TopTop
Begin typing your search above and press return to search.

ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകും; കാത്തിരിക്കുന്നത് രോഗങ്ങളും

ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകും; കാത്തിരിക്കുന്നത് രോഗങ്ങളും

ബാല്യത്തില്‍ മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കാത്തത് കുട്ടികളുടെ മാനസിക വികാസത്തെ ബാധിക്കും എന്ന കാര്യം വളരെ മുന്‍പേ തന്നെ തെളിയിക്കപ്പെട്ടതാണ്. ലൈംഗിക പീഡനം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയെയും പ്രായപൂര്‍ത്തിയാകലിനെയും ബാധിക്കുന്നതായി പെന്‍ സ്റ്റേറ്റ് ഗവേഷണം. ബാല്യത്തില്‍ ലൈംഗിക പീഡനം നേരിടേണ്ടി വന്ന പെണ്‍കുട്ടികള്‍ അവരുടെ അതേ പ്രായത്തിലുള്ളവരേക്കാള്‍ എട്ടു മാസം മുതല്‍ ഒരു വര്‍ഷം മുന്‍പ് വരെ നേരത്തെ പ്രായപൂര്‍ത്തി ആകുന്നു എന്ന് പഠനം പറയുന്നു.

ഒരു വര്‍ഷം എന്ന് കേള്‍ക്കുമ്പോള്‍ ബാലിശമായി തോന്നാം എങ്കിലും ഈ നേരത്തെയുള്ള പ്രായപൂര്‍ത്തിയാകലിന് ഗുരുതരമായ ചില പരിണിത ഫലങ്ങളുണ്ട്. പെരുമാറ്റ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ പ്രത്യുല്‍പാദന അവയവങ്ങളിലെ അര്‍ബുദം ഇവയ്ക്കെല്ലാം ഇത് കാരണമാകും. ചൈല്‍ഡ് മാല്‍ട്രീറ്റ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കിന്റെ ഡയറക്ടര്‍ ആയ ജെന്നി നോള്‍, ബയോ ബിഹേവിയറല്‍ ഹെല്‍ത്ത് അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഈഡന്‍ ഷാല്‍വ് എന്നിവര്‍ നടത്തിയ പഠനം ജേര്‍ണല്‍ ഓഫ് അഡോളസെന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാല ലൈംഗിക പീഡനം പോലെ സമ്മര്‍ദം അധികമാകുന്ന അവസ്ഥ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കൂട്ടുകയും സമയമാകും മുന്‍പേ തന്നെ പ്രായപൂര്‍ത്തി എത്തുകയും ചെയ്യും. ശാരീരികമായ പ്രായപൂര്‍ത്തി ആകല്‍, മാനസികവും സാമൂഹ്യവുമായ വളര്‍ച്ചയെ ഈ രീതിയില്‍ കവച്ചു വയ്ക്കുന്ന അവസ്ഥ മാല്‍ അഡാപ്‌റ്റേഷന്‍ എന്നാണ് അറിയപ്പെടുക.

1987-ല്‍ തുടങ്ങിയ പഠനം പ്രായപൂര്‍ത്തി ആകലിന്റെ ഓരോ ഘട്ടത്തിലും തുടര്‍ന്നു. ലൈംഗിക പീഡന ചരിത്രമുള്ള 84 സ്ത്രീകളെയും പീഡന ത്തിനിരയാകാത്ത 89 പേരെയുമാണ് പഠന വിധേയരാക്കിയത്. വര്‍ഗം, വംശം, കുടുംബം, പൊണ്ണത്തടി, സാമൂഹ്യ സാമ്പത്തിക അവസ്ഥ, ലൈംഗികേതര വൈകാരികാഘാതം ഇവയെല്ലാം പരിശോധിച്ചു.

ടാനര്‍ സ്റ്റേജിങ് എന്ന സംവിധാനം ഉപയോഗിച്ച് നഴ്‌സുമാരുമായും ശിശു സംരക്ഷണ സേവനങ്ങളുമായും ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രായപൂര്‍ത്തി ആകും മുന്‍പ് തുടങ്ങിയ പഠനം പൂര്‍ണ്ണ വളര്‍ച്ച എത്തും വരെ തുടര്‍ന്നു. പ്രായപൂര്‍ത്തി ആകലിന്റെ വളര്‍ച്ചയ്ക്ക് ആനുപാതികമായ നിരക്കുകളുടെ സംഖ്യാ സൂചകം ആണ് ടാനര്‍ സ്റ്റേജിങ്.

സ്തനവളര്‍ച്ചയും രോമ വളര്‍ച്ചയും പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലെ രണ്ട് പ്രധാന നാഴികക്കല്ലുകളാണ്. ഈ രണ്ട് മാറ്റങ്ങളിലാണ് ഗവേഷകര്‍ ശ്രദ്ധ കൊടുത്തത്. പ്രായപൂര്‍ത്തി എത്തും മുന്‍പ് മുതല്‍ പൂര്‍ണ്ണ വളര്‍ച്ച എത്തും വരെ 1 മുതല്‍ 5 വരെ ടാനര്‍ സൂചികയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി. കൂടാതെ അവരുടെ ടാനര്‍ നമ്പറും പ്രായവും രേഖപ്പെടുത്തി സമയാസമയം റെക്കോര്‍ഡ് ചെയ്തു.

ലൈംഗിക പീഡനം നേരിട്ട പെണ്‍കുട്ടികളില്‍ ലൈംഗിക പീഡനം നേരിടാത്തവരെ അപേക്ഷിച്ച് ഒരു വര്‍ഷം മുന്‍പേ ഗുഹ്യ രോമവളര്‍ച്ചയും എട്ടു മാസം മുന്‍പേ സ്തനവളര്‍ച്ചയും ഉണ്ടായതായി കണ്ടു. ദീര്‍ഘ കാലമായുള്ള ഈസ്ട്രജന്‍ ഹോര്‍മോണിന്റെ വര്‍ധിച്ച ഉല്‍പാദനം മൂലം സമയമെത്തും മുന്‍പേ ഉള്ള ശാരീരിക വളര്‍ച്ച സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും കാരണമാകും. ഇത് കൂടാതെ വര്‍ധിച്ച തോതിലുള്ള വിഷാദം, കൗമാര ഗര്‍ഭം, പീഡനം ഇവയും നേരത്തെയുള്ള പ്രായപൂര്‍ത്തിയാകലിന് കാരണമാണ്.

ബാല ലൈംഗിക പീഡനവും സ്‌ട്രെസ് ഹോര്‍മോണുകളും തമ്മിലുള്ള ബന്ധം ചെറിയ പെണ്‍കുട്ടികളില്‍ നേരത്തെയുള്ള പ്രായപൂര്‍ത്തിയാകലിനു ആക്കം കൂട്ടുന്നു. പ്രായപൂര്‍ത്തി ആകലിന് മാനസിക പിരിമുറുക്കം പങ്കു വഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന ഈ പഠനം, നേരത്തെ പ്രായപൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് മാനസികവും സാമൂഹ്യവും ആയ സഹായം നല്‍കേണ്ടതാണെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു.


Next Story

Related Stories