Top

തുർക്കിയിൽ ഞങ്ങളുടെ അണുബോംബുകൾ സുരക്ഷിതമാണ്: വിവാദ പ്രസ്താവനയുമായി ട്രംപ്

തുർക്കിയിൽ ഞങ്ങളുടെ അണുബോംബുകൾ സുരക്ഷിതമാണ്: വിവാദ പ്രസ്താവനയുമായി ട്രംപ്

തുര്‍ക്കിയില്‍ ബോംബുകള്‍ അടക്കമുള്ള ആണവായുധങ്ങള്‍ യുഎസ് സജ്ജീകരിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് കീഴ്‌വഴക്കം ലംഘിക്കുന്നതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളതുമായ പ്രസ്താവനയാണ് അതീവ രഹസ്യ സ്വഭാവമുള്ള വിവരം പുറത്തുവിട്ടതിലൂടെ ട്രംപ് നടത്തിയിരിക്കുന്നത്. തുര്‍ക്കി ഇപ്പോള്‍ സിറിയയില്‍ ആക്രമണം നടത്തി, യുഎസിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ആയുധങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നു. യുഎസ് സേന പിന്‍വാങ്ങിയ സിറിയന്‍ മേഖലയില്‍ റഷ്യന്‍ തുര്‍ക്കി സേനകള്‍ എത്തിയിരുന്നു.

തുര്‍ക്കിയില്‍ ബോംബുകള്‍ ഉണ്ട് എന്ന് നേരിട്ട് പറയുകയല്ല യുഎസ് പ്രസിഡന്റ് ചെയ്തത്. പകരം സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു - ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, അവ സുരക്ഷിതമാണ് എന്ന്. അവിടെ നമുക്ക് ശക്തമായൊരു വ്യോമസേന താവളമുണ്ട്. യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോ നേതാക്കളോ ഇത്തരത്തില്‍ ആണവായുധങ്ങള്‍ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താറില്ല എന്ന് ഇത് സുരക്ഷാനയത്തിന്റെ ഭാഗമാണ്. ഇതില്‍ നിന്ന് വിരുദ്ധമാണ് ട്രംപിന്റെ നടപടി.

അതേസമയം യുഎസ്, നാറ്റോ ഉദ്യോഗസ്ഥര്‍ ഇത്തരം വിവരങ്ങള്‍ നയത്തിന്റെ ഭാഗമായി, പുറത്ത് പറയാറില്ലെങ്കിലും തുര്‍ക്കിയില്‍ യുഎസിന്റെ ആണവായുധങ്ങളുള്ള കാര്യം രഹസ്യമൊന്നുമല്ലെന്ന് ഡിസ് ആംമെന്റ് ആന്‍ഡ് ത്രെറ്റ് റിഡക്ഷന്‍ പോളിസി ഡയറക്ടര്‍ കിംഗ്‌സ്റ്റണ്‍ റീഫ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. എയര്‍ഫോഴ്‌സിന്റെ 2015 ബജറ്റില്‍ ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രത്യേക ആയുധങ്ങള്‍ സംഭരിച്ചിട്ടുള്ളതായി പറയുന്നുണ്ട് എന്ന് കിംഗ്സ്റ്റണ്‍ റീഫ് പറയുന്നു.

ഇകിറിക്ക് തുര്‍ക്കിയുടെ വ്യോമത്താവളമാണ് എന്നും യുഎസിന്റേതല്ല എന്നും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആണവ നിരായുധീകരണ വിദഗ്ധനായ വിപന്‍ നാരംഗ് പറയുന്നു. അവിടെയാണ് പ്രശ്നം. നമ്മള്‍ ഈ ആണവായുധങ്ങള്‍ തുര്‍ക്കിയിലെ വ്യോമത്താവളത്തില്‍ സംഭരിക്കുന്നു. ഇത് നിലവിലെ അവസ്ഥയില്‍ സൂക്ഷിക്കുന്നതിലും കൊണ്ടുപോകുന്നതിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ട് - വിപിന്‍ നാരംഗ് പറയുന്നു.

നിലവിലെ സംഘര്‍ഷഭരിതമായ അവസ്ഥ പരിഗണിച്ച് തുര്‍ക്കിയില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന കാര്യം വിദേശകാര്യ, ഊര്‍ജ്ജ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെയും ട്രംപ് ഇത്തരം കാര്യങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. 2017 മേയില്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വച്ച് രഹസ്യ രേഖകള്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി പങ്കുവച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2017 ഏപ്രിലില്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റിനോട് ട്രംപ് പറഞ്ഞത്, യുഎസിന്റെ രണ്ട് ആണവായുധ മുങ്ങിക്കപ്പലുകള്‍ കൊറിയന്‍ മേഖലയിലുണ്ട് എന്നായിരുന്നു. ഇത് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെ നിരീക്ഷിക്കുന്ന ഒരു രഹസ്യ ഉപഗ്രഹത്തേയോ ഡ്രോണിനേയോ പറ്റിയുള്ള വിവരം ട്രംപ് ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.


Next Story

Related Stories