TopTop
Begin typing your search above and press return to search.

കുടിയേറ്റ വിദ്വേഷത്തില്‍ പ്രക്ഷുബ്ദമായി ദക്ഷിണാഫ്രിക്ക

കുടിയേറ്റ വിദ്വേഷത്തില്‍ പ്രക്ഷുബ്ദമായി ദക്ഷിണാഫ്രിക്ക

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരങ്ങളായ ഡര്‍ബനിലും ജോഹന്നാസ്ബര്‍ഗിലും വിദേശവിദ്വേഷികളായ ജനക്കൂട്ടവുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ച് കുടിയേറ്റക്കാരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സംഘര്‍ഷങ്ങളും കലാപങ്ങളും ഉണ്ടായേക്കും എന്ന ഭീതിയെ തുടര്‍ന്ന് ആയിരക്കണക്കിന് വിദേശികളാണ് പോലീസ് സ്‌റ്റേഷനുകളിലും താല്‍ക്കാലിക ആശ്വാസകേന്ദ്രങ്ങളിലും എന്തിന് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളിലും വരെ അഭയം പ്രാപിച്ചിരിക്കുന്നത്. ചിലരാകട്ടെ സ്വന്തം തട്ടകം സംരക്ഷിക്കുന്നതിന് വടിവാള്‍ ധാരികളായ ജാഗ്രത സംഘങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്.

പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട്, സമാധാനം പാലിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'മനുഷ്യജീവനോടുള്ള ബഹുമാനവും മനുഷ്യാവകാശവും ഉള്‍പ്പെടെ ദക്ഷിണാഫ്രിക്ക പ്രതിനിധാനം ചെയ്യുന്ന എല്ലാ മുല്യങ്ങളുടെയും ലംഘനമാണ് ഇത്തരം ആക്രമണങ്ങള്‍,' എന്ന് അദ്ദേഹം പറഞ്ഞു. 'ഏത് തരത്തിലുള്ള നിരാശയോ രോഷമോ ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാകുന്നില്ല.'

സായുധരായ ജനങ്ങള്‍ ഡര്‍ബനില്‍ വിദേശികള്‍ നടത്തുന്ന കടകള്‍ ആക്രമിച്ചതോടെയാണ് കഴിഞ്ഞയാഴ്ച കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തുള്ള വിദേശ കുടിയേറ്റക്കാര്‍ ദക്ഷിണാഫ്രിക്കക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും അതിനാല്‍ അവര്‍ എത്രയും പെട്ടെന്ന് 'സാധനങ്ങളും കെട്ടിപ്പെറുക്കി വിട്ടുപോകണമെന്നും,' നാമമാത്ര സുളു രാജാവായ ഗുഡ്വില്‍ സ്വേലിത്തിനി രണ്ടാഴ്ച മുമ്പ് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതാണ് കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

സുളുകള്‍ ഏറ്റവും വലിയ ഗോത്ര സമൂഹമായ ഡര്‍ബനില്‍ ഈ പ്രസ്താവന തീയില്‍ എണ്ണ പകരുന്നത് പോലെയായി എന്ന് മാത്രമല്ല, കഴിഞ്ഞ ജനുവരിയില്‍ കൊള്ളക്കാര്‍ നാല് വിദേശികളുടെ കടകള്‍ തീയിട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നാല് പേര്‍ മരിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ അസ്വസ്ഥതകള്‍ അത് സൃഷ്ടിക്കുകയും ചെയ്തു. കൂടുതലും ആഫ്രിക്കക്കാരായ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 60 പേരുടെ മരണത്തിന് ഇടയാക്കിയ കുടിയേറ്റ വിരുദ്ധോന്മാദത്തെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട 2008ലാണ് വര്‍ണവിവേചനാന്തര ദക്ഷിണാഫ്രിക്ക ഏറ്റവും രൂക്ഷമായ സ്ഥിതിയെ നേരിട്ടത്.

തെരുവുകളില്‍ നടന്ന വംശഹത്യ നല്‍കിയ ഭീതിജനക കാഴ്ചകള്‍, ബഹുഗോത്രാധിഷ്ടിതവും വംശീയ സൗഹൃദത്തിലൂന്നിയതുമായ നെല്‍സണ്‍ മണ്ഡേലയുടെ 'മഴവില്‍' രാജ്യ സങ്കല്‍പത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു.

എന്നാല്‍, കലാപത്തിന് കാരണമായ പ്രശ്‌നങ്ങള്‍ അതിന് ശേഷവും നിലനിന്നിരുന്നു എന്ന് മാത്രമല്ല വ്രണത്തില്‍ നിന്നും ചലം വമിക്കാന്‍ തുടങ്ങിയെന്ന് ചിലരെങ്കിലും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 25 ശതമാനമാണ്. ഇത് തന്നെ വളരെ കൂടുതലാണെന്നിരിക്കെ യഥാര്‍ത്ഥ നിരക്ക് ഇതിലും വളരെ വലുതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍, വിദേശികളെ ബലിയാടാക്കുകയാണ് ചെയ്യുന്നത്.ദക്ഷിണാഫ്രിക്കയിലെ വിദേശ ജനസംഖ്യയെക്കുറിച്ചുള്ള കണക്കുകളിലും വ്യക്തതയില്ല. മൊത്തം 53 മില്യണ്‍ ജനസംഖ്യയില്‍ രണ്ട് മില്യണ്‍ മുതല്‍ അഞ്ച് മില്യണ്‍ വരെ വിദേശികള്‍ ഉണ്ടാകാം എന്ന് അനുമാനിക്കപ്പെടുന്നു. സിംബാവെ, സാംബിയ, മൊസാംബിക്, മലാവി, ടാന്‍സാനിയ, എത്തിയോപ്പിയ, നൈജീരിയ, മറ്റ് സബ്-സഹാറന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഭൂഖണ്ഡത്തിലെ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണ് ഇവരില്‍ ഭൂരിപക്ഷവും. ദക്ഷിണാഫ്രിക്കയില്‍ അഭയം തേടിയ ബംഗ്ലാദേശികളും പാകിസ്ഥാനികളും ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. രാജ്യത്തെ നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിദേശവിദ്വേഷത്തോടും വിദേശികള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളോടും അതിന് പ്രേരണ നല്‍കുന്നതിനോടുമൊക്കെ തണുത്ത പ്രതികരണമാണ് സുമ സര്‍ക്കാരിനുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിദ്വേഷപരമായ പ്രസംഗം നടത്തിയ സുളു രാജാവിനെതിരെയും അവര്‍ വിരല്‍ ചൂണ്ടുന്നു.

'ഡര്‍ബന്‍ കലാപത്തിന് മുമ്പ് സ്വേലിത്തിനി നടത്തിയത് പോലെയുള്ള വീണ്ടുവിചാരമില്ലാത്തതും വൈകാരികവുമായ പൊതു പ്രസ്താവനകള്‍ അസന്നിഗ്ധമായി അപലപിക്കപ്പെടേണ്ടതാണ്,' എന്ന് മനുഷ്യാവകാശ സംഘടന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'അതുപോലെ തന്നെ പരിതികള്‍ ലംഘിക്കുകയും വികാരങ്ങള്‍ വിദേശികള്‍ക്കെതിരായ നേരിട്ടുള്ള ശാരീരികാക്രമണമായി മാറ്റാന്‍ ശ്രമിക്കുന്നവരെ വിചാരണ ചെയ്യുകയും ചെയ്യണം.'

വിദ്വേഷ പ്രസംഗം നടത്തിയതിന് സ്വേലിത്തിനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തിന്റെ വര്‍ണവിവേചന ചരിത്രവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളും കണക്കിലെടുക്കുമ്പോള്‍, ബഹുഗോത്ര സംസ്‌കാരം നിലനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയിലെ വിദേശവിദ്വേഷം വളരെ സങ്കീര്‍ണമായ ഒന്നാണ്. അനധികൃത കുടിയേറ്റത്തിനെതിരായ ശക്തമായ വികാരവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ വിദേശ വിദ്വേഷത്തെ എതിര്‍ക്കുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്. ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റത്തില്‍ ലജ്ജയും രോഷവും പ്രകടിപ്പിക്കുന്ന സന്ദേശങ്ങള്‍ അടങ്ങിയ #xenophobia എന്ന ഹാഷ്ടാഗ് രാജ്യത്ത് വലിയ പ്രചാരം നേടിയിരുന്നു.

ഡര്‍ബനിലെ വിദേശികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 'ഒരു ഏകീകൃത ആഫ്രിക്ക,' വിദേശ വിദ്വേഷം തുലയട്ടെ' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി കഴിഞ്ഞ ദിവസം നഗരത്തിലെ തെരുവുകളെ പിടിച്ചുലച്ചിരുന്നു.


Next Story

Related Stories