TopTop
Begin typing your search above and press return to search.

ഹ്യൂഗോ ഷാവേസിന്റെ പ്രതിമ തകര്‍ത്തു; വെനീസ്വേലയില്‍ കലാപം പടരുന്നു

ഹ്യൂഗോ ഷാവേസിന്റെ പ്രതിമ തകര്‍ത്തു; വെനീസ്വേലയില്‍ കലാപം പടരുന്നു

വെനീസ്വേലയില്‍ ഭരണത്തിലിരിക്കുന്ന സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കൊളാസ് മദൂറോയുടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരു മാസമായി നടത്തുന്ന പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 37 ആയതായി സൂചന. ഇന്നലെ നടന്ന പ്രകടനങ്ങളില്‍ ഹെക്‌ഡെര്‍ ലൂഗോ എന്ന 20 കാരന്‍ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രിലില്‍ ആരംഭിച്ച കലാപങ്ങളില്‍ ഇതുവരെ 717 പേര്‍ക്ക് പരിക്കേല്‍ക്കുകയും 152 പേര്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് പറയുന്നു.

തലസ്ഥാനത്ത് നിന്നും റോഡ് മാര്‍ഗ്ഗം രണ്ട് മണിക്കൂര്‍ സഞ്ചരിക്കേണ്ട വ്യവസായി നഗരമായ വലന്‍സിയയില്‍ ഈ ആഴ്ച വ്യാപകമായ കലാപവും കൊള്ളയും അരങ്ങേറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം സുലിയ സംസ്ഥാനത്ത് മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പ്രതിമ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് തകര്‍ത്തു. 2013ല്‍ കാന്‍സര്‍ മൂലം അന്തരിച്ച ഷാവേസിന്റെ പ്രതിമ നടുറോഡില്‍ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തങ്ങളുടെ ഭാവി തകര്‍ത്തതില്‍ ഷാവേസ് വഹിച്ച പങ്ക് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികളാണ് പ്രതിമ തകര്‍ത്തതെന്ന് പ്രതിപക്ഷ പാര്‍ലമെന്റ് അംഗം കാര്‍ലോസ് വലേറോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

1998ലെ പൊതുതിരഞ്ഞെടുപ്പില്‍ ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ജയിച്ച ശേഷം അവരുടെ നിഴലിലായിരുന്നു പ്രതിപക്ഷം. പക്ഷെ ഇപ്പോള്‍ അവരുടെ ജനകീയ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. ഷാവേസിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ മദൂറോ ഒരു ഏകാധിപതിയാണെന്നും രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ക്കുന്നതില്‍ നിലവിലെ പ്രസിഡന്റിന് നിര്‍ണായക പങ്കുണ്ടെന്നും അവര്‍ ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പ്രതിഷേധങ്ങളുമായി തെരുവില്‍ തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇന്ന് ദേശവ്യാപകമായി വനിതകളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കും. തലസ്ഥാനമായ കാരകാസിലാണ് ഏറ്റവും വലിയ റാലിക്ക് പദ്ധതിയിട്ടിരിക്കുന്നത്.

2015ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച ദേശീയ അസംബ്ലിയില്‍ 'മദൂറോ ഏകാധിപതിയാണ്' എന്ന് എഴുതിയ ബാനറും പിടിച്ചാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ യുഎസിന്റെ പിന്തുണയോടെ രക്തരൂക്ഷിതമായ അട്ടിമറി നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ആരോപിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ക്ക് പകരം ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി ഒരു ഭരണഘടന അസംബ്ലി രൂപീകരിക്കാനും പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പദ്ധതി ഇടുന്നുണ്ട്.

ദേശീയ സംവാദത്തിനായി പ്രസിഡന്റ് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. യുവാക്കള്‍ പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങള്‍ റോഡ്രിഗസ് വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സമാധാനപരമായാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചതെങ്കിലും സര്‍ക്കാര്‍ സേനകള്‍ പ്രകടനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ അത് അക്രമപ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുകയായിരുന്നു. കൂടാതെ മദൂറോ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഭരണഘടന അസംബ്ലി ബഹിഷ്‌കരിക്കാനും പ്രതിപക്ഷം പദ്ധതിയിടുന്നു. സര്‍ക്കാര്‍ ഭൂരിപക്ഷമുള്ള ഒരു അസംബ്ലി രൂപീകരിച്ചുകൊണ്ട് അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് പ്രസിഡന്റ് നടത്തുന്നതെന്നാണ് അവരുടെ ആരോപണം. കഴിഞ്ഞ വര്‍ഷം നടന്ന ഹിതപരിശോധനയില്‍ മദൂറോ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ഗവര്‍ണര്‍മാരുടെ തിരഞ്ഞെടുപ്പ് ഉടനടി നടത്തണമെന്നും 2018ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തെ ആക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

നാല് വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഭക്ഷ്യ, ഔഷധ വിതരണത്തെപ്പോലും പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ ഭരണകക്ഷിയായ സോഷ്യലിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍. സായുധരായ ഗുണ്ടകളാണ് കലാപങ്ങള്‍ അഴിച്ചുവിടുന്നതെന്ന് സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍, കണ്ണീര്‍വാതകം ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ന്യായമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മറുപക്ഷം ആരോപിക്കുന്നു. സര്‍ക്കാര്‍ അനുകൂല സംഘങ്ങളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

'അനീതി അവസാനിപ്പിക്കാന്‍' സര്‍ക്കാര്‍ ഒംബുഡ്‌സ്മാന്റെ പുത്രന്‍ തന്റെ പിതാവിന് കത്തയച്ചത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. അതിന്റെ പിന്നാലെ 'ഇത് മതിയാക്കൂ' എന്ന് പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പഡ്രീനോയുടെ കസിന്‍ ഏര്‍ണസ്‌റ്റോ പഡ്രീനോ മന്ത്രിക്ക് കത്തയച്ചു. എണ്‍പത് ശതമാനം വെനീസ്വേലക്കാരും തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നതായും രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം പ്രതീക്ഷിക്കുന്നതായും ഏര്‍ണസ്റ്റോ പഡ്രീനോ ഫേസ്ബുക്കില്‍ തന്റെ അര്‍ദ്ധസഹോദരനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നെ വെനിസ്വേലയിലെ ജനങ്ങള്‍ ഇതിന്റെ വില സര്‍ക്കാര്‍ ഭാഗത്തുനിന്നും ഈടാക്കുമെന്നും.


Next Story

Related Stories