TopTop
Begin typing your search above and press return to search.

പോക്കറ്റ് കാലിയാക്കാതെ വൈഫൈ സിഗ്നല്‍ ബൂസ്റ്റ്‌ ചെയ്യാം; 5 വഴികള്‍

പോക്കറ്റ് കാലിയാക്കാതെ വൈഫൈ സിഗ്നല്‍ ബൂസ്റ്റ്‌ ചെയ്യാം; 5 വഴികള്‍

അഴിമുഖം പ്രതിനിധി

ഏത് സര്‍വ്വീസ് പ്രൊവൈഡറിന്റെ കണക്ഷന്‍ ആണെങ്കിലും വീട്ടിലേക്ക് വൈഫൈ മോഡം അല്ലെങ്കില്‍ റൌട്ടര്‍ വാങ്ങുമ്പോള്‍ രണ്ടു കാര്യങ്ങളേ മനസ്സില്‍ ഉണ്ടാകാറുള്ളൂ. വീട്ടില്‍ എവിടെയിടുന്നാലും നെറ്റ് കിട്ടണം, കാശിത്തിരി കൂടിയാലും വേണ്ടില്ല സ്പീഡും വേണം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ആദ്യം നമ്മള്‍ സര്‍വ്വീസ് പ്രൊവൈഡറിനെ തെറി വിളിക്കും, പിന്നെ റൌട്ടര്‍ നിര്‍മ്മാതാക്കളെയും.

നെറ്റിന്റെ സ്പീഡ് തെരഞ്ഞെടുക്കുന്ന പ്ലാനിനെ അപേക്ഷിച്ചിരിക്കുമെങ്കിലും നമ്മുടെ വീടിന്റെ ചില ഭാഗങ്ങള്‍ തന്നെ വൈഫൈയുടെ അന്തകരാകാറുണ്ട്. വീട്ടിലുള്ള ഭിത്തിയും കതകും എന്നുവേണ്ട ജനാലകള്‍ വരെ വൈഫൈ സിഗ്നലിനെ പിച്ചിചീന്തും. അവസാനം റൂട്ടറില്‍ നിന്നും മൊബൈലിലോ സിസ്റ്റത്തിലോ എത്തുമ്പോള്‍ സിഗ്നല്‍ സ്ട്രെംഗ്ത്ത് പകുതിയാവും.

എന്നാല്‍ പോക്കറ്റ് കാലിയാക്കാതെ വൈഫൈ സിഗ്നല്‍ ബൂസ്റ്റ്‌ ചെയ്യാന്‍ നമുക്ക് കഴിയും. അതും വളരെ സിമ്പിള്‍ ആയ ചില മാര്‍ഗ്ഗങ്ങളിലൂടെ. അതെന്തൊക്കെയാണ് എന്നൊന്നു നോക്കാം.

1. മോഡത്തിന്റെ ആന്റിന വര്‍ക്ക് ചെയ്യുക ഒരു കുടപോലെയാണ്. മുകളില്‍നിന്നും കീഴേക്ക് സിഗ്നല്‍ പ്രവഹിക്കും. നിങ്ങള്‍ എത്ര ഉയരത്തില്‍ മോഡം വയ്ക്കുന്നോ അത്രയും സ്ട്രെങ്ങ്ത് ഉള്ള സിഗ്നല്‍ നമുക്ക് ലഭിക്കും. രണ്ടു നിലയുള്ള വീടാണ് നിങ്ങളുടേത് എങ്കില്‍ രണ്ടാം നിലയില്‍ റൌട്ടര്‍ സ്ഥാപിച്ചാല്‍ താഴത്തെ നിലയിലും സാമാന്യം നല്ല രീതിയില്‍ത്തന്നെ സിഗ്നല്‍ ലഭിക്കും.2. വീട്ടിലെ വാതിലും ഭിത്തിയുമെല്ലാം സിഗ്നലിനെ പിടികൂടുന്ന കാര്യം നേരത്തെ പറഞ്ഞല്ലോ. അതിനു മറ്റൊരു പരിഹാരമാണ് വീടിനു നടുക്കുള്ള ഒരു സ്പേസില്‍ റൌട്ടര്‍ സ്ഥാപിക്കുക എന്നുള്ളത്. അത്യാവശ്യം ഉയരത്തില്‍ സ്ഥാപിക്കുകയാണെങ്കില്‍ സിഗ്നല്‍ സ്ട്രെംഗ്ത്ത് എല്ലായിടത്തും തുല്യമായി ലഭിക്കും. മാറ്റി സ്ഥാപിക്കുന്നതിനായി ആവശ്യമെങ്കില്‍ സര്‍വ്വീസ് പ്രൊവൈഡറിന്റെ സഹായം തേടാം. അടച്ച റൂമില്‍ ആണ് റൌട്ടര്‍ വച്ചിരിക്കുന്നത് എങ്കില്‍ ഉപയോഗിക്കുന്ന സമയം വാതില്‍ തുറന്നാല്‍ അത്രകൂടി തടസ്സം കുറയും.

3. സിഗ്നല്‍ റിസീവ് ചെയ്യേണ്ട ഉപകരണങ്ങളുടെ സ്ഥാനം മാറ്റുക. അല്ലെങ്കില്‍ അധികം തടസ്സമില്ലാതെ സിഗ്നല്‍ കിട്ടുന്നയിടങ്ങളില്‍ത്തന്നെയാണ് ഉപകരണങ്ങള്‍ വച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.

4.ചില റൌട്ടറുകളില്‍ എട്ട് ആന്റിനകള്‍ വരെയുണ്ടാവും. ഒരു ലുക്കിനായി വച്ചിരിക്കുന്നതാണ് എന്ന് കരുതണ്ട. ഓരോന്നിനും ഓരോ ഉത്തരവാദിത്വമുണ്ട്. ഉദാഹരണത്തിന് 802.11 എസി റൌട്ടറിലെ ഒരു ആന്റിന വീഡിയോ സ്ട്രീമിംഗിനായി ഉപയോഗിക്കുമ്പോള്‍ മറ്റൊന്ന് വെബ്‌ ബ്രൌസിംഗിനായി സിഗ്നല്‍ ക്രമീകരിക്കും. ആവശ്യമുള്ള ഡയറക്ഷനിലേക്ക് തിരിച്ചു വയ്ച്ചാല്‍ സ്പീഡും താരതമ്യേനെ വര്‍ദ്ധിക്കും. ഇനിയൊരു പക്ഷേ ആന്റിന ഇല്ലെങ്കില്‍ക്കൂടി പേടിക്കേണ്ട. ചില റൌട്ടറുകളുടെ ആന്റിന കെയ്സിനുള്ളില്‍ ആയിരിക്കും. അകത്തിരുന്നു കൊണ്ട് അത് പണിയെടുത്തുകൊള്ളും. തിരിക്കാന്‍ ആന്റിന ഇല്ലെങ്കില്‍ റൌട്ടര്‍ വച്ചിരിക്കുന്ന ഡയറക്ഷന്‍ മാറ്റിയാല്‍ മതി.

5.പഴയ മോഡല്‍, അതായത് 802.11എം റൌട്ടര്‍ ആണെങ്കില്‍ നിങ്ങള്‍ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും. കാരണം വഴിയില്‍ക്കൂടി പോകുന്ന ഫോണ്‍ സിഗ്നല്‍ പോലും നിങ്ങള്‍ക്കിട്ടു പണിതരും. ബേബി മോണിട്ടറുകള്‍, കോഡ് ലെസ്സ്, ബ്ലൂടൂത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ എന്നുവേണ്ട അടുക്കളയില്‍ ഇരിക്കുന്ന മൈക്രോവേവ് പോലും സിഗ്നലിനു മുന്നില്‍ ചൈനയിലെ വന്മതിലാകും. എന്തെങ്കിലും സംഗതി കുക്ക് ചെയ്യാനോ, കോഡ് ലെസ്സില്‍ കോള്‍ വിളിക്കാനോ ഉണ്ടെങ്കില്‍ അതെല്ലാം കഴിഞ്ഞിട്ടേ ഒരു സിനിമ സ്ട്രീം ചെയ്യാന്‍ തുടങ്ങാവൂ എന്ന് സാരം.

ഇനി ഒന്നു പരീക്ഷിച്ചു നോക്കൂ.


Next Story

Related Stories