TopTop
Begin typing your search above and press return to search.

യെമനില്‍ ഒബാമ ചെയ്യുന്ന രണ്ട് യുദ്ധങ്ങള്‍

യെമനില്‍ ഒബാമ ചെയ്യുന്ന രണ്ട് യുദ്ധങ്ങള്‍

എലി ലേയ്ക്
(ബ്ലൂംബര്‍ഗ് ന്യൂസ്)

യു എസ് പ്രത്യേക ദൗത്യ സംഘം കഴിഞ്ഞ മാസം യെമന്‍ വിട്ടപ്പോള്‍ അത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ, അല്‍ക്വെയ്ദക്കെതിരായ പോരാട്ടത്തിന് വലിയൊരു തിരിച്ചടിയായാണ് കണക്കാക്കിയിരുന്നത്. നേരത്തെ ഈ ദൗത്യത്തെ ഭീകരവാദത്തിനെതിരായ ആഗോളയുദ്ധത്തിലെ വിജയങ്ങളിലൊന്നായി പ്രസിഡന്റ് ബരാക് ഒബാമ എടുത്തുകാട്ടുകയും ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍.

പോരാത്തതിന് യുഎസ് മണ്ണില്‍ ആക്രമണം നടത്താന്‍ പദ്ധതിയുള്ള അല്‍ക്വെയ്ദ ബന്ധമുള്ള സംഘടനയെ ലക്ഷ്യം വെക്കുമെന്ന് ഒബാമ സര്‍ക്കാര്‍ പറഞ്ഞു. ഈയാഴ്ച അത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് അവര്‍.

കഴിഞ്ഞ ചൊവ്വാഴ്ച തങ്ങളുടെ ഒരു വക്താവ് കുരിശുയുദ്ധ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് എ ക്യൂ എ പി ട്വീറ്റ് ചെയ്തു. ഇബ്രാഹിം അല്‍റുബായിഷ് എന്ന ഇയാള്‍ക്കെതിരെ ആക്രമണം നടത്തിയെന്നും മരിച്ചത് ഇയാള്‍ തന്നെയാണോ എന്നു സ്ഥിരീകരിക്കുമെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

സാധാരണ സാഹചര്യങ്ങളില്‍ ഇതത്ര പ്രാധാന്യമുള്ള കാര്യമല്ല. 2011നു ശേഷം അല്‍ക്വെയ്ദയുടെ യെമന്‍ ശാഖക്ക് നേരെ അമേരിക്ക നൂറിലേറെ ആളില്ലാ പോര്‍വിമാനാക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ യുഎസിന്റെ നിഴല്‍ യുദ്ധത്തിനു തിരിച്ചടി നല്‍കിക്കൊണ്ട് പ്രസിഡന്റ് അബ്ദുറാബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കി ഹൂതി വിമതര്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ ഇതും വാര്‍ത്തയാണ്. ഹാദി ഏദനിലേക്ക് ഓടിപ്പോയി. ഫെബ്രുവരിയില്‍ യെമനിലെ യുഎസ് നയതന്ത്ര കാര്യാലയവും സി ഐ എ കേന്ദ്രവും അടച്ചുപൂട്ടി. മാര്‍ച്ചില്‍ ബാക്കിയുള്ള 100 യു.എസ് പ്രത്യേക ദൗത്യ സംഘാംഗങ്ങളും രാജ്യം വിട്ടു.

സങ്കീര്‍ണതക്ക് ഒട്ടും കുറവ് വരുന്നില്ല; ഹൂതികള്‍ എ ക്യൂ എ പിക്കു തീര്‍ത്തും എതിരാണ്. ഹൂതികള്‍ക്കെതിരായ ആക്രമണത്തില്‍ സൗദി അറേബ്യക്ക് യുഎസ് രഹസ്യ വിവരങ്ങള്‍ നല്‍കി പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ശത്രുവിന്റെ ശത്രുവിനെതിരെ. അതിനോടൊപ്പം ഇറാക്കില്‍ ഹൂതികളുടെ പ്രധാന പ്രായോജകന്‍, ഇറാനുമൊത്താണ് അമേരിക്ക പോരാടുന്നത്.

തങ്ങളുടെ സേനയോ, അനുകൂല സര്‍ക്കാരോ ഇല്ലാതെ യെമനില്‍ ആളില്ലാ പോര്‍വിമാനാക്രമണങ്ങള്‍ നടത്തുന്നത് എളുപ്പമല്ല. ഫോണ്‍ വിളികളും ആശയ വിനിമയങ്ങളും ചോര്‍ത്തിയാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍. എന്നാല്‍ ഇതില്‍ പിഴവ് വരാന്‍ സാധ്യതയേറെയാണ്.

യെമനിലെ അട്ടിമറിയും സനായിലെ തകര്‍ന്ന സുരക്ഷാന്തരീക്ഷവും അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ക്വെയ്ദക്കെതിരായ യു.എസ് നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.എന്നാല്‍ തിരിച്ചടികളുണ്ടായാലും യെമനിലെ യു.എസ് ആളില്ലാ പോര്‍വിമാനാക്രമണങ്ങള്‍ തുടരുകയാണ്. ന്യൂ അമേരിക്ക ഫൌണ്ടേഷന്‍ കണക്കുകളനുസരിച്ച് ഫെബ്രുവരി 28നും മാര്‍ച്ച് 2നും ശാബ്വാ പ്രവിശ്യയില്‍ വ്യോമാക്രമണം നടത്തി. അല്‍റൂബെയ്ശിലും പിന്നീട് ആക്രമണമുണ്ടായി.

യെമനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ യു.എസിന് കഴിയുമെന്നാണ് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞത്. എന്നാല്‍ ഹാദി ഭരണത്തില്‍ നിന്നും പുറത്തായത് ഇതിനെ പ്രതികൂലമായി ബാധിക്കുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ എങ്ങനെയാണ് യുഎസ് അത് ചെയ്യുന്നത്? ഒരുത്തരമേയുള്ളൂ; സൗദി അറേബ്യ. സൗദിയിലെ ഒരു അമേരിക്കന്‍ ആളില്ലാ പോര്‍വിമാന താവളത്തിന്റെ ചിത്രം ഈയിടെ Wired മാസിക പുറത്തുവിട്ടിരുന്നു. ടെക്‌സാസില്‍ 2009ല്‍ 13 പേരെ കൊന്ന സൈനിക മന:ശാസ്ത്രജ്ഞന്‍ നിദാല്‍ ഹസനടക്കം മറ്റ് അമേരിക്കക്കാരെ തീവ്രവാദത്തിലേക്ക് ചേര്‍ത്ത അന്‍വര്‍ അല്‍ അവ്‌ലാക്കിയെ കൊല്ലാനാണ് 2011ല്‍ ഈ കേന്ദ്രം ആദ്യമായി ഉപയോഗിച്ചത്.

ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും നങ്കൂരമിട്ട യുദ്ധക്കപ്പലുകളാണ് യെമനിലേക്കുള്ള യുഎസിന്റെ മറ്റൊരു വഴി. പെട്ടെന്നുള്ള അറിയിപ്പില്‍ മിസൈലുകള്‍ തൊടുത്തുവിടാന്‍ സജ്ജമായ നിരവധി യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനക്ക് ഇവിടെയുണ്ട്. ഒടുവിലായി ജിബൂട്ടിയില്‍ കാമ്പ് ലെമനീര്‍ എന്നൊരു സൈനികതാവളവും യു.എസിനുണ്ട്.

എന്നാല്‍ യെമനിലെ തന്ത്രപ്രധാനമായ പ്രശ്‌നത്തെ ഇതൊന്നും പരിഹരിക്കുന്നില്ല; രഹസ്യവിവരങ്ങള്‍. യു.എസ് സൈനികര്‍ പിന്‍വാങ്ങിയതും, പ്രാദേശിക പങ്കാളികളില്ലാത്തതും എ ക്യൂ എ പി നേതാക്കളെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാക്കി മാറ്റുന്നു.

യെമനിലെ ആളില്ലാ പോര്‍വിമാനാക്രമണം തുടരുമ്പോഴും അ ക്യൂ എ പി വളരുകയാണ്. ഈ മാസമാദ്യം അവര്‍ യെമനിലെ അഞ്ചാമത്തെ വലിയ നഗരമായ മുകല്ലയില്‍ തടവുകാരെ മോചിപ്പിക്കാന്‍ തുടങ്ങി. 2013ല്‍ ഇറാക്കില്‍ അല്‍ക്വെയ്ദ ചെയ്തതിന്റെ നേര്‍ പകര്‍പ്പ്.

ഒരിക്കല്‍ ഹാദിയുടെ സേന ചെയ്തതുപോലെ ഹൂതികള്‍ യെമനില്‍ അമേരിക്കയുടെ കണ്ണും ചെവിയുമായി മാറാന്‍ ശേഷിയുള്ളവരാണ്. പക്ഷേ അവരിപ്പോള്‍ യു.എസ് പിന്തുണക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയുടെ ആക്രമണ ലക്ഷ്യമാണ്. പരസ്പരം പോരടിക്കേണ്ട രണ്ടു കൂട്ടര്‍ക്കെതിരെ രണ്ടു യുദ്ധങ്ങളാണ് യെമനില്‍ ഒബാമ ചെയ്യുന്നത്.


Next Story

Related Stories