TopTop
Begin typing your search above and press return to search.

വൈറലായ 'ഹോട്ടല്‍ ബില്ല്' കഥയില്‍ പുതിയ ട്വിസ്റ്റ്

വൈറലായ ഹോട്ടല്‍ ബില്ല് കഥയില്‍ പുതിയ ട്വിസ്റ്റ്

അഴിമുഖം പ്രതിനിധി

സോഷ്യല്‍ മീഡിയയും ദേശീയമാധ്യമങ്ങളുമടക്കം ഇന്നലെ കൊണ്ടാടിയ ഒരു ഹോട്ടല്‍ ബില്ല്, ഇന്നു വീണ്ടും വാര്‍ത്തയാകുന്നത് അതിന്റെ സത്യസന്ധയെക്കുറിച്ചുള്ള ചര്‍ച്ചയിലൂടെയാണ്. ഏതൊരു കാര്യവും വാര്‍ത്തയാക്കുന്നതിനു മുമ്പ് ഡബിള്‍ ചെക്ക് ചെയ്യണമെന്ന സാമാന്യതത്വം മറന്ന മാധ്യമങ്ങള്‍പോലും ഇവിടെ കുറ്റവിമുക്തരാകുന്നത്, അത്തരമൊരു ബില്ലും അതിനൊപ്പം ഹൃദയഹാരിയായ കുറിപ്പും തയ്യാറാക്കിയ അഖിലേഷ് കുമാര്‍ എന്ന വ്യക്തിയുടെ ഉദ്ദേശം അനേകായിരിങ്ങള്‍ക്ക് നാളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന ഒരു സന്ദേശം പ്രധാനം ചെയ്തു എന്നിടത്താണ്.

മലപ്പുറത്ത് ഔദ്യോഗികാവശ്യത്തിനു പോയവഴിയില്‍ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയില്‍ വിശന്നു വലഞ്ഞു രണ്ടു കുട്ടികളെ താന്‍ കാണുകയും ആ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയതും, തന്റെ പ്രവര്‍ത്തിയില്‍ ആകൃഷ്ടനായി ഹോട്ടല്‍ കൗണ്ടറില്‍ ഇരുന്നയാള്‍ തനിക്കു നല്‍കിയത്' മനുഷ്യത്വത്തിന്റെ ബില്ല് അടയ്ക്കാന്‍ പറ്റിയ യന്ത്രം ഇവിടെയില്ല, നന്മ ഉണ്ടാവട്ടെ എന്നെഴുതിയ ബില്ല് ആയിരുന്നുവെന്നും കാണിച്ച് അഖിലേഷ് ഇട്ട പോസ്റ്റിനാണ് വലിയ പ്രചാരം ലഭിച്ചത്. ഈ മാസമാദ്യം അഖിലേഷ് ഇത് അയാളുടെ ഫെയ്‌സുബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതു കണ്ടിരുന്നത്.

റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ആരോ ഷെയര്‍ ചെയ്തതോടെയാണ് പോസ്റ്റ് വൈറല്‍ ആയത്. ഈ ഹോട്ടല്‍ ഏതാണെന്നോ? ആരാണ് കൗണ്ടറില്‍ ഇരുന്ന ഹോട്ടല്‍ ജീവനക്കാരനെന്നോ, ഈ ബില്ല് പോസ്റ്റ് ചെയ്തയാള്‍ ആരാണെന്നോ കണ്ടെത്താന്‍ ശ്രമിക്കുന്നതിനു മുന്നെ ഇതൊരു വാര്‍ത്തായായി പടര്‍ന്നു. പിന്നീടുള്ള അന്വേഷണത്തില്‍ മലപ്പുറത്തുള്ള ഹോട്ടല്‍ സബ്രീനയാണ് പ്രസ്തുത ഹോട്ടലെന്നു വ്യക്തമായെങ്കിലും ഇങ്ങനെയൊരു ബില്ല് നല്‍കിയതാരാണെന്നു ഹോട്ടലിലുള്ളവര്‍ക്ക് കണ്ടെത്താനായില്ല, അതേസമയം ആരാണ് ചെയ്തതെങ്കിലും ആ നന്മയെ തങ്ങള്‍ അംഗീകരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ അധികം താമസിയാതെ തന്നെ ഈ ബില്ലിന്റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഹോട്ടല്‍ സബ്രീനയുടെ നിര്‍മാണ ഘടന അറിയുന്നവര്‍ ഈ കുറിപ്പില്‍ പറയുന്ന പ്രകാരം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് പുറത്തു നിന്നുള്ളവരെ കാണാന്‍ കഴിയില്ലെന്നും അങ്ങനെയുള്ളപ്പോള്‍ കുറിപ്പില്‍ പറയുന്നതുപോലെ പുറത്തെ ഗ്രില്ലില്‍ പിടിച്ചു നില്‍ക്കുന്ന കൊച്ചുകുട്ടിയെ കണ്ടെന്നു പറയുന്നത് അവാസ്തവമാണെന്നും തര്‍ക്കിച്ചു. പോരാത്തതിന് മുന്‍പ് ബാറായിരുന്ന, ഈ ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നതെന്നും ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍ ആണു പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശകര്‍ തെളിവു നിരത്തി.

വിഷയം ചൂടുപിടച്ചതോടെ അ ബില്ല് പോസ്റ്റ് ചെയ്ത അഖിലേഷ് കുമാര്‍ എന്ന എഞ്ചിനീയര്‍ തന്നെ രംഗത്തു വന്നു. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വ്യാജബില്ല് ആണെന്നു അഖിലേഷ് തന്നെ സമ്മതിച്ചു.

എന്നാല്‍ തെറ്റായതൊന്നും താന്‍ എഴുതിയിട്ടില്ലെന്നും 2013 ല്‍ മലപ്പുറത്ത് ഔദ്യോഗികാവശ്യത്തിനു പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം ആണ് കുറിച്ചിരിക്കുന്നതെന്നും അഖിലേഷ് പറയുന്നു. അന്ന് കൗണ്ടറിലിരുന്നയാള്‍ തനിക്ക് അത്തരത്തില്‍ എഴുതിയ ബില്ല് തന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ബില്ല് തന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടെന്നും പിന്നീട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ആ ഹോട്ടലിന്റെ ഒരു ബില്ല് കിട്ടിയെന്നും അങ്ങനെ കിട്ടിയ ബില്ലില്‍ അന്നു കൗണ്ടറിലെ ആള്‍ എഴുതിയ വാചകം താന്‍ ആവര്‍ത്തിക മാത്രമെ ചെയ്തിട്ടുള്ളൂ എന്നുമാണ് അഖിലേഷ് നല്‍കുന്ന വിശദീകരണം.

എന്തായാലും മനുഷ്യത്വത്തിന്റെ സന്ദേശമായി മാറിയ ഈ ബില്ല് കഥ, എല്ലാവരിലും നന്മയുടെ അനുകരണം സൃഷ്ടിച്ചു എന്നകാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയമില്ലാതെയുള്ളൂ


Next Story

Related Stories