TopTop
Begin typing your search above and press return to search.

കാട്ടാനകള്‍ ഉറക്കം കെടുത്തുന്ന 40 വയനാടന്‍ ഗ്രാമങ്ങള്‍

കാട്ടാനകള്‍ ഉറക്കം കെടുത്തുന്ന 40 വയനാടന്‍ ഗ്രാമങ്ങള്‍

ദാഹം തീര്‍ക്കാനും വിശപ്പടക്കാനും ഒറ്റയായും കൂട്ടമായും നാട്ടിലേക്കിറങ്ങി വരുന്ന കാട്ടാനകള്‍ ഇന്ന് വയനാട്ടിലെ നാല്‍പ്പതോളം ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നു. കാട്ടാനകള്‍ ഏറ്റവും കൂടുതല്‍ മനുഷ്യകുരുതി നടത്തുന്ന ഇന്ത്യയിലെ ഒരു പ്രദേശമായി വയനാട് മാറിയിരിക്കുന്നു. നാട്ടുകാര്‍ കാവല്‍ മാടങ്ങളിലിരുന്നു അവരുടെ ഭീതിതമായ അനുഭവങ്ങള്‍ പറയുന്നു. കാടിറങ്ങി വന്ന് ആരോടെക്കെയോ പ്രതികാരം തീര്‍ക്കുന്ന കാട്ടാനകള്‍ക്ക് മുമ്പില്‍ പണയപ്പെട്ടുപോയതാണ് ഇവരുടെ ജീവിതം.

210 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള തിരുനെല്ലി പഞ്ചായത്തില്‍ ആകെ ജനസംഖ്യ 2011 ലെ സെന്‍സസ് പ്രകാരം 29320 പേരാണ്. അതില്‍ നാല്‍പ്പത് ശതമാനത്തോളം ആദിവാസികളാണ്. അതുകൊണ്ടു തന്നെ ഈ നാടിനോടുള്ള അവഗണനയും കൂടുതലാണ്. 1980 മുതല്‍ 2016 വരെ തിരുനെല്ലിയില്‍ മാത്രം 76 പേരാണ് കൊല്ലപ്പെട്ടത്. 347 പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ ഗരുരുതരമായി പരിക്കേറ്റു. 2000 ത്തിനുശേഷം 368 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു. 197 വീടുകള്‍ തകര്‍ത്തു. നഷ്ടപരിഹാരത്തിനായി ഇവിടെ മാത്രം 14615 അപേക്ഷകര്‍. 20 കോടിയലധികം രൂപയുടെ നഷ്ടം. വന്യജീവികളുടെ അക്രമണത്തില്‍ ഇവിടെ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 8000 ത്തോളം കേസുകളാണ്. കൊല്ലപ്പെട്ടവര്‍ ഏറെയും ആദിവാസികളാണ്. വനത്തില്‍ നിന്നും കുടിയിറക്കപ്പെട്ട് നാട്ടിലെത്തിയിട്ടും ആനകള്‍ക്ക് മുമ്പില്‍ ജീവിതം പണയപ്പെട്ടുപോയ നിരവധി ഹതഭാഗ്യര്‍ സര്‍ക്കാരിന്റെ കണക്കുകളില്‍ പോലും പെടാതെ പോയിട്ടുണ്ട്.

ഒരു ഭാഗം ഇങ്ങനെയാവുമ്പോള്‍ കാടിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞ സാഹചര്യത്തില്‍ ഈ വന്യമൃഗങ്ങള്‍ എവിടെ പോകണം. വന്യജീവികളും മനുഷ്യരും തമ്മിലുള്ള ഏറ്റമുട്ടലിന്റെ ഇനിയും തീരാത്ത പകയുടെ കഥകള്‍ ഇങ്ങനെ നീളുന്നു.

തോല്‍പ്പെട്ടി വന്യജീവി സങ്കേതം കഴിഞ്ഞ് അരണപ്പാറ വഴി അഞ്ചുകിലോ മീറ്ററോളം സഞ്ചരിച്ചാല്‍ വാകേരി എന്നഗ്രാമത്തിലെത്താം. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടാനകള്‍ ഈ ഗ്രാമത്തെ ചവിട്ടി മെതിക്കുകയാണ്. വികസനം എന്തെന്ന് ഈ ഗ്രാമവാസികള്‍ അറിഞ്ഞിട്ടേയില്ല. വൈകീട്ട് നാലുമണിയാകുമ്പോള്‍ തന്നെ നാട്ടുകവലകളില്‍ ആളൊഴിഞ്ഞതായി കാണാം. കാരണം ആറു മണിയാകുമ്പോള്‍ തന്നെ കാട്ടാനകള്‍ ഈ ഗ്രാമത്തിലേക്ക് വന്നെത്തും. നെല്ല് വിളയുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ ആനകളെത്തുക. രാത്രി മുഴുവനും ഉറക്കമൊഴിയുന്ന ഗ്രാമീണര്‍ പുലര്‍ച്ചെ ഏറുമാടങ്ങളിലിരുന്ന് ഉറങ്ങുന്നതു കാണാം. കാട്ടാനകള്‍ കൂട്ടമായി എത്തുമ്പോള്‍ ഏറുമടങ്ങളിലിരുന്ന് ഇവ കൃഷി നശിപ്പിക്കുന്നത് നോക്കിയിരിക്കാനെ ഇവര്‍ക്കു കഴിയുന്നുള്ളു.പാട്ട കൊട്ടിയാലും പടക്കമെറിഞ്ഞാലും കാട്ടനകള്‍ക്ക് യാതൊരു കൂസലുമില്ല. പിന്നെ ഞങ്ങള്‍ എന്ത് ചെയ്യാനാ..ഗ്രാമവാസികള്‍ ചോദിക്കുകയാണ്.

വാകേരി കോളനിയിലെ വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. നാലുമീറ്ററോളം അകലത്തിലാണ് ഏഴു വീടുകളും പണിതിരിക്കുന്നത്, കാട്ടാനകളെ പ്രതിരോധിക്കാനാണ് ഇത്രയധികം അടുത്ത് വീടുകള്‍ പണിതിരിക്കുന്നത്. രാത്രിയാകുന്നതോടെ ഈ വീടുകളെ വലം വെച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് കോളനിവാസികള്‍ക്ക് ഭീതിതമായ കാഴ്ചയാണ്. മുറ്റത്തെ തെങ്ങുകളെല്ലാം ചവിട്ടിമെതിച്ച് കണ്ണില്‍ കണ്ടെതെല്ലാം പിഴുതെറിഞ്ഞ് ഇവ വയലിലേക്ക് ഇറങ്ങിപ്പോകും. ഒച്ച വെക്കാതെ വീടിനുള്ളില്‍ ഇതിനെല്ലാം സാക്ഷിയായി കഴിയാന്‍ തന്നെയാണ് കൃഷിക്കാരുടെ വിധി.

2004 ഒക്‌ടോബര്‍ 24 നാണ് വാകേരി കോളനിയില വെള്ളയ്യന്‍ ചെട്ടിയെന്ന അറുപതുകാരനെ ആന നിലത്തടിച്ച് കൊന്നത്. ആനകള്‍ക്കിടയില്‍ ഓടി അകന്നും ഒളിച്ചിരുന്നും ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് എല്ലാം അവസാനിച്ചത്. രാവിലെ ഭക്ഷണം കഴിഞ്ഞ് കുറച്ചകലെയുള്ള കൃഷിയിടത്തിലേക്ക് പോയതാണ് വെള്ളയ്യന്‍. പിന്നെ തിരിച്ചുവന്നിട്ടില്ല. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് ഇല്ലിക്കാടുകള്‍ക്കിടയില്‍ നിന്നും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം വെള്ളയ്യനെ കാട്ടാന തൂക്കി എറിയുകയായിരുന്നു. അന്‍പത് മീറ്ററോളം പൊക്കമുള്ള മുളയുടെ തുഞ്ചത്ത് മൃതദേഹം തൂങ്ങിക്കിടക്കുകയായിരുന്നു. അരിവാള്‍ രോഗിയായ ഭാര്യ ലക്ഷ്മിയും മക്കളും അനാഥരായി. ഏറെ മുറവിളികള്‍ക്ക് ശേഷം സര്‍ക്കാരില്‍ നിന്ന് അന്‍പതിനായിരം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചു.

ഇതേ പോലുള്ള കദനകഥകള്‍ ധാരാളമുണ്ട് വയനാടന്‍ ഗ്രാമങ്ങള്‍ക്ക് പറയാന്‍. 2002 ഫെബ്രുവരിയിലെ തണുപ്പുള്ള രാത്രിയിലാണ് ചേലൂരിലെ വടക്കേടത്ത് സിബിയെ കാട്ടാന കൊമ്പില്‍ കോര്‍ത്തത്. രാത്രിയില്‍ വീടിനുപുറത്തിറങ്ങിയ ഈ യുവാവിനെ ആന കുടഞ്ഞുതെറിപ്പിക്കുകയായിരുന്നു. ഒരു നിലവിളിക്കപ്പുറം സിബിയുടെ ചേതനയറ്റ ശരീരമാണ് ഭാര്യ അനില കണ്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായ അനിലയും രണ്ടുവയസ്സുള്ള കുട്ടിയും അതോടെ അനാഥമായി. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിയാന്‍ നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു.

ബേഗൂര്‍ ഊഞ്ചവയല്‍ കോളനിയിലെ നാല് ആദിവാസികളെ ഒരുമിച്ചാണ് കാട്ടാന ആക്രമിച്ചത്.1997 നവംബര്‍ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വഴിയരികില്‍ വിറക് ശേഖരിക്കുകയായിരുന്ന കൂരി, ബാലന്‍, രാജന്‍, ലീല എന്നിവരെ കാട്ടാനകള്‍ ഓടിച്ചിട്ടു പിടിച്ചു. നാലുപേരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു. ഈ സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പ്രകോപിതരായപ്പോള്‍ ഊഞ്ചവയല്‍ കോളനിയില്‍ നിന്നും ആദിവാസികളെ കുറച്ച് മാറിയുള്ള കാട്ടിക്കുളം ഇരുമ്പ് പാലം കോളനിയിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു. ഇവിടെയും ആന ശല്യത്തിന് യാതൊരു കുറവുമുണ്ടായില്ല.

വഴിയാത്രക്കാരും കാട്ടാനകളുടെ മുമ്പില്‍ അകപ്പെട്ടുപോയിട്ടുണ്ട്. നിരവധി പേരുടെ ജീവനും നഷ്ടമായി. മാരകമായി പരിക്കുപറ്റി ജീവിതം തള്ളി നീക്കുന്നവരും അനേകമുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സര്‍ക്കാരിന്റെ യാതൊരു ധനസഹായവും കിട്ടിയിട്ടില്ല. വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ വന്യമൃഗ ആക്രമണത്തിന് വിധേയമായാലും നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നാണ് വനം വകുപ്പിന്റെ തീരുമാനം.

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ ഏറുമാടങ്ങളുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. വലിയ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലെല്ലാം ഏറുമാടങ്ങളുണ്ട്. പുറമെ നിന്നും ഈ ഗ്രാമത്തില്‍ ആദ്യം വരുന്നവര്‍ ടൂറിസം ലക്ഷ്യമിടുന്ന സ്ഥലം എന്നാവും ആദ്യം കരുതുക. എന്നാല്‍ അധികം വൈകാതെ തന്നെ പൊരുള്‍ മനസ്സിലാവും. ഈ മാടങ്ങളിലിരുന്നാണ് ഗ്രാമീണര്‍ ജീവിതം തള്ളിനീക്കുന്നത്.

വനാതിര്‍ത്തിയിലെ മനുഷ്യജീവിതം സംഘര്‍ഷഭരിതമാണ്. വന്യജീവികളുമായുള്ള ഏറ്റുമുട്ടലില്‍ സഹികട്ട ഗ്രാമീണര്‍ ഇനി എങ്ങോട്ട് പോകണം എന്ന ചിന്തയിലാണ്. കാര്‍ഷികവൃത്തിമാത്രം പരിചയമുള്ള ഇവര്‍ക്കെല്ലാം പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. ഓരോ തലമുറയും വന്യജീവികളോട് പൊരുതി തോറ്റ് ജീവിതം ഹോമിക്കുന്നു. വന്യജീവി ശല്യം പതിവായി രൂക്ഷമാകുന്നിടത്തും പ്രതിരോധങ്ങള്‍ പേരിന് മാത്രമാണ്. കിടങ്ങുകളും വൈദ്യുത കമ്പിവേലിയും നിര്‍മ്മിച്ച് പണം പാഴായതല്ലാതെ വന്യമൃഗശല്യത്തിന് യാതൊരു കുറവുമല്ല. കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുക എന്ന പരിഹാരവും ചെലവേറിയതിനാല്‍ വനംവകുപ്പ് ഉപേക്ഷിക്കുന്നു. ഒടുവില്‍ റെയില്‍ പാളങ്ങള്‍ കൊണ്ട് വേലികെട്ടി കര്‍ണ്ണാടക മാതൃകയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനംവകുപ്പ് ശ്രമിക്കുന്നത്. നിരന്തരമായ ഈ പരീക്ഷണങ്ങളൊക്കെ മാറി മാറി നടത്തുമ്പോഴും കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിവരുന്നത് നിര്‍ത്തുന്നില്ല. കാടിറമ്പങ്ങളില്‍ നിന്നും ആളപായങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുമ്പോഴും അധികൃതര്‍ക്ക് പറയാനുള്ളത് നടപടി സ്വീകരിക്കും എന്ന പതിവു മറുപടി തന്നെയാകുന്നു.

ദക്ഷിണ ഇന്ത്യയില്‍ വന്യജീവികളും മനുഷ്യരും ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടുന്ന വനാതിര്‍ത്തിയാണ് വയനാട് വന്യജീവി സങ്കേതത്തിനരികിലുള്ള പ്രദേശങ്ങള്‍. കാടിന്റെ സ്വഭാവികത നഷ്ടമായതിനെ തുടര്‍ന്നാണ് കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. മഴക്കാലത്ത് ചക്കയും മറ്റും തേടി കാട്ടാനകള്‍ കിലോമീറ്ററുകള്‍ പിന്നിട്ട് ജനവാസകേന്ദ്രങ്ങള്‍ക്ക് നടുവില്‍ പോലുമെത്തുന്നു. വനത്തിലാകട്ടെ തേക്ക് പോലുള്ള മരങ്ങള്‍ മുന്‍കാലത്ത് വ്യപകമായി നട്ടതിനാല്‍ തീറ്റയും കുറവാണ്. 11549 ഹെക്ടര്‍ സ്ഥലത്താണ് നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ തേക്ക് തോട്ടമുളളത്. ഫലവര്‍ഗ്ഗ മരങ്ങളായ പ്ലാവ് തുടങ്ങിയവ കാടിനുള്ളില്‍ ഉണ്ടെങ്കില്‍ കാട്ടാനകളൊന്നും കൂട്ടത്തോടെ നാട്ടിലെത്തുകയില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. സൗരോര്‍ജ്ജ വേലി എന്ന പഴകിയ സംവിധാനവും കാര്യക്ഷമമല്ല.

തൊഴിലുറപ്പ് പദ്ധതിയിലും മറ്റുമായി കിടങ്ങുകള്‍ വര്‍ഷം തോറും നവീകരണം എന്നപേരില്‍ ഒട്ടേറെ തൊഴില്‍ ദിനങ്ങള്‍ പാഴാവുന്നുണ്ട്. കിടങ്ങിന്റെ അപാകം കൊണ്ട് മൃഗങ്ങളെ പ്രതിരോധിക്കാനും കഴിയുന്നില്ല.

1972 ലാണ് വന്യജീവി സങ്കേതം ഇവിടെ തുടങ്ങിയത്. ഇക്കാലം വരെയും വന്യജീവി സങ്കേത പരിപാലനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. ഇതിന്റെ പത്തിലൊന്ന് വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി നീക്കിവെച്ചിട്ടില്ല.

കൊല്ലപ്പെട്ടതും വേട്ടായാടപ്പെട്ടതും തീറ്റതേടിയലഞ്ഞ് വിശന്ന് ചെരിഞ്ഞെതുമായ കാട്ടാനകളുടെ കണക്കിനും കുറവില്ല. കാടിറമ്പങ്ങളില്‍ കൊമ്പന്‍മാരുടെ കീഴടങ്ങല്‍ ഒരേ സമയം ആരെയും വേദനിപ്പിക്കും. വേനല്‍ക്കാലത്ത് തീറ്റതേടി വയനാടന്‍ കാടുകളില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടങ്ങളെ നാടൊന്നാകെ തുരത്തും. ജീവനും കൊണ്ട് ഇവയെല്ലാം ഓടിരക്ഷപ്പെടും. ഈ ഓട്ടപ്പാച്ചിലില്‍ മാരകമായി പരിക്കേല്‍ക്കുന്ന കാട്ടാനകള്‍ക്ക് പിന്നീട് കാടിനുള്ളില്‍ ദുരിതകാലമാണ്. വേട്ടക്കാരും ഇപ്പോള്‍ വയനാട്ടിലെ കാടുകളില്‍ നിന്നും അകന്നിട്ടില്ല എന്നുവേണം കരുതാന്‍. രണ്ടുമാസം മുമ്പാണ് പുല്‍പ്പള്ളിക്ക് സമീപം ചെതലയം റെയ്ഞ്ചില്‍ ഒരു പിടിയാന അജ്ഞാതരുടെ വെടിയേറ്റ് ചെരിഞ്ഞത്. ഇതിനു രണ്ടുമാസം പിന്നിടവെ പുല്‍പ്പള്ളിയില്‍ മറ്റൊരു കാട്ടാനകൂടി തോക്കിനിരയായി.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന്റെ കഥകളാണ് വയനാട്ടിലെ വനാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കെല്ലാം പറയാനുള്ളത്. ആയിരത്തിലധികം കാട്ടാനകളാണ് വയനാട് വന്യജീവി സങ്കേതത്തിലുള്ളത്. കാടിനുള്ളിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് ഇവയുടെ നാടിറക്കത്തിനുകാരണം. വനത്തിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ തീരെ കുറഞ്ഞു. തേക്കും യുക്കാലിയും മറ്റുമായുള്ള വനവത്കരണം വന്യജീവികളുടെ തനതു ജീവിത വ്യവസ്ഥകളെ തകിടം മറിച്ചു. ഒടുവില്‍ കാലാവസ്ഥമാറ്റവും വന്നതോടെ കാട്ടാനകളെല്ലാം നെട്ടോട്ടത്തിലായി. കാടിനുള്ളിലെ സ്വാഭാവികമായ ആനത്താരകളുടെ നാശവും വെല്ലുവിളികളുയര്‍ത്തുകയാണ്. ഇവയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തവും ഒരുപോലെ ഇവിടെ ചര്‍ച്ചയാകേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories