Top

ട്രംപും നയം മാറ്റിത്തുടങ്ങി; ബഹുധ്രുവ ലോകത്ത് ഇന്ത്യ എങ്ങനെ ഇടപെടണം

ട്രംപും നയം മാറ്റിത്തുടങ്ങി; ബഹുധ്രുവ ലോകത്ത് ഇന്ത്യ എങ്ങനെ ഇടപെടണം
പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം നടത്തിയ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗം വാഷിംഗ്ടണിലെ ചില ആശങ്കകളെയെങ്കിലും തല്‍ക്കാലത്തേക്ക് അടക്കിയിരുന്നു. പക്ഷേ അത് നീണ്ടു നിന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണവും അതിന്റെ നിഷേധവും തെളിയിക്കാനുള്ള ആവശ്യവുമെല്ലാം പിന്നാലെ വന്നു. തിരഞ്ഞെടുപ്പ് കാലത്തും അപ്രതീക്ഷിതമായി ജനുവരി 20-ലെ ഉദ്ഘാടന പ്രസംഗത്തിലും ഉയര്‍ത്തിയ കടുത്ത വിഭാഗീയത അയാള്‍ തുടരുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആ പ്രസംഗത്തിന് ശേഷം തുടര്‍ന്നു. പുതിയ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത് പുതിയ പ്രസിഡന്റിന്റെ ജനപ്രിയത വലിയ തോതില്‍ കുറയുന്നു എന്നാണ്. അതായിരിക്കാം അടവുകള്‍ മാറ്റാന്‍ പ്രേരിപ്പിച്ചത്. അയാളുടെ അപ്രവചനീയതയും പ്രതികരണത്തിലെ ചാഞ്ചാട്ടവും വിമര്‍ശനം വിളിച്ചുവരുത്തുന്നെങ്കിലും റിപ്പബ്ലിക്കന്‍ പിന്തുണ ഇളകാതെ തുടരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള വാചകക്കസര്‍ത്ത് തുടരുകയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നു എന്ന് കാണിക്കാന്‍ നിരവധി ഭരണ ഉത്തരവുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ അയാളെ അധികാരത്തിലെത്താന്‍ സഹായിച്ച സ്വതന്ത്ര വോട്ടര്‍മാര്‍ ഇപ്പോള്‍ ആശങ്കയിലാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയും അതിന്റെ കോണ്‍ഗ്രസ് അംഗങ്ങളും എതിര്‍പക്ഷത്ത് ഉറച്ചുനില്‍ക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പൊതുപിന്തുണയുണ്ടെങ്കിലും ഭരണകാലത്ത് റിപ്പബ്ലിക്കന്‍മാര്‍ സ്വീകരിച്ച തന്ത്രം പോലെ ട്രംപിനെയും അയാളുടെ അജണ്ടയെയും പൂര്‍ണമായും അവര്‍ എതിര്‍ക്കും. ഒബാമ ആരോഗ്യരക്ഷാ പദ്ധതി ഇല്ലാതാക്കാനുള്ള ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ ശ്രമം ഡെമോക്രാറ്റുകളെ ഒന്നുകൂടി ഒന്നിപ്പിക്കുന്നു. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയില്‍ സ്തംഭിച്ച ഡെമോക്രാറ്റുകള്‍ വീണ്ടും ഊര്‍ജിതരായിരിക്കുന്നു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നടന്ന വലിയ പ്രതിഷേധ പ്രകടനങ്ങളും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കുടിയേറ്റ നിരോധനത്തിനെതിരായ പ്രതിഷേധവും അവരെ കൂടുതല്‍ ഉഷാറാക്കി.

ട്രംപിന്റെ ഉത്തരവിന്റെ നാമ്പുകള്‍ പൊടിച്ചുതുടങ്ങി. സാമ്പത്തികവും സാമൂഹ്യവുമായ ഒരു ദേശീയ അജണ്ടയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് സര്‍ക്കാര്‍ പറയും. ഉഭയകക്ഷി വാണിജ്യ, സാമ്പത്തിക ബന്ധങ്ങളില്‍, യുഎസിന് മേല്‍ക്കയ്യുണ്ട് എന്നു കരുതുന്ന തരത്തിലുള്ള ഇടപാടുകള്‍ക്കാണ് സാമ്പത്തിക അജണ്ടയില്‍ മുന്‍തൂക്കം. യു.എസില്‍ നിക്ഷേപവും നിര്‍മ്മാണവും ആകര്‍ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും നികുതികളും തീരുവകളും തീരുമാനിക്കുക. എന്നാല്‍ സാങ്കേതിക മാറ്റങ്ങളാല്‍ തൊഴില്‍ ശൈഥില്യവും ഇതെല്ലാം പ്രതികൂലമായി ബാധിച്ച വാണിജ്യ പങ്കാളികളില്‍ നിന്നുള്ള കുറഞ്ഞ ആവശ്യവും ആയിരിയ്ക്കും ഇതിന്റെ ഫലം.

അനാവശ്യം എന്ന് വിശേഷിപ്പിക്കുന്ന അന്താരാഷ്ട്ര ബാധ്യതകളില്‍ നിന്ന് യുഎസ് പിന്‍മാറുന്നതാണ് രാഷ്ട്രീയ ദേശീയതയുടെ ഒരു നടപടി. 9/11 അഫ്ഗാനിസ്ഥാനില്‍ ആഴത്തില്‍ ഇടപെടുന്നതിന് ബുഷിനെ നിര്‍ബന്ധിതനാക്കി. ഇറാഖിലെ പാളിപ്പോയ ഇടപെടല്‍ സിറിയയിലും ലിബിയയിലും സമാനമായ സന്ദര്‍ഭങ്ങളെ നിഷേധാത്മകമായി സമീപിക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചു. യു.എസ് പ്രസിഡന്റുമാരില്‍ നിന്നും കേള്‍ക്കാത്തവണ്ണം സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, യുഎസ് 'രാജ്യങ്ങളുടെ പരമാധികാരത്തെയും' 'സ്വന്തം വഴി നിശ്ചയിക്കാനുള്ള ഓരോ രാജ്യത്തിന്റെയും അവകാശത്തേയും' മാനിക്കുന്നു എന്നും ട്രംപ് പറഞ്ഞു. ലോകത്തിന് മാതൃകയാണെന്ന് അവകാശപ്പെടുന്ന, അമേരിക്കയുടെ സവിശേഷ അവകാശത്തെക്കുറിച്ച് ഉറച്ച് വിശ്വസിക്കുന്ന പതിവ് രീതിയില്‍ നിന്നും ഭിന്നമായിരുന്നു ഇത്.

ബഹുരാഷ്ട്ര സംഘടനകളും തത്വങ്ങളും നിയന്ത്രിക്കാത്ത ദേശീയതയുടെ ശക്തരായ വക്താക്കളാണ് വൈറ്റ് ഹൗസില്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം. സൈനിക ബലം വര്‍ദ്ധിപ്പിക്കുന്നതിലും, മറ്റുള്ളവരുമായി കരുത്തിന്റെയും ഇടപാടുകളിലെ നേട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ഇടപെടുന്നതിലും ഇവര്‍ വിശ്വസിക്കുന്നു. ദേശീയ സുരക്ഷ സമിതിയില്‍ സൈനിക പശ്ചാത്തലമുള്ളവരെയാണ് കൂടുതലും പരിഗണിക്കുന്നത്. ആഭ്യന്തര സുരക്ഷ, പ്രതിരോധ സെക്രട്ടറിമാരും മുന്‍ സൈനികോദ്യഗസ്ഥരാണ്. പ്രസിഡന്റിന് ലഭിക്കുന്ന സങ്കുചിതമായ ഉപദേശങ്ങളെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സേന ബജറ്റ് വര്‍ദ്ധിപ്പിക്കണം എന്ന് ട്രംപ് നിരന്തരം പറയുന്നുണ്ട്. തങ്ങളെക്കാള്‍ തൊട്ട് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം സൈനികച്ചെലവിനെക്കാളും കൂടുതല്‍ യുഎസ് ഇപ്പോള്‍ത്തന്നെ ചെലവഴിക്കുന്നുണ്ട്. USAIDനും വിദേശകാര്യ വകുപ്പിനുമുള്ള പണം വെട്ടിക്കുറച്ച് പെന്റഗണിന് തിരിച്ചുവിടാനും ആലോചന നടക്കുന്നതായി വാര്‍ത്തയുണ്ട്.

വിദേശനയത്തില്‍ ചില മാറ്റങ്ങള്‍ ട്രംപ് വരുത്തുന്നു. നേരത്തെ അപ്രസക്തം എന്നയാള്‍ വിശേഷിപ്പിച്ച നാറ്റോയെ ശക്തമായി പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നു. ഫെബ്രുവരിയില്‍ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ 'ഏക ചൈന' നയത്തെ പിന്തുണച്ചു. നേരത്തെ ഇതിനെതിരായാണ് ട്രംപ് സംസാരിച്ചിരുന്നത്. മുമ്പ് സഖ്യകക്ഷികള്‍ ബാധ്യതയാണെന്ന് പറഞ്ഞിരുന്നെങ്കില്‍, ഇപ്പോള്‍ നിര്‍ണായക രഹസ്യ വിവരങ്ങള്‍ സഖ്യകക്ഷികളുമായി കൈമാറുന്നതിനുള്ള സന്നദ്ധതയും പ്രഖ്യാപിക്കുന്നു.മറ്റ് രാജ്യങ്ങള്‍ ട്രംപിന്റെ ഭരണം എങ്ങനെയാകും എന്നത് അനിശ്ചിതത്വം നിറഞ്ഞ ആകാംക്ഷയോടെ നോക്കുകയാണ്. ഈ ബന്ധത്തില്‍ നിര്‍ണായകമായ താത്പര്യങ്ങളുള്ളവര്‍ പുതിയ മാനദണ്ഡങ്ങളുമായി സംഭാഷണത്തിനും വിലപേശലിനുമുള്ള പ്രക്രിയകള്‍ക്ക് തുടക്കമിട്ടു. യുകെ, ജപ്പാന്‍, ഇസ്രയേല്‍, കാനഡ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. ജര്‍മ്മനിയുടെ വിദേശ, പ്രതിരോധ മന്ത്രിമാര്‍ വന്നു. ചൈനയുടെ സ്റ്റേറ്റ് കൌണ്‍സലര്‍ യാങ് ജിയെച്ചി ഫെബ്രുവരി 27ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ട്രംപുമായി ഹ്രസ്വചര്‍ച്ച നടത്തി.

കോണ്‍ഗ്രസ് പ്രസംഗത്തില്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായില്ല. ഊന്നല്‍ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റിലായിരുന്നു. യുഎസിനുള്ള ഭീഷണികളായി വടക്കന്‍ കൊറിയയുടെ ആണവായുധ, മിസൈല്‍ പദ്ധതികളെ വിശേഷിപ്പിച്ചു. ശീതയുദ്ധകാലത്ത്, 1979ല്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടല്‍ കാലത്തും പിന്നെ 9/11ന് ശേഷവും യുഎസിന്റെ വിദേശനയത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്ന പാകിസ്ഥാന് ഇനിയത് നിലനിര്‍ത്താന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തേണ്ടി വരും.

യുഎസിലെ പുതിയ രാഷ്ട്രീയവും മുന്‍ഗണനകളും മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യയും അതിന്റെ യുഎസ് സമീപനം രൂപപ്പെടുത്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി മുതിര്‍ന്ന യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ മൂന്ന് യുഎസ് പ്രസിഡണ്ടുമാരുടെ കാലത്ത് (ക്ലിന്റന്‍, ബുഷ്, ഒബാമ) ഇന്ത്യ - യുഎസ് രാഷ്ട്രീയ ഐക്യവും പ്രതിരോധ പങ്കാളിത്തവും വലിയ തോതില്‍ മുന്നോട്ടുപോയിരുന്നു. സാമ്പത്തിക പങ്കാളിത്തത്തിന്റെ വിവിധ മാനങ്ങള്‍ നോക്കാന്‍ ഇനി പ്രത്യേക ശ്രമം വേണ്ടിവരും. ഇത് അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും നിരന്തരമുണ്ടാകുന്ന മേഖലയാണ്. പ്രത്യേക 31 നിരീക്ഷണ പട്ടികയിലുള്ള ഇന്ത്യ, H1B വിഷയത്തിലും പ്രശ്‌നങ്ങള്‍ നേരിടുന്നു.

അനുപേക്ഷണീയമായ ബഹുധ്രുവ ലോകത്തില്‍ പല ധ്രുവങ്ങളുമായും ബന്ധം ഉണ്ടാക്കുന്നതാണ് നമ്മുടെ താല്‍പര്യങ്ങള്‍ക്കും നമ്മുടെ സ്വാശ്രിതത്വം കാക്കാനും നല്ലതെന്നതില്‍ സംശയമില്ല. എന്നാല്‍, വാണിജ്യ, നിക്ഷേപ താത്പര്യങ്ങളും, 3.5 ദശലക്ഷം വരുന്ന യു.എസിലെ ഇന്ത്യന്‍ പ്രവാസികളും, രണ്ടു ലക്ഷത്തോളമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഈ ബന്ധത്തിനു വളരെ നിര്‍ണായകമായ ഒരു തലം കൂടി നല്‍കുന്നു. പ്രതിരോധ മേഖലയിലടക്കം മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രോത്സാഹിപ്പിക്കുകയും യുഎസ് സിലിക്കണ്‍ വാലിയില്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യക്കായി പങ്കാളിത്തം തേടുകയും ചെയ്യുന്ന ഇന്ത്യക്ക് രാഷ്ട്രീയസാമ്പത്തിക ആഖ്യാനങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടിവരും. ട്രംപ് ഭരണത്തിനു കീഴില്‍ ഇതിനെ ശക്തിപ്പെടുത്തുമ്പോഴും ഉഭയകക്ഷിബന്ധത്തില്‍ യുഎസിലെ ബഹുകക്ഷി പിന്തുണ ഉറപ്പാക്കേണ്ടതിലെ പ്രാധാന്യം നാം വിട്ടുകളയരുത്.

Next Story

Related Stories