TopTop
Begin typing your search above and press return to search.

ഹൌസ് സര്‍ജന്‍മാര്‍ അടിമകളല്ല; കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ പ്രതിഷേധം ശക്തം

ഹൌസ് സര്‍ജന്‍മാര്‍ അടിമകളല്ല; കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ പ്രതിഷേധം ശക്തം

വി ഉണ്ണികൃഷ്ണന്‍

‘സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കാന്‍ ചെല്ലുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും അവസ്ഥ, ബ്രിട്ടീഷ് ഭരണകാലത്തെ തിരുവിതാംകൂര്‍ രാജ്യം പോലെയാണ്. പുറമേ കാണുന്നവര്‍ക്ക് രാജാവും മന്ത്രിയുമൊക്കെയാണ്. അതിന്‍റെ പൊലിമയൊക്കെയുണ്ട്. എന്നാല്‍ മനസും ശരീരവും സമ്പത്തുമൊക്കെ തീറെഴുതിയ ശേഷമുള്ള അടിമപ്പണിയാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. അടിമകളെന്നാല്‍, എല്ലാ അര്‍ത്ഥത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ എന്ന് തന്നെ’ എം ബി ബി എസ് പഠനത്തിന് ശേഷം ഹൌസ് സര്‍ജന്‍സിയും കഴിഞ്ഞ് ഇപ്പോള്‍ പ്രാക്റ്റീസ് ചെയ്യുന്ന ഒരു ഡോക്ടറുടെ അഭിപ്രായമാണിത്.

ഈ അഭിപ്രായത്തിനാസ്പദമായത് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പണിമുടക്കും. സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് 102 ഹൌസ് സര്‍ജന്മാര്‍ നടത്തുന്ന പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലേക്കു കടക്കുകയാണ്. ലോക തൊഴിലാളി ദിനത്തില്‍ ആരംഭിച്ച പ്രതിഷേധത്തിനോട് നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ് മാനേജ്മെന്റ്. ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്നുള്ള ഇവരുടെ പ്രതിഷേധമുറയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പലരും വാളെടുടുക്കാന്‍ സാധ്യതയുണ്ടെങ്കിലും രോഗികളെ ബുദ്ധിമുട്ടിക്കുകയോ ഹോസ്പിറ്റലിന് നാശനഷ്ടം വരുത്തുകയോ ചെയ്യാതെയാണ് ഇവര്‍ തങ്ങളുടെ അവകാശത്തിനു വേണ്ടി പോരാടുന്നത്.

3975 രൂപയാണ് ഇവര്‍ക്ക് കാരക്കോണം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് കനിഞ്ഞു നല്‍കുന്നത്. ഈ ‘വലിയ തുക’ കൊണ്ടു വേണം ഒരു മാസത്തെ എല്ലാ ചെലവുകളും തള്ളിനീക്കാന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൌസ് സര്‍ജന്മാര്‍ക്ക് നല്‍കുന്ന തുക തന്നെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലും നല്‍കണം എന്ന വിജ്ഞാപനം കാറ്റില്‍പ്പറത്തിയാണ് മാനേജ്മെന്റ് 66 പെണ്‍കുട്ടികളും 36 ആണ്‍കുട്ടികളും അടക്കം 102 പേരെ ചൂഷണം ചെയ്യുന്നത്. 20000 രൂപ യുടെ സ്ഥാനത്ത് മാനേജ്മെന്റ് നല്‍കുന്ന 3975 രൂപ ഇവരുടെ നിത്യചിലവിന് പോലും തികയില്ല.സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവകയുടെ കീഴിലുള്ള ഡോക്ടര്‍ സോമര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് എന്ന കാരക്കോണം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് സമരം തകര്‍ക്കാനായി സെക്യൂരിറ്റി എന്നപേരില്‍ ഗുണ്ടകളെ വരെ ഇറക്കിയിട്ടുണ്ട് എന്ന് ഹൌസ് സര്‍ജന്മാര്‍ പറയുന്നു. പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നത്‌ ഉറപ്പായതിനാല്‍ പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണ് ഇവരുടെത്. കോഴ്സ് പൂര്‍ത്തിയായെങ്കിലും ഇന്‍ഡിപെന്‍ഡന്‍റ്റ് പ്രാക്ടീസ് ചെയ്യാന്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസമുള്ളതിനാല്‍ പലരും വളരെ മോശമായ സാമ്പത്തിക സ്ഥിതിയിലാണ്.

എന്നാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ല എന്നാണ് കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുശീല കെ. പിള്ള പ്രതികരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ ഒന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു.

സ്‌റ്റൈപ്പന്‍ഡ് വെട്ടിപ്പില്‍ മാത്രം തീരുന്നില്ല മാനേജ്മെന്റ് പ്രതികാരം. മാസത്തില്‍ ഒരു ദിവസത്തെ ലീവ് ഇവര്‍ക്ക് അനുവദനീയമാണ്. ലീവ് എക്സ്റ്റന്‍ഡ് ചെയ്യുകയാണെങ്കില്‍ ഓരോ ദിവസവും 250 രൂപ പിഴയൊടുക്കേണ്ടി വരും. എന്നാല്‍ പിഴ തുകയിലും എത്ര ദിവസത്തേക്ക് ലീവ് നീട്ടി എന്നുള്ളതിലും മാറ്റം വരുത്താന്‍ മാനേജ്മെന്‍റ്റിനു കഴിയും. അതായത് ഒരു ദിവസം ലീവ് എടുത്താലും അധികാരികള്‍ മൂന്ന് എന്ന് മാര്‍ക്ക് ചെയ്യുകയാണെങ്കില്‍ ആ ദിനങ്ങളിലെ ഫൈന്‍ 750 രൂപ(250 രൂപ ദിവസം) ഹൌസ് സര്‍ജന്മാര്‍ അടയ്ക്കേണ്ടി വരുമെന്നു സാരം. പ്രതിഷേധിക്കുന്നവരെ അബ്സ്കോണ്‍ണ്ടഡ് ഫ്രം ഡ്യൂട്ടി എന്ന് രേഖപ്പെടുത്താനാണ് നീക്കം. അത് വഴി ക്രിമിനല്‍ കേസ് ചാര്‍ജ്ജ് ചെയ്യുമെന്നാണ് ഭീഷണി.

തീരാത്ത ഫീസുകള്‍

ഇവരില്‍ നിന്നും ഓരോ വര്‍ഷവും പല പേരില്‍ വാങ്ങുന്നത് ഭീമമായ തുകയാണ്. മിസലേനിയസ് ഫീസ്‌ എന്നപേരില്‍ എന്താണെന്നു പോലും അറിയാതെ 30000 മുതല്‍ 40000 വരെ മാനേജ്മെന്റ് വാങ്ങുന്നുണ്ട്. ബിരുദവിദ്യാഭ്യാസ സമയത്തെ മെസ്സ് ഫീ പോലും ഇവരില്‍ നിന്നും ഇപ്പോള്‍ ഈടാക്കുന്നു. അന്നത്തെ ഫീ വാങ്ങിയതില്‍ ഓഡിറ്റ് ഇഷ്യൂ ഉണ്ടായിരുന്നു എന്നതാണ് അധികൃതരുടെ ന്യായം.

ട്രാന്‍സ്പോര്‍ട്ടിംഗ് സൗകര്യം ഇവര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. തങ്ങള്‍ ജോയിന്‍ ചെയ്യുന്നതിനു മുന്‍പുതന്നെ കോളേജ് ബസ് കട്ടപ്പുറത്തായിരുന്നു എന്ന് ഹൌസ് സര്‍ജന്മാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ വര്‍ഷവും അതിനായി ഒരു നല്ല തുക ഈടാക്കാറുണ്ട്. അതും പോരാതെ സ്റ്റാഫുകള്‍ക്കു വേണ്ടിയുള്ള വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ പോലും 50 രൂപ നല്‍കണം.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ഫീസ്‌ വര്‍ഷാവര്‍ഷം അടയ്ക്കുന്ന ഇവര്‍ക്ക് ഓരോ തവണ നെറ്റ് ഉപയോഗിക്കുന്നതിനും പ്രത്യേകം ചാര്‍ജ്ജ് നല്‍കേണ്ടിയും വരുന്നു. കാമ്പസില്‍ ഉള്ള ലൈബ്രറിയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കും ഹൌസ് സര്‍ജന്മാര്‍ക്കും ബുക്കുകള്‍ നല്‍കില്ല എന്നതാണ് മാനേജ്മെന്റ് തീരുമാനം. എന്നാല്‍ അതിനുള്ള ഫീസ്‌ വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ അടച്ചതാണ് എന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ്‌ പണം പിടുങ്ങാനുള്ള മാനേജ്മെന്റ് അത്യാര്‍ത്തി വെളിവാകുന്നത്. മറ്റൊന്ന് ഹോസ്റ്റലിലെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തുക സ്വന്തം പോക്കറ്റില്‍ നിന്നും കണ്ടെത്തണം എന്നുള്ള തീരുമാനം കൂടി ഈ 102 പേരുടെ മേല്‍ അധികൃതര്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്, അത് റൂം വാടകയ്ക്ക് പുറമേ.

ഏറ്റവും വലിയ പകല്‍ക്കൊള്ള മെസ്സ് ബില്ലിന്റെ പേരിലാണ്. ഇല്ലാത്ത മെസ്സിന്റെ പേരിലാണ് കാരക്കോണം മെഡിക്കല്‍ കോളജിലെ ഹൌസ് സര്‍ജന്മാര്‍ പണം അടയ്ക്കേണ്ടി വരുന്നത്. മുന്‍പുള്ള വര്‍ഷങ്ങളിലെ തുക ഇവര്‍ പൂര്‍ണ്ണമായും അടച്ചു തീര്‍ത്തതുമാണ്. നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ചതുമാണ്. അടുത്തിടെ നടന്ന മീറ്റിംഗില്‍ കോളേജ് ഡയറക്ടര്‍ ആയ ഡോ. ബെന്നറ്റ്‌ എബ്രഹാം ചോദിച്ചത് ‘നാണമില്ലേ നിങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് കാശു കൊടുക്കാതിരിക്കാന്‍’ എന്നാണ്. അതേ മീറ്റിംഗില്‍ തന്നെയാണ് ഒരു വണ്‍മാന്‍ ഷോ നടത്തി ഡയറക്ടര്‍ ഹൌസ് സര്‍ജന്മാരുടെ ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞത്.

പുതുതായി ഉയരുന്ന ഭീഷണികള്‍


‘2008 ബാച്ചിലുള്ളവരാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് 2975ല്‍ നിന്നും 1000 രൂപ വര്‍ദ്ധിപ്പിച്ചത്‌. അങ്ങനെയാണ് സ്‌റ്റൈപ്പന്‍ഡ് 3975ലേക്ക് എത്തുന്നത്. അതും വളരെ ശക്തമായ സമരത്തിനു ശേഷം. എന്നാല്‍ നിലവിലെ പ്രതിഷേധം ഏതു വിധേയനും അടിച്ചമര്‍ത്താനാണ് ഇവരുടെ ശ്രമം. ഹൌസ് സര്‍ജന്മാരില്‍ ചിലരുടെ വീടുകളില്‍ ബന്ധപ്പെട്ട് ‘ഞങ്ങള്‍ കേസ് കൊടുക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ നിങ്ങളുടെ മകളുമുണ്ട്. എത്രയും പെട്ടെന്ന് സമരത്തില്‍ നിന്നും പിന്മാറാന്‍ അവരോട് നിങ്ങള്‍ ആവശ്യപ്പെടണം’ എന്നു പറയുകപോലും ചെയ്തു’ സമരമുഖത്തുള്ള ഒരു ഹൌസ് സര്‍ജന്‍ വെളിപ്പെടുത്തി.

നിലവില്‍ മറ്റു ചില ഭീഷണികള്‍ കൂടി ഇവര്‍ നേരിടുന്നുണ്ട്. അതിലൊന്നാണ് സെക്യൂരിറ്റി എന്ന പേരില്‍ ഗുണ്ടകളെ നിയമിച്ച മാനേജ്മെന്റ് നടപടി. ആര്‍ക്കും ഇപ്പോഴും കടന്നു ചെല്ലാവുന്ന ലേഡീസ്/മെന്‍സ് ഹോസ്റ്റലില്‍ വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുകയാണ് ഹൌസ് സര്‍ജന്മാര്‍. പ്രതിഷേധം തകര്‍ക്കാനായി വിദ്യാര്‍ഥികളെ തമ്മില്‍ തെറ്റിക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തി. 2002ല്‍ നടന്നതുപോലെ പൊതുമുതല്‍ നശിപ്പിച്ചു, കഞ്ചാവ് കൈവശം വച്ചു എന്നുള്ള കള്ളക്കേസുകളില്‍ കുടുക്കാനുള്ള സാധ്യതയും നിലവിലുള്ളതിനാല്‍ ഊഴം വച്ച് കാവലിരിക്കുകയാണ് പ്രതിഷേധക്കാര്‍. കൈയിലുള്ള മൊബൈലുകളും ക്യാമറകളും സദാസമയവും ഓണ്‍ ചെയ്ത് സൂക്ഷിച്ചാണ് ഈ 102 പേരും ഓരോ നിമിഷവും തള്ളിനീക്കുന്നത് എന്ന് ഹൌസ് സര്‍ജന്മാരില്‍ ഒരാള്‍ വ്യക്തമാക്കുന്നു.
ഇതു കൂടാതെ പ്രതിഷേധിക്കുന്നവരെ മാനസികമായി തളര്‍ത്താനുള്ള രീതികളും മാനേജ്മെന്റ് ആവിഷ്കരിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍മാര്‍, മിഡില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വഴി ഹൌസ് സര്‍ജന്മാരെ ഭീഷണിപ്പെടുത്തുന്ന നടപടിയും ആശുപത്രിയില്‍ നടക്കുന്നുണ്ട്.

മിഡില്‍ ഓഫീസര്‍മാരായുള്ളത് കൂടുതലും വികാരികള്‍ ആണെന്ന് ഒരു വിദ്യാര്‍ഥിനി സാക്ഷ്യപ്പെടുത്തുന്നു.

‘ഇടയ്ക്കിടെ ചെക്കിംഗിനു വരിക മിഡില്‍ ഓഫീസര്‍മാര്‍ ആയിരിക്കും. തികച്ചും പരുഷമായ രീതിയിലുള്ള പെരുമാറ്റമാണ് അവരുടേത്. വനിതാ ഹൌസ് സര്‍ജന്മാരുടെ ബാഗ് പരിശോധിക്കുക. മോശമായ സംസാരരീതി ഉപയോഗിക്കുക എന്നിവ സ്ഥിരമാണ്. ഞങ്ങളുടെ മുകളില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മിഡില്‍ ഓഫീസര്‍മാര്‍ക്ക് അധികാരമില്ല. എങ്കിലും ഇവരെയൊക്കെ സഹിച്ചുവേണം ഓരോ ദിവസവും മുന്നോട്ടു പോകാന്‍. 36 മുതല്‍ 72 മണിക്കൂര്‍ വരെ ഒറ്റ സ്ട്രെച്ചില്‍ ഡ്യൂട്ടി ചെയ്തു വന്നാല്‍ കിട്ടുക ഒരു മണിക്കൂര്‍ ആണ്. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാം തീര്‍ത്തു തിരികെയെത്തണം. ഇല്ലെങ്കില്‍ ഫൈന്‍ വേറെയുണ്ടാവും. വെള്ളം പോലും സമയത്ത് ലഭിക്കാറില്ല. കിട്ടുന്നത് റീസൈക്കിള്‍ ചെയ്തതാണോ എന്നും സംശയം ഉണ്ട് ഞങ്ങള്‍ക്ക്. അതിലെ ബ്രൌണ്‍ പാര്‍ട്ടിക്കിള്‍സ് ഒക്കെ അതുപോലെ തന്നെയുണ്ടാവും. സ്‌റ്റൈപ്പന്‍ഡ് ചിലപ്പോള്‍ രണ്ടു മാസം കൂടുമ്പോഴാണ് കിട്ടുക. മനുഷ്യരാണ് എന്നുള്ള പരിഗണന പോലും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. ഡ്യൂട്ടിക്കിടെ ടോയ്‌ലറ്റില്‍ പോയ വനിതാ ഹൌസ് സര്‍ജനോട് രോഗികള്‍ ഉപയോഗിക്കുന്ന കത്തീറ്റര്‍ യൂറിന്‍ ബാഗ് ഉപയോഗിക്കാനാണ് ഒരു മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞത്. സമാനമായ ഒരുപാട് സംഭവങ്ങള്‍’-
മാനേജ്മെന്റ് പ്രതികാരത്തിനിരയായ വനിതാ ഹൌസ് സര്‍ജന്മാരില്‍ ഒരാള്‍ തന്റെ അനുഭവം വിവരിച്ചു.

ഇത്തരം നടപടികള്‍ ഒരു പുതുമയല്ല എന്നാണ് അനന്തപുരി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍ മനോജ്‌ വെള്ളനാട് പറയുന്നത്.

‘എല്ലാദിവസവും ഇരുപത്തിനാല് മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്ന ഒരാള്‍ക്ക് മാസത്തില്‍ ലഭിക്കുന്ന തുകയാണ് ഈ 3975 രൂപ. ഇന്നത്തെ സാഹചര്യത്തില്‍ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുപ്രായമുള്ള ഒരാള്‍ക്ക് ഈ തുക എന്തിനൊക്കെ തികയുമെന്നു ആര്‍ക്കും മനസിലാക്കാവുന്നതല്ലേ ഉള്ളൂ. ആരോഗ്യ സര്‍വകലാശാലയുടെ സര്‍ക്കുലര്‍ കൈപ്പറ്റാന്‍ പോലും ധാര്‍ഷ്ട്യത്തോടെ വിസമ്മതിയ്ക്കുന്ന കാരക്കോണം മാനെജ്മെന്റ് ഈ പാവം അടിമകളുടെ സമരത്തെ എങ്ങനെ നേരിടുമെന്ന് നമുക്കൂഹിക്കാം. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മാനസികമായി തളര്‍ത്താന്‍ വേണ്ട പലവിധമായ അധികാരങ്ങള്‍ മാനേജ്മെന്റിന്റെ കൈവശം വേറെയും ധാരാളം ഉണ്ടല്ലോ’- ഡോക്ടര്‍ മനോജ്‌ അഭിപ്രായപ്പെടുന്നു.

പണിമുടക്ക് ആരംഭിക്കുന്നതിനു മുന്പ് ഹൌസ് സര്‍ജന്മാര്‍ ജസ്റ്റിസ് ജെഎം ജെയിംസ് തലവനായുള്ള അഡ്മിഷന്‍ സൂപ്പര്‍വൈസറി/ഫീ റെഗുലേറ്ററി കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇടപെട്ട് മീറ്റിംഗ് നീട്ടി വെയ്പ്പിക്കുകയായിരുന്നു. ഏപ്രില്‍ 30നു നടത്താനിരുന്ന ഫൈനല്‍ മീറ്റിംഗ് മേയ് 17ലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിലെ ഹൌസ് സര്‍ജന്‍സിനു കോഴ്സ് പൂര്‍ത്തിയാവാന്‍ ഇനി രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് മാനേജ്മെന്റ് ഇടപെടല്‍ നടക്കുന്നത്. കോഴ്സ് തീര്‍ന്നാല്‍ ഇവര്‍ സ്റ്റൈപന്‍ഡ് എന്ന വിഷയം വിട്ടുകളയും എന്നാണ് കോളേജിന്റെ ധാരണ. എന്നാല്‍ തങ്ങള്‍ക്കു ശേഷം വരുന്നവര്‍ക്കായെങ്കിലും ഇക്കാര്യം തങ്ങള്‍ നേടിയെടുക്കും എന്ന വിശ്വാസത്തിലാണ് ഹൌസ് സര്‍ജന്മാര്‍.

മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 102 ഹൌസ് സര്‍ജന്മാരുടെ പ്രക്ഷോഭം. ഒന്ന് സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിക്കുക. രണ്ട് ലീവ് എക്സ്റ്റന്‍റ്റ് ചെയ്യുമ്പോഴുള്ള 250 രൂപ ഫൈന്‍ എടുത്തു മാറ്റുക. മൂന്ന്, മെന്‍സ് ഹോസ്റ്റല്‍ വാസികളില്‍ നിന്നും അടിക്കടി മെസ്സ് ഫീ ഡ്യൂ പിടിച്ചുവാങ്ങുന്ന നടപടി അവസാനിപ്പിക്കുക. ഇത് മൂന്നും അംഗീകരിക്കാതെയുള്ള ഒരു തീര്‍പ്പിനും തങ്ങള്‍ തയ്യാറല്ല എന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. മുന്പ് നടന്നതുപോലെ കാമ്പസില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചാലും തങ്ങള്‍ വിട്ടുകൊടുക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഹൌസ് സര്‍ജന്മാര്‍.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories