TopTop

മോദിക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഗേറ്റ്സ് ഫൗണ്ടേഷനില്‍നിന്ന് രാജി കാശ്മീരി ജനതയെ തടവിലാക്കിയെന്ന് ആരോപണം

മോദിക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഗേറ്റ്സ് ഫൗണ്ടേഷനില്‍നിന്ന് രാജി കാശ്മീരി ജനതയെ തടവിലാക്കിയെന്ന് ആരോപണം

സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവാര്‍ഡ് നല്‍കിയ ഗേറ്റ്സ് ഫൗണ്ടേഷന്‍ നടപടിക്കെതിരെ പ്രതിഷേധം. നരേന്ദ്ര മോദി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഫൗണ്ടേഷനിലെ കമ്മ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് രാജിവെച്ചു. കാശ്മീരി സ്വദേശിയായ സാബാ ഹമീദാണ് രാജിവെച്ചത്. നോബെല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തിനെതിരെ ഗേറ്റസ് ഫൗണ്ടേഷന് നിവേദനം നല്‍കി.


കാശ്മീരില്‍ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ആളുകളുടെ സഞ്ചാര സ്വതന്ത്ര്യം തടയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഭരണാധികാരിക്ക് അവാര്‍ഡ് കൊടുക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ഫൗണ്ടേഷനില്‍നിന്ന് രാജിവെച്ച സാബാ ഹമീദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബില്‍ ആന്റ് മിലിന്റ ഗേറ്റസ് ഫൗണ്ടേഷന്‍ നരേന്ദ്ര മോദിക്ക് 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍' അവാര്‍ഡ് നല്‍കിയത്. സ്വച്ഛ് ഭാരത് പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.
ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും അസമത്വം ഇല്ലാതാക്കാനും പ്രവര്‍ത്തിക്കുന്ന ഒരു സംഘടന, തിരുത്താന്‍ പറ്റാത്ത തരത്തില്‍ ജനങ്ങള്‍ക്ക് ദോഷം ചെയ്ത ഒരു ഭരണ സംവിധാനത്തെ ആദരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സാബാ ഹമീദ് ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എനിക്ക് ചെയ്യാവുന്നത് ഒന്നുമാത്രം, വിട്ടുപോകുക' സാബാ ഹമീദ് പറഞ്ഞു.
ഈ പ്രശ്‌നം ഫൗണ്ടേഷന്റെ നേതൃത്വത്തിലുളളവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെങ്കിലും അവര്‍ തീരുമാനം മാറ്റാന്‍ തയ്യാറല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് മെഡിക്കല്‍ സൗകര്യംപോലും മതിയായ രീതിയില്‍ ലഭ്യമില്ല. ഓഗസ്റ്റ് അഞ്ചിന് മുമ്പും കാശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായിരുന്നില്ല. എന്നാല്‍ ഇതുമാത്രമല്ല തന്റെ പ്രതിഷേധത്തിന് കാരണം. ദളിത്, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ മോദി ഭരണത്തിന്‍ കീഴില്‍ ആക്രമിക്കപ്പെടുകയാണ്. അസമില്‍ പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. 2002 ലെ ഗുജറാത്ത് വംശഹത്യയുണ്ട്. ഈ കാരണങ്ങള്‍ മതി പ്രതിഷേധിക്കാനെന്നും അവര്‍ പറഞ്ഞു.
മൂന്നര വര്‍ഷമായി ഫൗണ്ടേഷന്റെ ഭാഗമാണ് സാബാ ഹമീദ്.
നരേന്ദ്ര മോദിക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. നോബല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇറാനിയന്‍ ആക്ടിവിസ്റ്റ് ഷിറിന്‍ എബാദി, ഐറിഷ് സമാധാന പ്രഴര്‍ത്തന്‍ മൈയ്‌റീഡ് മാഗ്വൂയിര്‍ യെമനിലെ മാധ്യമ പ്രവര്‍ത്തകന്‍ താകൂല്‍ അബ്ദേല്‍ സലാം കര്‍മന്‍ എന്നിവര്‍ മോദിയെ ആദരിക്കുന്നതിനെതിരെ ഫൗണ്ടേഷന് കത്ത് നല്‍കിയിരുന്നു.
മോദി ഭരണത്തില്‍ കീഴിലുണ്ടായ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെ അവഗണിച്ച് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാനുളള തീരുമാനം അപലപനീയമാണെന്നാണ് ഗേറ്റ്സ് കാംബ്രിഡ്ജ് സ്‌കോളേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞത്. ഒരു ലക്ഷത്തോളം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനവും മോദിയെ ആദരിക്കുന്നതിനെതിരെ നല്‍കിയിരുന്നു.
രാഷ്ട്രീയ ധാര്‍മ്മികതയുടെ പതനമായിട്ടാണ് അവാർഡ് നൽകാനുള്ള തീരുമാനത്തെ പ്രശസ്ത ചിന്തകന്‍ അഗീല്‍ ബില്‍ഗ്രാമി, ഫെമിനിസ്റ്റ് ഗ്ലോറിയ സ്‌റ്റെനെം എന്നിവര്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിശേഷിപ്പിച്ചത്. ശുചീകരണവുമായി ബന്ധപ്പെട്ട് മോദിക്ക് അവാര്‍ഡ് നല്‍കുന്നത്, മുസ്സോളിനിക്ക് ട്രെയിനുകള്‍ കൃത്യസമയത്ത് ഓടിയതിന് പുരസ്‌ക്കാരം നല്‍കുന്നതിന് തുല്യമാണെന്നും അവര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ഈ എതിര്‍പ്പുകളെ അവഗണിച്ച് ഗേറ്റസ് ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുകയായിരുന്നു.


Next Story

Related Stories