TopTop
Begin typing your search above and press return to search.

നേപ്പാള്‍: സ്വവര്‍ഗ്ഗാനുരാഗികളും വാടക ഗര്‍ഭപാത്രങ്ങളും

നേപ്പാള്‍: സ്വവര്‍ഗ്ഗാനുരാഗികളും വാടക ഗര്‍ഭപാത്രങ്ങളും

റൂത്ത് എഗ്ലാഷ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമീര്‍ മിഷേലി മോളിയാണ്‍ തന്റെ നവജാതശിശുവിനെ മുറുകെ പിടിച്ചിരുന്നു.

കുഞ്ഞു മായ കാഠ്മണ്ഡുവില്‍ പിറന്നുവീണിട്ടു 10 ദിവസമേ ആയുള്ളൂ. പക്ഷേ അതിനകം അവളും കുടുംബവും അവളുടെ രണ്ടു അച്ഛന്‍മാരും ചെറിയ ചേച്ചി ഷിറായും വലിയൊരു ഭൂകമ്പവും രക്ഷാപ്രവര്‍ത്തനവും വൈദ്യസഹായ വിമാനത്തിലെ യാത്രയുമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവരുടെ വീട്ടില്‍ മുഴുവന്‍ സമയവും ഇസ്രയേലി മാധ്യമപ്രവര്‍ത്തകരുടെ തിരക്കാണ്.

നേപ്പാളി സ്ത്രീകളുടെ വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രങ്ങളില്‍ അടുത്തിടെ പല ഇസ്രയേലി ദമ്പതികള്‍ക്ക്- മിക്കവരും സ്വവര്‍ഗാനുരാഗികള്‍- പിറന്ന 26 കുഞ്ഞുങ്ങളില്‍ ഒരാളാണ് മായ. കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി എത്തിയ ഇവര്‍ പലരും ഭൂചലനത്തെ തുടര്‍ന്ന് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായി.

എന്നാലും രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ കുഞ്ഞുങ്ങളെയും സുരക്ഷിതമായി ഇസ്രായേലിലെത്തിച്ചു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എത്ര സങ്കീര്‍ണവും ചെലവേറിയതുമായ പ്രക്രിയയിലൂടെയാണ് ഇവര്‍ക്ക് കടന്നുപോകേണ്ടിവരുന്നതെന്ന്, പ്രത്യേകിച്ച് സ്വവര്‍ഗാനുരാഗികളായവര്‍ക്ക്, ഈ സംഭവം കാണിക്കുന്നു.

'കഴിഞ്ഞ 72 മണിക്കൂറായി ഞാന്‍ ശരിക്ക് ഉറങ്ങിയിട്ടില്ല. പക്ഷേ ഞങ്ങളുടെ കഥ ലോകമറിയണം,' അമീര്‍ പറഞ്ഞു. അഞ്ചു കൊല്ലം മുമ്പാണ് അയാള്‍ അലോണിനെ വിവാഹം കഴിച്ചത്.

ദുരിതപൂര്‍ണമായിരുന്നു ഭൂചലനത്തെ തുടര്‍ന്നുള്ള സമയമെന്ന് അയാള്‍ പറഞ്ഞു. കുട്ടികളെ സുരക്ഷിതമായി ഇരുത്താനിടമില്ലാതെ തുടര്‍ചലനങ്ങളില്‍ ധൈര്യം വിടാതെ ഇരിക്കാന്‍ ശ്രമിച്ചു. 'മരണത്തിന്റെ ഗന്ധം വായുവില്‍ നിറഞ്ഞുനിന്നു.'

രണ്ടാമതൊരു കുഞ്ഞിനു വേണ്ടിയായിരുന്നു അവര്‍ നേപ്പാളില്‍ എത്തിയത്. ഇസ്രായേലിലും വാടക ഗര്‍ഭധാരണം (മറ്റൊരാളുടെ/ദമ്പതികളുടെ ഭ്രൂണത്തെ/കുഞ്ഞിനെ വേറൊരു സ്ത്രീ ഗര്‍ഭത്തില്‍ ചുമക്കുന്ന രീതി) ഉണ്ടെങ്കിലും അത് എതിര്‍ലിംഗങ്ങളില്‍പ്പെട്ട കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ക്ക് മാത്രം അനുവദനീയമാണ്. സ്വവര്‍ഗ പുരുഷ ദമ്പതികള്‍ക്ക് ഇതിനായി ഈ വിലക്കില്ലാത്ത വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.

കാഠ്മണ്ഡുവില്‍ നിന്നും ഇസ്രയേല്‍ സര്‍ക്കാര്‍ സുരക്ഷിതമായി ഒഴിപ്പിച്ച 26 കുട്ടികളില്‍ 15 പേരുടെയും ജനനം സാധ്യമാക്കിയത് ടാമൂസ് എന്നൊരു അന്താരാഷ്ട്ര സംഘടനയാണ്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 400 ദമ്പതികള്‍ക്ക്, ഇതില്‍ 80 ശതമാനവും സ്വവര്‍ഗ ദമ്പതികളാണ്, ഇങ്ങനെ കുട്ടികളെ ലഭിക്കാന്‍ അവര്‍ സഹായിച്ചിട്ടുണ്ട്. യു.എസ്, യൂറോപ്പ്, ആസ്‌ട്രേലിയ, ഏഷ്യ എന്നിവടങ്ങളിലെ ദമ്പതികള്‍ക്കായി ഇവര്‍ പ്രവര്‍ത്തിക്കുന്നു.

വിദേശ ദമ്പതികള്‍ക്കായി കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ഗര്‍ഭത്തിന്റെ വിവിധ ഘട്ടത്തിലുള്ള 80 സ്ത്രീകള്‍ ഇപ്പോള്‍ നേപ്പാളില്‍ ഉണ്ടെന്ന് ഏജന്‍സിയുടെ വിപണന, വ്യാപാര മാനേജര്‍ റോയ് യോള്‍ദോസ് പറയുന്നു. ഈ സ്ത്രീകളെല്ലാം ഇന്ത്യക്കാരാണ്, എന്നാല്‍ ഇവര്‍ തങ്ങളുടെ ഗര്‍ഭകാലം കാഠ്മണ്ഡുവിലാണ് കഴിയുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും അയാള്‍ അറിയിച്ചു.

'ഇനി എന്താണ് സംഭവിക്കുക എന്ന ആശങ്കയിലാണ് ഞങ്ങള്‍,' അടുത്ത കുറച്ചാഴ്ച്ചകള്‍ക്കുളില്‍ തന്റെയും പങ്കാളി റാമി ഗോതെല്‍സിന്റെയും കുഞ്ഞിനെ പ്രതീക്ഷിക്കുന്ന യാനിവ് ഗുട്വീര്‍ട് പറഞ്ഞു. 'ഈ മാസം അവസാനം അവിടെ എത്തേണ്ടതാണ്. പക്ഷേ ഇനിയത് നടക്കുമോ എന്നറിയില്ല.'

'മാനസിക പിരിമുറുക്കം ഗര്‍ഭകാലത്ത് നന്നല്ലെന്നു' അയാള്‍ക്കറിയാവുന്നതുകൊണ്ട് വാടകഗര്‍ഭം ധരിച്ച സ്ത്രീയെക്കുറിച്ചും അയാള്‍ക്ക് ആശങ്കയുണ്ട്. വാടക ഗര്‍ഭം ധരിച്ച എല്ലാ സ്ത്രീകളേയും ഇസ്രായലിലേക്ക് കൊണ്ടുവരാമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നെങ്കിലും അത് പ്രായോഗികമാവുമോ എന്നറിയില്ല.ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കാന്‍ കഴിയുന്ന നേപ്പാളില്‍ ഇത്തരത്തില്‍ എത്ര കുഞ്ഞുങ്ങള്‍ ജനിക്കുന്നെന്ന് അറിയില്ല. നേരത്തെ ഇന്ത്യയും തായ്‌ലണ്ടും ആയിരുന്നു മുന്നില്‍. എന്നാല്‍ രണ്ടു രാജ്യങ്ങളും ഈയിടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് ഈ സൗകര്യം നിഷേധിക്കുന്ന രീതിയില്‍ ചട്ടങ്ങള്‍ മാറ്റി.

'ഗര്‍ഭപാത്രം വാടകക്ക് വേണ്ടവര്‍ക്ക് (സ്വവര്‍ഗ ദമ്പതികള്‍ക്ക് ) ഇപ്പോള്‍ രണ്ടു മാര്‍ഗങ്ങളെയുള്ളൂ. യു എസും നേപ്പാളും. നേപ്പാളില്‍ ചെലവ് അമേരിക്കയേക്കാള്‍ 50% കുറവും,' യോള്‍ദോസ് പറഞ്ഞു. നേപ്പാളില്‍ ചെലവ് 30,000 തൊട്ട് 50,000 ഡോളര്‍ വരെയാണെങ്കില്‍ യു.എസിലിത് 1,50,000 ഡോളറാകും.

ടമുസിനെ പോലുള്ള ഏജന്‍സികള്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്, പ്രത്യേകിച്ച് സ്വവര്‍ഗ ദമ്പതികള്‍ക്ക്, വലിയ മാറ്റമാണ് സൃഷ്ടിച്ചത്. 'ടെല്‍ അവീവില്‍ കുഞ്ഞുങ്ങളുടെ ഒരു പെരുപ്പം തന്നെ അതുണ്ടാക്കി.'

ഇസ്രയേലില്‍ കുഞ്ഞുങ്ങളുടെ മതം സംബന്ധിച്ചു ഇവര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. ഈ കുട്ടികളെ മതമില്ലാത്തവരായാണ് ഇസ്രയേല്‍ ആദ്യം കണക്കാക്കുക. യാഥാസ്ഥിതിക ജൂത മതത്തില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പരിഷ്‌കരണ ജൂതമതത്തിലെ ഇവര്‍ക്ക് രക്ഷയുള്ളൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകനേപ്പാളിലെ ഭൂകമ്പവും തുടര്‍ന്ന് വാടക ഗര്‍ഭധാരണത്തിന്റെ വിഷയമുയര്‍ന്നതും ' നാട്ടില്‍ ഇതനുവദിക്കാതെ വിദേശത്തു അനുവദിക്കുന്ന ഇസ്രയേലിന്റെ കാപട്യത്തെ കാണിക്കുന്നു' എന്നു അഭിഭാഷക ഇരിറ്റ് റോസന്‍ബ്ലം പറയുന്നു. ഇസ്രയേല്‍ പാര്‍ലമെന്റ് സ്വവര്‍ഗ ദമ്പതികളെയും ഒറ്റക്കൊരു പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീയെയും വാടക ഗര്‍ഭധാരണ സേവനം ലഭ്യമാക്കാന്‍ അനുവദിക്കുന്ന പ്രാഥമിക നിയമത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. പക്ഷേ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല.

'ഇത് നിരാശപ്പെടുത്തുന്നതാണ്,' അമീര്‍ പറയുന്നു. 'ഞങ്ങളും പൗരന്മാരാണ്, നികുതി നല്കുന്നു, സൈന്യത്തില്‍ ജോലി ചെയ്തവര്‍. പക്ഷേ നിയമം ഞങ്ങളെ തുല്യരായി കാണുന്നില്ല.'


Next Story

Related Stories