അഴിമുഖം പ്രതിനിധി
ജെ എന്‍യുവില്‍ നിന്നും ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയാല്‍ കനയ്യ കുമാര്‍ ‘അദ്ദേഹത്തിനു മുമ്പിലെത്തുന്ന രോഗികളെ എങ്ങനെ ചികിത്സിക്കുമെന്ന്’ ഹിന്ദു സംഘടനയായ വീര്‍ സേനാ നേതാവിന്റെ സംശയം. വീര്‍ സേനാ നേതാവ് നിരഞ്ജന് പാല് ആണ് ഈ 'ബുദ്ധി'പരമായ സംശയത്തിന്റെ ഉടമ.
‘ജെ.എന്‍.യുവില്‍ നിന്നും പി.എച്ച്.ഡി എടുക്കുകയാണ് അവന് (കനയ്യ കുമാര്‍) എന്നാണ് അറിയാന്‍ കഴിഞ്ഞത്. രാഷ്ട്രത്തെ ഛിന്നഭിന്നമാക്കുമെന്ന് അവന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള ഒരാള്‍ ഡോക്ടറായാല്‍ തന്നെ സമീപിക്കുന്ന രോഗികളെ എങ്ങനെയായിരിക്കും ചികിത്സിക്കുക? കനയ്യ രോഗികളെ പരിശോധിക്കുമോ അതോ ഓപ്പറേഷന് നടത്തുമോയെന്നും പാല് ചോദിച്ചു. കനയ്യകുമാര്‍ മെഡിസിനല്ല സാഹിത്യമാണ് പഠിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം അഭിപ്രായം തിരുത്താന്‍ തയ്യാറായില്ല. ‘ അതുകൊണ്ട്? ' എങ്ങനെയായാലും അവനൊരു ഡോക്ടറാവില്ലേ, രോഗികള്‍ സമീപിക്കില്ലേ ?’ എന്നായിരുന്നു അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി. പി.എച്ച്.ഡിയും എം.ബി.ബി.എസും ഒന്നല്ല എന്ന് മാധ്യമങ്ങള്‍ പലതവണ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചെങ്കിലും വീര്‍സേന നേതാവ് അബദ്ധം മനസ്സിലാക്കിയില്ല.
ഏപ്രില്‍ 23ന് കനയ്യകുമാര്‍ മുംബൈയിലെത്തിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല എന്ന് വീര്‍സേന ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പ്രഖ്യാപനത്തിനായി ഹിന്ദു ജന്‍ജാഗ്രതി സമിതി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വീര്‍ സേന നേതാവിന്റെ അഭിപ്രായ പ്രകടനം.