TopTop
Begin typing your search above and press return to search.

ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഖൊരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍ ഡോ. കഫീല്‍ ഖാന് യാതൊരു വിധത്തിലുമുള്ള ക്ലീന്‍ ചിറ്റുകളും നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഫീല്‍ ഖാനെതിരായ എല്ലാ കേസുകളും ഒഴിവാക്കിയെന്ന വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം.

2017 ഓഗസ്റ്റില്‍ ആശുപത്രിയില്‍ നടന്ന കുട്ടികളുടെ മരണത്തില്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനാണെന്നാണ് കേസ്. കഫീല്‍ ഖാനെതിരായി വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ നടപടിയെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയെന്നതാണ് കഫീല്‍ ഖാനെതിരായ കേസ്. ഡോക്ടര്‍ക്കെതിരായ നാല് കേസുകളില്‍ രണ്ടെണ്ണം സത്യമാണെന്ന് തെളിഞ്ഞതായും അതിലുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഇത് കൂടാതെ ഉത്തരവ് പാലിക്കാത്ത കേസും ഇദ്ദേഹത്തിനെതിരെയുണ്ട്. സര്‍ക്കാര്‍ ജോലിയിലിരിക്കെ തന്നെ മെഡിസ്പ്രിംഗ് ഹോസ്പിറ്റല്‍ എന്ന പേരില്‍ ഒരു നഴ്‌സിംഗ് ഹോം നടത്തിയതായും ആരോപണമുണ്ട്. സര്‍ക്കാര്‍ വിരുദ്ധവും രാഷ്ട്രീയപരവുമായ പ്രസ്താവനകള്‍ ഡോക്ടര്‍ നടത്തിയെന്നതാണ് മറ്റൊരു ആരോപണം.

ഇന്നലെ രാവിലെയാണ് കഫീല്‍ ഖാന്‍ വകുപ്പുതല അന്വേഷണത്തില്‍ തനിക്ക് ക്ലീന്‍ ചിറ്റ് കിട്ടിയെന്ന് പ്രസ്താവിച്ചത്. "അന്നത്തെ ദിവസം ഒരു ഡോക്ടറെന്ന നിലയിലും ഒരു അച്ഛനെന്ന നിലയിലും ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലും എന്റെ പരമാവധി ഞാന്‍ ചെയ്തു. എന്നിട്ടും ഞാന്‍ ജയിലിലായി. എന്റെ കുടുംബം വേട്ടയാടപ്പെട്ടു. എന്റെ ജോലി നഷ്ടപ്പെട്ടു", എന്നാണ് ഖാന്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ചത്.

സര്‍ക്കാര്‍ വീഴ്ചകള്‍ മറച്ചുവയ്ക്കാനുള്ള ഒരു ബലിയാടായിരുന്നു താനെന്നും അതിനാലാണ് താന്‍ ഒമ്ബത് മാസത്തോളം ജയിലില്‍ കിടന്നതെന്നും ഖാന്‍ പറയുന്നു. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കുണ്ടായ അപര്യാപ്തതയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് ഹൈക്കോടതി ഉത്തരവിലും പറയുന്നത്.

'അതൊരു മനുഷ്യനിര്‍മ്മിത ദുരന്തമാണ്. സമയത്ത് പണം അടയ്ക്കാത്തവരാണ് അതിന് കാരണക്കാര്‍. അവര്‍ക്കെതിരായ അന്വേഷണവും ശക്തമായി നടക്കണം. മക്കളെ നഷ്ടമായ മാതാപിതാക്കള്‍ നീതിക്കായി കാത്തിരിക്കുകയാണ്' ഡോക്ടര്‍ പറയുന്നു.

2017 ഓഗസ്റ്റ് 10ന് ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ അപര്യാപ്തത മൂലം 63 കുട്ടികള്‍ മരിച്ച സംഭവത്തിലാണ് കഫീല്‍ ഖാനെതിരെ കേസെടുത്തത്. കഫീല്‍ ഖാന്‍ ആയിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവനെങ്കിലും അന്ന് അദ്ദേഹം അവധിയിലായിരുന്നു. ഡോ. ഭൂപേന്ദ്ര ശര്‍മ്മയായിരുന്നു നോഡല്‍ ഓഫീസര്‍. യോഗി ആദിത്യനാഥ് മന്ത്രിസഭയ്‌ക്കെതിരെ വലിയ വിവാദം ഉയര്‍ന്ന സംഭവമായിരുന്നു ഇത്.


Next Story

Related Stories