TopTop
Begin typing your search above and press return to search.

വീടില്ലാത്തത് ക്രിമിനല്‍ കുറ്റമാണോ? അമേരിക്കയില്‍ ചില നഗരങ്ങളില്‍ അങ്ങനെയാണ്

വീടില്ലാത്തത് ക്രിമിനല്‍ കുറ്റമാണോ? അമേരിക്കയില്‍ ചില നഗരങ്ങളില്‍ അങ്ങനെയാണ്

ജസ്റ്റിന്‍ ജുവെനല്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

സാരസോട്ട, ഫ്ളോറിഡ- വികസനത്തിലേയ്ക്ക് നീങ്ങുന്ന ഈ നഗരത്തിന്‍റെ മദ്ധ്യത്തില്‍ തന്നെയുള്ള പച്ചപ്പാണ് 'ഫൈവ് പോയിന്‍റ്സ് പാര്‍ക്ക്'. അവിടത്തെ സ്ഥിരക്കാരനാണ് ഡേവിഡ് ക്രോസ്സ്. ആളുകള്‍ 'മേയര്‍' എന്നാണ് ഇദ്ദേഹത്തെ വിളിക്കാറ്.

ക്രോസ്സ് തന്‍റെ വക്കീലോഫീസ് ആക്കിയ പാര്‍ക്ക് ബെഞ്ച് എടുത്തു മാറ്റുന്നതിനു മുന്‍പായിരുന്നു അത്. ഭിക്ഷാടനത്തിനെതിരെ നിലവില്‍ വന്ന നിയമപ്രകാരം പണം യാചിക്കുന്നത് മിക്കയിടങ്ങളിലും നിരോധിക്കപ്പെട്ടതിനു മുന്‍പ്. പൊതുസ്ഥലത്ത് കിടന്നുറങ്ങിയതിന് ക്രോസ്സിനു മേല്‍ നിയമലംഘന കുറ്റം ചുമത്തുന്നതിനും മുന്‍പ്.

രാജ്യത്തുടനീളം വീടില്ലാത്തവര്‍ ചെയ്യുന്നതു തന്നെ അദ്ദേഹവും ചെയ്തു; ഉറങ്ങാനും നിലനില്‍പ്പിനുള്ള വകയുണ്ടാക്കാനുമുള്ള തന്‍റെ അവകാശത്തെ നഗരം എടുത്തുകളഞ്ഞു എന്നു കാണിച്ച് കേസു കൊടുത്തു. ഫലത്തില്‍ വീടില്ലാത്തത് ഒരു ക്രിമിനല്‍ കുറ്റമായിരിക്കുകയാണ് ചില നഗരങ്ങളിലെന്ന് നിയമ പോരാട്ടം നടത്തുന്ന ക്രോസ്സും മറ്റു പരാതിക്കാരും ചൂണ്ടിക്കാട്ടുന്നു.

നഗരഭാഗങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രങ്ങളാണ് ഇവരുടെ ഹര്‍ജികള്‍. ഒരിക്കല്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന മൂലകള്‍ വരെ പുതുക്കിയതോടെ പ്രദേശവാസികളും ടൂറിസ്റ്റുകളും ബിസിനസ്സുകാരുമൊക്കെ കിടപ്പാടമില്ലാതെ അലഞ്ഞു തിരിയുന്നവരെ എതിര്‍ക്കാന്‍ തുടങ്ങി.

ഭിക്ഷാടനം, ക്യാമ്പിങ് എന്നിങ്ങനെ കിടപ്പാടമില്ലാത്തവരുടെ എല്ലാത്തരം പ്രവര്‍ത്തികളും നിയമം മുഖേന നിര്‍ത്തലാക്കുകയാണ് നഗരങ്ങള്‍ ഇപ്പോള്‍. കുറ്റകൃത്യങ്ങളും ആരോഗ്യ പ്രശ്നങ്ങളും നിയന്ത്രിക്കാനും നവീകരണത്തിന്‍റെ ചൈതന്യം നിലനിര്‍ത്താനും പ്രദേശവാസികളും ബിസിനസ്സുകാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ശ്രമങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് അധികാരികള്‍ പറയുന്നു.National Law Center on Homelessness & Poverty 187 നഗരങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം 2011നും 2014നും ഇടക്ക് കാറുകളില്‍ ഉറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ 119% വര്‍ദ്ധിച്ചു. നഗരങ്ങളില്‍ ക്യാമ്പടിച്ചു തങ്ങുന്നതിനുള്ള വിലക്ക് 60% കൂടി. പൊതുസ്ഥലങ്ങളില്‍ അലഞ്ഞു തിരിയുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം നടപ്പാക്കിയ നഗരങ്ങളുടെ എണ്ണത്തില്‍ 35%വും യാചക നിരോധനം ഏര്‍പ്പെടുത്തിയ നഗരങ്ങളുടെ എണ്ണത്തില്‍ 25%വും വര്‍ദ്ധനവുണ്ടായി.

വിവാദപരമായ പല നടപടികളും അതോടൊപ്പം നടക്കുന്നുണ്ട്. കിടപ്പാടമില്ലാത്തവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യരുതെന്ന ഉത്തരവാണ് അതിലൊന്ന്. ചിലയിടങ്ങളില്‍ പൊതു സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഒരു നഗരത്തില്‍, പുറത്ത് ബ്ലാങ്കെറ്റുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം പൊതുജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചു.

പാര്‍പ്പിടമില്ലായ്മ പരിഹരിക്കുന്നതിനു പകരം അതില്ലാത്തവരെ അപ്രത്യക്ഷരാക്കാനുള്ള ഈ മാര്‍ഗ്ഗങ്ങള്‍ ക്രൂരമാണെന്ന് ക്രോസ്സും മറ്റ് അഭിഭാഷകരും വാദിക്കുന്നു. അമേരിക്കയിലെ ധനികരുടേയും ദരിദ്രരുടേയും ഇടയില്‍ വളരുന്ന അന്തരത്തിന്‍റെ മറ്റൊരു ലക്ഷണമാണ് ഇത് അവരെ സംബന്ധിച്ചിടത്തോളം.

"വീടില്ലാത്തത് ഒരു നിയമത്തിനും എതിരല്ല," ക്രോസ്സ് പറയുന്നു.

സാരസോട്ടയില്‍ നിലവിലുള്ള ചട്ടങ്ങള്‍ മൂലം "അമേരിക്കയിലെ ഏറ്റവും നീചമായ നഗരം" എന്ന അപാഖ്യാതി ഒരു ദശകത്തിന് മുന്‍പേ അഭിഭാഷകര്‍ ഈ നഗരത്തിന് നല്‍കിയിട്ടുണ്ട്. നഗരവല്‍ക്കരണത്തിന്‍റെ തീവ്രവും നിഷ്ഠൂരവുമായ സംഘട്ടനങ്ങള്‍ക്ക് ഇവിടം വേദിയായിട്ടുണ്ട്.

ഇവിടത്തെ സുഖപ്രദമായ കാലാവസ്ഥ വാസസ്ഥലമില്ലാത്ത പലരെയും ഇങ്ങോട്ട് ആകര്‍ഷിച്ചിട്ടുണ്ട്. തെരുവുകളില്‍ ചില്ലറയ്ക്കായി പാത്രം കിലുക്കുന്ന യാചകരും വന്‍കിട ബോട്ടീക്കുകളില്‍ നിന്നുള്ള ഷോപ്പിങ് ബാഗുകളുമായി നടന്നുനീങ്ങുന്ന ഷോപ്പര്‍മാരും സാമ്പത്തിക അന്തരം ഉറക്കെ വിളിച്ചു പറയുന്നുണ്ട്.

ക്രോസ്സിന്‍റെ ഹര്‍ജിയിലെ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട്, ഭവനരഹിതരുടെ പ്രശ്നങ്ങളെ തികച്ചും പുരോഗമനപരമായി കണക്കിലെടുക്കുന്ന നടപടികളാണ് സമീപ വര്‍ഷങ്ങളില്‍ കൈക്കൊണ്ടിരിക്കുന്നത് എന്ന് നഗര ഭരണാധികാരികള്‍ പറയുന്നു. പാര്‍പ്പിടമില്ലാത്തവരെ സഹായിക്കാന്‍ ടീമുകളുണ്ട്. എല്ലാ ഘടകങ്ങളും കണക്കിലെടുത്തു കൊണ്ടുള്ള പദ്ധതികള്‍ രൂപീകരിക്കുന്നുണ്ട്; പുതിയ വീടുകള്‍ നിര്‍മ്മിക്കാനും തീരുമാനമുണ്ട്.

"ഇനിയും പലതും ചെയ്യാന്‍ ബാക്കിയുണ്ടെങ്കിലും ഞങ്ങള്‍ ഈ വിഷയത്തില്‍ മുന്നോട്ടു തന്നെയാണ് പോകുന്നത്," സിറ്റി മാനേജര്‍ ടോം ബാര്‍വിന്‍ ഇ-മെയിലില്‍ അറിയിച്ചു.

യാചക, ക്യാമ്പിങ് നിരോധനത്തിനെതിരെയും തങ്ങളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനെതിരെയും ഉള്ള, സമാനമായ നിയമയുദ്ധങ്ങള്‍ രാജ്യമെമ്പാടും നടക്കുകയാണ്.

ലീഗല്‍ എയ്ഡ് ജസ്റ്റിസ് സെന്‍ററിന്‍റെ സഹായത്തോടെ മാര്‍ച്ചില്‍ വിര്‍ജീനിയയിലെ ഒരു ഡസനിലധികം ഭവനരഹിതരായ മദ്യപാനികള്‍ സ്റ്റേറ്റിന്‍റെ പ്രോസിക്യൂട്ടര്‍മാര്‍ക്കെതിരെ കേസ് കൊടുത്തു. വിര്‍ജീനിയയുടെ 'ഹാബിച്വല്‍ ഡ്രങ്കെഡ്' നിയമം തെരുവില്‍ കഴിയുന്നവരുടെ മദ്യപാനാസക്തിയെ കുറ്റമായി കണക്കാക്കുകയും അതുവഴി അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.അവിടെ നിയമപ്രകാരം പ്രോസിക്യൂട്ടര്‍ക്ക് മദ്യപാന സംബന്ധമായ കുഴപ്പങ്ങള്‍ ഉള്ള ഒരാളെ 'സ്ഥിരം മദ്യപാനി' (habitual drunkard) എന്നു വിധിയെഴുതാന്‍ കോടതിയോട് ആവശ്യപ്പെടാം. അതിനു ശേഷം എപ്പോഴെങ്കിലും മദ്യവുമായി പിടിയിലായാല്‍ അയാളെ ജയിലിലടക്കാം. കുടിയന്മാരെ തെരുവില്‍ നിന്ന് ഒഴിവാക്കാം എന്ന ന്യായമാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 1,200ഓളം കേസുകളിലാണ് ഇത് പ്രയോഗിക്കപ്പെട്ടത്.

കഴിഞ്ഞ ശരത്കാലത്ത് ഹോണോലുലുവില്‍ കിടപ്പാടമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാര്‍ സിറ്റിക്കെതിരെ കേസു കൊടുത്തു. തദ്ദേശവാസികളില്‍ നിന്നും ടൂറിസ്റ്റുകളില്‍ നിന്നും പരാതികള്‍ ലഭിച്ചതോടെ മേയര്‍ ആരംഭിച്ച "ഭവനരാഹിത്യത്തിനെതിരെയുള്ള യുദ്ധം" എന്ന പരിപാടിയെ തുടര്‍ന്നായിരുന്നു അത്. നടപ്പാതകളിലും അടഞ്ഞു കിടക്കുന്ന പാര്‍ക്കുകളിലും രാത്രികളില്‍ ഇരിക്കുന്നതും കിടക്കുന്നതും നിരോധിച്ചു. വീടില്ലാത്തവരുടെ രാജ്യത്തെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്ന് പൊളിച്ചു.

വൃത്തിയാക്കലിന്‍റെ ഭാഗമായി മരുന്നുകളും തിരിച്ചറിയല്‍ രേഖകളും ഭക്ഷണ ശേഖരവുമെല്ലാം അനധികൃതമായി നശിപ്പിക്കുകയാണെന്നും അതുമൂലം വീടില്ലാത്ത കുട്ടികള്‍ പട്ടിണിയാകുന്നുവെന്നും പരാതിയില്‍ പറയുന്നു. ചില വസ്തുക്കള്‍ പിടിച്ചെടുക്കുന്നതില്‍ നിന്ന് നഗര ഭരണാധികാരികളെ തടഞ്ഞുകൊണ്ടുള്ള ഒത്തുതീര്‍പ്പില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

സ്പ്രിംഗ്ഫീല്‍ഡ്, ഇല്ലിനോയ്, ഓക്ലഹോമ സിറ്റി , കാലിഫോര്‍ണിയയിലെ സാക്രമെന്‍റോ കൌണ്ടി എന്നിവിടങ്ങളിലെ ഭിക്ഷാടന നിരോധന നിയമങ്ങളെ സംസാര സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന കാരണം കാണിച്ച് ഭവനരഹിതര്‍ ചോദ്യം ചെയ്യുന്നു. ഇതേത്തുടര്‍ന്നു ആ പ്രദേശങ്ങളിലെ ആളുകളുടെ മനോഭാവത്തിലും ചില മാറ്റങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു.

വീടില്ലാത്തവരെ ലക്ഷ്യമാക്കിയുള്ള നിയമങ്ങളുടെ വര്‍ദ്ധനവും അവയെ എതിര്‍ത്തുകൊണ്ടുള്ള നിയമ പോരാട്ടങ്ങളും ബറാക് ഒബാമ ഭരണകൂടത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഐഡഹോയിലെ ബോയ്സി നഗരത്തിലെ ക്യാമ്പിങ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റ് ഒരു ബ്രീഫ് ഫയല്‍ ചെയ്തു. കേസ് നിലനില്‍ക്കില്ല എന്നു പറഞ്ഞു തള്ളിപ്പോയെങ്കിലും ആവശ്യത്തിന് അഭയസ്ഥാനങ്ങള്‍ ഇല്ലാതിരിക്കെ പുറത്തു കിടന്നുറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നാണ് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വാദിച്ചത്.

ഭവനരഹിതര്‍ കുറ്റവാളികളാവുന്നതു തടയുന്നതിനുള്ള നടപടികള്‍ ഓരോ മുന്‍സിപ്പാലിറ്റിയും കൈക്കൊണ്ടിട്ടുണ്ടോ എന്നത് ഇനി മുതല്‍ ഗ്രാന്‍റുകള്‍ അനുവദിക്കുന്നതിന് മുന്‍പ് പരിശോധിക്കുമെന്ന് ഹൌസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് നല്ലരീതിയില്‍ ജോലി ചെയ്തിരുന്ന ഒരു മെഷീന്‍ ഓപ്പറേറ്റര്‍ ആയിരുന്നു താനെന്ന് ക്രോസ്സ് ഓര്‍മിക്കുന്നു. പിന്നീട് ജോലിയും വീടും ഇല്ലാതായി. തനിക്ക് വീട് നഷ്ടപ്പെട്ട തീയതി വരെ ക്രോസ്സ് ഓര്‍ക്കുന്നു: 2008 ജൂണ്‍ അഞ്ച്.

ആഡംബര വീടുകളോടും ഒപെറാ ഹൌസിനോടും ചേര്‍ന്ന്, ഫൈവ് പോയിന്‍റ്സ് പാര്‍ക്കില്‍ ഒരു സ്ഥിരം ബെഞ്ചിലായി പിന്നീട് ക്രോസ്സിന്‍റെ വാസം. എന്നാല്‍ പാര്‍പ്പിടമില്ലാത്തവര്‍ക്കെതിരെ ഉയര്‍ന്ന പരാതികളെ തുടര്‍ന്നു 2011ല്‍ ബെഞ്ചുകള്‍ നീക്കം ചെയ്യപ്പെട്ടു.

സാരസോട്ടയിലെ കിടപ്പാടമില്ലാത്തവര്‍ക്ക് പിന്നെ ദുരിതകാലമായിരുന്നുവെന്നും അവരും പോലീസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പത്രങ്ങളിലെ തലക്കെട്ടുകളാകുമായിരുന്നുവെന്നും ക്രോസ്സ് ഓര്‍ക്കുന്നു.

സിറ്റി പാര്‍ക്കിലെ ഒരു ഔട്ട്ലെറ്റില്‍ തന്‍റെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തതിന് വീടില്ലാത്ത ഒരാളെ 2012ല്‍ സാരസോട്ട പോലീസ് അറസ്റ്റ് ചെയ്തു. ജഡ്ജി ആ കേസ് തള്ളി. അതേ വര്‍ഷം തന്നെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ 'അലഞ്ഞുതിരിയുന്നവരെ പിടികൂടുന്നവര്‍' എന്നു പോലീസുകാര്‍ സ്വയം വിശേഷിപ്പിക്കുന്നതായി അവര്‍ കൈമാറിയ സന്ദേശങ്ങളില്‍ നിന്ന് കണ്ടെത്തി.തെരുവില്‍ അലഞ്ഞു തിരിയുന്ന ഒരാളെ പിടികൂടിയ ശേഷം കൈ വിലങ്ങിട്ട അയാളുടെ വായിലേയ്ക്ക് പട്ടിയെ തീറ്റുന്നത് പോലെ കപ്പലണ്ടി ഇട്ടു കൊടുക്കുന്ന പോലീസുകാരന്‍റെ വീഡിയോ പുറത്തു വന്നതോടെ ഡിപ്പാര്‍ട്മെന്‍റ് അയാളെ അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ പറഞ്ഞയച്ചു.

കഴിഞ്ഞ ഓഗസ്റ്റിലെ ഒരു രാത്രി ക്രോസ്സ് നെല്ലിപ്പലക കണ്ടു. ചൂടില്‍ നിന്നും തെരുവിലെ പിടിച്ചുപറിക്കാരില്‍ നിന്നും പോലീസുകാരില്‍ നിന്നും രക്ഷപ്പെടാന്‍ നഗരത്തിലെ മെയിന്‍ ലൈബ്രറിയുടെ പുറത്തു ഇടം പിടിച്ച ക്രോസ്സിനെ വെളുപ്പിന് നാലു മണിക്ക് ഒരു പോലീസുകാരന്‍ എഴുന്നേല്‍പ്പിച്ചു.

സാരസോട്ടയിലെ ഒരേയൊരു ഷെല്‍റ്ററില്‍ അന്ന് തങ്ങാന്‍ ഇടമില്ലെന്ന് ഓഫീസര്‍ പറഞ്ഞതു കൊണ്ടായിരുന്നു അവിടെ കിടന്നത്. എന്നിട്ടും പുറത്തു കിടന്നുറങ്ങിയ കുറ്റം തന്‍റെ മേല്‍ ആരോപിച്ചപ്പോള്‍ പിന്നെ എവിടെ രാത്രി കഴിക്കണമെന്ന് അമ്പരന്നു പോയതായി ക്രോസ്സ് പറയുന്നു.

ACLUവിന്‍റെ സഹായം തേടിയ ക്രോസ്സിന്‍റെയും മറ്റ് അഞ്ചു പേരുടെയും ഹര്‍ജി അവര്‍ ഫയല്‍ ചെയ്തു; ഇത്തരം അനുഭവങ്ങള്‍ പതിവായിരിക്കുകയാണെന്ന് അവര്‍ പറയുന്നു.

പുറത്തു തങ്ങുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവു പ്രകാരവും ഇരുട്ടിയ ശേഷം പാര്‍ക്കുകളില്‍ അതിക്രമിച്ചു കയറിയതിനും 2013ലും 2014ലുമായി 883 പേരെ പ്രോസിക്യൂട്ട് ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. 260 കിടക്കകളും ഹാളിലും കഫറ്റീരിയയിലുമായി കിടക്കാന്‍ പായും നല്‍കുന്ന സാല്‍വേഷന്‍ ആര്‍മി ഷെല്‍റ്ററില്‍ ആ രാത്രികളില്‍ സ്ഥലമുണ്ടായിരുന്നില്ലെന്നും ACLU ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെയും പരിസരങ്ങളിലേയും തെരുവുകളില്‍ ദീര്‍ഘകാലമായി കഴിയുന്ന 180 പേരടക്കം സാരസോട്ടയില്‍ 800ലധികം ഭവനരഹിതരുണ്ട്.

ഷെല്‍റ്ററില്‍ ഇടം കിട്ടാത്തപ്പോള്‍ തെരുവില്‍ ഉറങ്ങുന്ന അഗതികളെ ക്രൂരമായി ശിക്ഷിക്കുന്നതിനെതിരെ ഉള്ള എട്ടാം അമെന്‍ഡ്മെന്‍റിന്‍റെ ലംഘനമാണിതെന്ന് വാദികള്‍ പറയുന്നു.

ഷെല്‍റ്ററില്‍ സ്ഥലം ഉണ്ടെങ്കില്‍ പോലും ഭിക്ഷാടന നിരോധന നിയമം ഉള്ളതിനാല്‍ അവിടത്തെ ഫീസ് കൊടുക്കാന്‍ പ്രയാസമാണെന്ന് ക്രോസ്സ് ചൂണ്ടിക്കാണിക്കുന്നു. ബസ് സ്റ്റോപ്പുകള്‍, കഫെ, പാര്‍ക്കുകള്‍, ഗാരേജുകള്‍ തുടങ്ങി ഒരുപിടി സ്ഥലങ്ങളില്‍ യാചിക്കുന്നത് 2013ലെ നിയമം തടയുന്നു. ഇത് സംസാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ACLU ഫ്ലോറിഡ വൈസ്പ്രസിഡണ്ട് മൈക്കല്‍ ബാര്‍ഫീല്‍ഡ് പറയുന്നതു കേസും ശിക്ഷകളും മൂലം ക്രോസ്സിനെ പോലെയുള്ളവര്‍ക്ക് ജോലിയോ വീടോ ലഭിക്കാന്‍ പ്രയാസമാകുന്നു എന്നാണ്. ഡ്രൈവിങ് ലൈസന്‍സ് റദ്ദാകുന്നതിനും ഇത് കാരണമാകാറുണ്ട്. നഗരത്തിന്‍റെ ഇത്തരത്തിലുള്ള സമീപനം മൂലം തെരുവില്‍ നിന്ന് രക്ഷപ്പെടല്‍ ഇവര്‍ക്ക് പ്രയാസമാകുന്നു.

"ഇത് വീടില്ലാത്തതിന്‍റെ പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു," ബാര്‍ഫീല്‍ഡ് പറഞ്ഞു.

വീടില്ലാത്തവരെ കുറ്റവാളികളാക്കുന്നു എന്ന ആരോപണം സാരസോട്ട അധികാരികള്‍ നിഷേധിക്കുന്നു. ചട്ടങ്ങള്‍ ആവശ്യമാണെന്നും അവ മാനുഷിക പരിഗണനയോടെയും നിയമപരമായുമാണ് നടപ്പിലാക്കുന്നത് എന്ന് അവര്‍ പറയുന്നു.

ലോഡ്ജിങ് ഓര്‍ഡിനന്‍സിനെ കുറിച്ച് "വീടില്ലാത്തവര്‍ക്ക് അഭയ സ്ഥലം നല്‍കുക എന്നതാണ് താക്കീതുകളേക്കാളും മറ്റ് നടപടികളെക്കാളും മുന്‍പ് ചെയ്യാറ്. അതാണ് പതിവും പോളിസിയും," എന്ന് സിറ്റി മാനേജര്‍ ടോം ബാര്‍വിന്‍ എഴുതുന്നു.

കാലങ്ങളായി തെരുവില്‍ കഴിയുന്നവര്‍ ഷെല്‍റ്റര്‍ പോലെയുള്ള സേവനങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായും തിരക്കു കൂടുതലുണ്ടെങ്കില്‍ പോലും സാല്‍വേഷന്‍ ആര്‍മി എങ്ങനെയും അവരെ പാര്‍പ്പിക്കാറുണ്ടെന്നും ബാര്‍വിന്‍ പറയുന്നു.

ഭവനരഹിതരെ തുരത്തിയോടിക്കാനല്ല, മറിച്ച് മറ്റ് പ്രശ്നങ്ങളില്‍ നിന്നാണ് ഈ നിയമങ്ങള്‍ ഉണ്ടായതെന്ന് ബാര്‍വിന്‍ ചൂണ്ടിക്കാട്ടി. ഇവരുടെ സങ്കേതങ്ങള്‍ വലിയ തോതില്‍ അസംസ്കൃത മാലിന്യങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ക്കും നഗരവാസികള്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന തരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു.

താഴെ വീണ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തെരുവു നിവാസികളില്‍ ഒരാള്‍ മറ്റൊരാളെ കഴുത്തറുത്തു കൊന്നു. ലൈബ്രറിയില്‍ വച്ചുണ്ടായ വഴക്കില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തി. നഗര തെരുവില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ഒരു വ്യാപാരിയും വീടില്ലാതെ തെരുവില്‍ ജീവിക്കുന്നയാളും സംഘട്ടനത്തെ തുടര്‍ന്ന് ജനാലയിലൂടെ പുറത്തേയ്ക്ക് തെറിച്ചു വീണു. ഭവനരഹിതരായവര്‍ ഉള്‍പ്പെട്ട പ്രശ്നങ്ങളില്‍ ദിനവുമെന്നോണം ഫോണ്‍ വിളികള്‍ ലഭിക്കാറുണ്ടെന്ന് സാരസോട്ട പോലീസ് പറയുന്നു.

പാര്‍പ്പിടം ഇല്ലായ്മ എന്ന പ്രശ്നം നഗരത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു എന്ന് ബാര്‍വിന്‍ നിരീക്ഷിച്ചു. ജോലി സാദ്ധ്യതകളും ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന അപ്പാര്‍ട്മെന്‍റുകളും മാനസികാരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു ബഹുമുഖ പരിപാടി കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പായി തുടങ്ങിയത് അദ്ദേഹം എടുത്തു പറഞ്ഞു.

ഈ പുതിയ സമീപനത്തില്‍ പ്രധാനമായും ഹോംലെസ്സ് ഔട്ട്റീച്ച് ടീമുകളും പോലീസ് ഓഫീസര്‍മാരുടെയും തെരുവുകളില്‍, ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വിവിധ തൊഴിലുകളിലേയ്ക്ക് കൊണ്ട് ഇവരെ വരുന്ന സാമൂഹ്യപ്രവര്‍ത്തകരുടെയും സംയുക്ത പട്രോളിങ്ങുമാണ് ഉള്‍പ്പെടുന്നത്. ഇത്തരം 5,300 മീറ്റിങ്ങുകള്‍ നടത്തിയതായും 150ഓളം പേരെ ഷെല്‍ട്ടറിലേക്ക് മാറ്റിയതായും പോലീസ് പറയുന്നുണ്ട്; അവരില്‍ എത്ര പേര്‍ തെരുവു ജീവിതം ഉപേക്ഷിച്ചു എന്നു പറയാറായിട്ടില്ലെങ്കിലും.

ക്രോസ്സിനും മറ്റു പരാതിക്കാര്‍ക്കും ഒരു ഇളവു ലഭിച്ചിട്ടുണ്ട്. ഹര്‍ജ്ജിയുടെയും മറ്റൊരു സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഭിക്ഷ യാചിക്കാന്‍ അനുവാദം ലഭിച്ചു.

പാര്‍പ്പിടമില്ലാതെ തെരുവില്‍ കഴിയുന്ന ചിലരോടെങ്കിലും കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് സാരസോട്ട നിവാസികളില്‍ കുറച്ചു പേര്‍ക്ക് അഭിപ്രായമുണ്ട്.അലഞ്ഞു തിരിയുന്ന, തെരുവുവാസികളായ ചില 'തെമ്മാടികള്‍' ബിസിനസ്സ് തടസ്സപ്പെടുത്തുകയും പൊതുമദ്ധ്യത്തില്‍ മദ്യപിക്കുകയും ടൂറിസ്റ്റുകളെ ഭയപ്പെടുത്തുകയും ചെയ്യുന്നതായി പ്രാദേശിക വ്യാപാരി അസോസിയേഷന്‍റെ പ്രസിഡന്‍റും നഗരത്തിലെ കണ്ണട ഷോറൂം ഉടമയുമായ റോണ്‍ സോട്ടോ ആരോപിക്കുന്നു.

സോട്ടോ തയ്യാറാക്കിയ വിവിധ ബോര്‍ഡുകളില്‍ ചിലത് ഇങ്ങനെയാണ്, "ഭിക്ഷ കൊടുക്കരുത്. നിങ്ങള്‍ നല്‍കുന്ന പണത്തിന്‍റെ 93%വും മദ്യത്തിനും മയക്കുമരുന്നിനുമായാണ് ചെലവഴിക്കപ്പെടുന്നത്."

ചിലര്‍ ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭവനരഹിതര്‍ ധാരാളമുള്ള ഇടങ്ങളില്‍ ഭിക്ഷാടനത്തിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പൈസ കൊടുത്ത് ആളെ നിര്‍ത്താനും സോട്ടോ ആലോചിക്കുന്നു. അതേ സമയം ഇവരെ സഹായിക്കുന്ന അംഗീകൃത പരിപാടികള്‍ക്ക് വേണ്ടി ധനസമാഹാരണം നടത്താനും സോട്ടോ ഉദ്ദേശിക്കുന്നുണ്ട്.

"ഇവരെ പ്രാപ്തരാക്കാന്‍ ശ്രമിക്കുന്ന നഗരങ്ങളിലൊന്നാണ് ഞങ്ങളുടേത്," സോട്ടോ പറഞ്ഞു.

ജയിച്ചാലും തോറ്റാലും തന്‍റെ ഹര്‍ജി സാരസോട്ട ഉദ്യോഗസ്ഥരെ കര്‍മ്മനിരതരാക്കുമെന്ന് ക്രോസ്സ് പ്രത്യാശിക്കുന്നു.

2013ല്‍ ഒരു ഉപദേശകന്‍ ശുപാര്‍ശ ചെയ്ത പോലെ നഗരത്തില്‍ അധികൃതര്‍ ഒരു എമര്‍ജന്‍സി ഷെല്‍റ്റര്‍ തുടങ്ങണമെന്ന് ക്രോസ്സ് ആഗ്രഹിക്കുന്നു. അത് എവിടെ സ്ഥാപിക്കണം തുടങ്ങിയ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പെട്ട് ആ പ്രൊജക്റ്റ് ക്രമേണ നിന്നുപോകുകയാണുണ്ടായത്.

തന്‍റെ ഹര്‍ജിയെ കുറിച്ച് ക്രോസ്സ് പറഞ്ഞത്, "അത് ഈ നഗരത്തെ കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാന്‍ ശ്രമിക്കുകയാണ്" എന്നാണ്.


Next Story

Related Stories