TopTop
Begin typing your search above and press return to search.

ഹോണ്ട ബി ആര്‍ വി, നല്ല ടേസ്റ്റി ബിരിയാണി

ഹോണ്ട ബി ആര്‍ വി, നല്ല ടേസ്റ്റി ബിരിയാണി

കോംപാക്ട് എസ് യു വി മൂന്നുനാല് വര്‍ഷം മുമ്പുവരെ ഇന്ത്യക്കാരന്റെ വാഹന നിഘണ്ടുവില്‍ ഇങ്ങനെയൊരു പദമില്ലായിരുന്നു. അത് നിഘണ്ടുവിന്റെ കുഴപ്പമാണെന്നു കരുതരുത്. ആധാരമെഴുത്തു ഭാഷയില്‍ പറഞ്ഞാല്‍ 'ടി' ഗണത്തില്‍പെടുന്ന വാഹനം ഇന്ത്യയില്‍ ഇല്ലാതിരുന്നതു തന്നെയാണ് കാരണം. പക്ഷേ, പിന്നീട് കോംപാക്ട് എസ് യു വികളുടെ പെരുമഴക്കാലം വന്നു. മഹീന്ദ്ര ക്വാണ്ടോ, റെനോ ഡസ്റ്റര്‍, നിസാന്‍, ടെറാനോ, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട്, മഹീന്ദ്ര ടി യു വി 300, ഹ്യുണ്ടായ് ക്രെറ്റ ഇങ്ങനെ ഓരോ ദിവസവും ഓരോ കോംപാക്ട് എസ് യു വികള്‍ വെച്ച് ആലിപ്പഴം പോലെ വിപണിയില്‍ വന്നു വീണുകൊണ്ടിരിക്കുന്നു.

എന്താണ് കോംപാക്ട് എസ് യുവികളുടെ മെച്ചം? എന്റെ എളിയ (??!!) ബുദ്ധിയില്‍ തോന്നിയ കാര്യങ്ങള്‍ ഇതൊക്കെയാണ്. ഒന്ന്, ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍. രണ്ട്, സെഡാനുകളില്‍ കണ്ടുവരുന്ന മൈലേജുള്ള അതേ എഞ്ചിന്‍, മൂന്ന്, കാഴ്ചയില്‍ ആഢ്യത്വം, ഗാംഭീര്യം, നാല്, കാറുകളെക്കാള്‍ സാമൂഹ്യാംഗീകാരം, ഗമ.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാവാം, കോംപാക്ട് എസ് യു വി വിപണി തടിച്ചുകൊഴുത്തു. റെനോ ഡസ്റ്റര്‍ നാട്ടിന്‍പുറത്തെ കമ്യൂണിസ്റ്റ് പച്ച പോലെ വ്യാപകമായി. ഹ്യുണ്ടായ് ക്രെറ്റയെ മുട്ടിയിട്ട് നടക്കാന്‍ വയ്യാതായി.

കോംപാക്ട് എസ് യു വികളുടെ വില്പന തകര്‍ക്കുന്നതു കണ്ടിട്ട് ഹോണ്ട പോലുള്ള കമ്പനികള്‍ക്ക് സഹിച്ചില്ല. അവരുടെ അടുക്കളയിലും എസ് യു വി ബിരിയാണിയരി അടുപ്പിലിട്ടു. ആ ബിരിയാണിയാണ് ബി ആര്‍ വി. ജപ്പാനില്‍ വെച്ച് സ്മാര്‍ട്ട് ഡ്രൈവിന് ആ ബിരിയാണി രുചിക്കാന്‍ യോഗമുണ്ടായി. അക്കഥ വായിക്കുക.ബി ആര്‍ വി
ബോള്‍ഡ് റണ്‍ എബൗട്ട് വെഹിക്കിള്‍ എന്നതാണ് ബി ആര്‍ വി യുടെ പൂര്‍ണരൂപം. രണ്ടുമാസം മുമ്പു നടന്ന ഇന്തോനേഷ്യന്‍ ഓട്ടോഷോയിലാണ് ബി ആര്‍ വി. പ്രദര്‍ശിപ്പിക്കപ്പെട്ടത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഡസ്റ്റര്‍, ടെറാനോ, ക്രെറ്റ, ടി യു വി 300, ഇക്കോസ്‌പോര്‍ട്ട് എന്നീ ഹോട്ട് സെല്ലിങ് കോംപാക്ട് എസ് യുവികളോട് എതിരിടാനാണ് ഹോണ്ട ബി ആര്‍ വിയെ സജ്ജമാക്കിയിരിക്കുന്നത്. ഏഴ് പേര്‍ക്ക് സഞ്ചരിക്കാമെന്നത് ബി ആര്‍ വിയുടെ പ്ലസ് പോയിന്റാണ്.

കാഴ്ച
അമേസിന്റെയും ബ്രിയോയുടെയും മൊബീലിയോയു ടെയും അതേ പ്ലാറ്റ്‌ഫോമിലാണ് ബി ആര്‍ വിയെയും നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ ഈ മോഡലുകളുമായി യാതൊരു സാമ്യവും കണ്ടെത്താനാവില്ല. മുന്‍ഭാഗത്തിന് കുറെയെങ്കിലും സാദൃശ്യം. ബി ആര്‍ വി പോലെയുള്ള വലിയ എസ് യു വികളോടാണ്. ക്രോമിയത്തില്‍ തീര്‍ത്ത, രണ്ടു ഭാഗങ്ങളുള്ള തടിച്ച ഗ്രില്ലും നീളം കൂടി, വീതി കുറഞ്ഞ തീക്ഷ്ണമായ ഹെഡ്‌ലൈറ്റുകളും കാണുക. ബോണറ്റിന്മേല്‍ പവര്‍ബള്‍ജുകള്‍ ഉള്ളതിനാല്‍ എസ് യു വിയുടെ രൂപം കൃത്യമായും കൈവരുന്നുണ്ട്. തടിയന്‍ ബമ്പറില്‍ ചെത്തിയെടുത്ത സ്ലോട്ടില്‍, കറുത്ത ഫൈബറില്‍ പൊതിഞ്ഞ ഫോഗ്‌ലാമ്പ്. ബമ്പറില്‍ നിന്നു വിട്ടുനില്‍ക്കുന്നതുപോലെ ഒരു കഷണം സ്‌കഫ് പ്ലേറ്റ് കറുത്ത എയര്‍ഡാം.

വശങ്ങളില്‍ എവിടെയോ മൊബീലിയോ ഒളിച്ചു കളിക്കുന്നുണ്ട്. എങ്കിലും റൂഫ് റെയ്‌ലും ഷോള്‍ഡര്‍ ബെല്‍റ്റ് ലൈനുകളും പ്ലാസ്റ്റിക് ക്ലാഡിങ്ങുള്ള വീല്‍ ആര്‍ച്ചുകളും 16 ഇഞ്ച് വീലുകളും എസ് യു വികളുടെ രൂപഭാവങ്ങള്‍ സമ്മാനിക്കുന്നുണ്ട്. വിന്‍ഡോ ലൈന്‍, പിന്‍വിന്‍ഡോയിലെത്തുമ്പോള്‍ അല്പം താഴ്ന്നു നില്‍ക്കുന്നതാണ് മൊബീലിയോയെ ഓര്‍മ്മിപ്പിക്കുന്ന ഘടകമെന്നു തോന്നുന്നു. ഒന്നോര്‍ക്കുക. പിന്‍ഭാഗത്തെ ഡോര്‍ മൊബീലിയോയുടേതു തന്നെയാണ്.

പിന്‍ഭാഗം അതീവ രസകരമാണ്. ബൂട്ട്‌ലിഡിനു നടുവിലൂടെ ടെയ്ല്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന മട്ടില്‍ നീളുന്ന ചുവന്ന റിഫ്ലക്ടറാണ് പിന്‍ഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. അതിനു താഴെ തടിച്ച ക്രോമിയം സ്ട്രിപ്പുണ്ട്. വലിയ പിന്‍വിന്‍ഡ് സ്‌ക്രീന്‍ വിസിബിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഇന്റഗ്രേറ്റ് ചെയ്ത സ്‌പോയ്‌ലര്‍, കറുത്ത ക്ലാഡിങ് നിറഞ്ഞ ബമ്പറില്‍ തെളിഞ്ഞു നില്‍ക്കുന്ന ബോഡി കളേര്‍ഡ് സ്‌കഫ് പ്ലേറ്റ് എന്നിവയും രസകരം.

മൊത്തത്തില്‍ രസികന്‍ ലുക്കാണ് ബി ആര്‍ വിയ്ക്ക് പക്ഷേ വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ എസ് യു വിയെക്കാള്‍ എം പി വിയോടാണ് സാമ്യം തോന്നുക. അത് ഒഴിവാക്കാമായിരുന്നു.

മഹീന്ദ്ര ടി യു വി 300 പോലെയുള്ള കോംപാക്ട് എസ് യു വികള്‍ നാലുമീറ്ററില്‍ താഴെ നീളം നിലനിര്‍ത്തുകയും അതുവഴി വിലകുറച്ച് വാഹനം വില്‍ക്കുകയും ചെയ്തപ്പോള്‍ ഹോണ്ട അതിനൊന്നും മെനക്കെട്ടില്ല.

4456 മി.മീ നീളവും 2660 മി.മീ വീല്‍ ബെയ്‌സുള്ള ബിആര്‍ വി കോംപാക്ട് എസ് യു വികളിലെ ഏറ്റവും വലിയ മോഡലാണ്.ഉള്ളില്‍
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് പോലെ ഗ്ലാമറസല്ല ബി.ആര്‍.വി.യുടെ ഉള്‍ഭാഗം, തന്നെയുമല്ല അമേസിന്റെയും ബ്രിയോയുടെയും മൊബിലിയോയുടെയും നിരവധി ഘടകങ്ങള്‍ ബി ആര്‍ വിയുടെ ഉള്ളില്‍ കണ്ടെത്തുകയുമാവാം. എന്നാല്‍ ജാസിന്റേതു തന്നെയാണ് മനോഹരമായ ഡാഷ്‌ബോര്‍ഡ്. ഉള്‍ഭാഗത്തിന് ആകെയൊരു മനോഹാരിത നല്‍കാന്‍ അതുകൊണ്ട് കഴിയുന്നുമുണ്ട്. ബ്ലാക്കും ക്രോമിയവും ഇടകലര്‍ത്തി ഉപയോഗിച്ചിരിക്കുന്നു. ഡാഷ്‌ബോര്‍ഡിലും മറ്റും ടെക്‌സ്‌ച്ചേഴ്‌സ് ഉപയോഗിച്ചിട്ടുണ്ട്. വെറും പ്ലെയിന്‍ ബാക്ക്ഗ്രൗണ്ട് അല്ലെന്നര്‍ത്ഥം.

സീറ്റിങ് പൊസിഷന്‍ ഹ്യുണ്ടായ് ക്രെറ്റയുടെയത്രയും ഉയര്‍ന്നതല്ല. ജപ്പാനില്‍ ടെസ്റ്റ് ചെയ്ത കാറിന് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുണ്ട്. രണ്ടാം നിര സീറ്റിനു മേലെ റൂഫ് മൗണ്ടഡ് എ സി വെന്റുകളുണ്ട്.

ഉള്‍ഭാഗത്ത് ധാരാളം സ്‌പേസുണ്ട്. മൂന്നാം നിരയിലേക്ക് കടക്കാന്‍ എളുപ്പമാണ്. ലെഗ്‌സ്‌പേസും മോശമല്ല. വലിയ ക്വാര്‍ട്ടര്‍ ഗ്ലാസുള്ളതുകൊണ്ട് മൂന്നാം നിരക്കാര്‍ക്ക് ശ്വാസംമുട്ടില്ല.

രണ്ടാം നിര ഒട്ടും മോശമല്ല. തന്നെയുമല്ല, അല്പം പിന്നിലേക്ക് ചാരാവുന്ന രീതിയിലാണ് സീറ്റുകള്‍. മുന്‍സീറ്റിന്റെ അപ്‌ഹോള്‍സ്റ്ററിയും ഒന്നാന്തരം. താഴ്ന്ന ബൂട്ട്‌ലിഡ് കാരണം ലഗേജുകള്‍ കയറ്റി വെക്കാനും എളുപ്പമുണ്ട്. തരക്കേടില്ലാത്ത ബൂട്ട്‌സ്‌പേസുമുണ്ട്, ബി ആര്‍ വിയ്ക്ക്.

എഞ്ചിന്‍
ഇന്ത്യയില്‍ 1500 സി സി പെട്രോള്‍/ഡീസല്‍ എഞ്ചിനുകളാണ് ബി ആര്‍ വിയ്ക്കുണ്ടാവുക. സിറ്റി, മൊബീലിയോ എന്നിവയില്‍ ഘടിപ്പിച്ചിട്ടുള്ള എഞ്ചിനുകള്‍ തന്നെയാണിവ. പെട്രോള്‍ 119 ബി എച്ച് പിയാണ്. ഡീസല്‍ 100 ബി എച്ച് പിയും രണ്ടിനും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണുണ്ടാവുക.

ജപ്പാനില്‍ ടെസ്റ്റ്‌ഡ്രൈവില്‍ ലഭിച്ച കാറില്‍ സിവിടി ഓട്ടോമാറ്റിക് ഗിയറാണ് ഉണ്ടായിരുന്നത്. ഈ ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ടൈപ്പ് ഗിയര്‍ ബോക്‌സിന്റെ ഗിയര്‍ റേഷ്യോ, പുതുക്കി കൂടുതല്‍ ഡ്രൈവബിലിറ്റി ലഭിക്കുന്ന തരത്തിലാക്കിയിട്ടുണ്ട്. ഒരു ഫണ്‍ ടു ഡ്രൈവ് കാറാണിത്. സിവി ടി മോഡലും ഇന്ത്യയില്‍ വരുമെന്ന് പ്രതീക്ഷിക്കാം.

201 മി.മീ ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് ബി ആര്‍ വിക്ക്. കൂടുതല്‍ ഭൂഗുരുത്വബലം കിട്ടാനായി പ്ലാറ്റ്‌ഫോമിന്റെ മുന്നിലും പിന്നിലും 25 മി.മീ. വീതി കൂട്ടിയിട്ടുമുണ്ട്. 7 പേര്‍ കയറേണ്ട വാഹനമായതിനാല്‍ സസ്‌പെന്‍സ് ബലപ്പെടുത്തി. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. പിന്നില്‍ ഡ്രമ്മും 2015 മാര്‍ച്ച്ഏപ്രില്‍ മാസത്തില്‍ ഹോണ്ട ബി ആര്‍ വി ഇന്ത്യയില്‍ 'ടയര്‍ കുത്തും'. 10-14 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. എസ് യു വി എന്നോ ക്രോസ് ഓവറെന്നോ നിങ്ങള്‍ക്കിഷ്ടംപോലെ വിളിക്കാം, ബി ആര്‍ വിയെ. ഏതായാലും ഹോണ്ടയുടെ മോഡലില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെല്ലാം ബി ആര്‍ വിയിലുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories