Top

ഗുരുതര രോഗം ബാധിച്ച ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ തിരിച്ച് പോയി; വിക്ടോറിയ കോളേജില്‍ പ്രതിഷേധം

ഗുരുതര രോഗം ബാധിച്ച ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ തിരിച്ച് പോയി; വിക്ടോറിയ കോളേജില്‍ പ്രതിഷേധം

അരിവാള്‍ രോഗം ബാധിച്ച അട്ടപ്പാടി സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തനിച്ചാക്കി ഹോസ്റ്റല്‍ വാര്‍ഡനും ആര്‍ഡിയും തിരികെ പോയെന്ന് ആരോപണം. പാലക്കാട് വിക്ടോറിയ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പ്രതിഷേധത്തിലാണ്.

അരിവാള്‍ രോഗത്തിന് മരുന്ന് കഴിക്കുന്ന പെണ്‍കുട്ടി ഏതാനും ദിവസമായി മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വ്യാഴാഴ്ച പാലക്കാട് ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത കുട്ടിയെ രക്ഷിതാക്കള്‍ വരുന്നതിന് മുമ്പ് അവിടെ തനിച്ചാക്കി അധ്യാപകര്‍ തിരിച്ചെത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

കൂടെപ്പോയ സുഹൃത്തിനെയും കുട്ടിക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കാതെ മടക്കിക്കൊണ്ടുവന്നെന്നും ആരോപണമുണ്ട്. ഹോസ്റ്റലിലെ നിശ്ചിത സമയമായ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലില്‍ ആക്കണമെന്നാണ് അധ്യാപകര്‍ അതിന് കാരണമായി പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അട്ടപ്പാടിയില്‍ നിന്ന് കുട്ടികളുടെ ബന്ധുക്കള്‍ എത്താന്‍ താമസിക്കുമെന്നും അധ്യാപകര്‍ കാരണം പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കുട്ടിയെ എസ്ടി പ്രമോട്ടറെ ഏല്‍പ്പിച്ചെന്നും രക്ഷിതാക്കള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നുമാണ് ഹോസ്റ്റലില്‍ തിരികെയെത്തിയ അധ്യാപകര്‍ കുട്ടിയുടെ സുഹൃത്തുക്കളോട് പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എസ്ടി പ്രമോട്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അധ്യാപകര്‍ പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയത്. അതേസമയം തന്റെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടിയെ തനിച്ചാക്കി തിരികെ വന്നതെന്ന് തങ്ങളോട് പറഞ്ഞതായി വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥിനിയും ഹോസ്റ്റലിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ശ്രുതി പറഞ്ഞു.

ആ കുട്ടിക്ക് വയ്യാഞ്ഞിട്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ജില്ലാ ആശുപത്രിയില്‍ ചെന്നപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പോയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ശ്രീകല ടീച്ചറും ആര്‍ടി ഷേര്‍ളി ടീച്ചറുമാണ് കൂടെ പോയത്. ഭുവനയുടെ കൂടെ സംഗീത എന്ന കൂട്ടുകാരിയുമുണ്ടായിരുന്നു. അവളെ പോലും കൂടെ നില്‍ക്കാന്‍ അവര്‍ സമ്മതിച്ചില്ലെന്നും അതിന് കാരണമായി പറഞ്ഞത് ആ ആംബുലന്‍സില്‍ തന്നെ തിരികെ പോയില്ലെങ്കില്‍ പോകാന്‍ കാശില്ലെന്നും പറഞ്ഞാണ് സംഗീതയെ തിരികെ കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ അത് പ്രശ്‌നമാക്കി. ശ്രീകല ടീച്ചര്‍ ഉടന്‍ മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുകയാണ് ചെയ്തത്. ആറ് മണി മുതല്‍ ഒമ്പത് മണി കഴിഞ്ഞപ്പോള്‍ വരെയും അവര്‍ മുറിയില്‍ നിന്നും പുറത്താക്കാന്‍ പോലും കൂട്ടാക്കിയില്ല. ഒടുവില്‍ പ്രിന്‍സിപ്പല്‍ ലീവ് ആയതുകൊണ്ട് വൈസ് പ്രിന്‍സിപ്പല്‍ മായ മാഡമാണ് ഒരു സ്റ്റാഫിനെയും കൂട്ടി ആശുപത്രിയിലേക്ക് പോയത്. അതും പത്ത് മണിക്ക് ശേഷം. അതേസമയം ഹോസ്റ്റലില്‍ നിന്നും ആര്‍ക്കെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വരുമ്പോഴെല്ലാം ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും ശ്രുതി പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് സാധാരണഗതിയില്‍ ജില്ലാ ആശുപത്രി വരെയൊക്കെയേ ഹോസ്റ്റലില്‍ നിന്നും പോകേണ്ടി വന്നിട്ടുള്ളൂവെന്നും എന്നാല്‍ ദൂരം കൂടിയപ്പോഴാണ് ഹോസ്റ്റല്‍ സമയത്തിന്റെ പ്രശ്‌നം തങ്ങള്‍ക്ക് മനസിലാകുന്നതെന്നും ശ്രുതി വ്യക്തമാക്കി. വാര്‍ഡനും ആര്‍ടിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

ആശുപത്രിയില്‍ കൊണ്ടുവന്നാക്കിയ ശേഷം മറ്റൊരു കാര്യങ്ങളും ഹോസ്റ്റലില്‍ നിന്നും വന്നവര്‍ നോക്കിയിട്ടില്ലെന്ന് ട്രൈബല്‍ ഹെല്‍ത്ത് പ്രമോട്ടറായ ബിനേഷ് അഴിമുഖത്തോട് പ്രതികരിച്ചു. അതേസമയം ആശുപത്രിയിലെ നഴ്‌സുമാരാണ് തന്നെ വിളിച്ച് വിവരം പറഞ്ഞതെന്നും ബിനേഷ് വ്യക്തമാക്കി. കുട്ടിയെ കൊണ്ടുവന്നാക്കിയ ശേഷം ഇതുവരെയും കുട്ടിയുടെ വിവരം അന്വേഷിച്ച് ഹോസ്റ്റല്‍ അധികൃതരാരും തന്നെ വിളിച്ചിട്ടില്ലെന്നും ബിനേഷ് പറയുന്നു. താന്‍ എത്തിയപ്പോഴേക്കും അധ്യാപകര്‍ തിരിച്ചുപോയിരുന്നെന്നും ബിനേഷ് അറിയിച്ചു. ആശുപത്രിയിലെ ഒപി ടിക്കറ്റിലെ നമ്പറിലേക്കാണ് താന്‍ തിരികെ വിളിച്ചത്. രാത്രി ഒമ്പതര ആയപ്പോഴാണ് അവരെ ഫോണില്‍ കിട്ടിയത് തന്നെ. ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടികളെ സംരക്ഷിക്കേണ്ട ഒരു കടമ അവര്‍ പാലിച്ചിട്ടില്ലെന്നും ബിനേഷ് പറഞ്ഞു.

മൂന്ന് മാസം മുമ്പ് ഷെര്‍ളി ടീച്ചര്‍ ഈ ചുമതലയില്‍ എത്തിയതിന് ശേഷമാണ് നിബന്ധനകള്‍ കര്‍ക്കശമാക്കിയതെന്നും ശ്രുതി വ്യക്തമാക്കി.


Next Story

Related Stories