TopTop
Begin typing your search above and press return to search.

റഷ്യ വീണ്ടും ബോംബിനെ പ്രേമിക്കുമ്പോള്‍

റഷ്യ വീണ്ടും ബോംബിനെ പ്രേമിക്കുമ്പോള്‍

കരൌന്‍ ഡെമിര്‍ജിയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പുതിയ 40 മിസൈലുകളുമായി റഷ്യ തങ്ങളുടെ ആണവായുധ ശേഖരം വികസിപ്പിക്കുമെന്ന പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനം ശീതയുദ്ധ കാലത്തിന് സമാനമായ ആയുധ മത്സരത്തിലേക്ക് ക്രെംലിന്‍ ലോകത്തെ മടക്കിക്കൊണ്ടുപോകുമോ എന്ന ഭീതി ഉയര്‍ത്തിയിരിക്കുന്നു.

'ശീതയുദ്ധ കാലത്തിലേക്ക് മടങ്ങിപ്പോകാന്‍ ആരും ആഗ്രഹിക്കുമെന്ന് എനിക്കു തോന്നുന്നില്ല,' യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറയുന്നു. 'അത്തരമൊരു പ്രഖ്യാപനം ശക്തമായ ഒരു രാഷ്ട്രത്തിന്റെ നേതാവില്‍ നിന്നും കേള്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആകുലപ്പെടാതിരിക്കാനും.'

പക്ഷേ മിക്ക റഷ്യക്കാരും കരുതുന്നത് ഇതൊരു ഗംഭീര ആശയമാണെന്നാണ്. പ്രത്യേകിച്ചും അത് അമേരിക്കയ്ക്ക് അല്പം പേടി ഉണ്ടാക്കുമെങ്കില്‍.

'ഞങ്ങള്‍ ഞങ്ങളുടെ ആയുധശേഷി ഉയര്‍ത്തുന്നതില്‍ അഭിമാനമുണ്ട്. അവര്‍ ഞങ്ങളെ പേടിക്കണം,' റഷ്യയുടെ ആദ്യ അന്താരാഷ്ട്ര സൈനിക സാങ്കേതികവിദ്യ പ്രദര്‍ശനത്തില്‍ വെച്ചു അറുപത്തഞ്ചുകാരിയായ ഏകാതെറിന ഇവാനോവ്‌ന പറഞ്ഞു. അവിടെ വെച്ചാണ് പുടിന്‍ തന്റെ പ്രഖ്യാപനം നടത്തിയതും. 'കാരണം സോവിയറ്റ് യൂണിയന്റെ കാലത്ത് ആളുകള്‍ ഞങ്ങളെ ഭയപ്പെട്ടിരുന്നു, ബഹുമാനിച്ചിരുന്നു.'

'അമേരിക്ക ഇപ്പോള്‍ ഞങ്ങളെ വിലവെക്കുന്നില്ല,' ഇവാനോവ്‌ന കൂട്ടിച്ചേര്‍ത്തു. ക്രിമിയ കൂട്ടിച്ചേര്‍ത്ത സമയത്ത് പാശ്ചാത്യ രാഷ്ട്രങ്ങളും റഷ്യയുമായുള ബന്ധം ഉലഞ്ഞതിനേയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനേയും സൂചിപ്പിച്ചു ഇവാനോവ്‌ന പറഞ്ഞു. 'ആയുധ നിയന്ത്രണം ഒരു നല്ല ആശയമായിരുന്നു. അമേരിക്കയും നാറ്റോയും (NATO) ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങുംവരെ.

ജീവിതത്തിന്റെ നാനാതുറയില്‍പ്പെട്ട പല പ്രായക്കാരായ പതിനായിരക്കണക്കിനാളുകളാണ് റഷ്യയുടെ സൈനിക ശേഷി വിളിച്ചോതുന്ന, ഏറ്റവും മികച്ച ആണവ മിസൈലുകളടക്കമുള്ള പ്രദര്‍ശനം കാണാനെത്തിയത്.

'റഷ്യന്‍ സാങ്കേതികവിദ്യയും ആയുധങ്ങളും ലോകത്തിലെ ഏറ്റവും മികച്ചവയാണ്,' പുടിനെപ്പോലെ തോന്നിക്കുന്ന ഡെന്നീസ് വി പറഞ്ഞു. 'നിങ്ങള്‍ക്ക് റഷ്യയെ തോല്‍പ്പിക്കാനാവില്ല. റഷ്യ അജയ്യമാണ്. അതുകൊണ്ടു എത്ര കൂടുതല്‍ ആയുധങ്ങളുണ്ടോ അത്രയും കുറവ് ഭീഷണിയേ മറ്റ് രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ നേരിടേണ്ടിവരൂ.'റഷ്യക്കാര്‍ തങ്ങളുടെ സൈനിക ശക്തിയില്‍ എക്കാലത്തും അഭിമാനം കൊണ്ടിരുന്നു. അതവര്‍ വികസിപ്പിച്ച ആയുധശക്തിയിലായാലും വിവിധ ലോകയുദ്ധങ്ങളില്‍ അവര്‍ ബലികഴിച്ച ജീവനുകളുടെ പേരിലായാലും. പക്ഷേ ആണവ ശക്തിയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണത്തില്‍ എപ്പോഴും നിയന്ത്രണം കൈക്കൊണ്ടിരുന്നു. ഉദാഹരണത്തിന് തങ്ങള്‍ ഒരിയ്ക്കലും അമേരിക്കക്കാരെപ്പോലെ ജനങ്ങള്‍ക്ക് മേല്‍ അണുബോംബ് ഇട്ടിട്ടില്ലെന്ന് റഷ്യക്കാര്‍ പറയും. സോവിയറ്റ് യൂണിയന്റെ കാലത്ത് ആയുധ പന്തയത്തിലെ പങ്കാളിത്തം ലോകസമാധാനം ഉറപ്പാക്കാനാണെന്ന് നേതാക്കള്‍ ഖേദത്തോടെ ഓര്‍മ്മിപ്പിച്ചിരുന്നതായി അവര്‍ പറയും.

'ഒരേ സമയം 500 ആണവായുധങ്ങള്‍ വരെ സോവിയറ്റ് യൂണിയന്‍ നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വെറും 40 എണ്ണത്തെക്കുറിച്ചാണ് പറയുന്നത്. അതൊരു വലിയ പ്രശ്‌നമല്ല,' ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം പ്രദര്‍ശനം കാണാന്‍ വന്ന മുപ്പത്തിനാലുകാരിയായ മറീന ബൂലോവ പറഞ്ഞു.

'യുദ്ധമൊന്നും ഉണ്ടാകില്ല. എന്തെങ്കിലും യുദ്ധം ഉണ്ടാകുകയാണെങ്കില്‍ അത് വിവര യുദ്ധമായിരിക്കും, അതില്‍ക്കൂടുതലൊന്നുമില്ല.' എന്നാല്‍ ഇരുപത്തിയൊമ്പതുകാരനായ വ്‌ളാഡിമിര്‍ സഡോറൊവിന് പുടിന്റെ പദ്ധതിയെക്കുറിച്ച് അത്ര ഉറപ്പുപോര. ഒരു പുതിയ ആയുധപ്പന്തയം അയാള്‍ കാണുന്നു. 'ലോകം നശിപ്പിക്കാന്‍ 40 ആണവായുധങ്ങള്‍ പോരേ?' എങ്കില്‍പ്പോലും 40 ആണവായുധങ്ങള്‍ എന്നത് പുടിന്‍ കാണിക്കുന്ന ഒരു നിയന്ത്രണമാണെന്നാണ് അയാളുടെ പക്ഷം.

'എനിക്കു യുദ്ധത്തെക്കുറിച്ച് ആശങ്കയുണ്ട്. പക്ഷേ റഷ്യയെ ശത്രുക്കള്‍ ആക്രമിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുമോ എന്ന ആശങ്കയും എനിക്കുണ്ട്.'

യു എസിനെയാണോ? ശത്രുക്കള്‍ എന്നതുകൊണ്ട് ആരെയാണ് ഉദ്ദേശിച്ചത്?. 'ആയിരിക്കാം,' ഒരു കള്ളച്ചിരിയോടെ സഡറോവ് പറഞ്ഞു.

യു എസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പറഞ്ഞപോലെ റഷ്യയുടെ ആണവ മോഹങ്ങളെപ്പറ്റി താന്‍ 'വാചകമടിക്കുകയാണെന്നുള്ള' ആരോപണങ്ങളെ പുടിന്‍ തള്ളിക്കളയുന്നു. അത് അപകടകരവും ഉത്തരവാദിത്തരഹിതവുമാണെന്ന് പ്രത്യാരോപണം നടത്തിയ പുടിന്‍ റഷ്യ തങ്ങളുടെ ആയുധ ശേഖരം ആധുനികവത്കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വാദിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories