TopTop
Begin typing your search above and press return to search.

വിജയമുറപ്പിച്ച്‌ കാപ്പന്‍; എല്‍ഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി

വിജയമുറപ്പിച്ച്‌ കാപ്പന്‍; എല്‍ഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയ ഒമ്ബത് പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലീഡ് മുത്തോലിയില്‍ മാത്രം. പാലാ നഗരസഭയിലും മീനച്ചില്‍, കൊഴുവനാല്‍, എലിപ്പുറം പഞ്ചായത്തുകളിലുമാണ് ഇനി വോട്ടെണ്ണാനുള്ളത്. എട്ട് പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നിലനിര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നിലവില്‍ 4296 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. ലീഡ് നില മാറിമറിയുന്നുണ്ടെങ്കിലും മാണി സി കാപ്പന്‍ വിജയമുറപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് ക്യാമ്ബില്‍ വിജയാഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്.

ഇനി മൂന്ന് പഞ്ചായത്തുകളിലെ മാത്രം വോട്ടെണ്ണാനുള്ളപ്പോള്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചിരിക്കുകയാണ്. 54 കൊല്ലമായി കെ എം മാണിയിലൂടെ യുഡിഎഫ് നിലനിര്‍ത്തിയിരുന്ന മണ്ഡലമാണ് അവര്‍ക്ക് ഇപ്പോള്‍ നഷ്ടമാകുന്നത്. അതേസമയം വോട്ടുകച്ചവടത്തിന്റെ ഫലമാണ് തന്റെ അപ്രതീക്ഷിത പരാജയമെന്നാണ് ജോസ് ടോമിന്റെ ആദ്യ പ്രതികരണം. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ലീഡ് ചെയ്ത മാണി സി കാപ്പന്‍ യുഡിഎഫ് ലീഡ് ചെയ്യാന്‍ സാധ്യതയുള്ളത് മുത്തോലിയിലും കൊഴുവിനാലിലുമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പാലാ ആര് കടക്കും?

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയറിയാം. 54 കൊല്ലം കെഎം മാണി തുടര്‍ച്ചയായി ജയിച്ച പാലായില്‍ അദ്ദേഹത്തിന്റെ പകരക്കാരന്‍ ആരാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. മാണിക്ക് ശേഷമുള്ള പാലയുടെ മനസ് എന്നത് തന്നെയാണ് പാലാ ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നതും. അതേസമയം മുഖ്യഎതിരാളികളായ എല്‍ഡിഎഫും യുഡിഎഫും തുല്യപ്രതീക്ഷയോടെയാണ് ഇന്ന് ഫലമറിയാന്‍ കാത്തിരിക്കുന്നത്.

മാണി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ വോട്ട് തേടിയ യുഡിഎഫ് മാണിയ്ക്ക് ശേഷമുള്ള പാലയിലും തങ്ങള്‍ക്ക് അനുകൂലമായി തന്നെ ജനവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ യുഡിഎഫിനുള്ളിലെ പ്രശ്‌നങ്ങളിലാണ് എല്‍ഡിഎഫിന്റെ കണ്ണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ മാണിയുടെ ഭൂരിപക്ഷം ഓരോ തവണയും കുറയ്ക്കാന്‍ സാധിച്ച മാണി സി കാപ്പന്‍ ഇക്കുറി വിജയം നേടുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്ബ്. അതേസമയം കഴിഞ്ഞതവണത്തേത് പോലെ മാണി വിരുദ്ധ വികാരമൊന്നും മണ്ഡലത്തിലില്ല. അതിനാല്‍ തന്നെ ഇക്കുറി എല്‍ഡിഎഫിന് അത്ര എളുപ്പമാകണമെന്നും ഇല്ല. തെരഞ്ഞെടുക്കേണ്ടത് മാണിയുടെ പകരക്കാരനെയാണെന്നതിനാല്‍ അത് യുഡിഎഫില്‍ നിന്നു തന്നെയാകുമെന്നും യുഡിഎഫ് കരുതുന്നു.

അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലും യുഡിഎഫിലുമുണ്ടായ വാക്‌പോരുകള്‍ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളിലുണ്ടായ തമ്മിലടി കോണ്‍ഗ്രസ് ഇടപെട്ടാണ് പരിഹരിച്ചത്. മാണി കുടുംബത്തില്‍ നിന്നും ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം നടന്നെങ്കിലും പി ജെ ജോസഫ് നടത്തിയ ഇടപെടലില്‍ അത് നടക്കാതെ പോയിരുന്നു. ഒടുവില്‍ മാണി കുടുംബത്തിന്റെ വിശ്വസ്ഥനായ ജോസ് ടോമാണ് സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ അപ്പോഴും ചിഹ്നം സംബന്ധിച്ചുള്ള പോര് തുടരുകയും ചെയ്തു. പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷനായ ജോസഫിനാണ് ചിഹ്നം സംബന്ധിച്ച്‌ അധികാരമുള്ളത്. ഒടുവില്‍ ആ പിടിവാശിയില്‍ ജോസഫ് തന്നെ വിജയിക്കുകയും ചെയ്തു. രണ്ടില ചിഹ്നമില്ലാതെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പാലായില്‍ മത്സരിക്കേണ്ട അവസ്ഥയുമുണ്ടായി. തുടക്കത്തില്‍ ഉടക്കി നിന്നെങ്കിലും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ട് നടത്തിയ സമവായങ്ങളില്‍ വഴങ്ങി ജോസഫ് പിന്നീട് പ്രചരണത്തില്‍ സജീവമായതോടെ യുഡിഎഫ് ക്യാമ്ബും ഉണര്‍ന്നു.

എന്നാല്‍ വോട്ടെടുപ്പ് ദിവസം പോലും പാര്‍ട്ടിക്കുള്ളിലെ തമ്മിലടി പുറത്തുവന്നു. ജോസ് കെ മാണിക്കെതിരെ ജോയ് എബ്രഹാം രംഗത്തെത്തിയതോടെ യുഡിഎഫ് നേതൃത്വം ജോസഫിനെ അതൃപ്തി അറിയിക്കേണ്ട സാഹചര്യവും ഉണ്ടായി. കെ എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ജോസഫ് വിഭാഗത്താനാണെന്ന ജോയ് എബ്രഹാമിന്റെ പ്രസ്താവനയാണ് വിവാദമായത്. മാണിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ച ഒരു കുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും കെഎം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് ഇപ്പോള്‍ കുതന്ത്രങ്ങളാണ് ഭരിക്കുന്നതെന്നുമാണ് ജോയ് എബ്രഹാം പറഞ്ഞത്. കൂടാതെ പക്വതയില്ലാത്ത നേതൃത്വമാണ് ജോസ് കെ മാണി വിഭാഗമെന്നും ഇവര്‍ ദുരഭിമാനം മൂലം രണ്ടില ചിഹ്നം പോലും നഷ്ടപ്പെടുത്തിയെന്നും ജോയ് എബ്രഹാം കൂട്ടിച്ചേര്‍ത്തു. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ജോസഫ് വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

വോട്ടെടുപ്പ് ദിവസം പോലും മറനീക്കി പുറത്തുവന്ന തമ്മിലടി തെരഞ്ഞെടുപ്പിനെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാമ്ബിനുണ്ട്. എല്‍ഡിഎഫിന് ഇതിനോടൊപ്പം മുന്‍ തെരഞ്ഞെടുപ്പുകളില്‍ നില ഭദ്രമാക്കിയതും പ്രതീക്ഷയേകുന്നു. 2006 മുതല്‍ മാണി സി കാപ്പന്‍ മത്സരിച്ചപ്പോഴെല്ലാം കെ എം മാണിയുടെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് നാലായിരത്തോളം എത്തി. പാര്‍ട്ടിയിലും മുന്നണിയിലും തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പാലായിലെ ജനങ്ങളെയും ബാധിക്കുമെന്നും അത് വോട്ടായി മാറുമെന്നും എല്‍ഡിഎഫ് ക്യാമ്ബ് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ഈ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി തന്റെ അവകാശവാദങ്ങളില്‍ നിന്നെല്ലാം പിന്മാറിയ മട്ടിലാണ്. കഴിഞ്ഞതവണത്തെ വോട്ടെങ്കിലും ഇക്കുറി നേടാനാകുമോയെന്നാണ് ഹരിയും എന്‍ഡിഎയും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. എന്നിരുന്നാലും പാലാ ഇക്കുറി ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്ബോഴും പ്രധാന മുന്നണികള്‍ രണ്ടും പ്രതീക്ഷയില്‍ തന്നെയാണ്.


Next Story

Related Stories