TopTop
Begin typing your search above and press return to search.

പതിനഞ്ചാം വയസില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; എത്തിയത് ചുവന്ന തെരുവില്‍- ഒരു യുവതിയുടെ തിരിച്ചുവരവിന്റെ കഥ

പതിനഞ്ചാം വയസില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; എത്തിയത് ചുവന്ന തെരുവില്‍- ഒരു യുവതിയുടെ തിരിച്ചുവരവിന്റെ കഥ
സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും അതിന് അനുകൂലമായ നിയമങ്ങളും കൂടുതല്‍ ശക്തവും സജീവവുമാകുമ്പോഴും ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് അതിജീവിക്കുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ജന്മദേശമായ നേപ്പാളില്‍ വച്ച് തന്റെ 15-ാം വയസില്‍ യൂണിഫോമിട്ട ഉദ്യോഗസ്ഥനാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും ഗര്‍ഭിണിയാവുകയും ചെയ്ത ഈ പെണ്‍കുട്ടിയുടെ കഥ നമ്മോട് പറയുന്നത് അതാണ്. പിന്നീട് അവര്‍ ലൈംഗിക വ്യാപാരത്തിനായി വില്‍ക്കപ്പെട്ടു. 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജില്‍ തന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ വിവരിച്ച് ഈ പെണ്‍കുട്ടി ഇട്ട പോസ്റ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതിനകം തന്നെ 9,000 ലൈക്കുകള്‍ നേടിയ പോസ്റ്റ് ആയിരത്തിലേറെ ആളുകള്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

'ഞാന്‍ ജനിച്ചപ്പോള്‍ തന്നെ മാതാപിതാക്കള്‍ മരിച്ചുപോയി എന്നാണ് ഞാന്‍ വളര്‍ന്ന ക്ഷേത്രത്തിലെ പുരോഹിതന്‍മാര്‍ എന്നോട് പറഞ്ഞത്. അവരെ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല. നേപ്പാളില്‍ വച്ച് യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥന്‍ എന്നെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 15-ാം വയസ്സില്‍ ഞാനൊരു അമ്മയായി. ലോകത്തെ കുറിച്ച് ഒരു ധാരണയുമില്ലാതെ ക്ഷേത്രത്തില്‍ കളിച്ചു നടന്നത് എനിക്കോര്‍മ്മയുണ്ട്. അപ്പോഴാണ് എന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. ഞാന്‍ പ്രസവിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കുഞ്ഞിന്റെ അച്ഛന്‍ അപ്രത്യക്ഷനായി. പാറിപ്പറന്ന് നടന്നിരുന്ന ഒരു കൗമാരക്കാരിയില്‍ നിന്നും എനിക്കും മകള്‍ക്കും വേണ്ടി ഭിക്ഷ തെണ്ടേണ്ട ഒരാളായി ഞാന്‍ മാറി. ആളുകള്‍ തരുന്ന അപ്പക്കഷ്ണങ്ങളും വസ്ത്രങ്ങളും കൊണ്ട് ഞങ്ങള്‍ ജീവിച്ചു.


താമസിക്കാനുള്ള സൗകര്യം തരുന്നതിന് പകരമായി ക്ഷേത്രത്തിലുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതിനിടയിലാണ് ഒരാള്‍ എന്നെ സമീപിച്ചത്. ക്ഷേത്രത്തില്‍ സ്ഥിരമായി വരാറുള്ള ഒരാളായിരുന്നു അദ്ദേഹം. ഞാന്‍ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടയില്‍ അയാള്‍ എന്നെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു: 'എന്നോടൊപ്പം വരികയാണെങ്കില്‍ ഇന്ത്യയിലുള്ള എന്റെ സഹോദരിയുടെ അടുത്തേക്ക് നിന്നെ ഞാന്‍ കൊണ്ടുപോകാം. പണത്തിനെ കുറിച്ച് പിന്നെ വേവലാതിപ്പെടേണ്ടി വരില്ല.' ഒരു കുഞ്ഞുള്ള, ഭയചകിതയായ 16 കാരിയായിരുന്ന ഞാന്‍ ഉടനടി അത് അംഗീകരിച്ചു. ഞങ്ങള്‍ എത്തിപ്പെട്ട ആ സാഹചര്യത്തില്‍ നിന്നും എങ്ങനെയും എന്റെ മകളെ രക്ഷിക്കണമെന്ന ചിന്തയായിരുന്നു എന്നെ നയിച്ചത്.
എന്നാല്‍ ഞാന്‍ വീട്ടുജോലി അല്ല ചെയ്യാന്‍ പോകുന്നതെന്ന് പൂനെയില്‍ എത്തിയ ശേഷമാണ് എനിക്ക് മനസിലായത്. 'സഹോദരി' എന്ന് അയാള്‍ വിശേഷിപ്പിച്ച സ്ത്രീ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിരുന്നു. എന്നെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. കരഞ്ഞ് കരഞ്ഞ് എന്റെ കവിളുകള്‍ ചുവന്നു. പൂനെയില്‍ എത്തിയതിന് ശേഷമുള്ള ആദ്യത്തെ അഞ്ചു മാസം ആ തൊഴില്‍ ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നെ കൊണ്ടു വന്ന ഏജന്റ് ചോരവരുന്നത് വരെ എന്നെ വടികൊണ്ടും കൈകൊണ്ടും മര്‍ദ്ദിച്ചു. എനിക്ക് വെറുപ്പുള്ള ഒരു മനുഷ്യന്റെ കൂടെ പോകാന്‍ അയാള്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അയാള്‍ എന്നെ വലിച്ചടുപ്പിക്കുകയും ബലമായി എന്നെ പ്രാപിക്കുകയും ചെയ്യുമായിരുന്നു.


എന്നെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് വളരെ ബുദ്ധിമുട്ടായി മാറിയപ്പോള്‍ ബോംബെയിലുള്ള ഒരു സേട്ടിന് എന്നെ 60,000 രൂപയ്ക്ക് വിറ്റു. സേട്ടു നല്ല ഒരാളായിരുന്നു. ബോംബെയില്‍ എത്തിയതോടെ എന്‍റെ ജീവിതം വളരെ മാറി. എന്റെ മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ വേറെ മാര്‍ഗ്ഗമൊന്നും ഇല്ലാതിരുന്നതിനാല്‍ നേരത്തെ ഞാന്‍ വിസമ്മതിച്ച അതേ ജോലി സ്വമനസ്സാലെ ചെയ്യാന്‍ തുടങ്ങി. കുട്ടിയെ നോക്കുന്നതിനായി തൊട്ടടുത്തുള്ള ഒരു സ്ത്രീയെ മാസം നാലായിരം രൂപയ്ക്ക് ഏല്‍പ്പിച്ചു. ഈ സമയം ആയപ്പോഴേക്കും എനിക്ക് ക്ഷയവും എച്ച്‌ഐവിയും ബാധിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ എനിക്ക് എന്റെ ജീവിതം നഷ്ടപ്പെടുകയും പാഴാവുകയും ചെയ്തു.


വേശ്യാലയത്തിന്റെ ഉടമയുമായുള്ള നിരന്തര വഴക്കുകളും മദ്യാസക്തിയും പരിതാപകരമായ സാഹര്യങ്ങളും മദ്യപിച്ച പുരുഷന്മാരെ സ്വീകരിക്കലും ഒക്കെയായി സംഘര്‍ഷം നിറഞ്ഞതായിരുന്നു ഒമ്പത് വര്‍ഷത്തെ ബോംബെ വേശ്യാലയ ജീവിതം; ഒടുവില്‍ 'പൂര്‍ണത' ഒരു പ്രതീക്ഷ നല്‍കിയപ്പോള്‍ ആ ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന എന്റെ മകളോടൊപ്പം എന്നെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ പരിശീലനം പൂര്‍ത്തിയായാല്‍ നല്ലൊരു ജോലി കിട്ടുമെന്നാണ് പ്രതീക്ഷ. അവള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ജീവിതം. എത്രകാലം ജീവിക്കാന്‍ സാധിക്കും എന്നെനിക്കറിയില്ല. പക്ഷെ അവള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചുവെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമെന്നും എനിക്ക് ഉറപ്പിക്കേണ്ടിയിരിക്കുന്നു. എന്റെ ജീവിതം നരകതുല്യമായിരുന്നു. പക്ഷെ അവളെ നന്നായി വളര്‍ത്തണം എന്ന ചിന്തയില്‍ നിന്നാണ് ഞാന്‍ ശക്തിയും പ്രചോദനവും സംഭരിച്ചത്. ഞാനൊരു അമ്മയാണ് എന്ന ഒറ്റക്കാര്യമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുന്നോട്ടു പോകാനുള്ള ശക്തി എനിക്ക് നല്‍കുന്നത്. അല്ലെങ്കില്‍ പണ്ടേ ഞാന്‍ ജീവിതം വേണ്ടെന്ന് വെക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ തോറ്റുകൊടുക്കില്ല... എല്ലാ രാത്രികളിലും എന്നെ കീറിമുറിയ്ക്കാന്‍ വരുന്ന പുരുഷന്മാരെ ഞാനതിന് അനുവദിക്കില്ല. ഞാനൊരു പോരാളിയാണ്... അവരെ ജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല.'


Next Story

Related Stories