TopTop
Begin typing your search above and press return to search.

കാലാവസ്ഥാ വ്യതിയാനം: കാരണമാകുന്ന ലോകത്തെ 20 കമ്പനികളില്‍ കോള്‍ ഇന്ത്യയും

കാലാവസ്ഥാ വ്യതിയാനം: കാരണമാകുന്ന ലോകത്തെ 20 കമ്പനികളില്‍ കോള്‍ ഇന്ത്യയും

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന തരത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്തുന്ന ലോകത്തെ 20 ഫോസില്‍ ഇന്ധന കമ്പനികളില്‍ കല്‍ക്കരി കമ്പനി കോള്‍ ഇന്ത്യയും. ദ ഗാര്‍ഡിയന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ ക്ലൈമറ്റ് അക്കൗണ്ടബിളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിച്ചാര്‍ഡ് ഹീഡെ നടത്തിയ പഠനമാമ് ഇക്കാര്യം പറയുന്നത്. എണ്ണ, വാതക, കല്‍ക്കരി ശേഖരങ്ങളാണ് ലോകത്തെ മൊത്തം ഹരിതഗൃഹ വാതക പുറന്തള്ളലുകളുടെ മൂന്നിലൊന്നും നടത്തുന്നത്. 1965 മുതല്‍ വിവിധ കമ്പനികള്‍ നടത്തുന്ന കാര്‍ബണ്‍ പുറന്തള്ളലാണ് പഠനവിധേയമാക്കിയത്. ഇതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വ്യക്തമായ അറിവുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്താകെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേനും പുറന്തള്ളുന്നതില്‍ 35 ശതമാനം സംഭാവനയും 20 കമ്പനികളുടേതാണ്. 1965 മുതല്‍ 480 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് പുറന്തള്ളിയിരിക്കുന്നത്. കോള്‍ ഇന്ത്യക്ക് പുറമെ, ഷെവ്‌റോണ്‍, എക്‌സോണ്‍, ബിപി, ഷെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികളും സൗദിയുടെ അരാംകോ, ഗാസ്‌പ്രോം തുടങ്ങിയ ഗവണ്‍മെന്റ് കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. വാതക പുറന്തള്ളലില്‍ 4.38 ശതമാനം സൗദി എണ്ണക്കമ്പനി അരാംകോയുടേതാണ്.

കാലാവസ്ഥാ ശാസ്ത്രം അംഗീകരിക്കുന്നവരായി പറയുന്നവരും പാരീസ് ഉടമ്പടിയുടെ നിര്‍ദ്ദേശങ്ങളെ പിന്തുണക്കുന്നതായി പറയുന്നവരുമാണ് ഇത് കണ്ടില്ലെന്ന് നടിക്കുന്നത്. കമ്പനികള്‍ നിഷേധാത്മകമായ സമീപനമാണ് ഈ പ്രശ്‌നത്തില്‍ പുലര്‍ത്തുന്നത് എന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തങ്ങളുടെ മുന്‍ഗാമിയായ ചൈന നാഷണല്‍ പെട്രോളിയവുമായി ബന്ധമില്ല എന്നാണ് പെട്രോ ചൈന പറയുന്നത്. പഴയ കമ്പനിയുണ്ടാക്കിയ അന്തരീക്ഷ മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ക്കാവില്ല എന്നാണ് പെട്രോ ചൈനയുടെ നിലപാട്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 2000ാമാണ്ടോടെ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് 1965ല്‍ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അതിന്റെ വാര്‍ഷിക യോഗത്തില്‍ പ്രവചിച്ചിരുന്നു. കല്‍ക്കരി, എണ്ണ, പ്രകൃതി വാതക മേഖലകളെക്കുറിച്ചാണ് പരാമര്‍ശിച്ചത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്ന് 1950കളില്‍ തന്നെ യുഎസ് കമ്പനികള്‍ മനസിലാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരായ അവബോധവും നടപടികളും വ്യക്തിതലത്തില്‍ ചുരുങ്ങുന്ന അവസ്ഥ ഒഴിവാക്കാനും കമ്പനികളെ ഇതിന് ഉത്തരവാദികളായി എടുത്തുകാട്ടാനും റിപ്പോര്‍ട്ട് ശ്രമിക്കുന്നു.


Next Story

Related Stories