UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

കാഴ്ചയില്‍ മോട്ടോർബൈക്ക്, ഈ സുന്ദരൻ സ്‌കൂട്ടർ

നാലാളുടെ മുന്നിൽ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ എങ്ങനെ? ഒരായിരം ഉത്തരങ്ങളുണ്ടാകാമെങ്കിലും ഇന്നീ നിമിഷം എന്നോടു ചോദിച്ചാൽ ഞാൻ പറയും  ഹോണ്ട നവി ഒരെണ്ണം സ്വന്തമാക്കുക എന്ന്! കഴിഞ്ഞ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടപ്പോൾ മുതൽ കാണുന്നതാണ് ഈ വാഹനത്തിനു ചുറ്റുംകൂടുന്ന ജനസാഗരവും  ഉറ്റുനോക്കുന്ന കണ്ണുകളിലെ കൗതുകവുമൊക്കെ.

എന്താണ് നവി? ഈ ചോദ്യത്തിന് ഒറ്റവാക്കിലൊരുത്തരം നൽകുക എന്നത് ഏറെ ശ്രമകരമാണ്. നവി അദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ പലരുമിവനെ ഹോണ്ടയുടെ തന്നെ ‘മങ്കിബൈക്കായ’ ഗ്രോമിനോട്  താരതമ്യം ചെയ്തുകണ്ടു. ആദ്യമേ പറയട്ടെ , ഗ്രോമും  നവിയും തമ്മിൽ ആനയും ചേനയുമായുള്ള അന്തരമുണ്ട്. ഗ്രോമുമായുള്ള  നവിയുടെ ബന്ധം നേരിയ രൂപസാദൃശ്യത്തിൽ ഒതുങ്ങുന്നു. ഗ്രോമിനെ ഒരു മോട്ടോർസൈക്കിളെന്നു തന്നെ വിശേഷിപ്പിക്കാം; എന്നാൽ നവിയെയോ?  നവി ഒരു ബൈക്കാണോ സ്‌കൂട്ടറാണോ എന്നത് ഹോണ്ടയ്ക്കു തന്നെ നിശ്ചയമില്ല, പിന്നല്ലേ നമുക്ക്! അപ്പോൾ പിന്നെ എന്താണ് നവി? ലളിതമായി പറഞ്ഞാൽ മോട്ടോർബൈക്കിന്റെ ഭാവഹാവാദികളുള്ളൊരു സുന്ദരൻ സ്‌കൂട്ടർ!

കാഴ്ച
നവിയുടെ ഓമനത്തം തുളുമ്പുന്ന രൂപഗുണത്തെ എത്ര വർണ്ണിച്ചാലും അധികമാവില്ല. കമ്യൂട്ടറുകളുടെ പതിവ് അച്ചിലല്ല നവിയെ വാർത്തിരിക്കുന്നത്. തീർത്തും വേറിട്ട രൂപകല്പനയ്ക്ക് അല്പമെങ്കിലും സാദൃശ്യം പറയാവുന്നത് മുൻപെ പറഞ്ഞതുപോലെ ‘മങ്കിബൈക്കു’കളുമായാണ്. 3 ടോൺ ആണ് പെയിന്റ് സ്‌കീം. ഹോണ്ടയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ആക്ടീവയെ ആധാരമാക്കിയാണ് നവിയും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വീൽബേസൊഴികെയുള്ള അളവുകളിൽ നവി ആക്റ്റീവയോടൊപ്പമെത്തും. 765 മിമീ സീറ്റ് ഹൈറ്റും ആക്ടീവയോളം വരും.  വാഹനത്തിന്റെ പുത്തൻ അണ്ടർബോൺ ചേസിസ് അതിന് കുറച്ചേറെ വീൽബേസും ഗ്രൗണ്ട് ക്‌ളിയറൻസും അധികമായി നല്കുന്നുണ്ട്. ഹാന്റിൽ ബാറുകൾക്കും  ഉയരക്കൂടുതലുണ്ടെന്നാണ് ഹോണ്ടയുടെ ഭാഷ്യം. എങ്കിലും  എന്തുകൊണ്ടോ കാഴ്ചയിൽ  നവി ഇത്തിരിക്കുഞ്ഞനും വിചിത്രരൂപിയുമായാണ് അനുഭവപ്പെടുന്നത്. മാത്രമല്ല ആക്ടീവയേക്കാൾ ഏതാണ്ട് 7 കിലോയോളം ഭാരക്കുറവുമുണ്ടിവന്. ഇത് റൈഡ് ആന്റ് ഹാന്റ്‌ലിംഗ് നന്നേ മെച്ചപ്പെടുത്തുന്നുണ്ട്. അതേപ്പറ്റി പിന്നീട് പറയാം.

വലുതെന്നു വിളിക്കാവുന്ന ഹെഡ്‌ലാമ്പിനു ഡിസൈനിൽ ഗ്രോമിനോടു സാമ്യമുണ്ട്. ഹെഡ്‌ലാമ്പ് അസംബ്‌ളിയെ ചുറ്റി സാറ്റിൻ ഫിനിഷും കാണാം. ഇതിനിരുവശങ്ങളിലായി ഇന്റിക്കേറ്റർ ലാമ്പുകൾ നല്കിയിരിക്കുന്നു. വശക്കാഴ്ചയിൽ നവി ഒരു ബൈക്കിന്റെ പ്രതീതിയുളവാക്കും. മസ്‌ക്കുലറായ 3.8 ലീറ്റർ ടാങ്കും നീളമേറി, വീതികുറഞ്ഞ സീറ്റും ടെയിൽ എന്റിലേക്കൊഴുകിയിറങ്ങുന്ന  സൈഡ് പാനലുകളുമൊക്കെ വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ടാങ്കിലെയും സൈഡ് പാനലിലെയും ബോഡി ലൈനുകൾ നവിയിൽ യൗവ്വനം നിറയ്ക്കുന്നു. ടാങ്കിലെ കാർബൻ ഫൈബർ ഫിനിഷുള്ള ‘ടാങ്ക് പാഡും’ എടുത്തുപറയേണ്ടതാണ്. ഡിസൈൻ ഗിമ്മിക്കുകളൊന്നുമില്ലെങ്കിലും പിൻഭാഗവും സുന്ദരം തന്നെ.ടെയിൽ ലാമ്പ് ക്‌ളസ്റ്റർ ഹോണ്ട സി ബി എഫ് സ്റ്റണ്ണറിൽ നിന്നും കടം കൊണ്ടിരിക്കുന്നു.

വളരെ ബേസിക്കായ സ്വിച്ച് ഗിയറുകൾ. സ്പീഡോമീറ്ററും ഓഡോമീറ്ററും മാത്രമടങ്ങുന്ന ലളിതമായ മീറ്റർ ക്‌ളസ്റ്റർ. ഫ്യുവൽ ഗേജില്ല! മൊത്തത്തിൽ പ്രാചീനരൂപിയായ മീറ്റർ ക്‌ളസ്റ്റർ ഭംഗിയുള്ളതെന്നു പറഞ്ഞുകൂടാ. ഇതിനരികിലായാണ് കീഹോൾ. കോംബി ലോക്കില്ല എന്ന പ്രത്യേകതയുമുണ്ട്. സ്റ്റീയറിംഗ് ഹെഡിന്റെ കീഴ്ഭാഗത്തായാണ് ഹാന്റിൽ ലോക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്‌ളാസ്റ്റിക്കിന്റെ ഗുണനിലവാരത്തെപ്പറ്റിയും ‘സ്മാർട്ട് ഡ്രൈവിന്’ കാര്യമായ അഭിപ്രായമില്ല.

റൈഡ്
ആക്ടീവയെ ആധാരമാക്കിയാണ് നവി നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ആക്ടീവയിലൂടെ പരിചിതമായ 109.19 സിസി 4 സ്‌ട്രോക്ക്  പെട്രോൾ എഞ്ചിൻ തന്നെയാണ് നവിയേയും ചലിപ്പിക്കുന്നത്. എന്നാൽ നവിയിലെത്തിയപ്പോൾ ഈ എഞ്ചിൻ റീട്യൂണിങ്ങിനു വിധേയമായിട്ടുണ്ട്. 7000 ആർ പി എമ്മിൽ ലഭിക്കുന്ന 8 എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ ലഭിക്കുന്ന 8.96 എൻ എം ടോർക്കുമാണ് നിലവിൽ ഇവന്റെ ഔട്ട്പുട്ട്.  പ്രസ്തുത  എഞ്ചിന്റെ റിഫൈന്മെന്റ് ലെവലുകളെപ്പറ്റി പ്രത്യേകം കുറിക്കേണ്ടതില്ലല്ലോ. എഞ്ചിന്റെയും സ്മൂത്തായ സി വി ടി ട്രാൻസ്മിഷന്റെയും ‘കെമിസ്ട്രി’ വെളിവാകുന്നത് 9.50 സെക്കന്റുകളിൽ പൂജ്യത്തിൽ നിന്നും 60 കിമീ വേഗതയിലേക്കു നവി കുതിക്കുമ്പോഴാണ്. മുൻപ് വായിച്ചതുപോലെ 7 കിലോയോളമുള്ള ഭാരക്കുറവും വർദ്ധിച്ച ടോർക്കുമൊക്കെ ഈ കുതിപ്പിനു കാരണഭൂതരാകുന്നു. മികച്ച ഇനിഷ്യൽ  മിഡ് റേഞ്ച് ടോർക്ക് ലഭിക്കുംവിധമാണ് എഞ്ചിൻ ക്രമീകരിച്ചിരിക്കുന്നതെന്നതിനാൽ നവി നഗരത്തിരക്കിലും പരുങ്ങില്ല. മണിക്കൂറിൽ 81 കിമീയാണ് ഇവന് കമ്പനി അവകാശപ്പെടുന്ന ടോപ്പ് സ്പീഡ്.

നവിയുടെ റൈഡിംഗ് പൊസിഷനും ഏതാണ്ട് ബൈക്കിനു സമാനമാണ്. ഇരുകാലുകൾ കൊണ്ടും ടാങ്കിൽ ഗ്രിപ്പ് ചെയ്ത് ബൈക്കോടിക്കുന്നതുപോലെതന്നെ നവിയെയും തെളിക്കാം. എന്നാൽ ഹാന്റിൽ ബാറിൽ നല്കിയിരിക്കുന്ന ബ്രേക്കുകളും മറ്റും നവിയിലെ ‘സ്‌കൂട്ടറിനെ’ കാണിക്കുന്നു. ‘താഴെ’ ഫുട്‌പെഗുകൾ മാത്രം. മുന്നിലെ 90/90 12 ഇഞ്ചും പിന്നിലെ 90/100 10ഇഞ്ചും വീലുകളും 1286 മിമീ വീൽബേസും ചേർന്ന് പക്വതയാർന്ന റൈഡാണ് നവിക്ക് സമ്മാനിക്കുന്നത്. മുന്നിലെ ടെലസ്‌ക്കോപ്പിക്ക് ഫോർക്കുകളും പിന്നിലെ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക്ക് ടൈപ്പുമടങ്ങുന്ന സസ്‌പെൻഷൻ സ്റ്റിഫാണ്. ഇത് വേഗതകളിൽ ഗുണം ചെയ്യുമെങ്കിലും കുറഞ്ഞ വേഗങ്ങളിലും മോശം റോഡുകളിലുമൊക്കെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. സീറ്റിനും അല്പംകൂടി മെച്ചപ്പെട്ട കുഷ്യനിംഗ് ആവാമായിരുന്നുവെന്നു തോന്നി. മുന്നിലും പിന്നിലും 130 മിമീ ഡ്രം ബ്രേക്കുകളാണ്. റെസ്‌പോൺസീവെങ്കിലും ഇവ മറ്റു പല ഹോണ്ടകളിലെയും പോലെ ശരാശരി ബൈറ്റ് മാത്രമേകുന്നു. ആക്ടീവയിലടക്കം ഒട്ടുമിക്ക ഹോണ്ടകളിലും കണ്ടുവരാറുള്ള ‘സിബിഎസ്’ അഥവാ ‘കോംബി ബ്രേക്കിംഗ്  സിസ്റ്റത്തിന്റെ’ അഭാവം കൊണ്ടും നവി കുപ്രസിദ്ധിയാർജിക്കുന്നു. ഹോണ്ടയുടെ എച്ച് ഇ ടി സാങ്കേതികവിദ്യയോടുകൂടിയ വാഹനത്തിന് ലീറ്ററിന് 55 കിലോമീറ്ററിനടുത്ത്  മൈലേജ് പ്രതീക്ഷിക്കാം. കസ്റ്റമൈസ് ചെയ്യുവാനുള്ള ആക്‌സസറികളോടൊപ്പം നവിയുടെ ഡിസ്‌ക്ക് ബ്രേക്കുകളുള്ള വേരിയന്റും ഹോണ്ട വൈകാതെ വിപണിയിലെത്തിക്കുമെന്നു പ്രത്യാശിക്കാം. 39,500 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വാഹന വില. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍