TopTop
Begin typing your search above and press return to search.

എന്‍എസ്എസിനെ ഭീഷണിപ്പെടുത്താന്‍ സിപിഎം നോക്കി, അത് നടന്നില്ല; യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് ചെന്നിത്തല

എന്‍എസ്എസിനെ ഭീഷണിപ്പെടുത്താന്‍ സിപിഎം നോക്കി, അത് നടന്നില്ല; യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പല ഇടങ്ങളില്‍ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. കണ്ണൂരിലെ പാനൂരില്‍ മന്‍സൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നാട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ നടപടി വേണം. സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ഉണ്ടായത്. ഹരിപ്പാട്ടും കായംകുളത്തും സിപിഎം വ്യാപകമായ അക്രമം നടത്തി. യുഡിഎഫിനെ പിന്തുണക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സിപിഎമ്മിന്. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുളള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എംവിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് കളളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിര്‍ദേശങ്ങള്‍ ഇന്ന് കമ്മിഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എസ്എസിനെതിരായ ഇടത് നിലപാട് അതിന്റെ ഭാഗമായാണ്.എന്‍എസ്എസിനെ ഭീഷണിപ്പെടുത്താന്‍ സിപിഎം നോക്കി, അത് നടന്നില്ല . എന്‍എസ്എസ് അവരുടെ നിലപാട് അത് തുറന്നു പറയുമ്പോള്‍ അവരെ ഭീഷണിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല . അങ്ങനെ ആരും ആരെയും വിരട്ടാന്‍ നോക്കേണ്ടന്നും അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എന്‍എസ്എസിനെതിരെ എകെ ബാലന്റെ പരാതിയെങ്കില്‍ ആദ്യം പരാതി നല്‍കേണ്ടത് പിണറായി വിജയന് എതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ല. ഇത് യുഡിഎഫിന്റെ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവര്‍ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.


Next Story

Related Stories