TopTop
Begin typing your search above and press return to search.

തിരിച്ചുവന്ന പണത്തിന്റെ കണക്കു പുറത്തു വിടാന്‍ മടിക്കുന്നതെന്തിന്? കാര്യങ്ങള്‍ സുതാര്യമാവട്ടെ

തിരിച്ചുവന്ന പണത്തിന്റെ കണക്കു പുറത്തു വിടാന്‍ മടിക്കുന്നതെന്തിന്? കാര്യങ്ങള്‍ സുതാര്യമാവട്ടെ

നിരോധിക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിക്കേണ്ട സമയപരിധി 14 ദിവസം മുമ്പ് അവസാനിച്ചിട്ടും തിരിച്ചു വന്ന പണത്തെക്കുറിച്ച് ഒരു ഔദ്യോഗിക കണക്കും പുറത്തുവന്നിട്ടില്ല. ഇത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. നോട്ടു നിരോധന പ്രക്രിയയുടെ പ്രധാന സൂചകകങ്ങളെ കുറിച്ചുള്ള വിവരങ്ങളുടെ ഒഴുക്കിനെ കഴിഞ്ഞ ഒരു മാസമായി സര്‍ക്കാരും റിസര്‍വ് ബാങ്കും ഫലപ്രദമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഈ സാഹചര്യം ഊഹാപോഹങ്ങള്‍ക്ക് വഴിവെക്കുകയും സാമ്പത്തിക അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം സാമ്പത്തിക ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന് ആര്‍ബിഐയും സര്‍ക്കാരും ഉള്‍പ്പെടെ എല്ലാവരും സമ്മതിക്കുന്ന സാഹചര്യത്തില്‍ അനിശ്ചിതത്വം താങ്ങാന്‍ നമുക്ക് സാധിക്കില്ല. സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിനെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് രാജ്യത്തിന് അത് താങ്ങാനാവില്ല.

നോട്ടു നിരോധനം സാമ്പത്തികരംഗത്ത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്ന് കാണിക്കുന്നതിനായി ഏപ്രിലിനും ഡിസംബറിനും ഇടയില്‍ കേന്ദ്ര നികുതി സമാഹരണത്തിലെ വേഗത ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രത്യക്ഷ നികുതിയിലെ 12 ശതമാനവും പരോക്ഷ നികുതിയിലെ 25 ശതമാനവും വളര്‍ച്ച നിരക്ക് ശ്ലാഘനീയമാണ്. പക്ഷെ കണക്കുകള്‍ യാഥാര്‍ത്ഥ്യങ്ങളെ മറയ്ക്കാനുള്ളതാവരുത്. ഒന്നാമതായി, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അളവിനു വിധേയമാണ് നികുതി പിരിവിന്റെ വ്യാപ്തി. അവ തമ്മില്‍ വളരെക്കാലം വിഘടിച്ച് നില്‍ക്കാനാവില്ല. മാത്രമല്ല കണക്കുകള്‍ക്കിടയിലെ ചില കാര്യങ്ങള്‍ കേന്ദ്ര ധനമന്ത്രി ബോധപൂര്‍വം ഒളിച്ചുവെക്കുകയും ചെയ്യുന്നു. നിരോധിച്ച നോട്ടുകളായി കഴിഞ്ഞ ഡിസംബര്‍ 30 വരെ സര്‍ക്കാര്‍ നികുതികളും പിഴകളും മറ്റും അടയ്ക്കാന്‍ അവസരമുണ്ടായിരുന്നു. ബഹുഭൂരിപക്ഷവും ഇങ്ങനെ നികുതി അടച്ചതാവും അനിതരസാധാരണമായ ഈ നികുതി വരുമാന വളര്‍ച്ചയ്ക്ക് കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും (ജനുവരി-മാര്‍ച്ച്) വരുന്ന സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തിലും (ഏപ്രില്‍-ജൂണ്‍) പുറത്തു വരുന്ന കണക്കുകളാവും നോട്ട് നിരോധന തീരുമാനത്തിന്റെ യഥാര്‍ത്ഥ ആഘാതങ്ങള്‍ പുറത്തുകൊണ്ടുവരിക.

രണ്ടാമതായി, നികുതി പിരിവിന്റെ ഘടന അസ്വാരസ്യം സൃഷ്ടിക്കുന്നതാണ്. വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ നിന്നുള്ള നികുതി വെറും നാല് ശതമാനം കണ്ട് വര്‍ദ്ധിച്ചപ്പോള്‍, ഉല്‍പാദന, പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള എക്‌സൈസ് വരുമാനം 43 ശതമാനം കണ്ട് വര്‍ദ്ധിച്ചു.

പണരഹിത കൈമാറ്റങ്ങളിലേക്ക് ഇന്ത്യക്കാരെ തള്ളിവിടുക എന്നതായിരുന്നു നോട്ട് നിരോധന അഭ്യാസത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. സൂക്ഷ്മ വിശകലനത്തില്‍ നല്ല ആശയമാണെങ്കിലും, ചിലവുകളിലൂടെ മാത്രമേ ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാവൂ. സര്‍ക്കാരിന് വ്യക്തമായ പദ്ധതികളില്ലാതെ, ആദ്യം എടുത്തുചാടുകയും പിന്നീട് എല്ലാവരെയും അടിയന്തിരമായി ഡിജിറ്റല്‍ ഇടപാടുകളിലേക്ക് തള്ളിവിടുകയും ചെയ്യാമെന്ന ആശയം തിരിച്ചടിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്ധന പമ്പുകള്‍ കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് മടിക്കുന്നത്.

നോട്ട് നിരോധനം പോലെയുള്ള ഒരു സാമ്പത്തിക ആഘാതം സാമ്പത്തിക രംഗത്തെ ഹൃസ്വകാലത്ത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടു തന്നെ ആദ്യ കണക്കുകള്‍ വച്ച് ആത്മസംതൃപ്തി അടയുന്നതില്‍ അര്‍ത്ഥമില്ല. പിന്‍വലിച്ച പണം സാമ്പദ്ഘടനയിലേക്ക് തിരികെ എത്തിക്കുക എന്നതാണ് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. തുടര്‍ന്ന്, സര്‍ക്കാര്‍ അമിതമായി പരോക്ഷ നികുതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നികുതി നയ പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്തണം. പരോക്ഷ നികുതി വര്‍ദ്ധിക്കുന്നു എന്നതിനര്‍ത്ഥം ഉപഭോഗത്തിന്റെ അളവ് കുറയുന്നുവെന്നാണ്. പ്രത്യക്ഷ നികുതിയിലേക്ക് ഊന്നല്‍ മാറണം. അതിന് നികുതി നിരക്ക് കുറയ്ക്കുമെന്നും ഇളവുകള്‍ അനുവദിക്കില്ലെന്നുമുള്ള തന്റെ വാഗ്ദാനം ജെയ്റ്റ്‌ലി പാലിക്കണം. ഇതുവഴി നികുതി അടിത്തറ വ്യാപിക്കും എന്ന് മാത്രമല്ല, അത് കൂടുതല്‍ ന്യായയുക്തവുമാവും. കൂടാതെ വിവരങ്ങള്‍ സുഗമമായി ലഭ്യമാവണം. അല്ലാത്ത പക്ഷം, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യുക്തിപൂര്‍വം ആസൂത്രണം ചെയ്യുന്നതിന് പകരം വന്‍വിപത്തും പ്രതീക്ഷിച്ചിരിക്കുകയാവും സംരംഭകരും ഉത്പാദകരും ചെയ്യുക. ഇത്രയെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കണം.


Next Story

Related Stories