Top

ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്, അതില്‍ വിട്ടുവീഴ്ചയില്ലെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്; വേദിയില്‍ കെ ജി ബാലകൃഷ്ണനും

ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്, അതില്‍ വിട്ടുവീഴ്ചയില്ലെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്; വേദിയില്‍ കെ ജി ബാലകൃഷ്ണനും

ആര്‍എസ്എസ് ഒരു പ്രത്യയശാസ്ത്രത്തിലും ബന്ധിക്കപ്പെട്ടിട്ടില്ലെന്നും ഒരു ഇസത്തിലും ഒരു സിദ്ധാന്തത്തിലും വിശ്വസിക്കുന്നില്ലെന്ന് സംഘ് തലവന്‍ മോഹന്‍ ഭാഗവത്. ഒരു ബുക്കിലും ഒരു ചിന്തകളിലും ബ്രാക്കറ്റ് ചെയ്യപ്പെട്ട സംഘടനയല്ല ആര്‍എസ്എസ് എന്നും അത് എംഎസ് ഗോള്‍വാള്‍ക്കറുടെ പ്രസംഗങ്ങളുടെ സമാഹരണമാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണെന്ന ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ വാക്കുകള്‍ മാറ്റാന്‍ നമുക്കാകില്ലെന്നും ഭാഗവത് പറയുന്നു. അത് ജീവിത സത്യമാണെന്നാണ് ഭാഗവത് നിരീക്ഷിച്ചിരിക്കുന്നത്. ഓരോ മനുഷ്യനും സ്വയം ഹിന്ദുവെന്ന് വിളിക്കുന്ന ഹിന്ദു രാഷ്ട്രമാണ് ഇതെന്നും ഭാഗവത് പറയുന്നു. എബിവിപി ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സുനില്‍ അംബേക്കര്‍ രചിച്ച 'ദ ആര്‍എസ്എസ്: റോഡ്മാപ്‌സ് ഫോര്‍ ദ 21സ്റ്റ് സെഞ്ചുറി' എന്ന പുസ്തകത്തിന്റെ പ്രകാശനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സംഘ് പ്രത്യയശാസ്ത്രം എന്നൊന്നില്ല, സംഘത്തിന് അതിന്റെ ആവശ്യമില്ല' - ഭാഗവത് കൂട്ടിച്ചേര്‍ത്തു.

സംഘ്പരിവാര്‍ എന്നോ സംഘ് പ്രത്യയശാസ്ത്രമെന്നോ ഉള്ള പ്രയോഗങ്ങള്‍ തെറ്റാണെന്നും അവയെല്ലാം അപൂര്‍ണമാണെന്നും ഭാഗവത് പറയുന്നു. ഒരു പുസ്തകത്തിലോ ഒരു കൂട്ടം ആശയങ്ങളിലോ ഉള്‍പ്പെടുന്നതല്ല സംഘ്. ഹെഗ്‌ഡെവാര്‍ ഒരിക്കലും തനിക്ക് സംഘിനെ മനസിലായിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല. ഏറെക്കാലം സര്‍സംഘചാലക് ആയിരുന്നതിന് ശേഷമാണ് താന്‍ സംഘിനെ മനസിലാക്കാന്‍ തുടങ്ങിയതെന്നാണ് ഗുരുജി പറഞ്ഞത്. ആര്‍എസ്എസിന് ഒരു പ്രത്യയശാസ്ത്രമില്ലെന്നത് ചിലര്‍ക്ക് വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാനാകുന്നുണ്ട്. ഹനുമാനും, മറാത്ത രാജാവ് ശിവജിയും ഹെഡ്‌ഗെവാറും അവരുടെ മാതൃകാപുരുഷന്മാര്‍.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന പുസ്തകത്തിന്റെ ആശയത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും ഭാഗവത് പറയുന്നു. സ്വയം ഹിന്ദുക്കളെന്ന് വിളിക്കാത്തവരെയും ഇന്ത്യക്കാരെന്നും ഭാരതീയരെന്നും സ്വയം പരിഗണിക്കുന്നവരെയും സംഘ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും എഐസിസിഐ പ്രസിഡന്റ് സന്ദിപ് സൊമാനിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Next Story

Related Stories