിത. അതു കൊണ്ടു തന്നെ തൊണ്ണൂറുകളില്‍ ക്യാംപസുകള്‍ ഏറ്റെടുത്തു. 2007ല്‍ പുറത്തിറങ്ങിയ അറബിക്കഥയിലെ 'ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം' എന്ന ഗാനം ഹിറ്റായി. പിന്നെ സിനിമാരംഗത്ത് പാടിയഭിനയിച്ചതും പനച്ചൂരാന്‍ തന്നെയായിരുന്നു. ഇന്നും ഈ ഗാനം കോരിത്തരിപ്പോടെ മാത്രം കേള്‍ക്കുന്ന എത്രയോ പേരുണ്ട് എന്നത് ആ പാട്ടിന്റെ ജനകീയതയ്ക്കു തെളിവാണ്.

കഥ പറയുമ്പോള്‍ എന്ന ചിത്രലെ 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ...' എന്ന ഹാസ്യരസം നിറഞ്ഞ ഗാനവും സൂപ്പര്‍ഹിറ്റായി. അറബിക്കഥ, ചിലനേരം ചില മനുഷ്യര്‍, യാത്ര ചോദിക്കാതെ തുടങ്ങിയ സിനിമകളില്‍ നടനായും അനില്‍ പനച്ചൂരാന്‍ തിളങ്ങി. ഭ്രമരത്തിലെ മോഹന്‍ലാല്‍ പാടിയഭിനയിച്ച 'അണ്ണാറക്കണ്ണാ വാ', കുഴലൂതും പൂന്തെന്നലേ, സ്വന്തം ലേഖകനിലെ 'ചെറുതിങ്കള്‍ത്തോണി', മേരിക്കുണ്ടൊരു കുഞ്ഞാടിലെ 'എന്റടുക്കെ വന്നടുക്കും' ബോഡിഗാര്‍ഡിലെ 'അരികത്താരായോ പാടുന്നുണ്ടോ..' തുടങ്ങി എണ്ണം പറഞ്ഞ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു വച്ചാണ് പനച്ചൂരാന്‍ വിടപറയുന്നത്.

ഇന്നലെ തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം കോവിഡ് ബാധിതനായിരുന്നു.

1965 നവംബര്‍ 20 ന് കായംകുളത്തിനു സമീപം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായി ജനിച്ച അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്, വാറംഗല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായി പഠനം. എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ക്യാംപസ് കാലം മുതല്‍ കവിതയെഴുതി ചൊല്ലി അവതരിപ്പിച്ചിരുന്നു.



Next Story

Related Stories