TopTop
Begin typing your search above and press return to search.

ബെര്‍ണീ സാന്‍ഡേഴ്സ് ഡെമോക്രാറ്റിക് കക്ഷിയെ മാറ്റിയതെങ്ങനെ?

ബെര്‍ണീ സാന്‍ഡേഴ്സ് ഡെമോക്രാറ്റിക് കക്ഷിയെ മാറ്റിയതെങ്ങനെ?

ടിം ടാങ്കര്‍സ്ലെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ വേനല്‍ക്കാലത്ത് ബെര്‍ണീ സാന്‍ഡേഴ്സിന് രാഷ്ട്രീയ നിരീക്ഷകരൊന്നും ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വത്തിന് ഒട്ടും സാധ്യത കല്‍പ്പിക്കാത്ത കാലത്ത് യു.എസ് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഉദാരവാദി സമ്മതിദായകര്‍ക്കിടയിലെ പുതിയ അഭിപ്രായ സമന്വയമെന്ന് വിളിക്കാവുന്ന കാഴ്ച്ചപ്പാടുകള്‍ക്ക് സാന്‍ഡേഴ്സ് നിരന്തരമായി സ്വതന്ത്രമായി ശബ്ദം നല്കി. “ന്യായവും എല്ലാവ്ര്‍ക്കും അവസരം നല്‍കുന്നതുമായ ഒരു അമേരിക്കന്‍ സമൂഹത്തെ ഇന്നിപ്പോള്‍ ഒരു അട്ടിമറിക്കപ്പെട്ട സമ്പദ് വ്യവസ്ഥ പിടിച്ചെടുത്തിരിക്കുന്നു എന്നതാണു അവസ്ഥ,” സാന്‍ഡേഴ്സ് ഒരഭിമുഖത്തില്‍ പറഞ്ഞു.

അതിലെ നിര്‍ണായകമായ വാക്ക് ‘പിടിച്ചെടുത്തിരിക്കുന്നു’ എന്നാണ്. അമേരിക്കക്കാര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ വ്യാപകമായി പങ്കുവെക്കേണ്ട നേട്ടങ്ങള്‍ സമ്പദ് വ്യവസ്ഥ നല്‍കുന്നില്ല. അത് ആകസ്മികമോ സ്വാഭാവികമോ ആയ ഒരു പരിണതിയല്ല. മറിച്ച് ചിലരുടെ ബോധപൂര്‍വമായ ഇടപെടലുകളുടെ ഭാഗമാണ്. ധനികര്‍, വമ്പന്‍ കോര്‍പ്പറേഷനുകള്‍, പ്രത്യേകിച്ച് വാള്‍ സ്ട്രീറ്റ് ഈ വ്യവസ്ഥയെ പിടിച്ചെടുത്തിരിക്കുന്നു. ഈ സംഘങ്ങളില്‍ നിന്നും അധികാരം തിരിച്ചുപിടിക്കുക മാത്രമാണ് ഇതിനെ തിരുത്താനുള്ള വഴി.

ഈ തിരിച്ചുപിടിക്കലിന് രാജ്യത്തെ വീണ്ടും മഹത്തരമാക്കാനുള്ള ശേഷിയൊന്നുമുണ്ടാകില്ല. പക്ഷേ ഡെമോക്രാറ്റിക് വോട്ടര്‍മാരെ ആവേശം കൊള്ളിപ്പിക്കാനും ഒന്നിപ്പിക്കാനും പോന്ന വിധത്തില്‍ ശക്തമാണത്. സ്വാതന്ത്ര വ്യാപാര കരാറുകള്‍ക്കെതിരായ ശബ്ദമായി വാഷിംഗ്ടണില്‍ അറിയപ്പെട്ടിരുന്ന, പ്രായമേറിയ, പ്രചാരണത്തിന് വേണ്ടത്ര പണമില്ലാത്ത, അടിയുറച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയാണ് സാന്‍ഡേഴ്സ് തന്റെ പ്രചാരണം ആദ്യം തുടങ്ങിയത്. പക്ഷേ പാര്‍ട്ടി നാമനിര്‍ദേശത്തിന് എല്ലാ ഘടകങ്ങളും അടുത്തിടെ കണ്ടതില്‍ വെച്ചു ഏറ്റവുമധികം അനുകൂലമായ, ഹിലാരി ക്ലിന്‍റനെതിരെ ഏതാനും ദശലക്ഷം വോട്ടുകള്‍ മാത്രം പിറകിലായാണ് അദ്ദേഹം മത്സരം അവസാനിപ്പിക്കുന്നത്.

സാന്‍ഡേഴ്സിന്റെ അനുകൂലികളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ നേട്ടം അമേരിക്കയുടെ പ്രശ്നങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ഡെമോക്രാറ്റിക് കക്ഷിയില്‍ ഏറെ സ്വാധീനം ചെലുത്തി എന്നതാണ്. അദ്ദേഹത്തിന്റെ നയപരിപാടികളെ അത് മുഴുവനായും സ്വാഗതം ചെയ്തില്ലെങ്കിലും.ഈ മാറ്റത്തില്‍ എത്രത്തോളമാണ് സാന്‍ഡേഴ്സ് സൃഷ്ടിച്ചതെന്നും എത്രയാണ് ക്ലിന്‍റനെതിരായ പ്രചാരണത്തില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നതൊന്നും പറയുക എളുപ്പമല്ല. വാള്‍ സ്ട്രീറ്റിനെതിരായ പ്രതിഷേധം, വാണിജ്യ കരാറുകളോടുള്ള സംശയദൃഷ്ടി, ധനികരും മറ്റുള്ളവരും തമ്മിലുള്ള അന്തരം എന്നിവയെല്ലാം ഈ തെരഞ്ഞെടുപ്പ് കാലം തുടങ്ങിയതിനുശേഷം പാര്‍ട്ടിയില്‍ രൂക്ഷമായി എന്നു പറയാം.

സാന്‍ഡേഴ്സ് ഈ പ്രശ്നങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവന്നു എന്നു മാത്രമല്ല, വാണിജ്യവും കുറഞ്ഞ കൂലിയും പോലുള്ള ചില വിഷയങ്ങളില്‍ ഹിലാരിയെയും പ്രസിഡണ്ട് ഒബാമയേയും വരെ തന്റെ കാഴ്ച്ചപ്പാടുകളിലേക്ക് കൊണ്ടുവരികയും ചെയ്തു.

“തൊഴിലെടുക്കുന്ന അമേരിക്കക്കാര്‍ക്ക് പ്രധാനമായ വിഷയങ്ങളെ സെനറ്റര്‍ സാന്‍ഡേഴ്സ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു,” ഒരു ഉദാരവാദി ഗവേഷണ സംഘമായ Centre for American Progress-ലെ വൈസ് പ്രസിഡണ്ട് കാര്‍മല്‍ മാര്‍ടിന്‍ പറഞ്ഞു. “വരുമാനത്തിലെ അസമത്വവും സ്തംഭിച്ചുനില്‍ക്കുന്ന വേതനവും പോലുള്ള വിഷയങ്ങള്‍ ഡെമോക്രാറ്റിക് കക്ഷിക്ക് അനുകൂലമായി ചര്‍ച്ചചെയ്യപ്പെടും.”

ഡെമോക്രാറ്റുകള്‍ ധനക്കമ്മി കുറയ്ക്കുന്നതിനെ കുറിച്ചും വലിയ വിലപേശലുകളെക്കുറിച്ചുമുള്ള വര്‍ത്തമാനത്തില്‍ നിന്നും സുരക്ഷാ വളരെ വിപുലമാക്കുന്നതിനെയും പുരോഗമനപരമായ അജണ്ട നടപ്പാക്കുന്നതിനെയും കുറിച്ചു സംസാരിച്ച് തുടങ്ങിയെന്ന് ഒബാമയുടെ ഉപദേശകന്‍ കൂടിയായിരുന്ന സാമ്പത്തിക വിദഗ്ധന്‍ ജാറെഡ് ബെന്‍സ്റ്റീന്‍ പറഞ്ഞു.

“ഏറെക്കാലമായി ഉരുത്തിരിയുന്ന പുരോഗമന ഊര്‍ജത്തെ ബെര്‍ണീ ഫലപ്രദമായി ഉപയോഗിച്ചു.”

സാമൂഹ്യ സുരക്ഷ വിപുലമാക്കല്‍, കുറഞ്ഞ കൂലി വര്‍ദ്ധനവ്, കാറ്റ്, സൌര ഊര്‍ജ സ്രോതസുകളിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കല്‍, സര്‍ക്കാര്‍ ആരോഗ്യരക്ഷ പദ്ധതി എല്ലാവര്‍ക്കും ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒബാമ ഭരണകാലത്ത് പാര്‍ടി പരാജയപ്പെട്ടെന്ന് പരസ്യമായി പറഞ്ഞാണ് സാന്‍ഡേഴ്സ് ഡെമോക്രാറ്റിക് അണികളെ സമീപിച്ചത്.കുറച്ചുകൂടി സാമ്പ്രദായികമായ രീതിയിലാണ് ഹിലാരി നാമനിര്‍ദേശം നേടിയത്. എന്നാല്‍ ഭാവിയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് നയപരിപാടികളില്‍ വലിയ പുരോഗമന സ്വഭാവം വരുത്താതിരിക്കാന്‍ വയ്യ എന്നുറപ്പായിരിക്കുന്നു. പ്രത്യേകിച്ചും ചെറിയ സംഭാവനകളിലൂടെ സാന്‍ഡേഴ്സിന്‍റെ പ്രചാരണനിധിയെ നിറച്ച ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഉണ്ടെന്നിരിക്കെ.

എന്നാല്‍ ആ പണമൊന്നും സാണ്ടെഴ്സിനെ നാമനിര്‍ദേശം നേടുന്നതിലേക്ക് മതിയായില്ല. അദ്ദേഹത്തിന്റെ പാതയിലുള്ള ഭാവി ഡെമോക്രാറ്റുകള്‍ക്ക് വെള്ളക്കാരല്ലാത്ത ഡെമോക്രാറ്റുകളുടെ, പ്രത്യേകിച്ച് ആഫ്രിക്കന്‍-അമേരിക്കക്കാരുടെ പിന്തുണ ഉറപ്പാക്കിയാലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം നേടാനാകൂ.

താന്‍ സ്ഥാനാര്‍ത്ഥിത്വത്തിനാണ് മത്സരിക്കുന്നതെന്ന് സാന്‍ഡേഴ്സ് എന്നും പറഞ്ഞിരുന്നു എങ്കിലും ആദ്യമെല്ലാം തന്റെ ആശയങ്ങളോടുള്ള ആവേശമാണ് തെളിഞ്ഞുനിന്നിരുന്നത്. “ജനങ്ങളെ ഒന്നിപ്പിക്കുകയാണ് എന്റെ ജോലി,” കഴിഞ്ഞ ജൂലായില്‍ സാന്‍ഡേഴ്സ് പറഞ്ഞു. “നിങ്ങള്‍ക്കറിയാം, നാം ഒരൊറ്റ രാത്രികൊണ്ട് ലോകം മാറ്റിമറിക്കാന്‍ പോകുന്നില്ല എന്ന്.”


Next Story

Related Stories