TopTop
Begin typing your search above and press return to search.

നമ്മുടെ കണ്ണുകള്‍ കാവലാളാകണം, ഈ ഒറ്റമുറി വീടുകള്‍ക്ക്

നമ്മുടെ കണ്ണുകള്‍ കാവലാളാകണം, ഈ ഒറ്റമുറി വീടുകള്‍ക്ക്

അനീഷ് വലിയകുന്ന്

പെരുമ്പാവൂര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. സൗമ്യയെയും നിര്‍ഭയയെയും മറന്നുപോയവര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍. നീതിയും നിയമവും പാലിക്കപ്പെടുന്നുണ്ടോയെന്നു ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ തിരിച്ചറിയേണ്ടത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന യാഥാര്‍ത്ഥ്യമാണ്. പെരുമ്പാവൂരില്‍ ജിഷയ്ക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിക്കും ഇനി സംഭവിക്കില്ലെന്നു പറയാന്‍ നമുക്ക് കഴിയില്ല. കാരണം, ഇവിടെ ഒരുപാട് ജിഷമാര്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ ജീവിക്കുന്നുണ്ട്.

ജിഷമോളുടെ അവസ്ഥ ഒരു പെണ്‍മകള്‍ക്കും സംഭവിക്കരുതെന്നു ഉള്ളുതേങ്ങി പറയുകയാണ് കേരളത്തിലെ ഓരോ അമ്മമാരും. അവരിലൊരാളാണ് വിജയകുമാരിയും. അറുപത്തിമൂന്നു വയസുള്ള ഈ അമ്മയ്ക്ക് അതു പറയുമ്പോള്‍ കണ്ണീരടക്കാന്‍ കഴിയുന്നില്ല. കാരണം, ഒരു പതിനെട്ടുകാരി ഈ വീട്ടിലുമുണ്ട്.

ചവിട്ടിയാല്‍ തുറക്കുന്ന വാതിലുകളെക്കുറിച്ച് നമ്മള്‍ ആകുലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ആകുലതയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിന്ധുവും അമ്മയും താമസിക്കുന്ന വീടൊന്നു ശ്രദ്ധിക്കണം. ഇവിടെ ചവിട്ടി തുറക്കാന്‍ ഒരു കതകുപോലുമില്ല. അകത്ത് സിന്ധു സുരക്ഷിതയായി ഉറങ്ങാന്‍ വിജയകുമാരി ഉമ്മറത്താണ് കിടക്കുന്നത്, തന്നെ കടന്ന് ഒരപകടവും പൊന്നുമോളെ തേടി ചെല്ലാതിരിക്കാന്‍ ഈ അമ്മ കണ്‍പോളകള്‍ ചിമ്മി കിടക്കുമ്പോള്‍ അകത്ത് സിന്ധു സമാധാനത്തോടെ ഉറങ്ങാറുണ്ടെന്ന് പറയാന്‍ കഴിയില്ല. അവളുടെയുള്ളിലും ഭയമാണ്...ഇരയെത്തേടിയെത്തുന്ന വേട്ടക്കാരന്റെ കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നുണ്ടോയെന്ന ആധി.

പാലക്കാട് ജില്ലയില്‍ കൊപ്പം പഞ്ചായത്തിലാണ് ബിരുദവിദ്യാര്‍ത്ഥിയായ സിന്ധുവിന്റെ വീട്. ഒരു കാലിന് ശേഷിക്കുറവുള്ള ഈ പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏകയാശ്രയം പ്രായമായ അമ്മമാത്രമാണ്. ആരോരുമില്ലാത്ത ഈ അമ്മയും മകളും ജീവിതത്തില്‍ ഇതുവരെ തേടിയെത്താത്ത സന്തോഷങ്ങള്‍ സ്വപ്‌നം കണ്ടാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.വിജയലക്ഷ്മി കൂലിപ്പണിയെടുത്തും ഭിക്ഷയാചിച്ചു കിട്ടുന്നതുകൊണ്ടാണ് ഈ രണ്ടു ജീവനുകളും ഭക്ഷണം കഴിച്ചു കിടക്കുന്നതു തന്നെ.

ഞാന്‍ ഇല്ലാതായാല്‍, എന്റെ മകള്‍...പൂര്‍ത്തിയാക്കനാകാത്ത ഈ ഭയമാണ് വിജയലക്ഷ്മിയെ ഓരോദിവസവും നെരിപ്പോടിലെന്നപോലെ നീറ്റുന്നത്.

നാലുസെന്റ് ഭൂമിയില്‍ ഒരുമുറിവീട്ടിലാണ് സിന്ധുവും വിജയലക്ഷ്മിയും കഴിയുന്നത്. യാതൊരു അടച്ചുറപ്പുമില്ലാത്തത്. കക്കൂസും കുളിമുറിയും ഒന്നു തന്നെ. അതിനുള്ളത് മുറിപ്പാവടകൊണ്ടൊരു വാതിലും. അതിന്റെ മറമാത്രമാണ് ഈ പെണ്‍കുട്ടിയുടെ മാനത്തിന്റെ അടച്ചുറപ്പ്.

ജിഷയുടെ ജീവിതം ആ പെണ്‍കുട്ടിയുടെ ക്രൂരമായ മരണത്തിനുശേഷമാണ് നമ്മള്‍ അറിഞ്ഞതെങ്കില്‍ ഇവിടെ സിന്ധുവിന്റെ ദൈന്യതകള്‍ മുന്‍കൂട്ടി പറയുകയാണ്. ഈ പെണ്‍കുട്ടിയെയും ഏതെങ്കിലും നരാധമനു വിട്ടുകൊടുത്തശേഷം നാം രോഷം കൊണ്ടിട്ടും പ്രകടനം നടത്തിയിട്ടും കാര്യമില്ലല്ലോ.

ഒരു വീട് കിട്ടാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കാന്‍ വിജയലക്ഷ്മി പോയിരുന്നു. മുഖ്യനെ പൊതിഞ്ഞു നിന്ന ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഈ അമ്മ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു. പക്ഷേ പിന്നെയും പോയി, അപേക്ഷ കൊടുത്തു. ഇതുവരെയായിട്ടും ഒന്നും നടന്നില്ലെന്നു മാത്രം.

പ്രായം തളര്‍ത്തുന്ന അവശതയുണ്ട്. എന്നാലും സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങുകയാണ് വിജയകുമാരി, ആ മോള്‍ക്കുവേണ്ടി...

പ്രായം തികഞ്ഞൊരു പെണ്ണും പ്രായം തളര്‍ത്തിയൊരമ്മയും ഇങ്ങനെയൊരു കൂരയ്ക്കുള്ളില്‍ ജീവിക്കുന്നുണ്ടെന്ന കാര്യം ഇവരുടെ അയല്‍വാസികള്‍ക്കും അറിയാം. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെ പോയ അയല്‍വാസികള്‍ കേരളത്തിന്റെ മൊത്തം പരിച്ഛേദമാണെന്നു പറയേണ്ടിവരും വിജയകുമാരിയുടെ അനുഭവം കേള്‍ക്കുമ്പോള്‍. എനിക്കും എന്റെ മോള്‍ക്കും അയല്‍ക്കാരുടെ പക്കല്‍ നിന്നും കിട്ടിയിരിക്കുന്നത് മര്‍ദ്ദനം മാത്രമാണന്നു പറഞ്ഞു നിര്‍ത്തുകയാണ് വിജയകുമാരി.

കുടിവെള്ളംപോലുമില്ലാതെ ദുരിതമനുഭവിച്ചിരുന്ന സിന്ധുവിന്റെ കുടുംബത്തിന് ആശ്വാസമായെത്തിയത് സഹപാഠികളും അധ്യാപകരുമായിരുന്നു. അവര്‍ ഒത്തുകൂടി വീടിനടുത്തൊരു കിണര്‍ കുഴിച്ചുകൊടുത്തു.വിജയകുമാരിയുടെത് നിയമപരമായുള്ള വിവാഹമായിരുന്നില്ല. സിന്ധുവിന് രണ്ടുവയസ് പ്രായമുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. മറ്റു ബന്ധുക്കളാരുമില്ല. എങ്കിലും നന്മയുള്ള കുറച്ചുപേരുടെ സഹായമുണ്ട്. ഇല്ലായിരുന്നെങ്കില്‍ പട്ടിണി കിടന്നു തങ്ങള്‍ പണ്ടേ മരിച്ചുപോകുമായിരുന്നുവെന്നു വിജയകുമാരി പറയുന്നു.

പഠിച്ചൊരു ജോലി നേടണം, എന്റെ അമ്മയെ നോക്കണം; സിന്ധുവിന്റെ ഏക സ്വപ്നമിതാണ്. ജിഷയ്ക്ക് ഉണ്ടായിരുന്നതും ഇതേ സ്വപ്നം തന്നെയായിരുന്നല്ലോ. പക്ഷേ ആ പെണ്‍കുട്ടിക്ക് താന്‍ കണ്ട സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. അമ്മയെ തീരാദുഖത്തിലേക്ക് തള്ളിയിട്ട് അവള്‍ പോയി. ഇവിടെ സിന്ധുവും സുരക്ഷിതമായൊരു ജീവിതം സ്വപ്‌നം കാണുകയാണ്. ഈ പെണ്‍കുട്ടിയ്‌ക്കെങ്കിലും അവളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. സിന്ധു ജീവിക്കണം, സുരക്ഷിതയായി. പഠിച്ച് ജോലി നേടണം. അതിനു സമൂഹം ഈ പെണ്‍കുട്ടിക്ക് കാവല്‍ നില്‍ക്കണം...

ജിഷമോളുടെ അവസ്ഥ ഇനിയൊരു മോള്‍ക്കും ഉണ്ടാകരുതേയെന്നു കണ്ണീരില്‍ കുതിര്‍ന്ന മുഖവുമായി വിജയകുമാരി ആവര്‍ത്തിക്കുമ്പോള്‍, നമുക്ക് തിരിച്ചു പറയാന്‍ കഴിയണം' ഇല്ല, ഇനിയൊരു ജിഷമോള്‍ ഉണ്ടാകില്ല,,, ഞങ്ങളതിന് അനുവദിക്കില്ല...'

സിന്ധുവിന് ഒരു വീട് ഒരുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായിക്കാം

sindhu uk
a/c 67176655212
state bank of travancore
pattambi branch
IFSC Code-SBTR0000186
MICR Code 000186

(മാധ്യമപ്രവര്‍ത്തകനാണ് അനീഷ്)


Next Story

Related Stories