TopTop
Begin typing your search above and press return to search.

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍റെ വിദേശകാര്യ സെക്രട്ടറി; ലോകത്തിന് അത്ര സുഖിച്ചില്ല ഈ പ്രഖ്യാപനം

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍റെ വിദേശകാര്യ സെക്രട്ടറി; ലോകത്തിന് അത്ര സുഖിച്ചില്ല ഈ പ്രഖ്യാപനം

റിക്ക് നൂവക്ക്
(വാഷിംഗ്ടന്‍ പോസ്റ്റ്)

മുന്‍ ലണ്ടന്‍ മേയറും 'ബ്രെക്സിറ്റ്' കാമ്പെയ്ന്‍ അനുകൂലിയുമായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍റെ അടുത്ത വിദേശകാര്യ സെക്രട്ടറിയാകുമെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ച പുറത്തു വന്നപ്പോള്‍ സമാന പദവികളിലുള്ള വിദേശീയരും സ്വന്തം രാജ്യത്തെ രാഷ്ട്രീയവിശകലന വിദഗ്ദ്ധരും ഒരേപോലെ ആശ്ചര്യപ്പെട്ടു.

വെറും രണ്ടാഴ്ച മുന്‍പാണ് ജോണ്‍സണെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ തെരേസ മേയും ചേര്‍ന്നത്: "ബോറിസ് യൂറോപ്പുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ജര്‍മ്മന്‍കാരുമായി നടത്തിയ ഇടപാടില്‍ നിന്ന് മൂന്ന് പുത്തന്‍ വാട്ടര്‍ കാനണുമായാണ് അദ്ദേഹം മടങ്ങി വന്നതെന്ന് എനിക്കോര്‍മയുണ്ട്," അവര്‍ പറഞ്ഞു. മേയ് ഹോം സെക്രട്ടറി ആയിരിക്കുന്ന സമയത്ത് സുരക്ഷാ കാരണങ്ങളാല്‍ ലണ്ടന്‍ തെരുവുകളില്‍ തന്‍റെ വാട്ടര്‍ കാനണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജോണ്‍സണെ അവര്‍ വിലക്കിയിരുന്നു. കണ്‍സര്‍വേറ്റീവ് നേതാവാകാന്‍ എല്ലാവരും പരസ്പരം മല്‍സരിക്കുന്നതിനിടയിലാണ് പരസ്യമായ ആ പരിഹാസത്തിന്‍റെ ഓര്‍മയില്‍ മേയ് ഇതു പറഞ്ഞത്.

രണ്ടാഴ്ച മുന്‍പത്തെ മേയുടെ വാക്കുകള്‍ നല്‍കിയ സന്ദേശം വ്യക്തമായിരുന്നു: യഥാര്‍ത്ഥ നയതന്ത്രചുമതലകള്‍ക്ക് ഈ മനുഷ്യന്‍ പാകപ്പെട്ടിട്ടില്ല. എന്നിട്ടും ബുധനാഴ്ച പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ജോണ്‍സണെ തന്‍റെ ഏറ്റവുമുയര്‍ന്ന നയതന്ത്രജ്ഞനായി മേയ് നിയമിച്ചു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജോണ്‍സണ്‍ ചൊടിപ്പിക്കുന്ന സംസാരത്തിലൂടെ നിരന്തരം വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു. പ്രസിഡന്‍റ് ഒബാമയെ "പകുതി കെനിയന്‍" എന്നു വിളിച്ചപ്പോഴും, രണ്ടു മാസങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിതയില്‍ ടര്‍ക്കിഷ് പ്രസിഡന്‍റ് റെജെപ് തയ്യിപ് എര്‍ദോഗന്‍ ആടുമായി 'ലൈംഗിക സമ്മേളനം' നടത്തുന്നതായി പരാമര്‍ശിച്ചപ്പോഴുമൊക്കെ.

ഡൊണാള്‍ഡ് ട്രംപിനും ഹിലരി ക്ലിന്‍റണും ജോണ്‍സണോടു രണ്ടു വാക്ക് പറയാനുണ്ടാകും: ബ്രിട്ടന്‍റെ ഈ പുതിയ ഫോറിന്‍ സെക്രട്ടറി ക്ലിന്‍റണെ കുറിച്ച് പണ്ടു പറഞ്ഞത് "ഭ്രാന്താശുപത്രിയിലെ ക്രൂരയായ നേഴ്സ്" എന്നായിരുന്നു. "ട്രംപിനെ എങ്ങാനും കണ്ടുമുട്ടുമോ എന്ന പേടി കൊണ്ടു മാത്രമാണ് ഞാന്‍ ന്യൂയോര്‍ക്കിന്‍റെ ചില ഭാഗങ്ങളില്‍ പോകാത്തത്" എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇറാന്‍ ന്യൂക്ലിയര്‍ ബോംബ് ഉണ്ടാക്കിയെന്നു കരുതി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും 2006ല്‍ ജോണ്‍സണ്‍ പറഞ്ഞിരുന്നു.

ഈ കമന്‍റുകളൊക്കെ പരിഹാസവും വിമര്‍ശനങ്ങളും വിളിച്ചു വരുത്തിയെങ്കിലും അതിന്‍റെ തിരിച്ചടികള്‍ ജോണ്‍സണു നേരെ മാത്രമാണുണ്ടായത്, ബ്രിട്ടനെ ബാധിച്ചില്ല. ഇപ്പോള്‍ ആ രാജ്യത്തെ ഏറ്റവും ഉന്നത പദവിയിലുള്ള അന്തര്‍ദേശീയ പ്രതിനിധിയായ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കും അത്രയും പ്രാധാന്യമുണ്ട്. ITV ടെലിവിഷനു കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നല്‍കിയ അഭിമുഖത്തില്‍ പല രാജ്യങ്ങളോടും ലോകനേതാക്കളോടും തനിക്ക് ക്ഷമ പറയേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് ജോണ്‍സണ്‍ തന്നെ ഇതു സമ്മതിക്കുന്നു. "ആ നിരയിലെ ഏറ്റവും മുന്നില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയായിരിക്കും," അദ്ദേഹം പറഞ്ഞു.

അപ്പോള്‍ ഈ സ്ഥാനം ജോണ്‍സണു തന്നെ കൊടുക്കാന്‍ മേയ് തീരുമാനിച്ചതെന്തുകൊണ്ടാവും?തന്‍റെ പുതിയ കാബിനറ്റിലെ ഒരു ഉന്നത പദവിയിലേയ്ക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതുകൊണ്ട് നിഷേധിക്കാനാവാത്ത ഗുണങ്ങള്‍ ഉണ്ട്. ബ്രെക്സിറ്റ് പ്രചാരണത്തില്‍ ഈ മുന്‍ ലണ്ടന്‍ മേയര്‍ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. അതേ സമയം മേയ് ആകട്ടെ ഡേവിഡ് കാമറോണിന്‍റെ കാമ്പെയ്നെ പിന്തുണച്ച് "തുടരണം" എന്ന നിലപാടെടുത്തു.

ഹിതപരിശോധനക്കു ശേഷം ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുമെന്ന് വാക്കു കൊടുത്തതോടെ EU വിടണമെന്നു വാദിച്ച എതിര്‍ക്യാമ്പിനും മേയ് സ്വീകാര്യയായെങ്കിലും ജോണ്‍സണ്‍, മൈക്കല്‍ ഗോവ് അല്ലെങ്കില്‍ ആന്‍ഡ്രിയ ലെഡ്സം ഇവരാരെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേയ്ക്ക് വരേണ്ടതായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഇപ്പോഴും ജനസമ്മതനായ ജോണ്‍സണെ ഗവണ്‍മെന്‍റില്‍ ഉള്‍പ്പെടുത്തുന്നതോടെ വിമര്‍ശകരെ നിശബ്ദരാക്കാം, മേയിനു മേലുള്ള സമ്മര്‍ദ്ദവും കുറയും.

ഫോറിന്‍ സെക്രട്ടറി എന്ന പുതിയ പദവിയിലെത്തുന്നതോടെ ബോറിസ് ജോണ്‍സണ്‍ തെരേസ മേയിന് നേരിട്ടൊരു രാഷ്ട്രീയ ഭീഷണിയാവില്ല അടുത്തൊന്നും. മേയുടെ ഗവണ്‍മെന്‍റിനെതിരേ ജോണ്‍സണ്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമായിരുന്നു. "തഴയപ്പെട്ടും ബോറടിച്ചും കഴിയുകയായിരുന്നെങ്കില്‍ ജോണ്‍സണ് അവരുടെ ഭരണത്തെക്കുറിച്ച് തമാശകളുണ്ടാക്കാന്‍ ഇഷ്ടംപോലെ സമയം കിട്ടിയേനെ. ഇതിപ്പോള്‍ അദ്ദേഹം തിംബക്റ്റൂവിലേയ്ക്ക് ഒരു വിമാനം പിടിക്കും," എന്‍റെ സഹപ്രവര്‍ത്തക ആന്‍ ആപ്പ്ള്‍ബാമിന്‍റെ അഭിപ്രായപ്പെടുന്നു.

യൂറോപ്യന്‍ യൂണിയനു പുറത്ത് ബ്രിട്ടനെ പ്രതിഷ്ഠിക്കാന്‍ ജോണ്‍സന്‍റെ അത്ര നയപരമല്ലാത്ത സ്വഭാവം സഹായിക്കുമെന്ന് ചിലര്‍ വാദിക്കുന്നു. "ഈ നിയമനം ഒരു ധീരമായ തീരുമാനമാണെന്നാണ് എനിക്കു തോന്നുന്നത്. നമ്മുടെ നയതന്ത്ര സംവിധാനത്തിനാകെ ഒരു അഡ്രിനാലിന്‍ ഷോട്ട് കൊടുക്കേണ്ട ആവശ്യമുണ്ട്. അങ്ങനെ നമ്മുടെ തീരുമാനം നടപ്പിലാക്കാന്‍ പറ്റണം. ബോറിസ് ജോണ്‍സണ് കൃത്യമായി അതു ചെയ്യാന്‍ ആകുമെന്നാണ് ഞാന്‍ കരുതുന്നത്," യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ ആയിരുന്ന സര്‍ ക്രിസ്റ്റഫര്‍ മേയര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതായി സ്കൈന്യൂസ് പറയുന്നു.

ജോണ്‍സന്‍റെ നിയമനത്തെ കുറിച്ച് ബ്രിട്ടീഷ് മീഡിയയുടെ പൊതുവേയുള്ള പ്രതികരണം പരിഹാസമായിരുന്നെങ്കിലും പിന്തുണയ്ക്കുന്നവരുമുണ്ട്. "ലോകം മുഴുവന്‍ അറിയുന്ന വ്യക്തിത്വമാണ് ജോണ്‍സണ്‍. ബ്രെക്സിറ്റ് എന്നത് നിലവിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ താല്പര്യമുള്ള, ആത്മവിശ്വാസമുള്ള ഒരു രാഷ്ട്രത്തിന്‍റെ നിലപാടാണെന്ന് അന്താരാഷ്ട്രതലത്തില്‍ ഉറപ്പിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് അദ്ദേഹത്തിനായിരിക്കും," ഈവനിംഗ് സ്റ്റാന്‍ഡേഡ് കോളമിസ്റ്റ് പിപ്പാ ക്രീറര്‍ എഴുതുന്നു.

ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ കാരണങ്ങളാണ് ഈ സ്ഥാനലബ്ധിക്കു പിന്നിലെന്നാണ് വേറെ ചിലര്‍ കരുതുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വിജയിക്കാതെ വരുമ്പോള്‍ കുറ്റപ്പെടുത്താന്‍ ഒരാളെയായിരുന്നോ പ്രധാനമായും തെരേസ മേയ് തേടിയത്?

ഈയടുത്ത വര്‍ഷങ്ങളിലായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിമാരുടെ അധികാരം കുറയുകയാണ്. പ്രത്യേകമായി ഒരു ബ്രെക്സിറ്റ് മിനിസ്റ്റര്‍ ഉണ്ടാവും, ഡേവിഡ് ഡേവിസ് ആവും ആ സ്ഥാനത്ത്. കൂടാതെ വിദേശവ്യാപാരം കൈകാര്യം ചെയ്യാന്‍ ഒരു പുതിയ വകുപ്പും ഉണ്ടാകും. എങ്കിലും പൊതുദൃഷ്ടിയില്‍ ഉത്തരവാദിത്വം ജോണ്‍സണ് ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്.ബ്രെക്സിറ്റ് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുകയാണെങ്കില്‍ താന്‍ ടി‌വിയില്‍ പ്രത്യക്ഷപ്പെട്ട് പരസ്യമായി മാപ്പു പറയുമെന്ന് ജൂണിലെ വോട്ടെടുപ്പിനു തൊട്ടുമുന്‍പ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. "യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരുന്നതിനെ ലണ്ടന്‍ ഭയക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല; ബ്രിട്ടനും," ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അടുത്തകാലത്ത് വന്ന സാമ്പത്തിക പ്രവചനങ്ങള്‍ പ്രകാരം യു‌കെയുടെ ഭാവി വിചാരിച്ചത്ര ശോഭനമാവില്ല. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതോടെ അടുത്ത വര്‍ഷം സാമ്പത്തികമാന്ദ്യം തന്നെയുണ്ടായേക്കാം.

ഒരിക്കലും നടക്കാനിടയില്ലാത്ത ചില ബ്രെക്സിറ്റ് വാഗ്ദാനങ്ങള്‍ നല്‍കിയതും ജോണ്‍സണ്‍ തന്നെയാണ്. ഓരോ ആഴ്ചയും യു കെ ബ്രസ്സല്‍സിലേയ്ക്ക് 350 മില്ല്യണ്‍ പൌണ്ട് അയക്കുന്നുണ്ടെന്ന് ഇടക്കിടെ അദ്ദേഹം പറയാറുണ്ടായിരുന്നു- യഥാര്‍ത്ഥത്തില്‍ നല്‍കുന്ന തുക ഇതിലും വളരെ താഴെയാണെങ്കിലും. ബ്രെക്സിറ്റിന് ശേഷം യു കെ യൂറോപ്യന്‍ യൂണിയനു നല്‍കുന്ന സംഭാവന രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയില്‍ ഉപയോഗപ്പെടുത്തും എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇ യു വിടാന്‍ കാമ്പെയ്ന്‍ നടത്തിയ പല പ്രമുഖരും ഇതുണ്ടായേക്കില്ല എന്നു കരുതുന്നു.

ഹിതപരിശോധനയ്ക്ക് ശേഷം ജോണ്‍സണ്‍ 'ടെലിഗ്രാഫി'ല്‍ എഴുതിയ കോളത്തെ കൂടെയുണ്ടായിരുന്ന ബ്രെക്സിറ്റ് പ്രചാരകര്‍ വരെ ശക്തമായി വിമര്‍ശിച്ചിരുന്നു. "ഈ രാജ്യത്തു ജീവിക്കുന്ന ഇയു പൌരന്‍മാരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും, യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കുന്ന ബ്രിട്ടീഷ് പൌരന്മാരുടെ കാര്യവും അങ്ങനെ തന്നെയായിരിക്കും," ഇങ്ങനെയായിരുന്നു അതില്‍. ദേശഭക്തരായ വോട്ടര്‍മാരെ ബാധിക്കുന്ന പ്രസ്താവനയായിരുന്നു അത്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാനാണ് അവരില്‍ പലരും ബ്രെക്സിറ്റിന് വോട്ടു ചെയ്തത്.

യു‌കെയില്‍ ഉള്‍പ്പെട്ട മറ്റ് ഇയു രാഷ്ട്രങ്ങളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നു പറഞ്ഞ തെരേസ മേയിനെ നിഷേധിക്കുന്നതായി ജോണ്‍സന്‍റെ പെട്ടന്നുള്ള ആ ആശ്വസിപ്പിക്കല്‍. ഇക്കാര്യത്തിലെ തീരുമാനം യുകെയിലെ ബ്രിട്ടീഷുകാരല്ലാത്ത 3 മില്ല്യണ്‍ യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരെയും രാജ്യത്തിന് പുറത്തുള്ള 4 മില്ല്യണ്‍ ബ്രിട്ടീഷ് പൌരന്മാരെയും ബാധിക്കുന്നതാണ്.

ഇയു സിംഗിള്‍ മാര്‍ക്കറ്റില്‍ ബ്രിട്ടന് തുടരണമെങ്കില്‍ (അങ്ങനെ ചെയ്യാതിരുന്നാല്‍ ഉള്ള അനന്തരഫലങ്ങള്‍ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു) യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാരെ രാജ്യത്ത് അനുവദിക്കേണ്ടി വരാനാണ് സാധ്യത.

ഇക്കാര്യം ബ്രെക്സിറ്റ് വോട്ടര്‍മാര്‍ക്ക് ആരെങ്കിലും ക്രമേണ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടി വരും.


Next Story

Related Stories