TopTop
Begin typing your search above and press return to search.

സഹോദരിയെ കൊന്നതിന് പിന്നില്‍; ഒരു പാകിസ്ഥാനി പുരുഷന്റെ തുറന്നുപറച്ചില്‍

സഹോദരിയെ കൊന്നതിന് പിന്നില്‍; ഒരു പാകിസ്ഥാനി പുരുഷന്റെ തുറന്നുപറച്ചില്‍

ഫ്രെഡ് ബര്‍ബാഷ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

'ദുരഭിമാന കൊലപാതകങ്ങള്‍' പാകിസ്ഥാനില്‍ ഇന്നും നിലനില്‍ക്കുന്നു. എല്ലായ്പ്പോഴും തന്നെ ഇതിലെ ഇര സ്ത്രീയായിരിക്കും; കൊല്ലുന്നത് പുരുഷനും. കുടുംബതാല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ല എന്നതാവും കാരണം.

"ചിലപ്പോള്‍ അവള്‍ കുടുംബം തെരഞ്ഞെടുത്തയാളെ വിവാഹം കഴിക്കാന്‍ തയ്യാറില്ലാത്ത ഒരു സഹോദരിയാവാം. അല്ലെങ്കില്‍ തന്‍റെ അച്ഛനോളം പ്രായമുള്ള ഒരാളുമായുള്ള അറേഞ്ച്ഡ് മാര്യേജിന് സമ്മതിക്കാത്ത ഒരു മകളാവാം. അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെ അയാളെ ഉപേക്ഷിച്ച ഭാര്യയാവാം,"അസോസിയേറ്റ് പ്രസ്സിന്റെ കാത്തി ഗാനന്‍ ഈയാഴ്ചയെഴുതിയ ശ്രദ്ധേയമായ ലേഖനത്തില്‍ പറയുന്നു.

"ദുരഭിമാനക്കൊലകള്‍ പണ്ടെങ്ങോ നടന്നിരുന്ന ഒന്നാണെന്ന് തോന്നുമെങ്കിലും ഇന്നുമത് പാകിസ്ഥാനില്‍ വ്യാപകമാണെന്നതാണ് സത്യം," ഒരു പാകിസ്ഥാനി സോഷ്യല്‍ മീഡിയ താരത്തെ സ്വന്തം സഹോദരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെ കുറിച്ചു 'ദ പോസ്റ്റി'ല്‍ ജൂലൈയില്‍ വന്ന റിപ്പോര്‍ട്ടില്‍ ജെസിക്ക കോണ്‍ട്രേര എഴുതി. "വര്‍ഷംതോറും 1,000 സ്ത്രീകള്‍ പാകിസ്ഥാനില്‍ ഇത്തരത്തില്‍ കൊല ചെയ്യപ്പെടുന്നു എന്നാണ് കണക്ക്," കോണ്‍ട്രേര തുടരുന്നു. ഒളിച്ചോടിയതിന് മകളെ പിതാവ് തീ കൊളുത്തി കൊന്ന സംഭവവും തന്‍റെ ഇരട്ടി പ്രായമുള്ളയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതിരുന്നതിന് 19കാരിയായ സ്കൂള്‍ ടീച്ചറെ ജീവനോടെ ചുട്ടെരിച്ചതും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരോ അതിനു പ്രേരിപ്പിക്കുന്ന മറ്റുള്ളവരോ സാധാരണ വാര്‍ത്താലേഖകരോട് സംസാരിക്കാന്‍ തയ്യാറാവാറില്ല. എന്നാല്‍ കൊലപാതകത്തെ തുടര്‍ന്നു ജയില്‍ ശിക്ഷയനുഭവിക്കുന്ന മുബീന്‍ രാഝു സെപ്തംബറില്‍ ഗാനനുമായി ഒരു തുറന്ന സംഭാഷണം നടത്തി. അതില്‍, കൃസ്ത്യാനിയായിരുന്ന ഒരാളെ വിവാഹം ചെയ്തതിലൂടെ തന്‍റെ സഹോദരി കുടുംബത്തിന് അപമാനം വരുത്തിവെച്ചുവെന്നും തുടര്‍ന്നു താന്‍ അവളെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും ഇയാള്‍ വിവരിച്ചു.

പത്രപ്രവര്‍ത്തന രംഗത്ത് പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, ദീര്‍ഘകാലം വിദേശകാര്യ ലേഖികയായിരുന്ന ഗാനനെ അസൈന്‍മെന്‍റിനിടെ 2014 ഏപ്രിലില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്തില്‍ വച്ച് ഒരു അഫ്ഗാന്‍ പോലീസുകാരന്‍ ആക്രമിച്ചിരുന്നു. ആറു ബുള്ളറ്റുകളാണ് അവരുടെ കയ്യില്‍നിന്ന് നീക്കം ചെയ്തത്. ഇപ്പോഴും ആ കൈ പൂര്‍ണ്ണമായും ഭേദമായിട്ടില്ല എന്ന് വാഷിംഗ്ടന്‍പോസ്റ്റിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ ഗാനന്‍ പറഞ്ഞു. അടുത്ത കാലത്താണ് അവര്‍ പത്രപ്രവര്‍ത്തനത്തിലേയ്ക്ക് മടങ്ങിയെത്തിയത്.

അന്ന് ഗാനന്‍റെ കൂടെഉണ്ടായിരുന്ന, പുലിറ്റ്സര്‍ സമ്മാന ജേതാവായ ഫോട്ടോഗ്രാഫര്‍ അഞ്ച നീഡ്രിങ്ഹോസ് ആക്രമണത്തില്‍ മരിച്ചു.

എന്നാല്‍ ദുരഭിമാനക്കൊലകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് അതൊന്നും ഗാനനെ പിന്തിരിപ്പിക്കുന്നില്ല.

ഒരു കൃസ്ത്യാനിയുമായി സ്നേഹത്തിലായപ്പോള്‍ മുബീന്‍ രാഝുവിന്‍റെ സഹോദരി തസ്ലീമിന് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവളോടുള്ള സ്നേഹം കൊണ്ട് ഇസ്ലാം മതത്തിലേയ്ക്ക് വരാന്‍ കാമുകന്‍ തയ്യാറായി. വിവാഹ പ്രതീക്ഷയില്‍ അയാള്‍ മതം മാറുകയും ചെയ്തു.

എന്നാല്‍ ഇതിനിടയില്‍ ഇവരെ രണ്ടു പേരെയും ഒരുമിച്ച് ലാഹോറിലെ അയാളുടെ ജോലി സ്ഥലമായ സ്റ്റീല്‍ മില്ലില്‍ വച്ച് രാഝുവിന്‍റെ സഹപ്രവര്‍ത്തകര്‍ കണ്ടു. അവര്‍ ഈ പേരും പറഞ്ഞു രാഝുവിനെ കണക്കില്ലാതെ അധിക്ഷേപിച്ചു.

ഗാനന്‍ ആ മില്‍ സന്ദര്‍ശിച്ചു. അവിടത്തെ ജോലിക്കാരോട് അന്വേഷിച്ച് രാഝുവിന്‍റെ കൂടെ ജോലി ചെയ്തിരുന്നവരെ കണ്ടെത്തി.

"അവര്‍ 'നിനക്കൊന്നും ചെയ്യാനില്ലേ ഇക്കാര്യത്തില്‍? നീയൊരാണാണോ? നിനക്കിതെന്തു പറ്റി?' എന്നൊക്കെയാണ് ചോദിക്കാറ്," അവിടത്തെ ജോലിക്കാരനായ അലി റാസ ഗാനനോട് പറഞ്ഞു. "ഇവിടെയുള്ളവര്‍ അയാളോട് 'നിന്‍റെ സഹോദരിയെ കൊല്ലുന്നതാണ് ഈ ബന്ധം തുടരാന്‍ അനുവദിക്കുന്നതിലും ഭേദം' എന്നു പറയുമായിരുന്നു."

രാഝു സഹോദരിയോട് അതില്‍നിന്ന് പിന്‍മാറാന്‍ അപേക്ഷിച്ചു.

"എനിക്ക് മില്ലിലും അയല്‍വക്കത്തുമൊക്കെ ആള്‍ക്കാരുടെ മുഖത്തു നോക്കാന്‍ പറ്റുന്നില്ല എന്ന് ഞാനവളോട് പറഞ്ഞു. ഇത് ചെയ്യരുത് ചെയ്യരുത് എന്നു പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല."

ഒരു ദിവസം മരുന്നു വാങ്ങാന്‍ പോകുന്നുവെന്നു പറഞ്ഞ് തസ്ലീമും ഇളയ സഹോദരനും വീട്ടില്‍ നിന്നിറങ്ങി. അവര്‍ നേരെ കോടതിയിലേയ്ക്കാണ് പോയത്. അവിടെ അനുജനെ സാക്ഷിയാക്കി അവള്‍ കാമുകനെ വിവാഹം കഴിച്ചു.

അവര്‍ വരാന്‍ താമസിച്ചതോടെ രാഝുവിന് സംശയമായി. മടങ്ങിയെത്തിയ അനുജനെ സത്യം പറയുന്നതു വരെ അയാള്‍ തല്ലി. ഒടുവില്‍ എന്താണുണ്ടായതെന്ന് രാഝു അറിഞ്ഞു.

ഇതിനിടയിലും തങ്ങളെ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ നവദമ്പതികള്‍ അവളുടെ മാതാപിതാക്കളുടെ വീട്ടിലെത്തി.

എന്നാല്‍ രാഝു അവര്‍ക്കു നേരെ ചെന്ന് സഹോദരിയുടെ തലയിലേയ്ക്ക് നിറയൊഴിച്ചു.

പാകിസ്ഥാനില്‍ ഇത്തരം കൊലപാതകങ്ങള്‍ ഇപ്പോഴും ക്ഷമിക്കുകയും അംഗീകരിക്കുകയുമാണ് പലരും ചെയ്യുന്നതെങ്കിലും മറ്റുള്ളവര്‍, പ്രത്യേകിച്ചു യുവാക്കള്‍, ഇതിനെതിരായ കാഴ്ചപ്പാടുള്ളവരാണെന്ന് ഗാനന്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.

ഗാനനെയും ഒരു വീഡിയോഗ്രാഫറേയും ജയിലില്‍ രാഝുവിനെ കാണാനും മണിക്കൂറുകളോളം സംസാരിക്കാനും അനുവദിച്ച ലോക്കല്‍ പോലീസ് സൂപ്രണ്ട് അങ്ങനെയൊരാളാണ്.

തനിക്ക് സ്വന്തം സഹോദരിയോട് വളരെ സ്നേഹമായിരുന്നുവെന്ന് രാഝു പറഞ്ഞു. കുടുംബത്തെ ധിക്കരിക്കരുതെന്ന് അവളോടു പറഞ്ഞതും അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഖുറാനില്‍ തൊട്ട് അവള്‍ സത്യം ചെയ്തതും അയാള്‍ ഓര്‍ത്തു."അവള്‍ ചെയ്തത് എനിക്ക് മറക്കാന്‍ പറ്റിയില്ല. അതിനെ പറ്റി മാത്രമേ എനിക്ക് ആലോചിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എനിക്കവളെ കൊന്നേ പറ്റൂ എന്നായി. മറ്റൊരു വഴിയും എനിക്കു തോന്നിയില്ല."

ഗാനന്‍റെ റിപ്പോര്‍ട്ടില്‍ നിന്ന്:

ഓഗസ്റ്റ് 14നു രാഝു തോക്ക് സ്വന്തമാക്കി. അവരുടെ വീട്ടിലെ അടുക്കളയിലെ വിള്ളല്‍ വീണ കോണ്‍ക്രീറ്റ് തറയില്‍ അമ്മയോടും സഹോദരിയോടുമൊപ്പം ഇരിക്കുകയായിരുന്നു തസ്ലീം.

"അലര്‍ച്ചയോ നിലവിളിയോ ഒന്നുമുണ്ടായില്ല. ഞാനവളെ വെടിവെച്ചു..." അയാള്‍ പറഞ്ഞു.

"ഒരുപക്ഷേ എന്‍റെ തലയില്‍ ചെകുത്താനായിരുന്നിരിക്കണം. എങ്കില്‍ ഈ പ്രവൃത്തിക്കു മാപ്പില്ല. എനിക്കു വേറൊരു വഴിയുമുണ്ടായിരുന്നില്ല."

രാഝുവുമായുള്ള അഭിമുഖത്തെ കുറിച്ച് ഗാനന്‍ ഇങ്ങനെ എഴുതുന്നു, "ചിലപ്പോള്‍ അയാള്‍ ശാന്തനായിരുന്നു. സഹോദരിയുടെ കുട്ടിക്കാലത്തെ പറ്റി ഓര്‍ത്തപ്പോള്‍ അയാള്‍ കരയാന്‍ പോകുന്നതു പോലെ തോന്നി. പിന്നെ അയാള്‍ മില്ലിലെ ആളുകളെ പറ്റി പറഞ്ഞു. ഖുറാന്‍ തൊട്ട് അവള്‍ സത്യം ചെയ്തതിനെ കുറിച്ച്. അയാള്‍ക്ക് കോപം അടക്കാനാവാതെ ആയതിനെ കുറിച്ച്. 'എനിക്കു വേറെന്ത് ചെയ്യാനാകുമായിരുന്നു' എന്നായി പിന്നെ."

അവരുടെ അയല്‍ക്കാരെ ഗാനന്‍ തേടി കണ്ടെത്തി.

"അയാള്‍ ചെയ്തതാണ് ശരി" എന്ന് ധാരാളം പേര്‍ പറഞ്ഞു.

"എനിക്കയാളെ പറ്റി അഭിമാനമുണ്ട്. അവളെ അയാള്‍ കൊന്നത് ശരിയായ കാര്യമായി. ഈ കാര്യമറിയുമ്പോള്‍ എല്ലാവരും അയാളെ അഭിനന്ദിക്കും," അവരിലൊരാള്‍ പറഞ്ഞു.

ബാബര്‍ അലി എന്നയാള്‍ പറഞ്ഞത്, "അവളെ കൊന്നു കളഞ്ഞ ഈ മനുഷ്യനെ ഓര്‍ത്ത് എനിക്ക് മതിപ്പേയുള്ളൂ. ഞങ്ങളുടെ മതത്തിനു പുറത്തു നിന്ന് വിവാഹം ചെയ്യാന്‍ ആരെയും അനുവദിക്കാനാവില്ല. അയാള്‍ ചെയ്തത് ശരിയാണ്."

രാഝുവിന്‍റെയും തസ്ലീമിന്‍റെയും അച്ഛന്‍ സംസാരിക്കാന്‍ വളരെയധികം വൈമുഖ്യം കാണിച്ചു. ഗാനന്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം ലാഹോറില്‍ നിന്നു സ്വന്തം ഗ്രാമത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. തന്‍റെ ചെറിയ ജോലിയില്‍ നിന്ന് രാഝു വീട്ടില്‍ കൊണ്ടുവന്നിരുന്ന വരുമാനം നിലച്ചുവെന്നതും മകനും കുടുംബത്തിലും അപമാനമുണ്ടായി എന്നതുമാണ് തന്നെ ഏറ്റവും വിഷമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയുമേ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളൂ, "എന്‍റെ കുടുംബം നശിച്ചു. ഈ നാണംകെട്ട പെണ്ണു കാരണം എല്ലാം നശിച്ചു. എന്‍റെ മരണശേഷവും അവള്‍ കാരണം എനിക്ക് നാശമായിരിക്കും."


Next Story

Related Stories