TopTop

'കാശ്മീര്‍, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തടവറ', സാധാരണ നില പുനസ്ഥാപിച്ചുവെന്ന ഇന്ത്യന്‍ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍

പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം കാശ്മീര്‍ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തടവറയായി മാറിയെന്ന് ഈ മേഖലയില്‍ സന്ദര്‍ശനം നടത്തിയ പൗരവാകാശ പ്രവര്‍ത്തകര്‍. കാശ്മീരിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ മാസം ഒമ്പത് മുതല്‍ 13 വരെ ദിവസങ്ങളില്‍ ഇവിടെ ചെലവഴിച്ചുവെന്ന് ഇവര്‍ പറഞ്ഞു.

സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴാങ് ഡ്രീസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമൂനാ മൊല്ല, സിപിഐ എംഎല്‍ നേതാവ് കവിതാ കൃഷ്ണന്‍, നാഷണല്‍ അലൈയന്‍സ് ഓഫ് പിപ്പീള്‍സ് മൂവ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘമാണ് കാശ്മീര്‍ സന്ദര്‍ശിച്ചത്. ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാശ്മീരില്‍ സൈനിക നിയന്ത്രണത്തിലുളള തടവറയായി മാറിയിരിക്കയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കാശ്മീരിന്റെ അവകാശങ്ങള്‍ എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കാത്തതും അധാര്‍മ്മികവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതിഷേധിക്കാനുള്ള അവകാശം പോലുമില്ലാതെ കാശ്മീരികളെ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ട് വിമർശിക്കുന്നു.

ശ്രീനഗറിലും  ഗ്രാമങ്ങളിലെ  ജനങ്ങളുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാശ്മീരില്‍ എത്തിയതിന് ശേഷം സംസാരിച്ചതില്‍ ബിജെപി വക്താവ് ഒഴികെ മറ്റുള്ളവര്‍ ആരും സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ചിട്ടില്ലെന്ന് ഇവര്‍ വിശദമാക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ചില ഘട്ടങ്ങളില്‍ സാധാരണ നിലയിലേക്ക് മാറും. ഇതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീര്‍ സ്വാഭാവികമായ നിലയിലേക്ക് തിരിച്ചെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യവുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ലെന്നും ഇവര്‍ പറയുന്നു.

'കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങളെ പിന്നില്‍നിന്ന് കുത്തിയപ്പോള്‍, മോദി സര്‍ക്കാര്‍ മുന്നില്‍ നിന്ന് കുത്തി'യെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ഒരാളുടെ വാക്കുകള്‍. മോദിയുടെ ഭരണമല്ല, സൈനിക ഭരണമാണ് നടക്കുന്നതെന്നും ജനങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാശ്മീരില്‍ സമാധാനത്തോടെയാണ് ജീവിച്ചതെന്ന് പറയുന്ന ഒരു പണ്ഡിറ്റിന്റെ പ്രതികരണവും റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗീയ ലഹളകളും ഇല്ലെന്നുമുളള നാട്ടുകാരുടെ പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട്.

കാശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് വിദേശ മാധ്യമ പ്രതിനിധികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്. വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും തടഞ്ഞതായാണ് മാധ്യമങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. കാശ്മീര്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

സിപിഎം നേതാവും എംഎല്‍എയുമായ യൂസഫ് താരിഗാമിയെ സന്ദര്‍ശിക്കാനുള്ള സംഘത്തിന്റെ ശ്രമം വിജയിച്ചില്ല. ശ്രീനഗറിലെ വീട്ടില്‍ അദ്ദേഹത്തെ തടവിലാക്കിയിരിക്കയാണ്.

ഗ്രാമങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് കുട്ടികളെ അടക്കമുളളവരെ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ പൊലീസും സൈന്യവും കസ്റ്റഡിയിലെടുക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഒമ്പതാം തീയതി പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം ശ്രീനഗറില്‍ നടന്നതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ശ്രീനഗറിലെ സൗറയിലാണ് പ്രകടനം നടന്നത്. പ്രകടനം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.

സര്‍ക്കാരിന്റെ തീരുമാനങ്ങളോട് ശക്തമായ എതിര്‍പ്പുള്ളപ്പോഴും വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച തങ്ങളോട് വളരെ സ്‌നേഹത്തോടെയാണ് നാട്ടുകാര്‍ പെരുമാറിയതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. പൊലീസ് സ്‌റ്റേഷനുകളും എടിഎമ്മുകളും മരുന്നു കടകളും മാത്രമാണ് ഇവിടങ്ങളില്‍ തുറന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനൊപ്പം വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സംഘാംഗങ്ങള്‍ പുറത്തുവിട്ടു.

Next Story

Related Stories