TopTop
Begin typing your search above and press return to search.

ഗ്രഹങ്ങളെ കണ്ടെത്തുന്ന വഴി

ഗ്രഹങ്ങളെ കണ്ടെത്തുന്ന വഴി

റേച്ചല്‍ ഫെല്‍റ്റ്മാന്‍, സാറ കപ്ലാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

രാത്രിയിലെ ആകാശം നിറയെ ഗ്രഹങ്ങളായേക്കാവുന്ന നക്ഷത്രങ്ങളാണ്. പ്രപഞ്ചത്തിലെ നിരീക്ഷിക്കാവുന്ന ഒരു ബില്യണ്‍ ട്രില്യണ്‍ നക്ഷത്രങ്ങളില്‍ ഓരോന്നും മറ്റേതെങ്കിലുമൊരു ലോകത്തിന് സൂര്യനാകാം. 1584ല്‍ തത്വചിന്തകനും ശാസ്ത്രജ്ഞനുമായിരുന്ന ജിയോര്‍ദാനോ ബ്രൂണോ എഴുതി: 'ദൈവം പ്രകാശിക്കുന്നത് ഒന്നല്ല, എണ്ണമില്ലാത്ത സൂര്യന്മാരിലാണ്; ഒരു ഭൂമിയിലല്ല, ഒരു ലോകത്തിലല്ല, ആയിരം ആയിരം അനന്തമായ ലോകങ്ങളിലാണ്.' ഇതു പറഞ്ഞതിന് ബ്രൂണോ അഗ്നിക്കിരയാക്കപ്പെട്ടു. പക്ഷേ മിക്ക നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടെന്ന് ഇന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ താരാപഥത്തിലെ മിക്ക നക്ഷത്രങ്ങള്‍ക്കും ദ്രവരൂപത്തിലുള്ള ജലം ഉണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹങ്ങളുണ്ട്.

എങ്കിലും ബ്രൂണോ പ്രവചിച്ച ഗ്രഹങ്ങളെ കണ്ടെത്തുക എന്നത് ഇന്നും കടുത്ത വെല്ലുവിളിയാണ്. ടെലിസ്‌കോപ്പിലൂടെ നോക്കി ശാസ്ത്രജ്ഞര്‍ക്ക് അവയെ കണ്ടെത്താനാകില്ല. നക്ഷത്രങ്ങള്‍ അവയുടെ ഗ്രഹങ്ങളെക്കാള്‍ ലക്ഷക്കണക്കിനു മടങ്ങ് വലിപ്പമുള്ളവയും പ്രകാശപൂരിതവുമാണ്. അവ പോലും ഭൂമിയിലെ ഏറ്റവും ശക്തിയേറിയ ടെലിസ്‌കോപ്പുകളില്‍ പൊട്ടുകള്‍ പോലെയേ പ്രത്യക്ഷമാകുന്നുള്ളൂ. അവയുടെ പ്രകാശം ചുറ്റുമുള്ള വളരെച്ചെറിയ, മങ്ങിയ ഗ്രഹങ്ങളെ മറയ്ക്കുന്നു.

ബ്രൂണോയുടെ മരണത്തിനുശേഷം 400 വര്‍ഷം മുന്നോട്ടുപോയശേഷം മാത്രമേ അദ്ദേഹത്തിന്റെ നിഗമനം തെളിയിക്കാനുള്ള മാര്‍ഗം വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായുള്ളൂ. ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ആദ്യമാര്‍ഗങ്ങളിലൊന്ന് പുറത്തുവന്നത് 1995ലാണ്. ഗ്രഹസാന്നിധ്യം മൂലം നക്ഷത്രത്തിനുണ്ടാകുന്ന ഇടര്‍ച്ച കണ്ടെത്താനുള്ള ഡോപ്ലര്‍ രീതിയായിരുന്നു അത്. സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ ഗ്രഹമെന്നു കരുതുന്ന പ്രോക്‌സിമ ബിയെ കണ്ടെത്താന്‍ ഈയിടെ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചതും ഈ രീതിയാണ്. പ്രോക്‌സിമ ബി മനുഷ്യവാസയോഗ്യമായേക്കുമെന്നാണ് കരുതുന്നത്.'ഗ്രഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവയുടെ നക്ഷത്രങ്ങളെ ചുറ്റുന്നില്ല,' പ്രോക്‌സിമ ബി സംഘത്തില്‍ അംഗമായിരുന്ന പോള്‍ ബട്‌ലര്‍ എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു. 'ഗ്രഹവും നക്ഷത്രവും അവയുടെ കോമണ്‍ സെന്റര്‍ ഓഫ് മാസിനെയാണു വലം വയ്ക്കുന്നത്.'

സീ സോയിലെ ഫല്‍ക്രം (പ്രലംബകം) പോലെയാണ് കോമണ്‍ സെന്റര്‍ ഓഫ് മാസ്. ഒരേ ശരീരഭാരമുള്ള രണ്ടുകുട്ടികള്‍ സീസോയില്‍ ഇരിക്കുമ്പോള്‍ അവര്‍ ബോര്‍ഡിനെ തുലനാവസ്ഥയിലാക്കുന്നു. കാരണം ഫല്‍ക്രം അവരുടെ സെന്റര്‍ ഓഫ് മാസിലാണ്. എന്നാല്‍ ഒരാളുടെ ശരീരഭാരം രണ്ടാമത്തെയാളുടെ രണ്ടിരട്ടിയാണെങ്കില്‍ ഫല്‍ക്രം ഭാരം കൂടിയ ആളുടെ അടുത്തേക്കു രണ്ടിരട്ടി മാറണം. രണ്ടുകുട്ടികള്‍ തമ്മിലോ രണ്ടു ഗ്രഹങ്ങള്‍ തമ്മിലോ ഉള്ള സെന്റര്‍ ഓഫ് മാസ് ഇരുവരുടെയും പരസ്പര ഭൂഗുരുത്വാകര്‍ഷണ ബലം തുലനാവസ്ഥയിലെത്തുന്ന പോയിന്റാണ്.

നമ്മുടേതുള്‍പ്പെടെ സൗരയൂഥങ്ങളിലും ഇതു തന്നെയാണ് കഥ. എന്നാല്‍ നക്ഷത്രങ്ങള്‍ ഗ്രഹങ്ങളെക്കാള്‍ ഭാരമേറിയവയാണ് എന്നതിനാല്‍ സെന്റര്‍ ഓഫ് മാസ് എപ്പോഴും നക്ഷത്രങ്ങള്‍ക്കടുത്തായിരിക്കും. അതിനാല്‍ ഗ്രഹങ്ങള്‍ ചെയ്യുന്നതായി തോന്നുന്ന വലം വയ്ക്കലിനു പകരം നക്ഷത്രങ്ങള്‍ അല്‍പം ഇളകുന്നതായേ അനുഭവപ്പെടൂ. നക്ഷത്രം പുറപ്പെടുവിക്കുന്ന പ്രകാശ വികിരണങ്ങളില്‍നിന്ന് ശാസ്ത്രജ്ഞര്‍ക്ക് ഈ ഇളക്കം അളക്കാനാകും. അതുപയോഗിച്ച് ഗ്രഹത്തിന്റെ മാസും ദൂരവും കണക്കാക്കാനുമാകും.

കൂടുതല്‍ മികച്ച ടെലിസ്‌കോപ്പുകള്‍ നിലവില്‍ വന്നതോടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഗ്രഹങ്ങളെ കണ്ടെത്താന്‍ മറ്റൊരു വഴികൂടി കണ്ടെത്തി. ട്രാന്‍സിറ്റ് ടെക്‌നിക്ക് അഥവാ സംക്രമ സങ്കേതം. ഗ്രഹം കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശത്തിലുണ്ടാകുന്ന ചെറിയ കുറവുകള്‍ അളക്കുകയാണിത്. വ്യതിയാനങ്ങള്‍ വളരെ ചെറുതാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് സൂര്യന്റെ ഒരു ശതമാനം വലിപ്പമേയുള്ളൂ. സൂര്യപ്രകാശത്തിന്റ ഒരു ശതമാനത്തെ മാത്രമേ ഇത് തടസപ്പെടുത്തുന്നുള്ളൂ. ഭൂമി അതിനെക്കാള്‍ ആയിരം മടങ്ങ് ചെറുതാണ്. മറ്റൊരു ഗ്രഹത്തില്‍നിന്ന് ഈ വിദ്യ ഉപയോഗിച്ച് നമ്മെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് അതിശയകരമാം വിധം കഴിവുള്ള ടെലിസ്‌കോപ്പുകളും അതിശയകരമായ ഭാഗ്യവുമുണ്ടെങ്കില്‍ മാത്രമേ നാം സൂര്യനെ കടന്നുപോകുന്നത് കാണാനാകൂ.

അതുപോലെ തന്നെ ഭൂമിയിലെ ശാസ്ത്രജ്ഞര്‍ക്കും മറ്റൊരു ഗ്രഹം കടന്നുപോകുന്നതു കാണാന്‍ അസാധ്യഭാഗ്യം വേണം. എന്നാല്‍ പ്രപഞ്ചത്തില്‍ അനേകം നക്ഷത്രങ്ങളുണ്ടെന്നതിനാല്‍ ചിലപ്പോഴൊക്കെ ചിലത് കാണാനാകും. മേയില്‍ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ചു വാനനിരീക്ഷണം നടത്തിയിരുന്ന നാസ ശാസ്ത്രജ്ഞര്‍ സംക്രമണ സങ്കേതമുപയോഗിച്ച് 1284 പുതഗ്രഹങ്ങള്‍ കണ്ടതായി അറിയിച്ചു.

ഗ്രഹസാധ്യതകളില്‍ ഭൂരിപക്ഷത്തിനെയും കണ്ടെത്തുന്നത് ഈ രണ്ടു രീതികളില്‍ ഒന്നുപയോഗിച്ചാണ്. ഗ്രഹങ്ങളെ നേരിട്ടു കാണും വരെ അവ ഗ്രഹസാധ്യതകളായി തുടരും. ഗ്രാവിറ്റേഷനല്‍ മൈക്രോലെന്‍സിങ് എന്ന മറ്റൊരു രീതിയുമുണ്ട്. നക്ഷത്രപ്രകാശത്തെ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം എങ്ങനെ വക്രീകരിക്കുന്നു എന്നളക്കുന്ന ഈ രീതിയിലും ചില ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ 'ഈ രംഗത്തെ അന്വേഷണം ഈ ഗ്രഹങ്ങളെ നേരിട്ടു കണ്ടെത്താനാണ്,' ബട്‌ലര്‍ പറയുന്നു.

നക്ഷത്രങ്ങളുടെ പ്രകാശത്തെ തടഞ്ഞ് ഗ്രഹങ്ങളുടെ തിളക്കം മാത്രം ഉപയോഗിച്ച് ഏതാനും ചില ഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ നേരിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അതീവദുഷ്‌കരമാണ്. അതിശയകരമാം വിധം കഴിവുള്ള ടെലിസ്‌കോപ്പുകള്‍ക്കേ ഇത്ര ചെറിയ പ്രകാശം കണ്ടെത്താനാകൂ. ഇപ്പോള്‍ ഇത്തരം മൂന്ന് ടെലിസ്‌കോപ്പുകള്‍ നിര്‍മാണഘട്ടത്തിലാണ്. ഇവ ലോകത്ത് ഏറ്റവും വലിപ്പവും കഴിവുമേറിയവയാകും. ഗ്രഹങ്ങളെ നേരിട്ടു കാണാന്‍ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് ബട്‌ലറുടെ പ്രതീക്ഷ.

ഇത് വലിയ കാര്യമാണ്. കാരണം ഗ്രഹങ്ങളില്‍നിന്നുള്ള പ്രകാശം ശാസ്തജ്ഞരെ അവയെപ്പറ്റി ഏകദേശഗ്രാഹ്യമുണ്ടാക്കാന്‍ സഹായിക്കും. അത് എത്ര ചെറിയ പ്രകാശമായാലും. ഭൂമിയുടെയത്ര ഏകദേശ വലിപ്പമുണ്ടെന്നും വാസയോഗ്യമായേക്കാമെന്നും മാത്രമാണ് പ്രോക്‌സിമ ബിയെപ്പറ്റി നമുക്കറിയാവുന്നത്. എന്നാല്‍ അതില്‍നിന്നുള്ള പ്രകാശം കാണാനായാല്‍ സ്‌പെക്ട്രോസ്‌കോപ്പി എന്ന വിദ്യ ഉപയോഗിച്ച് ഗ്രഹത്തിന്റെ അന്തരീക്ഷം എങ്ങനെ എന്നു മനസിലാക്കാനാകും. പിന്നീട് ഒാക്‌സിജന്‍, വെള്ളം, ജീവന്‍ നിലനില്‍ക്കുന്നതിനു സഹായകമായ വാതകങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം അന്വേഷിച്ചുതുടങ്ങാം.

'പ്രോക്‌സിമ ബിയുടെ കാര്യത്തില്‍ ഇപ്പോള്‍ നമുക്കറിഞ്ഞുകൂടാത്ത കാര്യങ്ങളാണ് അറിയാവുന്നവയെക്കാള്‍ പ്രധാനം. സൂര്യന്റെ വാസയോഗ്യമായ തലത്തിലാണ് അതിന്റെ സ്ഥാനം എന്നത് അവിടെ ജീവനുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നു. എന്നാല്‍ ഉത്തരം അടുത്തെങ്ങുമില്ല,' ബട്‌ലര്‍ ചൂണ്ടിക്കാട്ടുന്നു.

'എന്നാല്‍ ജലബാഷ്പം, ഒാക്‌സിജന്‍ തുടങ്ങിയവയുടെ സ്‌പെക്ടറല്‍ സിഗ്നേച്ചറുണ്ടെങ്കില്‍ നിങ്ങള്‍ ചോദ്യം തിരിച്ചിടും. അവിടെ ജീവനുണ്ടെന്നു തെളിയിക്കുക എന്നതാകില്ല ഇല്ലെന്നു തെളിയിക്കുക എന്നതാകും അത്,' ബട്‌ലര്‍ പറയുന്നു.


Next Story

Related Stories