TopTop
Begin typing your search above and press return to search.

ഫുട്‌ബോള്‍ ആരാധകരെ രാജ്യദ്രോഹികളാക്കുന്ന ഈജിപ്ത്

ഫുട്‌ബോള്‍ ആരാധകരെ രാജ്യദ്രോഹികളാക്കുന്ന ഈജിപ്ത്

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അത് വീണ്ടും സംഭവിച്ചിരിക്കുന്നു. കെയ്‌റോ ക്ലബുകളായ സമാലെകും ഇഎന്‍പിപിഐയും തമ്മിലുള്ള മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിന് പുറത്ത് സുരക്ഷ ഭടന്മാരുമായി ഉണ്ടായ സംഘര്‍ഷത്തില്‍പ്പെട്ട് ഇരുപതിലേറെ ഈജിപ്ത് ഫുട്‌ബോള്‍ ആരാധകര്‍ കൊല്ലപ്പെട്ടിരിക്കുന്നു. പോര്‍ട്ടോ സെയ്ദ് നഗരത്തില്‍ നടന്ന ഒരു മത്സരത്തിനിടയില്‍ 72 അല്‍ ആഹ്‌ലി സോക്കര്‍ ആരാധകര്‍ കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ദാരുണ സംഭവം അരങ്ങേറുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് പോര്‍ട്ടോ സെയ്ദ് സംഭവം വിശേഷിപ്പിക്കപ്പെടുന്നത്.

കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പത്തെ പോലെ തന്നെ ഫുട്‌ബോള്‍ ലീഗ് നിര്‍ത്തിവയ്ക്കുകയാണ് ഈജിപ്ത് അധികാരികള്‍ ചെയ്തത്. സമാലെക് വൈറ്റ് നൈറ്റ്‌സ് എന്നറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പായ സമാലെക്കിന്റെ ആരാധകരാണ് മരിച്ചവരില്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ഒരു സംഘം ആളുകളെ പിരിച്ചുവിടുന്നതിനായി പോലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചതായി ഈജിപ്ത് അധികൃതര്‍ പറയുന്നു. സമാലെക് വൈറ്റ് നൈറ്റ്‌സിന്റെ പ്രധാന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ 'ആസൂത്രിതമായി കൂട്ടക്കൊല' നടപ്പിലാക്കുകയായിരുന്നു എന്ന് വൈറ്റ് നൈറ്റ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ആരോപിക്കുന്നു. അധികൃതര്‍ ഒരിടുങ്ങിയ ഇടത്തേക്ക് 5000 ത്തോളം ആരാധകരെ കയറ്റിവിടുകയും അവരെ പൂട്ടിയിടുകയും ചെയ്ത ശേഷം ജനക്കൂട്ടത്തിന് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഒരു പ്രമുഖ വൈറ്റ് നൈറ്റ്‌സ് നേതാവ് ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ ആരോപിക്കുന്നു.'കണ്ണീര്‍ വാതകത്തിലും തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. പക്ഷെ അവര്‍ പുറത്തേക്കുള്ള വാതിലുകള്‍ അടച്ചിടുകയായിരുന്നു,' എന്ന് ഓണ്‍ലൈനില്‍ യാസര്‍ മിറക്കിള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നേതാവ് പറയുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍, 'ശവശരീരങ്ങളും അപ്പോള്‍ കുഴഞ്ഞുവീണവരുടെ ദേഹവും പരിശോധിക്കുകയും പേഴ്‌സും പണവും തട്ടിയടുക്കുകയും ചെയ്‌തെന്നും,' അദ്ദേഹം ആരോപിക്കുന്നു.

ഈജിപ്ത് സര്‍ക്കാരും വൈറ്റ് നൈറ്റ്‌സിനെ പോലെയുള്ള രാജ്യത്തെ അത്യുത്സാഹമുള്ള ആരാധകരുടെ സംഘടിതവും തീവ്രവുമായ സംഘങ്ങളും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചുവരികയാണ്. ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരെ 2011 ല്‍ നടന്ന വിപ്ലവത്തില്‍, തീവ്രവാദ സംഘങ്ങളായ സമാലെകും അവരുടെ പരമ്പരാഗത വൈരികളായ അല്‍ അഹ്‌ലിയും തമ്മില്‍ താല്‍ക്കാലിക യുദ്ധവിരാമം പ്രഖ്യാപിക്കുകയും തഹരിര്‍ ചത്വരത്തില്‍ പ്രതിഷേധക്കാരുടെ മുന്‍നിരയില്‍ നിലയുറപ്പിയ്ക്കുകയും അതിന്റെ യുദ്ധനിരകളില്‍ ആളെ കൂട്ടുകയും സുരക്ഷ ഭടന്മാരും മുബാറക് അനുകൂല സേനകളുമായി ഏറ്റുമുട്ടുകയും ചെയ്തു.

മുബാറക്കിനെ പുറത്താക്കുന്നതിന് വളരെ മുമ്പ് തന്നെ സ്റ്റേഡിയങ്ങള്‍ ഭരണവിരുദ്ധ ഗാനങ്ങളുടെ ആലാപനവേദിയായി മാറുകയും അങ്ങനെ അതുവരെ അടിച്ചമര്‍ത്തപ്പെട്ട ഏകാധിപധ്യ അന്തരീക്ഷം നിലനിന്നിരുന്ന സോക്കര്‍ വേദികള്‍ അഭിപ്രായഭിന്നതയുടെ രോഷപ്രകടനങ്ങള്‍ക്കുള്ള വേദിയാവുകയും ചെയ്തു. തന്റെ ടീമിനോട് ഒരു ആരാധകന്‍ പുലര്‍ത്തുന്ന ഭ്രാന്തമായ ആവേശവും സഹആരാധകരുമായി അയാള്‍ക്കുള്ള ഐക്യദാര്‍ഡ്യവും ചേരുമ്പോള്‍ അത് തന്നെ ഒരു രാഷ്ട്രീയ ഏകോപനത്തിന് വഴിയൊരുക്കുന്നു.

വിപ്ലവം സാധ്യമാക്കുന്നതില്‍ തീവ്ര ആരാധകര്‍ വഹിച്ച പങ്കിനെക്കുറിച്ച് ഒരു അല്‍ ആഹ്‌ലി ആരാധകന്‍ ഒരു ജിക്യൂ റിപ്പോര്‍ട്ടറോട് പറഞ്ഞതിങ്ങനെ:

'യൂണിയനുകള്‍ എന്ന നിലയിലാവട്ടെ, അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയിലാവട്ടെ ഒരു സ്വതന്ത്ര സംഘടന എന്ന സങ്കല്‍പം നിലനില്‍ക്കുന്നില്ല. ഇതേ തുടര്‍ന്ന് ഞങ്ങള്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ തീവ്രാരാധകരെ സംഘടിപ്പിക്കാന്‍ തുടങ്ങി,' ആസാദ് എന്ന് വിളിക്കുന്ന ആരാധകന്‍ പറയുന്നു. 'അവര്‍ ഞങ്ങളെ ഭയക്കാന്‍ തുടങ്ങി. ഒരു ടീമിനെ പിന്തുണയ്ക്കുക എന്നതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്; ഞങ്ങള്‍ പോലീസിനെതിരെ പോരാടുകയായിരുന്നു, ഞങ്ങള്‍ സര്‍ക്കാരിനെതിരെ പോരാടുകയായിരുന്നു, സര്‍വോപരി ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയായിരുന്നു. തീര്‍ച്ചയായും, മുബാറക്കിനെ താഴെയിറക്കിയതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്ക് മാത്രമാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പക്ഷെ ഒരു പോലീസുകാരന്‍ നിങ്ങളെ തല്ലിയാല്‍, അയാളെ നിങ്ങള്‍ക്ക് തിരികെ തല്ലാം എന്ന നിലയില്‍ ജനങ്ങളെ സ്വപ്‌നം കാണാന്‍ പ്രാപ്തരാക്കുന്നതിലായിരുന്നു ഞങ്ങളുടെ പങ്ക്. വിപ്ലവത്തിന്റെ സമയത്ത് മുസ്ലീം ബ്രദര്‍ഹുഡും സന്നദ്ധ പ്രവര്‍ത്തരും ഞങ്ങള്‍, തീവ്രാരാധകരും ഉണ്ടായിരുന്നു. അത്ര മാത്രം.'

ഭൂരിപക്ഷവും അഹ്‌ലി അംഗങ്ങള്‍ ഉള്‍പ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ, ആള്‍ക്കൂട്ട കലാപവും പോലീസിന്റെ അനാസ്ഥയും വളംവച്ച, 2012 ലെ പോര്‍ട്ട് സയ്ദ് ദുരന്തം ഈ ഭ്രാന്തസംഘങ്ങളും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതിന് കാരണമായി. ഈജിപ്തിലെ ഇടക്കാല സൈനിക ഭരണകൂടം എങ്ങനെയാണ്, 'അടിച്ചമര്‍ത്തലിനെതിരായ വിപ്ലവത്തില്‍ പങ്കെടുത്തുന്നതിന് തങ്ങളെ ശിക്ഷിക്കാനും ഉന്മൂലനം ചെയ്യാനും ഉദ്ദേശിക്കുന്നത്,' എന്നതിന്റെ സൂചനയാണ് ഈ സംഭവം എന്ന് സൂചിപ്പിച്ചുകൊണ്ട് ദുരന്തസമയത്ത് അല്‍ അഹ്‌ലിയ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ആരാധകര്‍ കളി കാണുന്നത് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഈ വര്‍ഷമാണ് പിന്‍വലിച്ചതെങ്കിലും, പുതിയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പൂര്‍ണമായും അരാജകത്വം നിറഞ്ഞത് അല്ലെങ്കില്‍ ഭരണകൂടത്തിന് എതിരായിട്ടുള്ളത് എന്ന് വളരെ അയഞ്ഞ ഒരു നിര്‍വചനം നല്‍കാവുന്ന ഈജിപ്തിലെ തീവ്രാരാധകരുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് നിലനില്‍ക്കുന്നത്. ഭൂരിപക്ഷം പേരും ദരിദ്ര തൊഴിലാളി വര്‍ഗ്ഗങ്ങളില്‍ നിന്നും വരുന്നവരാണെങ്കിലും എല്ലാവരും അങ്ങനെയല്ല.യുറോപ്പിലെ ഇവരുടെ സമാനരെ പോലെ തന്നെ, യുക്തിരഹിതമായ കലാപങ്ങള്‍ അഴിച്ചു വിടുന്ന തെമ്മാടികളായി ഈ കളിഭ്രാന്തന്മാരെ മാധ്യമങ്ങളും കണക്കുകളും വിശേഷിപ്പിക്കാറുണ്ട്. ചില ഭരണവര്‍ഗ്ഗ വിശ്വസ്തര്‍ ഇവരെ ഇപ്പോള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മുസ്ലീം ബ്രദര്‍ഹുഡിന്റെ മുന്നണി പോരാളികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ ഇസ്ലാമിക വിദ്യാഭ്യാസത്തെക്കാള്‍, ഈജിപ്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തല്‍ കാലാവസ്ഥയെയാണ് ഈ ചിത്രീകരണം കൂടുതല്‍ വെളിച്ചത്ത് കൊണ്ടുവരുന്നത്.

അല്‍ ആഹ്‌ലിയും സമാലെക്കും ഈജിപ്തിലെ ഏറ്റവും വലിയ ടീമുകളാണെന്ന് മാത്രമല്ല ഇരു ക്ലബുകളും സംശയത്തിനതീതമായി ദേശീയ സ്ഥാപനങ്ങളുമാണ്; രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ക്ലബിലെ മിക്ക ഭരണാധികാരികളും. മുബാറക് കാലഘട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്തെ അല്‍-സിസ്സിയുടെ അടുത്ത അനുയായിയുമായ സമാലെക് പ്രസിഡന്റ് മോര്‍റ്റാഡ മന്‍സൂര്‍, വൈറ്റ് നൈറ്റ്‌സിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മന്‍സൂറിന്റെ രാജി ആവശ്യപ്പെട്ട് വൈറ്റ നൈറ്റ് ഭ്രാന്തന്മാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സമാലെക് ക്ലബിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയിരുന്നു. കഴിഞ്ഞ മാസം ഇവരില്‍ 20 പേരെ നിരവധി മാസങ്ങള്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 'ഭരണകൂടത്തിന്റെ പട്ടി,' എന്നാണ് മന്‍സൂറിനെ സംഘം വിശേഷിപ്പിക്കുന്നത്.

ഫുട്ബോള്‍ തീവ്രാരാധകരുള്ള ഏക രാജ്യമല്ല ഈജിപ്ത്; ഇറ്റലി, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഈ സംസ്‌കാരം ഈജിപ്തിന് ലഭിച്ചത്. രാഷ്ട്രീയ ചക്രവാളത്തിന്റെ വിദൂര അരികുകളെ ചിലപ്പോഴൊക്കെ പ്രതിനിധീകരിച്ചുകൊണ്ട് തെക്ക്, കിഴക്കന്‍ യൂറോപ്പിലെമ്പാടും ഇവരുടെ സാന്നിധ്യമുണ്ട്.

എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഭരണകൂടങ്ങള്‍ നിലംപൊത്തുന്ന ഈജിപ്തിലെ ധ്രൂവീകൃത രാഷ്ട്രീയത്തില്‍, ഇത്തരം തീവ്രസംഘങ്ങള്‍ കൂടുതല്‍ വര്‍ദ്ധിതമായ ഇടപെടലുകള്‍ നടത്തുന്നു. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ഫുട്‌ബോള്‍ ഒരു കായികവിനോദം മാത്രമല്ലെന്ന് കഴിഞ്ഞ ആഴ്ച ഒടുവില്‍ നടന്ന സംഭവവികാസങ്ങള്‍ ഊന്നിപ്പറയുന്നു.


Next Story

Related Stories