TopTop
Begin typing your search above and press return to search.

ടുണീഷ്യന്‍ ജനാധിപത്യത്തിലെ ഇസ്ളാമിക വഴികള്‍

ടുണീഷ്യന്‍ ജനാധിപത്യത്തിലെ ഇസ്ളാമിക വഴികള്‍

കരീന പിസര്‍
(ഫോറിന്‍ പോളിസി)

കഴിഞ്ഞ ആഴ്ച ആദ്യം യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ടുണീഷ്യ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ ‘ജനാധിപത്യ പുരോഗതിയുടെ’ പേരില്‍ പ്രസിഡണ്ട് ബെജി കേയ്ദ് എസ്സെബെസിയെ പ്രശംസിക്കുകയും ചെയ്തു.

തങ്ങളുടെ ജനാധിപത്യത്തെ ശക്തമാക്കുന്നതില്‍ ടുണീഷ്യ ഏറെ പുരോഗതി ഉണ്ടാക്കിയിട്ടുമുണ്ട്. അറബ് വസന്തത്തില്‍ ജനാധിപത്യം ഉയര്‍ന്നുവന്ന ഏകരാജ്യമായിരുന്നു അത്. 2011-ലാണ് ഏകാധിപതിയായിരുന്ന സിനെ അല്‍ അബീദിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ന്നത് അയാളുടെ ഭരണത്തെ തൂത്തെറിഞ്ഞതും. പക്ഷേ സൂക്ഷ്മമായി നോക്കിയാല്‍ ടുണീഷ്യയിലെ ഇസ്ളാമിക കക്ഷിയായ എന്നഹ്ദ മതേതര രാഷ്ട്രീയ ശക്തികളുമായി ഒത്തുപോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതാണ് ഇതിന്റെ പ്രധാന കാരണമെന്ന് മനസിലാകും.

ഇങ്ങനെ ചെയ്യവേ സമ്മതിദായകരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ചില നിലപാടുകളില്‍ അവര്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യേണ്ടിവന്നിട്ടുണ്ട്. സത്യത്തില്‍ ഭരണകാലയളവില്‍ അതിന്റെ പ്രത്യയശാസ്ത്രത്തിലെ മതാത്മകമായ പല വശങ്ങളും അതിനു ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. തങ്ങളുടെ ഇസ്ളാമിക സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ ജനങ്ങള്‍ക്ക് തീരെ പറ്റില്ല എന്നു തോന്നിയ പല നിലപാടുകളും ഉപേക്ഷിക്കുകയും ചില വിഭാഗങ്ങളെ അടുപ്പിച്ചു നിര്‍ത്താനുള്ള മറ്റ് ചിലവ നിലനിര്‍ത്തുകയും എന്നഹ്ദ ചെയ്തിട്ടുണ്ട്. ഇത് തര്‍ക്കങ്ങളിലൂടെയും വിവാദങ്ങളിലൂടെയും കടന്നുപോയി ഒടുവില്‍ അന്തിമമായി വിജയിച്ച ടുണീഷ്യയുടെ ഭരണഘടന നിര്‍മ്മാണ പ്രക്രിയയില്‍ വ്യക്തമായിരുന്നു.

അത്തരം ഒത്തുതീര്‍പ്പുകള്‍ ടുണീഷ്യയുടെ വളരുന്ന ജനാധിപത്യ മണ്ഡലത്തില്‍ നിലനില്‍ക്കാന്‍ അവരെ സഹായിച്ചു. അതിലും പ്രധാനമെന്നത് ആ ജനാധിപത്യത്തെ നിലനിര്‍ത്താന്‍ അവരുടേതായ സംഭാവനകള്‍ നല്കി എന്നതുമാണ്. എന്തായാലും ടുണീഷ്യയിലെ ശൈശവദശയിലെ ജനാധിപത്യം നിലനില്ക്കും എന്നുറപ്പുവരുത്തുന്നതില്‍ പ്രധാന ഇസ്ളാമിക കക്ഷി ഒരു നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.


ടുണീഷ്യന്‍ പ്രസിഡന്‍റ് ബെജി കേയ്ദ് എസ്സെബെസി

പരിവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ക്കേ എന്നഹ്ദിന്റെ ഇസ്ളാമിക സ്വഭാവം തര്‍ക്കവിഷയമായിരുന്നു. ഇസ്ളാമിക സംഘങ്ങളെ അടിച്ചമര്‍ത്തിയ ബെന്‍ അലിയുടെ ഭരണകാലത്ത് പതിറ്റാണ്ടുകളോളം പ്രവാസത്തിലോ ഒളിവിലോ കഴിഞ്ഞിരുന്ന അതിന്റെ അംഗങ്ങള്‍ 2011-ലെ പൊതുമാപ്പിനെ തുടര്‍ന്നാണ് രാഷ്ട്രീയ മണ്ഡലത്തിലേക്ക് തിരിച്ചെത്തിയത്. അവരുടെ പുതിയ എതിരാളികള്‍-ഒരു മുന്നണിയുണ്ടാക്കാന്‍ കഴിയാത്ത ചെറു മതേതര കക്ഷികള്‍- എന്നഹ്ദ അണികളെ മതമൌലികവാദികളായി ചിത്രീകരിച്ച് ടുണീഷ്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണവര്‍ എന്ന പ്രചാരണവുമായി ഉടനെയിറങ്ങി. എന്നഹ്ദ ഭരണം സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും മതാത്മക രാഷ്ട്രീയം മാറ്റിവെക്കുന്നത് മതനിയമപ്രകാരമുള്ള ഭരണത്തിലേക്കുള്ള ഒരു വഴിയാണെന്നും സമ്മതിദായകരെ ആകര്‍ഷിക്കാനുള്ള വെറും തട്ടിപ്പാണെന്നും അവര്‍ പറഞ്ഞു.

തന്റെ കക്ഷിയുടെ മേലുള്ള ഈ സംശയത്തിന്റെ നിഴല്‍ മറികടക്കാന്‍ വേണ്ടി എന്നഹ്ദയുടെ അധ്യക്ഷനും സ്ഥാപകരില്‍ ഒരാളുമായ റാചിദ് ഘനൌചി തങ്ങളുടെ ‘മിതവാദ’ സ്വഭാവം ടുണീഷ്യക്കാരെ ബോധ്യപ്പെടുത്താന്‍ ഏറെ അദ്ധ്വാനിച്ചു. ഉദാഹരണത്തിന്,“ടുണീഷ്യയിലേക്കുള മടങ്ങിവരവില്‍ വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ വരരുതെന്ന് അനുയായികള്‍ക്ക് താന്‍ നിര്‍ദേശം നല്കിയിരുന്നു” എന്നു 2011-ലെ ഒരഭിമുഖത്തില്‍ റാചിദ് ഓര്‍ക്കുന്നു. ഇറാനിലേക്കുള ഖൊമേനിയുടെ മടങ്ങിവരവിന്റെ ദൃശ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇത്.

ഒടുവില്‍ 2011, ഒക്ടോബറില്‍ നടന്ന ടുണീഷ്യയിലെ ആദ്യത്തെ സ്വതന്ത്രമായ തെരഞ്ഞെടുപ്പില്‍ എന്നഹ്ദ വിജയിച്ചു. മതാടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് മുന്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്നുള്ള വിടുതല്‍ എന്ന അജണ്ടയിലായിരുന്നു അവര്‍ വിജയിച്ചത്. ടുണീഷ്യയിലെ അവികസിത പ്രദേശങ്ങളിലെ അവഗണിക്കപ്പെട്ട ആളുകളുടെ അടുത്തെത്താന്‍ അവര്‍ ശ്രമിച്ചു. മതത്തിനെ ചുറ്റിപ്പറ്റി മാത്രമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരുന്ന ഏക കക്ഷിയും എന്നഹ്ദ മാത്രമായിരുന്നു. അവരുടെ എതിരാളികളാവട്ടെ എന്നഹ്ദയുടെ മതസ്വാധീനത്തിന്റെ അപകടങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ അതവര്‍ക്ക് തിരിച്ചടിയാവുകയാണ് ചെയ്തത്.

ഇതിനെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ സിഹെം ബെന്‍സേര്‍ഡിന്‍ 2014-ല്‍ എന്നോടു പറഞ്ഞു,“ടുണീഷ്യയിലെ മതേതര കക്ഷികള്‍ ഇസ്ളാമിക വിരുദ്ധതയില്‍ മുഴുകിപ്പോയി-ഈ ഭയം പഴയ ഭരണത്തിന്റെ പോലുള്ള വര്‍ത്തമാനങ്ങളിലേക്ക് അവരെ പ്രേരിപ്പിച്ചു. അതായിരുന്നു 2011-ല്‍ അവര്‍ക്ക് പറ്റിയ തന്ത്രപരമായ പിഴവ്. ഇസ്ളാമിക വാദികള്‍ ഉണ്ടെന്നും എന്നാല്‍ ബെന്‍ അലിയുടെ പതനത്തിനുശേഷം ഇവര്‍ ജനാധിപത്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും അവര്‍ തിരിച്ചറിഞ്ഞില്ല.”


എന്നഹ്ദയുടെ അധ്യക്ഷന്‍ റാചിദ് ഘനൌചി

പക്ഷേ അധികാരത്തില്‍ വന്ന് രാജ്യത്തിന്റെ പുതിയ ഭരണഘടന എഴുതിയുണ്ടാക്കേണ്ട ചുമതല വന്നതോടെ എന്നഹ്ദായിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പുറത്തുവന്നു. രാഷ്ട്രീയ ഇസ്ലാം എന്തെന്നതിന്റെ വ്യാഖ്യാനത്തില്‍ ദേശീയ ഭരണഘടന സഭയിലെ അംഗങ്ങള്‍ തമ്മില്‍ 2013-ല്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. സഭയില്‍ കക്ഷി ഒറ്റക്കെട്ടായി വോട്ട് ചെയ്തെങ്കിലും പല സന്ദര്‍ഭങ്ങളിലും ഭിന്നത മറനീക്കി വന്ന്. ഘനൌചിയുടേത് ഇരട്ടത്താപ്പാണോ എന്ന് പല ടുണീഷ്യക്കാരും സംശയിച്ചു.

ഭരണഘടന നിര്‍മാണത്തിന്റെ രണ്ടു മാസം ആയപ്പോള്‍ ടുണീഷ്യന്‍ നിയമത്തിന്റെ അടിസ്ഥാനം ശരിയാ നിയമമാക്കുന്ന ഒരു കരട് എന്നഹ്ദ പുറത്തിറക്കി. തെരുവിലും പൌരസമൂഹത്തിലും പ്രതിഷേധം പുകഞ്ഞു. ഘനൌച്ചി നിലപാട് മാറ്റി; ശരിയാ ചിത്രത്തില്‍ നിന്നും പോയി. പക്ഷേ അതിനുശേഷം ആ പാര്‍ട്ടിയുടെ നിയമസഭാംഗം ദൈവനിന്ദ കുറ്റമാക്കാനുള്ള ഭരണഘടന വകുപ്പ് നിര്‍ദേശിച്ചു.

മറ്റൊരു സംഭവത്തില്‍ പ്രധാനമന്ത്രിയാകാന്‍ പോയിരുന്ന പാര്‍ട്ടി നേതാവായ ഹമാദി ജെബാലി ടുണീഷ്യയില്‍ ഒരു ആറാം ഖിലാഫത് സ്ഥാപിക്കാനുള്ള എന്നഹ്ദയുടെ ആഗ്രഹം പരസ്യമാക്കി. വീണ്ടും തെരുവുകളില്‍ പ്രതിഷേധം ഇരമ്പി; ജെബാലി പ്രസ്താവന പിന്‍വലിച്ചു. ഈ തീവ്ര നിലപാടുകളും പിന്നീടുള്ള തിരുത്തലുകളും പാര്‍ടിക്കുള്ളിലെ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല, ടുണീഷ്യയില്‍ രാഷ്ട്രീയ ഇസ്ലാമിനുള്ള അസ്വീകാര്യത കൂടിയാണ് കാണിക്കുന്നത്.

ഭരണഘടനയില്‍ ഇസ്ലാമിനുള്ള സ്ഥാനത്തെക്കുറിച്ച് എന്നഹ്ദയുടെ മാറിമറിയുന്ന നിലപാടുകള്‍ മിതവാദികളായി ചമയുമ്പോഴും യാഥാസ്ഥിതികരായ സലാഫി സമ്മതിദായകരെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്നും എതിരാളികള്‍ ആക്ഷേപിച്ചു. എന്നാല്‍ വിവിധ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വൈവിധ്യമുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് അത് എന്നതാണ് വാസ്തവം.

ഇത് ഭരണഘടന നിര്‍മാണ വേളയില്‍ പ്രകടമായിരുന്നു. ജനുവരി 2014-ല്‍ ഖുര്‍ആനും സുന്നയും നിയമത്തിന്റെ പ്രധാന സ്രോതസുകളാക്കാനുള്ള ഭരണഘടനയുടെ ആദ്യ ആര്‍ട്ടിക്കിളിനായി 22 എന്നഹ്ദ അംഗങ്ങള്‍ വോട്ട് ചെയ്തു. 17 പേര്‍ എതിര്‍ത്തപ്പോള്‍ 39 പേര്‍ വിട്ടുനിന്നു. ഇസ്ലാമിനെ രാജ്യത്തിന്റെ പ്രധാന നിയമനിര്‍മ്മാണ സ്രോതസാക്കാനുള്ള സമാനമായ ഭേദഗതിയുടെ കാര്യത്തിലും എന്നഹ്ദ അംഗങ്ങള്‍ 18-15 എന്ന നിലയില്‍ വിയോജിച്ചു. 46 പേര്‍ വിട്ടുനിന്നു.

ടുണീഷ്യന്‍ സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദവും ജിഹാദി ആക്രമണങ്ങള്‍ ഉയര്‍ന്നതും ഇസ്ളാമിക ആക്രമത്തിനെതിരെ കടുത്ത നിലപാടെടുക്കാന്‍ എന്നഹ്ദയെ പ്രേരിപ്പിച്ചു. ഇസ്ളാമിക രാഷ്ട്രീയ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തിയിരുന്ന ബെന്‍ അലിയുടെ പാരമ്പര്യത്തില്‍ നിന്നും അകലം പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അക്രമം പ്രോത്സാഹിപ്പിച്ച സലാഫി ജിഹാദി സംഘങ്ങള്‍ക്കെതിരെ വരെ കര്‍ശന നടപടിയെടുക്കാന്‍ അവര്‍ അറച്ചുനിന്നു. സലാഫി പ്രസ്ഥാനത്തിലെ ചില തെമ്മാടി ഘടകങ്ങളെ വിമര്‍ശിച്ച എന്നഹ്ദ ആദ്യം സലാഫി നേതാക്കളുമായി ചര്‍ച്ച നടത്തുകയും അവരുടെ യാഥാസ്ഥിതിക അജണ്ട രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ തുടരണമെന്നും നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ ഇസ്ളാമിക പ്രത്യയശാസ്ത്രത്തെ ഏതളവില്‍ നടപ്പാക്കണം എന്നതില്‍ എന്നഹ്ദക്കുള്ള സംശയങ്ങളാണ് ഇതൊക്കെ കാണിച്ചത്. എന്നഹ്ദ പാശ്ചാത്യ, മതേതര താത്പര്യങ്ങള്‍ക്ക് വഴങ്ങുകയാണെന്നും ഇസ്ളാമിക അജണ്ട വെറും പുറംപൂച്ചാണെന്നും ടുണീഷ്യയിലെ സലാഫികളും ആരോപിച്ചു.

സലാഫികളോടുള്ള നിലപാടിന്റെ പേരില്‍ എതിരാളികളും ആക്രമണം ശക്തമാക്കി. നിദ ടൌണ്‍സ് രാഷ്ട്രീയ നേതാവായിരുന്ന ലോട്ഫി നഗ്ദ് 2012 ഒക്ടോബറില്‍ കൊല്ലപ്പെട്ടത് നിദ ടൌണ്‍സ് നേതാവും ടുണീഷ്യയുടെ പ്രസിഡന്റുമായ ബെജി കേയ്ഡ് എസ്സെബ്സി എന്നഹ്ദയെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ ഇടയാക്കി. ചോക്രി ബെലൈഡ്, മൊഹമ്മദ് ബ്രഹ്മി എന്നീ പ്രതിപക്ഷ നേതാക്കള്‍ കൂടി കൊല്ലപ്പെട്ടതോടെ അത്തരം മുറുമുറുപ്പുകള്‍ വലിയ പ്രതിഷേധമായി മാറി. ബെലൈഡ് കൊല്ലപ്പെട്ടപ്പോള്‍ 2013 ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ എന്നഹ്ദയുടെ നേതൃത്വത്തെ തളിപ്പറഞ്ഞും ഘനൌചിയെ കൊലപാതകിയായി മുദ്രകുത്തിയും 40,000 പേര്‍ പ്രതിഷേധിച്ചു.ഇതോടെ എന്നഹ്ദ സലാഫി ജിഹാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് ടുണീഷ്യയിലെ ഏറ്റവും വലിയ ഏറെ അനുയായികളുള്ള സലാഫി ജിഹാദി സംഘമായ അന്‍സാര്‍ അല്‍-ശരിയാ-യെ ഏപ്രില്‍ 2013-നു ഭീകരവാദ സംഘടനയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2015 മാര്‍ച്ചില്‍ തോക്കുധാരിയായ അക്രമി ബാര്‍ഡോ ദേശീയ മ്യൂസിയത്തില്‍ 21 പേരെ വെടിവെച്ചു കൊന്നപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ സോസ്സെയിലെ ഒരു വിനോദസഞ്ചാര കേന്ദ്രം ആക്രമിച്ചപ്പോഴും എന്നഹ്ദ കര്‍ശനമായ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടു.

അന്തിമമായി നേരത്തെ ഒറ്റപ്പെടുത്തേണ്ട എന്ന് അവര്‍ തീരുമാനിച്ചിരുന്ന ഇസ്ളാമിക സംഘങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ എന്നഹ്ദ തീരുമാനിച്ചു. സ്വേച്ഛാധിപതിയായ മുന്‍ഗാമിയെ അനുസ്മരിപ്പിക്കുന്നു എന്ന് ചിലര്‍ ആരോപിക്കുന്ന, രാഷ്ട്രീയ സംവിധാനത്തിലെ മറ്റൊരു അംഗമായി അവര്‍ മാറി. ഘനൌചി ഉയര്‍ത്തിയിയിരുന്ന രാഷ്ട്രീയ ഇസ്ലാം ടുണീഷ്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒത്തുപോകില്ലെന്നതിന്റെ തെളിവുകൂടിയായിരുന്നു ഇത്.

ഒക്ടോബര്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ എന്നഹ്ദയുടെ ഭൂരിപക്ഷം നഷ്ടമായി. നിദ ടൌണ്‍സ് വലിയ കക്ഷിയായി. മൂന്നുവര്‍ഷത്തെ ഭരണകാലത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ടുണീഷ്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനോ പരിഷകരണങ്ങള്‍ നടപ്പാക്കാനോ എന്നഹ്ദക്കായില്ലെന്ന് പല സമ്മതിദായകരും കരുതി. തോല്‍വി സമ്മതിച്ച എന്നഹ്ദ, ആദ്യഘട്ട വൈമനസ്യങ്ങള്‍ക്ക് ശേഷം നിദ ടൌണ്‍സിന്റെ ദേശീയ കൂട്ടുകക്ഷി മന്ത്രിസഭയില്‍ ചേര്‍ന്നു. എന്നാല്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ നിദ ടൌണ്‍സിലെ 2016 ജനുവരിയിലെ രാജികള്‍ എന്നഹ്ദയെ വീണ്ടും വലിയ ഒറ്റകക്ഷിയാക്കി.

ടുണീഷ്യയുടെ രാഷ്ട്രീയ പരിവര്‍ത്തനത്തില്‍ എന്നഹ്ദ അടിച്ചമര്‍ത്തല്‍ ഒഴിവാക്കിയുള്ള, ജനാധിപത്യ സാധുത തേടുന്ന, ഇസ്ലാമിനെ വികൃതമായി വ്യാഖ്യാനിക്കുന്നവര്‍ക്കും അതിനെ നിഷേധിക്കുന്നവര്‍ക്കുമെതിരെ ഇസ്ലാമിനെ പ്രതിരോധിക്കുന്ന മറ്റ് കക്ഷികളുമായി മുന്നണിയുണ്ടാക്കുന്ന ഒരു സന്തുലനം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ ഇസ്ളാമിക പ്രത്യയശാസ്ത്രം വെച്ചുനോക്കുമ്പോള്‍ ഇതൊട്ടും മോശമല്ല. പ്രത്യേകിച്ചും ടുണീഷ്യയിലെ മറ്റ് കക്ഷികള്‍ സമ്മര്‍ദ്ദം വന്നാല്‍ മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളൂ എന്നുകൂടി കണക്കിലെടുത്താല്‍. സമ്മതിദായകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്ക് സന്നദ്ധമായും ഇസ്ളാമിക കാഴ്ച്ചപ്പാടില്‍ മായം വരുത്തിയും രാഷ്ടീയ ഇസ്ലാമിന് ജനാധിപത്യത്തില്‍ നിലനില്‍ക്കാം എന്നാണ് ടുണീഷ്യയുടെ അനുഭവം കാണിക്കുന്നത്.


Next Story

Related Stories