TopTop
Begin typing your search above and press return to search.

ആ ചെളിയൊന്ന് കാണുമാറാക്കണേ! തെരഞ്ഞെടുപ്പ് കാലത്ത് ദൈവത്തോടുള്ള പ്രാര്‍ത്ഥന

ആ ചെളിയൊന്ന് കാണുമാറാക്കണേ!  തെരഞ്ഞെടുപ്പ് കാലത്ത് ദൈവത്തോടുള്ള പ്രാര്‍ത്ഥന

(തെരഞ്ഞെടുപ്പ് കാലത്ത് ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍ ദൈവത്തോട് പറയുന്നത്. ഒന്നും ആലോചിക്കാതെ കൈ കൂപ്പി പോകണമെന്നാഗ്രഹിക്കുന്ന, ചുരുക്കപ്പെട്ട ദൈവസങ്കല്പങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന രാഷ്ട്രീയ നായകര്‍ക്കു മധ്യെ കാഴ്ച നഷ്ടമായി നില്‍ക്കുന്ന ജനതയില്‍ ആദര്‍ശങ്ങളിലും ,ആശയങ്ങളിലുമൂന്നിയുള്ള രാഷ്ട്രീയ കാലാവസ്ഥക്കായുള്ള ചിന്തകള്‍ ഉണരേണ്ടതിന്റെ പ്രസക്തിയെ കുറിച്ചുള്ള വിചാരങ്ങള്‍ എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ദ്ധനുമായ ഡോ.സി.ജെ. ജോണ്‍ അഴിമുഖവുമായി പങ്കുവെയ്ക്കുന്നു.)

കൊടിയേറ്റത്തിലെ ഗോപി ചെയ്തിട്ടുള്ള കഥാപാത്രത്തെ പോലെയാണ്, നമ്മള്‍, വോട്ടര്‍മാര്‍. ദേഹത്താകെ ചെളിതെറിപ്പിച്ചു പോകുന്ന വണ്ടിയെ നോക്കി എന്തൊരു സ്ഫീടെന്ന് അത്ഭുതം കൂറുന്ന ശങ്കരന്‍ കുട്ടിയെന്ന കഥാപാത്രത്തെപ്പോലെ. ജനതയുടെ രാഷ്ട്രീയ ബോധത്തിലാകെ ചെളിതെറിപ്പിച്ചിട്ടുപോകുകയാണ്, ഓരോ പ്രസ്ഥാനങ്ങളും.അരാഷ്ട്രീയ പ്രസ്ഥാനമെന്നോ രാഷ്ട്രീയ പ്രസ്ഥാനമെന്നോ ഭേദമില്ലാതെ ഓരോ പാര്‍ട്ടിയും വലിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അവലംബിച്ച് തലങ്ങും വെലങ്ങും ചെളിതെറിപ്പിച്ചിട്ട് പോവുകയാണ്. അവകാശ സമരങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും നേടിയെടുത്ത രാഷ്ട്രീയ ദര്‍ശനങ്ങളില്‍ അഴുക്ക് പുരളുന്നത് പൊളിറ്റിക്കല്‍ പ്രബുദ്ധതയുണ്ടെന്ന് മേനി പറയുന്ന മലയാളിക്ക് തിരിച്ചറിയാന്‍ പറ്റാതെ പോകുന്നു .മാര്‍ക്കറ്റിംഗ് സൃഷ്ടിക്കുന്ന മാന്ത്രിക പ്രഭയില്‍ ഇങ്ങനെ ചെളിതെറിച്ചുവീണുവെന്ന് ഉള്‍ക്കൊള്ളാനാവാതെ എന്തൊരു സ്ഫീട് എന്നു പറഞ്ഞ് അത്ഭുതം കൂറി അമ്പരന്ന് നില്‍ക്കുകയാണ് നമ്മള്‍, പാവം വോട്ടര്‍മാര്‍.

എല്ലാവര്‍ക്കും കിറ്റ്. എല്ലാ വീട്ടമ്മമാര്‍ക്കും ക്ഷേമ പെന്‍ഷന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പാടെ അമ്പരന്നു പോകുന്നു. അതിവേഗത്തില്‍, അതിശീഘ്രം സ്വന്തം ലക്ഷ്യം നിറവേറ്റാനായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഓടുമ്പോള്‍ രാഷ്ട്രീയ വിവേകത്തിന്റെ കാഴ്ചകളെ വികലമാക്കുന്ന ചെളിയില്‍ നിന്ന് ഒഴിഞ്ഞു മാറാനോ ,അത് കഴുകി കളയാനോ അവനവന് പ്രാപ്തിയുണ്ടാക്കണേ എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ദൈവത്തോടുള്ള പ്രാര്‍ത്ഥന. മറ്റാരെങ്കിലും കാണിച്ചുതന്നാല്‍ അതില്‍ അവരുടെ താല്പര്യങ്ങള്‍ പ്രതിഫലിച്ചേക്കാം. ഓരോരുത്തരും അവരുടേതായ ലക്ഷ്യങ്ങള്‍ക്കായി ചെളിയെക്കുറിച്ച് പലതരത്തില്‍ വര്‍ത്തമാനം പറഞ്ഞേക്കാം, വ്യാഖ്യാനിച്ചേക്കാം. അതുകൊണ്ട് സ്വയം തിരിച്ചറിയാനുള്ള ശേഷി ഉണ്ടാക്കിത്തരണേയെന്നു മാത്രമാണ് പ്രാര്‍ത്ഥിക്കാനുള്ളത്-ആ ചെളി തരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം നമുക്ക് വേണ്ട ആളുകളെ തെരഞ്ഞെടുക്കാനുള്ള ബുദ്ധി തരണേ എന്നത് മാത്രമാണ് പ്രാര്‍ത്ഥന. നമുക്ക് ചുറ്റുമുള്ള വായ്ത്താരികളും ,വിവാദങ്ങളും ,വാക്ക് തര്‍ക്കങ്ങളും പൊളിറ്റിക്കല്‍ സെന്‍സില്‍ കൂടുതല്‍ ചെളി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഇതൊരു വലിയ വെല്ലുവിളിയാണ് .

ഒരു സര്‍ക്കാര്‍ സംവിധാനം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കലാണ്. ഔദാര്യമൊന്നുമല്ല . അതില്‍ നന്ദി പ്രകാശിപ്പിക്കേണ്ടതില്ല . ജനാധിപത്യത്തില്‍ അത് അനുഗ്രഹമല്ല. .അവകാശമാണ് . ദൈവത്തിനോട് നന്ദി കാണിച്ചില്ലെങ്കില്‍ ദൈവകോപം വരുമെന്നത് മനുഷ്യ നിര്‍മ്മിത സങ്കല്പ്പമാണ്. നന്മ ചെയ്യന്നവര്‍ പ്രാര്‍ത്ഥിക്കാതിരുന്നാല്‍ ദൈവം കോപിക്കുമോ?. പ്രാര്‍ത്ഥിക്കാത്തവരെയും ,ദൈവത്തിന്റെ പ്രതി പുരുഷന്മാരെ ബഹുമാനിക്കാത്തവരെയും ദൈവം ശിക്ഷിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. അത് ദൈവത്തെ നില നിര്‍ത്താനല്ല .ആ ദൈവത്തെ മാര്‍ക്കെറ്റ് ചെയ്യുന്ന പ്രസ്ഥാനങ്ങളെയും മനുഷ്യരെയും നില നിര്‍ത്താനാണ്. ഏതാണ്ട് ഇതേ ശൈലിയിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂറ് മാറിയിട്ടുണ്ട് ബിംബ നിര്‍മ്മിതിക്ക് പണ്ടെത്തെക്കാള്‍ പ്രമുഖ്യം വന്നിട്ടുള്ള കാലമാണ് ഇത് .ബിംബങ്ങള്‍ അനുഗ്രഹിക്കും. അതില്‍ നന്ദി കാണിച്ചില്ലെങ്കില്‍ കോപിക്കും .വെട്ടും .ആദര്‍ശങ്ങളിലും ,ആശയങ്ങളുമൂന്നിയുള്ള രാഷ്ട്രീയ കാലാവസ്ഥക്കായി പ്രാര്‍ത്ഥിക്കേണ്ട കാലമാണിത് .വരുമെന്ന് ഒരു ഉറപ്പുമില്ല .നന്നാകുമെന്ന് നിശ്ചയവുമില്ല .

ഉല്പ്പന്നം വില്‍ക്കുന്നതുപോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം; ഇതിന്റെ ലാഭം എന്തൊക്കെ?

ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ മാര്‍ക്കറ്റിങ് ഉപയോഗിക്കുന്ന കാലമാണ്. അത് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വലിയ പിആര്‍ ഏജന്‍സികളാണ് എല്ലാം ചെയ്യുന്നത്. ഏത് വാക്ക് ഉപയോഗിക്കണം, ഏത് രീതിയില്‍ ജനങ്ങളുടെ മനസ്സിനെ കവരണം എന്നൊക്കെ കണ്ടെത്തുന്നതും പറയിക്കുന്നതും നിവര്‍ത്തിക്കുന്നതും ഒക്കെ അവരാണ്. ഒരു ഉല്‍പ്പന്നത്തെ മനുഷ്യമനസ്സിലേക്ക് അടയാളപ്പെടുത്തുന്നതിന് സമാനമായ തരത്തിലാണ് തെരഞ്ഞെടുപ്പിലെ തങ്ങളുടെ ലക്ഷ്യങ്ങളേയും സ്ഥാനാര്‍ത്ഥികളേയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. സൂഷ്മത്തിലും സ്ഥൂലത്തിലും അവര്‍ ഇടപെടും. ഇത്രമേല്‍ ഹോര്‍ഡിംഗുകള്‍ മുന്‍കാലങ്ങളില്‍ നമ്മള്‍ കണ്ടിട്ടില്ല, ടാഗ് ലൈനുകളും പരസ്യ കോലാഹലങ്ങളും കണ്ടിട്ടില്ല. ഒരു ബിഗ് ബിസിനസ്സിന്റെ കെട്ടും മട്ടും വരുമ്പോള്‍ ഇതിന്റെ ലാഭം എന്തൊക്കെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം അസ്വസ്ഥത ഉണര്‍ത്തും . നമ്മുടെ ജനാധിപത്യത്തില്‍ ആളുകള്‍ വാങ്ങേണ്ട, സ്വീകരിക്കേണ്ട ഉല്പന്നവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളെ അടയാളപ്പെടുത്താന്‍ വേണ്ടിയിട്ടുള്ള പ്രക്രീയകള്‍ നടക്കുമ്പോള്‍ സ്വാഭാവികമായിട്ടും അതില്‍ അതിമാനുഷ/ സൂപ്പര്‍ പവര്‍ അംശങ്ങള്‍ കലര്‍ത്തപ്പെടും. അങ്ങനെ കലര്‍ത്തപ്പെട്ടാലേ നിലനില്‍ക്കാന്‍ പറ്റുകയുള്ളു. നന്നായി മാര്‍ക്കെറ്റ് ചെയ്യുന്നതിനെ അടിസ്ഥാന പ്പെടുത്തി സമ്മതി ദാനം നിശ്ചയിക്കുമ്പോള്‍ നമ്മള്‍ കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയായി മാറി എന്തൊരു സ്പീഡെന്ന് ആശ്ചര്യപ്പെടുന്നു .അന്തിച്ചു പോകുന്നു .ഒരു പ്രോഡക്ട് വാങ്ങുന്ന ലാഘവത്തില്‍ വോട്ടവകാശം വിനിയോഗിക്കാതിരിക്കാനുള്ള ബോധം ഏത് ദൈവം തരും കൂട്ടരേ ?

എംപ്ലോയിമെന്റ് വിവാദം നോക്കുക . പിഎസ് സി വഴി കൊടുക്കുന്ന തൊഴില്‍ ദാനം എന്നതില്‍ മാത്രം ചുരുക്കപ്പെട്ടിരിക്കുന്നു. ഗള്‍ഫില്‍ നിന്നൊക്കെ തൊഴില്‍ നഷ്ടപ്പെട്ട് അശരണരായി വരുന്ന സമൂഹത്തില്‍ ഓരോ നിയോജക മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും കൂടുതല്‍ തൊഴില്‍ ഉല്‍പ്പാദിപ്പിക്കണമെന്ന പ്രാര്‍ത്ഥനയ്ക്കായിട്ടാരും ചെവി തുറക്കുന്നില്ല. എല്ലാ വാതിലുകളും തുറന്നിട്ട് തൊഴില്‍ ഉല്‍പ്പാദനമെന്ന പ്രാര്‍ത്ഥനക്കായി ഒരുങ്ങേണ്ട കാലമാണിത് .മുന്‍ വാതില്‍, പിന്‍ വാതില്‍ വിവാദത്തില്‍ അത് മുങ്ങി പോകുന്നു . തൊഴില്‍ സാദ്ധ്യതകള്‍ മങ്ങുകയോ ,നഷ്ടപ്പെടുകയോ ചെയ്തവരുടെ മുമ്പിലേക്ക് യാഥാര്‍ഥ്യ ബോധത്തോടെയുള്ള പ്രത്യാശ നല്‍കല്‍ ഏത് പ്രകടന പത്രിക നല്‍കുന്നു ?ആഘാതങ്ങളുടെ സ്ഥിതി വിവരകണക്ക് പോലും സ്വരൂപിക്കാതെ ഞങ്ങളുണ്ട് കൂടെയെന്ന മട്ടിലുള്ള വചനങ്ങള്‍ക്ക് ആശ്വസിപ്പിക്കാനാകുമോ അവരെ ?

കിറ്റും, ക്ഷേമ പദ്ധതികളും ആളുകളുടെ വോട്ടിംഗ് നിലപടുകളെ സ്വാധിനിച്ചുവെന്ന നിരീക്ഷണമുണ്ട് .അത് രാഷ്ട്രീയ ബോധത്തിന്റെ വളര്‍ച്ചയെയാണോ തളര്‍ച്ചയെയാണോ കാണിക്കുന്നത് ?ആലോചിക്കണം . കിറ്റ് കൊടുത്തത് തെറ്റാണോ? തെറ്റല്ല. പ്രത്യേക പ്രതിസന്ധിയുടെ കാലത്ത് ഒരുപാട് പേര്‍ക്ക് അതിന്റെ ഗൂണങ്ങള്‍ കിട്ടിയിട്ടുണ്ട്. അതുപോലെ അര്‍ഹരായ ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ കൊടുക്കന്നതും ശരിതന്നെയാണ്. അതുകൊണ്ടും ഗുണം ഉണ്ടാകുന്നുണ്ട്. പക്ഷെ അതിന്റെ തലം വിട്ട് ഇത് ജനതയുടെ മേല്‍ രാഷ്ട്രീയ ദൈവങ്ങള്‍ ചൊരിയുന്ന ഒരു അനുഗ്രഹ വര്‍ഷമായി മാറിയിരിക്കുന്നു . പ്രകടന പത്രികകള്‍ ഇതിന്റെ സാക്ഷ്യമാണ് .ഓരോരുത്തരും ലേലം വിളിക്കുന്നത് പോലെ ക്ഷേമ തുക വര്‍ധിപ്പിക്കുന്നു . അനര്‍ഹരുള്‍പ്പെടെ എല്ലാവര്‍ക്കും കിറ്റും സഹായങ്ങളും ലഭിക്കുമ്പോള്‍ അതുമൂലം സാമ്പത്തിക രംഗത്ത് അടക്കം നാളെ ഉണ്ടാകാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് ആരും പറയുന്നില്ല .തുക എവിടെ നിന്ന് വരുമെന്ന് മിണ്ടുന്നില്ല . .ഒരു 'മാജിക്കല്‍ തിങ്കിംങ്ങി'ലേക്ക് നമ്മള്‍ നയിക്കപ്പെടുകയാണ്. വീട്ടില്‍ കടം കയറുന്നത് പോലെ പെട്ടെന്നൊരു ആഘാതം രാജ്യത്തിന് കടം കയറുമ്പോള്‍ ഉണ്ടാകാത്തത് കൊണ്ട് ഈ യുക്തി ആളുകള്‍ക്ക് മനസ്സിലാവില്ല .ഈ 'മാജിക്കല്‍ തിങ്കിംങ്' തന്നെയാണ് ദൈവത്തെ ആശ്രയിക്കുമ്പോഴും സംഭവിക്കുന്നത് .അഴിമതി വിവാദങ്ങള്‍ പോലും പൊതു ബോധത്തെ അലോസരപ്പെടുത്താതിരിക്കുന്നത് ഇത് കൊണ്ടാണ് . പൗരന്മാര്‍ 'മാജിക്കല്‍ തിങ്കിങ്ങി'ന് അടിമപ്പെടാതെ ഇത്തിരി പൊളിറ്റിക്കല്‍ ജാഗ്രത കാട്ടണമെന്ന് പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുമോ ?

നമ്മളെല്ലാം തന്നെ കിറ്റ് വാങ്ങുന്നുണ്ട്, ആഘോഷിക്കുന്നുണ്ട്. പക്ഷെ ഇത് വാങ്ങുമ്പോള്‍ കോവിഡ് ഉണ്ടാക്കിയിട്ടുള്ള വ്യാപകമായ പരിക്കുകളെകുറിച്ചും അതിന് എന്ത് പരിഹാരമെന്നതിനെ കുറിച്ചുമുള്ള ചിന്തകളെ അടക്കുകയാണ്, ബ്ലോക്ക് ചെയ്യുകയാണ്. അതിനെ ക്രീയാത്മകമായി നേരിടുന്നതിനേക്കാള്‍ എളുപ്പമാണ് കിറ്റില്‍ സംതൃപ്തമാകുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കല്‍ . കടം വാങ്ങിയാണെങ്കിലും കിറ്റ് കൊടുത്തുകൊണ്ടിരിക്കാം. കോവിഡ് ഉണ്ടാക്കിയിട്ടുള്ള സാമൂഹിക ക്ഷതങ്ങള്‍ , വ്യക്തിപരമായി ഉണ്ടാക്കിയിട്ടുള്ള പരിക്കുകള്‍, തൊഴില്‍ നഷ്ടങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍- ഇങ്ങനെ നാനാമേഖലകളില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാപകമായ ആഘാതങ്ങളെ അഭിമുഖകരിക്കണമെന്ന ആവശ്യങ്ങള്‍ സ്വകാര്യ വിഷയങ്ങളായി ഒതുങ്ങുകയും, പ്രകടന പത്രികകളിലെ ക്ഷേമ വാഗ്ദാനങ്ങള്‍ മാത്രം പൊതു ബോധത്തില്‍ നില്‍ക്കുകയും ചെയ്യുന്നത് ഒരു സൗകര്യമാണ്. ഇത്തരമൊരു ഗവേര്‍ണന്‍സ് എളുപ്പമാണ്. ആളുകളുടെ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ അര്‍ത്ഥനകള്‍ വിശാലമായ തലത്തിലേക്ക് പോകാതിരിക്കുക എന്നത് ഭരിക്കാന്‍ എളുപ്പമുള്ള അന്തരീക്ഷംഉണ്ടാക്കും . ദൈവത്തിനായി അര്‍ച്ചന ചെയ്തിട്ട് എല്ലാം മൂപ്പര്‍ചെയ്ത് തരുമെന്ന ലളിത സമീപനത്തിന്റെ ഛായ ഇതിലുണ്ട് .

ഒന്നും ആലോചിക്കാതെ കൈ കൂപ്പി പോകണം; ചുരുക്കപ്പെട്ട ദൈവസങ്കല്പങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന രാഷ്ട്രീയ നായകര്‍

ദൈവം എന്നു പറഞ്ഞാല്‍ നമ്മള്‍ അനുഗ്രഹങ്ങള്‍ക്കും ആശ്രയത്തിനുമായി പ്രാര്‍ത്ഥിക്കുന്ന ഒരു ബിംബമാണ് .ആ ബിംബവുമായിട്ടാണ് വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ അതിന്റെ നായകന്മാര്‍ ഇപ്പോള്‍ മത്സരിക്കുന്നത്. വേറൊരു ദൈവം ആകാന്‍ വേണ്ടിയിട്ടുള്ള ഒരു മത്സരമാണിപ്പോള്‍ നടക്കുന്നത്. അതിപ്പോള്‍ ഒരു പ്രത്യേക പാര്‍ട്ടി എന്നൊന്നുമില്ല. എല്ലാപാര്‍ട്ടികളിലും ഇക്കാലത്ത് അതുതന്നെയാണ് നടക്കുന്നത്. ഇത്ര പ്രാര്‍ത്ഥനയ്ക്കുപോയാല്‍ നിങ്ങളുടെ കാര്യം സാധിക്കുമെന്നും , അഭീഷ്ട സിദ്ധിക്കായി ഇത് ചെയ്യൂവെന്നും പ്രിസ്‌ക്രൈബ് ചെയ്യുന്ന തലത്തിലേക്ക് പല ഭക്തിപ്രസ്ഥാനങ്ങളും ചുരുങ്ങിയിട്ടുണ്ട്. ആത്മീയതയുടെയും മാനവികതയുടെയും ഔന്നത്യം തേടുകയെന്ന ലക്ഷ്യത്തില്‍ നിന്നും പലരും മാറിയിരിക്കുന്നു .അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടണം. ലാഭമുണ്ടാക്കുന്ന മറ്റ് കച്ചവടങ്ങള്‍ നടത്തണം .അതിനായുള്ള ഉപധിയായി മാത്രം അവര്‍ പ്രതിനിധാനം ചെയ്യുന്ന ഭക്തി പ്രസ്ഥാനങ്ങള്‍ ചുരുക്കപ്പെട്ടു . ഇങ്ങനെ ചുരുക്കപ്പെട്ട ദൈവസങ്കല്പങ്ങളുമായാണ് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനത്തിലെ നേതാക്കന്മാര്‍ താദാത്മ്യം പ്രാപിക്കുന്നത്. എളിമയേക്കാള്‍ കൂടുതല്‍ സര്‍വ ശക്തിയുടെ ശരീര ഭാഷ പലരുടെയും പെരുമാറ്റത്തില്‍ കലരുന്നത് അത് കൊണ്ടാണ് . അത്തരത്തില്‍ ബിംബവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിനനുസരിച്ചു പെരുമാറേണ്ടി വരും .ചുരുക്കപ്പെട്ട ദൈവസങ്കലപവുമായി മത്സരിച്ച് മറ്റൊരു ദൈവമാകുമ്പോള്‍ ഭൗതീക കാര്യങ്ങളിലൂന്നിയ അനുഗ്രഹങ്ങള്‍ നല്‍കേണ്ടി വരും .അവയെ വലിയ കാര്യങ്ങളായി ഉയര്‍ത്തി കാട്ടേണ്ടിയും വരും . ഒരു ബിംബമുണ്ടായാല്‍ തെരെഞ്ഞെടുപ്പ് പ്രചരണം എളുപ്പമാണ് -പി ആര്‍ ടീമിന് എളുപ്പമാണ് .പ്രേത്യേകിച്ചും നിഷ്പക്ഷ വോട്ടറന്മാര്‍ വിധി നിശ്ചയിക്കുന്ന ഒരു സാഹചര്യത്തില്‍ .

മറ്റു മുന്നണികള്‍ ഉയര്‍ത്തിക്കാട്ടുന്ന വിധത്തില്‍ ശക്തമായൊരു ബിംബമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഒരു പ്രതിസന്ധി. പണ്ടൊക്കെ അതുണ്ടായിരുന്നുവെന്നത് ഓര്‍ക്കണം .നിര്‍മ്മിക്കപ്പെടുന്ന ബിംബത്തെ പുതിയ കാലത്തിന്റേതായ തന്ത്രങ്ങള്‍ ഉപയോഗിച്ച് വളര്‍ത്തിയെടുക്കാം .വീര കഥകള്‍ ഉണ്ടാക്കാം ,പരസ്യങ്ങള്‍ ചെയ്യാം .സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് നടത്താം .സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു ദൈവ പ്രതിഷ്ഠയുടെ എല്ലാ അംശങ്ങളും കാണാം .ഒന്നും ആലോചിക്കാതെ കൈ കൂപ്പി പോകണം .അത് കൊണ്ട് ദൈവമേ അങ്ങയുടെ സ്ഥാനം രാഷ്ട്രീയ ദൈവങ്ങള്‍ കവര്‍ന്നെടുക്കരുതേയെന്നാണ് മറ്റൊരു പ്രര്‍ത്ഥന .

ഏതെങ്കിലും ഒരു കക്ഷിയെ മാത്രമായിട്ടല്ല പറയുന്നത്. ദൈവസമാനമായി ബിംബവല്‍ക്കരിക്കപ്പെടുന്ന നേതൃത്വങ്ങളെ സൃഷ്ടിക്കുന്ന പ്രവണത പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാണ്. പരിമിതമായ മോഹങ്ങള്‍ സാധിച്ചു കൊടുത്തു സ്വന്തം ലക്ഷ്യങ്ങളിലേക്ക് സ്പീഡില്‍ കുതിക്കുന്ന രാഷ്ട്രീയ വണ്ടികള്‍ വര്‍ഗ്ഗീയതയുടെയും ,പ്രാദേശികതയുടേയുമൊക്കെ ചെളി തെറിപ്പിക്കുന്നുണ്ട് .അപ്പ കഷണങ്ങള്‍ എറിയുന്നുമുണ്ട് . വിശാലമായ അര്‍ത്ഥതലങ്ങളില്‍ തുറന്ന് ചിന്തിക്കുന്ന സമൂഹം ഉണ്ടായാല്‍ ഒരുപക്ഷെ അതിനെതിരെ വിപ്ലവം പ്രഖ്യാപിക്കുന്നവര്‍ ഉയര്‍ന്ന് വരും .അത്തരം വിപ്ലവങ്ങളേയും ചിന്തകളേയും ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അശക്തമാണ്. അതിനാല്‍ അവര്‍ ചൊല്ലിലും ചെയ്തിയിലും പൗര ബോധത്തെ അന്നന്നത്തെ അപ്പത്തില്‍ ഒതുക്കുന്നു . അതില്‍ ആശ്ചര്യപ്പെട്ട് എന്തൊരു സ്പീഡെന്ന് മൊഴിയുന്ന ശങ്കരന്‍കുട്ടിമാരാണ് തെരഞ്ഞടുപ്പ് നാളുകളിള്‍ പ്രാര്‍ത്ഥനകളില്‍ നിറയുന്നത് .രാഷ്ട്രീയ ബോധത്തെ അസ്വസ്ഥമാക്കുന്നത് .ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉണര്‍ത്തുന്നത് .

സ്വാസ്ഥ്യം തരിക.


Next Story

Related Stories