TopTop
Begin typing your search above and press return to search.

അയല്‍പക്കത്തെ ദാരിദ്ര്യം ഹോങ്കോങ്ങിനെ ഉലയ്ക്കുമ്പോള്‍

അയല്‍പക്കത്തെ ദാരിദ്ര്യം ഹോങ്കോങ്ങിനെ ഉലയ്ക്കുമ്പോള്‍

വില്ല്യം പെസെക്/ ബ്ലൂംബെര്‍ഗ് വ്യൂ

ബെയ്ജിങ്ങിന്റെ പിന്തിരിപ്പന്‍ രാഷ്ട്രീയം ഹോങ്കോങ്ങിന്റെ അന്താരാഷ്ട്ര മുഖത്തെ ഇഞ്ചിഞ്ചായ് വികൃതമാക്കുമെന്നാണ് ഒരു വര്‍ഷം മുമ്പ് വരെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. പക്ഷെ മുടന്തന്‍ കാലുമായ് ഇഴയുന്ന ചൈനയുടെ സാമ്പത്തിക വ്യവസ്ഥ ഈ പ്രക്രിയയുടെ വേഗം കൂട്ടുന്നതിനാണ് അടുത്തിടെ നാം സാക്ഷ്യം വഹിച്ചത്.

വിനോദ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചതും, ഡോളറിനോട് മല്ലിട്ട് ഏഷ്യയിലെ ഏറ്റവും ചെലവേറിയ നഗരമായ് മാറിയതും, ഉയരുന്ന വസ്തു വിലയും, രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലായാലും മെരുങ്ങാന്‍ തയ്യാറാവാത്ത രാഷ്ട്രത്തലവനും ഹോങ്കോങ്ങ് നേരിടുന്ന പ്രശ്‌നങ്ങളുടെ നീണ്ട പട്ടികയില്‍ ചിലതു മാത്രമാണ്.

മുകളില്‍ പറഞ്ഞതൊന്നുമല്ല ഹോങ്കോങ്ങ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ആഗോളതലത്തില്‍ ചൈനക്ക് നഷ്ടപ്പെട്ട സാമ്പത്തിക വിശ്വാസ്യതയില്‍ നിന്നും പുറത്തുകടക്കുക എന്നതാണ് ഭഗീരഥ പ്രയതനമായ് ഹോങ്കോങ്ങിന്റെ മുന്നില്‍ കിടക്കുന്നത്.

ഓഗസ്റ്റ് പത്തിന് ബീജിംഗ് യെന്നിന്റെ മൂല്യം കുറച്ചത് മുതല്‍ ഹാങ്ങ് സെങ്ങ് ഒഹരിക്കമ്പോളത്തില്‍ ഒമ്പത് ശതമാനം ഇടിവ് സംഭവിച്ചതിനെ നമുക്ക് ഇങ്ങനെയല്ലാതെ വേറെങ്ങനെയാണ് വിശദീകരിക്കാന്‍ സാധിക്കുക? ചളിക്കുണ്ടിലിരുന്നു നക്ഷത്രമെണ്ണുന്ന പാക്കിസ്ഥാന്റെ ഓഹരി കമ്പോളത്തിന് തുല്യമായ രീതിയിലേക്ക് നിലം പതിക്കാനായിരുന്നു ഹോങ്കോങ്ങിന്റെ വിധി.

'ഹോങ്കോങ്ങ് ഇപ്പോഴും ചൈനയുടെ പൊന്‍ മുട്ടയിടുന്ന താറാവാണോ' എന്ന് ഫോര്‍ബ്‌സ് മാസിക കഴിഞ്ഞ വര്‍ഷം ചോദിച്ചത് രാഷ്ട്രീയക്കാര്‍ കട്ടുമുടിച്ച് നേടിയ പണമെല്ലാം കോടീശ്വരന്‍മാരായ വ്യാപാരി സുഹൃത്തുക്കളുടെ സഹായത്തോടെ ഹോങ്കോങ്ങില്‍ നിക്ഷേപിക്കുന്നത് കാരണമുണ്ടായേക്കാവുന്ന രാഷ്ട്രീയ വഴക്കുകള്‍ ചൈനയുടെ ഹരിത സാമ്പത്തിക മേഖലയെന്ന പട്ടം ഹോങ്കോങ്ങിനു നഷ്ടമായേക്കുമോ എന്ന ഉത്കണ്ഠയ്ക്ക് കാരണമായിരുന്നു.കോടീശ്വരന്‍മാരുടെ പ്രീതിക്കു വേണ്ടി സാധാരണ പൗരന്മാരുടെ ആവശ്യങ്ങള്‍ ചെവി കൊള്ളുന്നില്ലെന്ന പോരായ്മ മാറ്റി നിര്‍ത്തിയാല്‍ ചൈനയുടെ വ്യവസായ മുഖമെന്നു വിളിക്കാവുന്ന നഗരമാണ് ഹോങ്കോങ്ങ്. 2014 സെപ്റ്റംബര്‍ മാസത്തില്‍ ആയിരക്കണക്കിന് പൗരന്മാര്‍ ജനാധിപത്യത്തിനു വേണ്ടി നിരത്തിലിറങ്ങിയപ്പോള്‍ ഏതൊരു കമ്യൂണിസ്റ്റ് ഭരണാധികാരിയേയും പോലെ നഗരത്തലവനായ ലീയുങ്ങ് ചുന്‍യിങ്ങും ബലപ്രയോഗത്തിലൂടെ സമരം അടിച്ചമര്‍ത്തുകയായിരുന്നു.

രാഷ്ട്രീയ അരക്ഷിതാവസ്ഥ നഗരത്തിന്റെ അസ്തിത്വത്തെ കുഴി തോണ്ടി പുറത്തെടുക്കുമെന്ന ഭയം നമുക്ക് മറക്കാവുന്നതാണെങ്കിലും പൊട്ടിപ്പൊളിഞ്ഞു കൊണ്ടിരിക്കുന്ന ചൈനയുടെ സാമ്പത്തിക അവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളി കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. മങ്ങുന്ന ചൈനീസ് സമ്പദ്ഘടനയിലുള്ള വിശ്വാസം നിക്ഷേപകരെ ഹോങ്കോങ്ങില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം ചൈന യെന്നിന്റെ മൂല്യമിടിച്ചത് വിനോദ സഞ്ചാരികളെ ജപ്പാന്‍ പോലുള്ള ചെലവുകുറഞ്ഞ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. ജൂലൈ മാസത്തില്‍തന്നെ സന്ദര്‍ശകരില്‍ 8.4 ശതമാനം കുറവുണ്ടായതിന് ഡോളര്‍ വിനിമയ നിരക്കിനെ പഴിക്കുകയാണ് സാമ്പത്തിക സെക്രട്ടറി സൊ കംലെ ഉങ്ങ് ചെയ്തത്. നഗരത്തിലെ ചില്ലറ വ്യാപാരത്തിലും നാലിലൊന്നിന്റെ കുറവാണ് ജൂണില്‍ രേഖപ്പെടുത്തിയത്.

ഹോങ്കോങ്ങിന് മുന്നില്‍ പൊടിതട്ടി എഴുന്നേറ്റ് നടക്കാനാവുന്ന കുറുക്കുവഴികളൊന്നും ഉത്തരമായില്ല. വസ്തുക്കച്ചവടവും വട്ടിപ്പലിശയും ഹെഡ്ജ് ഫണ്ടും മതിയാക്കി വിവരസാങ്കേതിക വിദ്യയിലും ശാസ്ത്രസംബന്ധിയായ സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപിച്ചു തുടങ്ങിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വര്‍ഷങ്ങളായി താക്കീത് നല്‍കി വരുന്നതാണെങ്കിലും ബെയ്ജിങ്ങിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളോട് മറുത്തൊന്നും പറയാന്‍ നഗരത്തലവനെന്ന നിലയിലുള്ള തന്റെ മൂന്നു വര്‍ഷവും ലെയുങ്ങ് ഉപയോഗിച്ചില്ല.ഉടനടി വരാന്‍ പോകുന്ന കേന്ദ്ര റിസേര്‍വ് പലിശ നിരക്കിലുള്ള വര്‍ദ്ധനവെന്ന ഭൂതവും ഹോങ്കോങ്ങിനെ പേടിപ്പെടുത്തുന്നുണ്ട്. പക്ഷെ ആഗോള നിക്ഷേപകര്‍ക്ക് ചൈനീസ് പ്രസിഡന്റ് ക്‌സി ജിന്‍പിങ്ങില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കാന്‍ സാധിച്ചാല്‍ ഓഹരിക്കമ്പോളത്തില്‍ 44 ശതമാനം വിലക്കുറവില്‍ ഹോങ്കോങ്ങിന്റെ കണ്ടക ശനിയെ വിലപേശി തൂക്കി വില്‍ക്കാന്‍ സാധിക്കും. സ്വേച്ഛാധിപധികളില്‍ നിന്നുള്ള അനീതിയില്‍ മനം കെട്ട നഗരവാസികള്‍ തങ്ങളുടെ ദേഷ്യം നഗരത്തില്‍ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന കടകളിലെത്തുന്ന ലക്ഷകണക്കിന് സഞ്ചാരികളുടെ മേല്‍ കാട്ടിയത് വാര്‍ത്തയായതോടെ ജപ്പാനിലേക്കും തായ് വാനിലേക്കും തിരിച്ചു പറക്കുന്നത് ഹോങ്കോങ്ങ് നഗരത്തിലെ ആയിരക്കണക്കിന് കടയുടമകളുടെ നിലയും പരുങ്ങലിലാക്കിയിട്ടുണ്ട്. നഗരവാസികളെ 'നന്ദിയില്ലാത്തവരും മര്യാദകെട്ടവരുമെന്ന് വിളിച്ചുകൊണ്ട് ' സര്‍ക്കാരിന്റെ മാധ്യമങ്ങളും രംഗത്തെത്തിയതോടെ രംഗം വഷളാവുകയായിരുന്നു.

ഹോങ്കോങ്ങിന്റെ ഭരണാധിപന്‍ ചെയ്തതു പോലെ ഒരു സമ്പദ്‌വ്യവസ്ഥയും തങ്ങളുടെ നിക്ഷേപപ്പശുക്കളെ ഒരു തൊഴുത്തില്‍ തന്നെ കെട്ടരുത്. ചൈനയോടൊപ്പം ഹോങ്കോങ്ങും ആഴമില്ലാ കയത്തിലേക്ക് മുങ്ങിത്താഴുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ നമുക്കിപ്പോള്‍ സാധിക്കൂ.

(ബ്ലൂംബെര്‍ഗ് വ്യൂവിലെ കോളമിസ്റ്റാണ് വില്ല്യം പെസെക്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories